|
Thursday, January 24, 2013
നോക്കുകുത്തി..!
രോമകൂപങ്ങളിലൂടെ തണുപ്പിന്റെ തേരോട്ടം.
ശീതീകരണം അതിര് വിടുന്നോ? മുകളിലേയ്ക്ക് നോക്കി.
എനിയ്ക്ക് മാത്രമായി നിയന്ത്രണം സാധ്യമല്ല, പരാതിപ്പെടാൻ
തോന്നുന്നുമില്ല, ചെയ്യ്തിട്ടും കാര്യമില്ല എന്ന തോന്നലിനാൽ..
വെറുതേ കണ്ണാടി ഭിത്തിയിലൂടെ പുറത്തേയ്ക്ക് നോക്കിയിരുന്നു, പടു വേഗം പൂണ്ടൊഴുകുന്ന നഗരത്തിരക്കുകൾ..! നുരച്ച് നീങ്ങുന്ന വാഹങ്ങങ്ങളുടെ ഇരമ്പങ്ങൾ, അവ പുറപ്പെടുവിയ്ക്കുന്ന മടുപ്പുളവാക്കുന്ന പുകപടലങ്ങൾ, തിരക്കിൽ തിരിച്ചറിവുകളില്ലാതെ പായുന്ന നഗര ജീവിതങ്ങൾ..കണ്ണ് തിരികെയെത്താൻ വെമ്പുന്നു.
അക്ഷരങ്ങളെ അതിവേഗം അവതരിപ്പിക്കാനും, അതിലും വേഗം മായ്ച്ച് കളയാനും കഴിവുള്ള കമ്പ്യൂട്ടർ മാത്രം മുന്നിൽ..ആധുനികവല്കരണത്തിന്റെ യന്ത്ര വൈകൃതങ്ങൾ സമ്മാനിച്ച ചൂട് കണ്ണുകളെ പൊള്ളിയ്ക്കുന്നു. ഒരു മരുപ്പച്ച കിട്ടിയെങ്കിൽ, അവ വിലപിയ്ക്കുന്നു..
നാല് ചുവരുകളും, ശീതീകരിച്ച മേല്ക്കൂരയും, ഈ ടേബിളും, കസേരയും ഒപ്പം അതേ കമ്പ്യൂട്ടറും.എന്റെ ലോകം അതിലേയ്ക്ക് ചുരുങ്ങിപ്പോകുന്നു. . പൊരുത്തക്കേടുകളുടെ പടയോട്ടം..!
എന്റെ നാക്കും ഇങ്ക്ളീഷും തമ്മിൽ ജന്മനാ ശീത സമരത്തിലാണ്. ഇവിടെയാണെങ്കിൽ എല്ലാവരും ആംഗലേയ പുങ്കവന്മാരും. നാവിൽ നല്ലെണ്ണ തേച്ച മാതിരി നാക്കുരുട്ടുന്ന അരുളപ്പാടുകൾ. വല്ലതും പറയാൻ ശ്രമിച്ചാൽ തന്നെ ‘യെസ്’,‘ഓക്കെ’,‘നോ’..ഇത്രയൊക്കെയേ പറ്റുന്നുള്ളൂ. പിന്നെ വല്ലതും ഉരിയാടാൻ ശ്രമിച്ചാൽ കടും പിടുത്തത്തിന്റെ കഠിന യാതന തന്നെ. വന്ന ദിവസം തന്നെ ഒരു സുന്ദരി ഏതൊക്കെയോ പറഞ്ഞ് ചിരിച്ചു, ഞാനും കൂടെ ചിരിച്ചു, മറ്റെന്ത് ചെയ്യാൻ ?
എല്ലാ ദിനവും അതി രാവിലെ കൂലങ്കഷമായ ചർച്ചകൾ. ഇരുന്ന് ഉറങ്ങി മടുത്ത ആത്മാക്കളെ ഉണർത്തിയെടുക്കാൻ കാപ്പിയും ബിസ്കറ്റും. ടീം മീറ്റിങ്ങ് എന്ന കലാ പരിപാടി. ഏല്ലാവരും വട്ട മേശയ്ക്ക് ചുറ്റും ഇരുന്ന് അവരവരുടെ മനസിൽ തോന്നുന്ന കാര്യങ്ങൾ വിളിച്ച് പറയും. പ്രഹസനങ്ങളുടെ കൂട്ടപൊരിച്ചിൽ. വെളിയിലിറങ്ങി ഇപ്പോ സംസാരിച്ചതെന്തെന്ന് ചോദിച്ചാൽ നിഷ്ക്കളങ്കമായി ‘ആ..’ എന്നൊരു മറുപടിയും. ബഹു വിശേഷം ..!
കൂട്ടിന് ആരെയും കിട്ടുന്നില്ല. മലയാളി മങ്കകളും, വീരന്മാരും ഒക്കെയുണ്ടെങ്കിലും ആരും മാതൃ ഭാഷയെ തിരിഞ്ഞ് നോക്കുന്നില്ല. തിരിച്ചറിയാതിരിക്കാനാകും. അതോ അവരുടെയൊക്കെ സ്റ്റാറ്റസിന് ഞാൻ പോരെന്ന് തോന്നിയിട്ടൊ എന്തൊ. പിന്നെയുള്ള അത്താണി ലഖുഭക്ഷണശാലയാണ്. അവിടെയുള്ള നഗരവല്കരണം ചെറിയ കവറുകളിൽ ഇരുന്ന് കൊഞ്ഞനം കാട്ടുന്നു. അംഗവൈകല്യം സംഭവിച്ച ആംഗലേയ ഭക്ഷണങ്ങൾ, അവയെന്റെ രസമുകുളങ്ങളെ തച്ചുടച്ചിരിയ്ക്കുന്നു. പല വർണത്തിലുള്ള ദാഹശമനികൾ നിറച്ച കുപ്പികൾ ആമാശയവും കടന്ന് വായൂ കുമിളകളെ പറത്തി വിട്ടിരിയ്ക്കുന്നു.ഈ അത്യാധുനികതയിൽ പുട്ടും കടലയും പ്രതീക്ഷിച്ച ഞാൻ മൂഠൻ,അപരിഷ്കാരി...
ഇന്ന് ടി ജി ഐ എഫ് ആണത്രേ..വെള്ളിയാഴ്ച്ച ഉച്ച തിരിഞ്ഞാലുള്ള ഉലകം ചുറ്റലും, സർവാണി സദ്യയും, പാട്ടും കൂത്തും,ഒപ്പം മദ്യവും. സ്വദേശി സായിപ്പന്മാരുടെ ഇടയിൽ മദ്യം തൊടാത്ത ഞാൻ മുരിങ്ങക്കൊള്ളി. അവരുടെ ഭാഷയിൽ അൺ ഫിക്സബിൾ ബഗ്..!
ഈ ഊഷര ഭൂവിൽ നിന്നും ഒരു ഒളിച്ചോട്ടം എന്റെ മൻസിന്റെ ഉള്ളറകളിലെങ്ങോ പറ്റിപ്പിടിച്ച് കിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. പക്ഷെ പണിയില്ലെങ്കിലും ദിനചര്യ തെറ്റാതെ വരണം, ഇരിക്കണം, ഉറങ്ങണം.
അവധി ചോദിച്ചിട്ട് മേലധികാരിയ്ക്ക് രസിച്ച മട്ടില്ല. സ്വതവേ തടിച്ച ചുണ്ടുകൾ വക്രിച്ചും, നിറം പൂശിയ കവിളികൾ ഇളക്കിയും അവരൊന്ന് ചിരിച്ചു. നിഷേധത്തിന്റെ കോർപറേറ്റ് പുറം ചട്ട. അവധി തരാതിരിക്കാൻ മാത്രം തിരക്കിലല്ല ഞാൻ. സത്യത്തിൽ തിരക്കെന്തെന്നറിഞ്ഞിട്ട് തന്നെയില്ല.‘ബഞ്ച്’ എന്ന, ടെക്കികളൂടെ അരക്ഷിതമായ വിശ്രമാവസ്ഥ. പണിയില്ലായ്മയുടെ അപര നാമധേയം..! രാവിലെ ഹാജരാകുക, വൈകുന്നേരം ഇരുന്ന് കുഴഞ്ഞ് മറിഞ്ഞ നടുവ് നിവർത്തി ഗർഭിണികളെപ്പോലെ മുടന്തി നടന്നു പോകുക. ഇതാണ് എന്റെ ദിനചര്യ..!
പലപ്പൊഴും ഞാൻ എന്നോട് തന്നെ ചോദിയ്ക്കാറുണ്ട്, ഈ ബെഞ്ചിലിരിക്കാനാണോ ഇങ്ങോട്ട് വന്നത്. ആസനം വാരിപുതയ്ക്കുന്ന പതുപതുപ്പുള്ള കസേരയിലും ഞാൻ അസ്വസ്ഥനായിരുന്നു. ഇനിയെങ്ങോട്ട് എന്നറിയില്ല. ഈ യാത്രയിൽ ഞാൻ ആഗ്രഹിച്ചതൊന്നും നേടുന്നില്ല, എന്നാലോ മറ്റുള്ളവർ ആഗ്രഹിച്ചതെല്ലാം കൊടുക്കാൻ വിധിക്കപ്പെട്ടവൻ.
ഞാനിറങ്ങുന്നു.. ഈ പരിഷ്കാരങ്ങളുടെ പടയോട്ടഭൂമിയിൽ നിന്നും..എനിക്കാകില്ല ഈ വേഗത്തോട് മല്ലടിച്ച് നില്ക്കാൻ..ഞാനൊരു അപരിഷ്കാരി..എനിയ്ക്ക് പഥ്യം എന്റെ നാടും നാടൻ ജീവിതവും...
അവിടെ എന്നെ കാത്ത് എന്റെ ഊർവര ഭൂമിയുണ്ട്, വയലേലകളുണ്ട്. അതിൽ വിളയും, വെള്ളവും, ജൈവ വളവും വിതറി മണ്ണിന്റെ ഗർഭ പാത്രം നിറ്യ്ക്കും. പിന്നെ നിറകതിർ കൊയ്തെടുക്കാൻ കൊടി പാറുന്ന, വെട്ടി നിരത്തുന്ന നിയമങ്ങളില്ലാതെ ഞാൻ തന്നെയിറങ്ങും..
ഞാൻ തന്നെ ഇറങ്ങും..!
Posted by Varnameghangal @ 3:39 PM
2 comments
------------------------------------------
Thursday, September 18, 2008
നിഴലിനോടൊപ്പം.
ഇരുട്ടില്‍, തിളക്കമറ്റ് പോയ നക്ഷത്രങ്ങള്‍ക്ക് ചോട്ടില്‍ കമല നിന്നു. മിഴിയറ്റമെത്താത്ത മേഘപാളികള്‍ക്കപ്പുറം അവയുണ്ടാകാം. പിശറന്‍ കാറ്റില്‍, കൊഴിഞ്ഞു വീണ പുല്‍നാമ്പുകളുടെ തേങ്ങല്‍. ചക്രവാളങ്ങള്‍ തോറും ചേക്കേറാന്‍ കൂടുകളില്ലാത്ത കിളിരോദനങ്ങള്‍. പെയ്തൊഴിഞ്ഞ മഴ ചൊരിഞ്ഞിട്ട കൊടും തണുപ്പില്‍ ജീവ രക്തമുറയുന്നു.... രാവിറങ്ങി വരുന്ന രൗദ്രത. ഇടവിട്ട് മിന്നി മറയുന്ന മിന്നല്‍പ്പിണരുകള്‍ക്കിപ്പുറം കറുപ്പ് രാശി പടര്‍ന്ന കവിള്‍ത്തടങ്ങളില്‍ കനത്ത മരവിപ്പ് മാത്രം.നിര്‍വികാരതയുടെ പുറം തോടിനപ്പുറം താനെന്ന മനുഷ്യന്‍ മറഞ്ഞ് നില്‍ക്കുന്നു, കമല കണ്ടു. ചിരി വിടരാത്ത ഓര്‍മ്മത്താളുകളില്‍ തന്റെ ഗതകാലം വിഷണ്ണ മിഴികളോടെ നില്‍ക്കുന്നു, കമല അറിഞ്ഞു.
ആസ്പത്രി വാരാന്തയില്‍ വാവിട്ട് കരഞ്ഞ് പിറന്നു വീണ നാളുകളില്‍, അമ്മിഞ്ഞപാലിന്റെ മാധുര്യം വറ്റിയ ദിനരാത്രങ്ങളില്‍, കൂട്ടിനെത്താന്‍ മിഴി നനയിക്കുന്ന കാഴ്ചയുണ്ടായിരുന്നു. ഒരു നേരം അന്നമെത്തിക്കാന്‍ രക്തം വിയര്‍പ്പാക്കുന്ന അമ്മയുടെ. അത് .. അഛനില്ലാത്ത ബാല്യം. പിന്നെ, പിച്ച വെച്ച ബാല്യത്തിന്റെ നിഷകളങ്കതകള്‍ക്ക് കൂട്ട് വരാതെ പൊടുന്നനേ എങ്ങോ മറഞ്ഞകന്ന അമ്മ എന്ന ദൈന്യ രൂപം മുള്ള് കൊള്ളിക്കുന്ന വേദനയായി. പേയ് കിനാക്കള്‍ പേടിപ്പെടുത്തിയ രാമഴക്കാലങ്ങളില്‍ പൈപ്പ് വെള്ളത്തിന്റെ ശേഷിപ്പുകള്‍ നുണഞ്ഞിറക്കി കണ്‍ തുറന്നിരുന്നു. അത് .. തന്റെ അനാഥ ബാല്യം..!
കണ്ണുകള്‍ നിറച്ച്, തനിച്ചാക്കി കടന്ന് പോയ ബാല്യവും കൗമാരവും, ബാക്കിയിട്ടത് വിരസയാമങ്ങളുടെ മരവിപ്പ് മാത്രമായപ്പോള്‍, ഓര്‍ക്കാനേറെയൊന്നുമില്ലാത്ത ഗത കാലങ്ങളെ ചവിട്ടി നീക്കി നടന്നു പോകാന്‍ മനസ്സ് പറഞ്ഞു.പുലരികള്‍ തേടിയുള്ള യാത്രയില്‍, ദിക്കറിയാത്ത ഒറ്റയാള്‍ പ്രയാണത്തിനിടയിലെവിടെയോ അവനെ കണ്ടുമുട്ടി. തന്നെപ്പോലെ, നീക്കിയിരിപ്പുകള്‍ക്ക് മനസ് കൊടുക്കാത്തവന്‍. അവന്റെയൊപ്പം പാറമടകളില്‍ പണിയ്ക്ക് പോയി. മനസ് ഉറച്ച് പോയതിനാല്‍ കൈ വെള്ളകളും അനുസരിയ്ക്കാന്‍ പഠിച്ചു. ചുട്ട് പോള്ളുന്ന ഭാരം തലയ്ക്കും ശീലമായി. പകല്‍ കൂട്ടുകാരന്‍ പതിയെ രാക്കൂട്ടുകാരനുമായി. കൂടും കൂട്ടി ജീവിതം തളിര്‍ക്കാന്‍ ആദ്യമായി ആശിച്ചു പോയി. പക്ഷെ, തന്റെ മോഹങ്ങള്‍ക്ക് മേല്‍ കൂര്‍ത്ത് മൂര്‍ത്ത കല്‍ ചീളുകള്‍ വാരി വിതറി, പൊടുന്നനേ എങ്ങോ മറഞ്ഞു പോയ അവന്റെ ശേഷിപ്പുകള്‍ തെല്ലൊരു കാലം തളര്‍ത്തിയിട്ടു. ഏങ്കിലും പിടിച്ച് നില്‍ക്കാന്‍, എല്ലാം മറക്കാന്‍ മനസിനെ അതിയായി ശീലിപ്പിച്ചെടുത്തു, പിന്നെ വീണ്ടും ഒറ്റയടിപ്പാതകള്‍ മാത്രം ഇടവിട്ട് തെളിയുന്ന കിനാവുകള്‍ക്ക് കൂട്ടിരുന്നു.
ഒരിയ്ക്കല്‍ ക്രമം തെറ്റി തെറിച്ച് വീണ കല്‍ പാളികള്‍ സമ്മാനിച്ച മുറിപ്പാടുകളുമായി ചെറു കൂരയില്‍ തനിച്ചായപ്പോള്‍, കൈത്താങ്ങേകി തലോടാന്‍, വിയര്‍പ്പിന്റെ വില നല്‍കി വിശപ്പാറ്റാന്‍ അവള്‍ വന്നു. നടക്കുവാനും നടത്തുവാനും കൂടെ നിന്നു. തളര്‍ന്നു വീഴവേ കൈത്താങ്ങ് തന്നു.പിന്നെയെപ്പൊഴും ഒരുമിച്ചായി യാത്ര.പകലന്തിയോളം പണിയെടുത്ത്, പകലോന്‍ മടങ്ങവേ തിരികെ നടക്കാന്‍, പുലരികളില്‍ ഒറ്റയടിപ്പാതയുടെ വിരസതകളില്ലാതെ കൂട്ട് വന്നു.ഇരുട്ടില്‍, ഇടമുറിയാത്ത രാമഴക്കാലങ്ങളില്‍, ഒറ്റ വിരിപ്പിന്റെ ഞെരുക്കങ്ങള്‍ പങ്കിട്ട് ഉറങ്ങാതെ കിടക്കുമ്പോള്‍, തന്നെപ്പോലെ രാവിരുട്ടുകള്‍ മാത്രം നിറഞ്ഞ അവളുടെ പില്‍ക്കാലങ്ങളുടെ ചുടു നിശ്വാസം കവിളില്‍ ഏറ്റു വാങ്ങി. തിരികെ കൊടുക്കുവാന്‍ മറ്റൊന്നുമില്ലാത്തവര്‍, ചുടുനിശ്വാസങ്ങള്‍ പങ്കിട്ടെടുത്തു.മനസുകളുടെ ഇഴയടുപ്പം, ശരീരങ്ങളില്ലാതെയാക്കി. അകലങ്ങളില്ലാതെയായപ്പോള്‍ വികാരങ്ങളും അടുത്തു പോയി. മോഹങ്ങളില്ലാതെയാകാന്‍ മനസുകള്‍ അനുവദിച്ചിരുന്നില്ല. തിരികെ നേടിയതൊക്കെയും പാഴ്ക്കിനാക്കള്‍ മാത്രമായപ്പോള്‍ സമൂഹ വിലക്കുകള്‍ കാറ്റില്‍ പറത്തി വിട്ടു.പരിഹാസങ്ങളെ പാഴ് വാക്കുകളാക്കി ചവിട്ടിയരച്ചു. ഞങ്ങള്‍ എന്ന പദം ഉറക്കെ പറയാന്‍ ശീലിച്ചെടുത്തു. അബലയ്ക്ക് ആണ്‍തുണ വേണമെന്ന് പറഞ്ഞവരെ തേടിപ്പിടിയ്ക്കാന്‍, തള്ളിപ്പറയാന്‍ മനസ്സ് തിര തള്ളി. കൂട്ട് വന്ന കൈകള്‍ പിടിച്ച് കൂടുതല്‍ ദൂരങ്ങള്‍ താണ്ടാന്‍ വെമ്പലായി. ഒടുവില്‍ തനിയ്ക്കും പുലരികളുണ്ടെന്ന തോന്നല്‍ ചിരിയ്ക്കാന്‍ ശീലിപ്പിച്ചു. തനിച്ചല്ല താനെന്ന തിരിച്ചറിവില്‍ വിരസ യാമങ്ങളെ ഒഴുക്കി വിട്ടു.
ഇന്നലെ, ദിക്കും ദിനവുമറിയാതെ ആര്‍ത്തലച്ച് കടന്ന് വന്ന പെരുമഴ, കണ്ണും കരളും തിരിച്ചറിയാനാകാത്ത രൗദ്രതയോടെ കൊള്ളിമീന്‍ സമേതയായി പടികടന്നെത്തുമ്പോള്‍ താനും അവളും ഉറക്കത്തിലായിരുന്നു. പുറത്തെങ്ങോ മരണ താളത്തിന്റെ മണിയൊച്ച മുഴങ്ങുന്നതറിയാനായില്ല. മരണ വേഗം പൂണ്ട മലവെള്ളപ്പാച്ചിലില്‍ തങ്ങളും, ചെറു കൂരയും കേവലം പുല്‍ നാമ്പുകളായി. തെല്ലിട ചിന്തിയ്ക്കാന്‍ പോലുമാകാതെ കൊടും ഭയത്തിന്റെ കൂരിരുട്ടിലേയ്ക്ക് എടുത്തെറിയപ്പെടുമ്പോള്‍, ചെമ്മണ്ണും, ചളി വെള്ളവും നിറഞ്ഞ് കലങ്ങിയ മിഴികള്‍ അവളെ തിരഞ്ഞു കൊണ്ടേയിരുന്നു. ഒടുവില്‍ പിടിവള്ളിയായ വാക മരച്ചോട്ടില്‍ എല്ലുകള്‍ നുറുങ്ങിയ വേദനയില്‍, കണ്ണടച്ച് കിടക്കുമ്പോഴും, അവളുടെ വിളിയൊച്ച മാത്രം തിരഞ്ഞിരുന്നു. പക്ഷെ, തന്റെ പുലരികള്‍ പെരുമഴയില്‍ ഒലിച്ച് പോയെന്ന നേര് ഉള്ളുലച്ച് കളഞ്ഞു. ഇനിയെന്ത്..? അറിയില്ല..
ഇന്നും മഴക്കാറുണ്ട്, കൊടുങ്കാറ്റിന്റെ വരവുണ്ടാകാം, മിന്നല്‍പ്പിണരുകള്‍ മണ്ണ് കീറിപ്പിളര്‍ന്നിടാം,രാമഴയ്ക്കും രോഷം തുടരാം, ഈ ഇരവ് മൂലയില്‍ തന്റെ മുന്നില്‍ വിധിയുടെ കളിയാട്ടമുണ്ടാകാം. കമല ചിരിച്ചു, നിര്‍വികാരത പുറം ചട്ടയിട്ട മരവിച്ച മനസ്സോടെ, പിന്നെ...കലങ്ങി ചുവന്ന കണ്ണുകളില്‍ കൂരിരുട്ടിനോടും പകയോടെ, അവളിറങ്ങി നടന്നു, ചേറും, മലവെള്ളവും പുണര്‍ന്നിഴയുന്ന രാവിറമ്പിലേയ്ക്ക്.. ഇനിയും പുലരികള്‍ വേണ്ടെന്ന കരളുറപ്പോടെ..!
Posted by Varnameghangal @ 11:58 AM
10 comments
------------------------------------------
Monday, March 26, 2007
മഴക്കാലമില്ലാതെ.
മഴയ്ക്കൊപ്പമായിരുന്നു നീ കടന്നു വന്നത്. ആദ്യം പുതുമഴയായും, പിന്നെ സൗഹൃദത്തിന്റെ ചാറ്റല്‍ മഴയായും നീ എന്നിലേയ്ക്കെത്തി. ഒടുവില്‍, തിരിച്ചറിവില്ലാതെ പോയ എന്റെ കനവില്‍ കലക്കങ്ങള്‍ കോറിയിട്ട്, നിന്റെ ഓര്‍മത്തളിരുകളുടെ സുഖ ശീതളിമയില്‍ എന്നെ തനിയെ വിട്ട്,എങ്ങോ പെയ്തൊഴിഞ്ഞു പോയി . അറിഞ്ഞിട്ടും അറിയാതെ പോയ വികാരങ്ങളുടെ തുടര്‍ മഴയ്ക്കായി കണ്ണ് നട്ടിരുന്നു, ഏറെ നാള്‍... പക്ഷെ, സുഖമുള്ള നോവുകള്‍ ചൊരിഞ്ഞിട്ട് മഴയ്ക്കൊപ്പം നീ നടന്ന് മറഞ്ഞ വഴിത്താരകള്‍ വിജനമായിരുന്നു, നിന്റെ നിഴലുകളില്ലാതെ. ഇങ്ങകലെ, എന്റെ സായന്തനങ്ങള്‍ വിരസമായിരുന്നു, നിന്റെ പാട്ടുകളില്ലാതെ.
മഴ ചാറി നിന്ന സന്ധ്യയില്‍, കോളെജിനടുത്തുള്ള അമ്പല മുറ്റത്തെ ഇറയത്ത് ഈറന്‍ പടര്‍ന്ന വേഷത്തിലും ചെറു ചിരിയോടെ ആദ്യമായി നിന്നെ കണ്ടു. കൈയ്യെത്തും ദൂരത്ത്, കാതര ഹൃദയത്തിന്റെ തുടിപ്പിന് മഴത്താളങ്ങളേക്കാള്‍ ചുറുചുറുക്ക്. ഇടയ്ക്കെപ്പൊഴോ പാളി വീഴുന്ന നിന്റെ നോട്ടങ്ങളില്‍ അപരിചിതത്വം അലിഞ്ഞില്ലാതെയാകുന്നു. ഇഷ്ടം തോന്നുന്ന മുഖഭാവങ്ങള്‍. ഇനിയെന്നും ആ നോട്ടങ്ങള്‍ എന്നെ തേടി വരുമെന്നറിഞ്ഞിരുന്നോ....? .....ഞാനറിഞ്ഞിരുന്നില്ല..!
മഴ തിമിര്‍ത്ത് പെയ്ത നാളില്‍, കലാലയ മുറ്റത്ത് കാണുമ്പോള്‍ മിഴികളെ മറച്ച കുടക്കീറില്‍ നിന്നും നിന്റെ മിഴികള്‍ വേറിട്ട് നിന്നു. പിന്നെ കൂട്ടുകാരായപ്പോഴും , കളി പറയുമ്പോഴും മിഴികളില്‍ എന്നും ഞാന്‍ നിറഞ്ഞിരുന്നോ..? മറ്റാര്‍ക്കുമില്ലാതെ എനിയ്ക്കായ് മാത്രം പാടിയപ്പോള്‍ നിന്റെ ഹൃദയവും തുളുമ്പിയെന്നോ?. 'അറിയുന്നില്ലാത്മാനുരാഗം...' എന്ന് നീ മനോഹരമായി പാടിയതും, അഭിനന്ദനം ചിരിയിലൊതുക്കിയ എന്നെ പരിഭവിത്തില്‍ നോക്കിയതും, പിന്നെയെപ്പൊഴും എന്റെ ഇഷ്ടങ്ങള്‍ക്കൊപ്പിച്ച് പാടിയതും എന്തിനായിരുന്നു...?കാണാതിരുന്നാല്‍ അസ്വസ്ഥയായിരുന്നതും, കാണുമ്പോള്‍ കണ്‍ വിടര്‍ത്തുന്നതും, എന്റെ പിറന്നാളുകള്‍ നീ ആഘോഷമാക്കിയിരുന്നതും, എന്റെ കവിതകള്‍ നിന്റെ ഈണത്തില്‍ പാടിയിരുന്നതും, എന്നോടിഷ്ടം തോന്നിയ പെണ്‍കുട്ടിയുമായി വഴക്ക് കൂടിയതും, ഞാന്‍ പിണങ്ങിയാല്‍ മിഴികള്‍ തുളുമ്പിപ്പോയിരുന്നതും, എന്റെ വേഷങ്ങളെ വിമര്‍ശിച്ചിരുന്നതും, എനിക്കിഷ്ടമുള്ള വേഷങ്ങള്‍ നീ അനുദിനം അണിഞ്ഞിരുന്നതും, നിന്റെ എല്ലാ നോട്ടങ്ങളും എന്നില്‍ കൂടി പാളി വീണ് കടന്ന് പോയിരുന്നതും, രാഷ്ട്രീയ വഴക്കുകളില്‍ ഞാന്‍ തല്ല് കൂടിയപ്പോള്‍ നീ ഭയന്ന് കരഞ്ഞതും, നിനക്ക് കിട്ടുന്ന മധുരങ്ങള്‍ എത്ര ചെറുതായാലും എനിക്ക് വേണ്ടി കരുതി വെച്ചിരുന്നതും, സ്നേഹത്തില്‍ പൊതിഞ്ഞതും എന്നാല്‍ ഒന്നും തുറന്നിടാത്തതുമായ ആശംസാ കാര്‍ഡുകള്‍ എപ്പോഴും തന്നിരുന്നതും, എന്റെ ഹോം വര്‍ക്കുകള്‍ സ്വയം ചെയ്തിരുന്നതും, എന്തും ഏതും എനിക്കായ് കരുതാന്‍ മടിയില്ലാതിരുന്നതും...എല്ലാം...എന്നോടുള്ള ഇഷ്ടം കൊണ്ടോ..? .....ഞാനറിഞ്ഞിരുന്നില്ല..!
മഴക്കാറ് കൊണ്ട സായഹ്ന വേളയില്‍, ക്ലാസ്സ് മുറികള്‍ വിജനമായ നാളില്‍, പിരിയാറാകവേ, എന്റെ ഓര്‍മ്മത്താളുകളില്‍ കണ്ണീരിലാറ്റിയ വരികള്‍ കോറിയിട്ടതും, അത് തിരികെ തരുമ്പോള്‍ എന്റെ കണ്ണില്‍ നോക്കാതെ നിന്നതും ഉള്ളം തേങ്ങിപ്പോയതിനാലോ..? .....ഞാനറിഞ്ഞിരുന്നില്ല..!
മഴ തോര്‍ന്ന പുലരിയില്‍, നിന്റെ മടക്ക യാത്രയില്‍, മനസ്സ് തുറക്കാത്ത മേഘപാളികള്‍ക്കും താഴെ, വാകപ്പൂക്കളുടെ കൂട്ടില്‍ നാമിരുന്നു. തണുത്ത് വിറച്ചിരുന്ന നിന്റെ കൈ വിരലുകള്‍ക്ക് എന്റെ ചൂടറിയാന്‍ വെമ്പലുണ്ടായിരുന്നുവോ? പിന്നീട് നേരം തെറ്റി കടന്നു വന്ന തീവണ്ടിയില്‍ മറഞ്ഞ് മാഞ്ഞകലുന്ന ഇരുമ്പ് വാതിലിനരികല്‍ മിഴിപൂട്ടാതെ, നോക്കി നില്‍ക്കുമ്പോള്‍ എന്റെ പിന്‍ വിളി തേടിയിരുന്നുവോ? മറഞ്ഞകന്നിട്ടും ദിനം തോറും തേടിയെത്തിയ വിളികളിലും എന്റെ ചിരി മാത്രം നീ തിരഞ്ഞുവെന്നോ..? .....ഞാനറിഞ്ഞിരുന്നില്ല..!
ഇപ്പോള്‍, വിരസ യാമങ്ങളുടെ നരച്ച നിറങ്ങള്‍ നോക്കി, പണിത്തിരക്കിലും, പട്ടണത്തിരക്കിലും മടുത്ത്, ഏകനായിപ്പോകുന്ന സായാഹ്നങ്ങളില്‍ നിന്റെ പാട്ട് കേള്‍ക്കാന്‍ കൊതിയ്ക്കുന്നുവോ..? തിരികെയെത്താത്ത ഇഷ്ട കാലങ്ങളുടെ ഓര്‍മ്മക്കൂട്ടില്‍ നീ മാത്രമെന്നറിയുന്നുവോ? എന്നോ, എപ്പോഴോ നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നുവെന്നോ..? മരിയ്ക്കുവോളം ഓര്‍മ്മ വെയ്ക്കാന്‍ മാത്രം സ്നേഹവായ്പുകള്‍ ചൊരിഞ്ഞിട്ട് ഒരുപാടകലേയ്ക്ക് നീ നടന്ന് പോയെന്നോ...? .....ഞാനറിയുന്നു...!!
പിന്‍ കുറിപ്പ്: -------------- സമര്‍പ്പണം: രാവെന്നോ, പകലെന്നോ തിരിച്ചറിയാത്ത സന്ധ്യ പോലെ, നിര്‍വചിയ്ക്കാനാകാത്ത വികാരങ്ങളായി പൊടുന്നനേ പെയ്തൊഴിഞ്ഞ ബന്ധങ്ങളില്‍ ബന്ധിതരായാര്‍ക്ക്. എല്ലാവര്‍ക്കുമുണ്ടാകാം ഇതു പോലെ, ഒരു കൂട്ടുകാരി, അല്ലെങ്കില്‍ ഒരു കൂട്ടുകാരന്‍..!
Posted by Varnameghangal @ 9:52 AM
13 comments
------------------------------------------
Monday, February 05, 2007
കൊറ്റന്‍ വളവ്.
രാത്രി, കറുത്ത് കാളീ രൂപം പൂണ്ടു. രാഘവന്‍ ഉറങ്ങിയിരുന്നില്ല. ചാറ്റല്‍ മഴയ്ക്കൊപ്പം കൂരിരുട്ടും പെയ്തിറങ്ങിക്കൊണ്ടിരുന്നു. ചെറിയ ജനല്‍ പാളിയ്ക്കപ്പുറം വെള്ളി വെളിച്ചങ്ങള്‍. മഴയ്ക്ക് ശക്തി കൂടുന്നു. ഈയാണ്ട് ധാരാളം മഴയുണ്ടായിരുന്നു. എന്നിട്ടുമെന്തേ രാവെല്ലാം ഇരുട്ടില്‍ മുക്കി വെളിച്ചം അണഞ്ഞ് പോകുന്നു? ജലവൈദ്യുതി എന്നാല്‍ ജലത്തില്‍ നിന്നും വൈദ്യുതിയോ അതോ..? ചോദ്യങ്ങള്‍ ഒരായിരം. നെറ്റിത്തടം നനച്ച മഴത്തുള്ളികള്‍ വടിച്ച് കളഞ്ഞ് രാഘവന്‍ അവിടെ തന്നെ ചടഞ്ഞ് കൂടി. മെഴുക്‌തിരി വാങ്ങാന്‍ മറന്നു. ബീഡി വലി നിര്‍ത്തിയതിനാല്‍ തീപ്പെട്ടിയുമില്ല. മുന്നിലെ കൊടും വളവ് തിരിഞ്ഞ് ചീറിപ്പാഞ്ഞ് പോകുന്ന വാഹനങ്ങളുടെ മിന്നല്‍ വെളിച്ചം കണ്ണില്‍ വീണ് പറന്ന് പോയി, ചില വെളിപാടുകള്‍ പോലെ. ക്ഷണ നേര ദര്‍ശനങ്ങള്‍..! രാഘവന്‍ ചിന്തിച്ചു. ചില വലിയ വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍, വിള്ളലുകള്‍ വീണ ഭിത്തികള്‍ക്ക് കുളിരുറയുന്നത് പോലെ. ഒന്ന് വിറ പൂണ്ട് വീണ്ടും പഴയ പടി.
കൊറ്റന്‍ വളവെന്ന ഈ കൊടും വളവിനോട് ചേര്‍ന്ന് ഇതേ സ്ഥലത്ത് ഇത് മൂന്നാമത്തെ വീടാണത്രേ..! മുന്‍പിരുന്ന രണ്ട് വീടുകളും മരണ വേഗം പൂണ്ട് വന്ന്, തെന്നിത്തെറിച്ച ബഹുചക്ര വാഹനങ്ങള്‍ കൊണ്ട് പോയത്രേ.., ഒപ്പം കുറേ ജീവിതങ്ങങ്ങളും. അതിന് ശേഷം ഈ വളവിനെ കൊല്ലന്‍ വളവെന്നും ആള്‍ക്കാര്‍ വിളിച്ച് തുടങ്ങിയത്രേ. ഇവിടെ ഭവനവും , ജീവനും വാഴില്ലത്രേ.. അന്ധവിശ്വാസങ്ങള്‍... രാഘവനോടോ..??
കുട്ടിക്കാലം തൊട്ടേ, വെല്ലുവിളികള്‍ രാഘവനിഷ്ടമായിരുന്നു. വിശ്വാസങ്ങളെ പുറം കാലിനടിയ്ക്കാന്‍, മഹാ തന്തോന്നിയായ മുത്തശ്സന്‍ കാട്ടിത്തന്നിരുന്നു. വിശ്വാസങ്ങളെല്ലാം അന്ധമെന്നും, അതില്‍ വീഴുന്നവര്‍ മൂഢരെന്നും മനസില്‍ അടിവരയിട്ട് വെച്ചു. വീടിന് പിറകിലെ യക്ഷിപ്പാലയ്യ്ക്ക്(?) ചോട്ടിലെ പൊട്ടക്കിണര്‍ രഹസ്യങ്ങളുടെ കലവറയായിരുന്നു. അതിന്റെ വളയങ്ങള്‍ എണ്ണാന്‍ താന്‍ കാണിച്ച ധൈര്യവും, അതിന്റെ പ്രതിഫലനമെന്ന വണ്ണം വിറച്ച് വിളറി പൂണ്ട മുഖങ്ങളും. ഹോ.. രോമകൂപങ്ങളില്‍ ഇപ്പോഴും ഒരു പുലരിയുണര്‍വ്വ്, ആത്മാഭിമാനത്തിന്റെ കൊടും നിറവ്.
മുത്തശ്ശന്റെ വലത് കരവും, ടോര്‍ച്ച് ലൈറ്റും, കുറു വടിയും ഭയാനക രാവുകളെ സധൈര്യം നേരിടാന്‍ കൂട്ട് നിന്നു. ഭയമെന്നത് വെറും ഒരു വിശ്വാസം മാത്രം.. അതിലും തനിയ്ക്ക് വിശ്വാസമില്ലല്ലോ. തിരിച്ചറിവുകള്‍ക്ക് മേലുള്ള കറുത്ത് കനത്ത ആവരണം.. ഛേ..!
കേവല വിദ്യാഭ്യാസത്തിന് ശേഷം, എണ്ണപ്പാടങ്ങള്‍ കാശ് വിളയിക്കുമെന്ന് കേട്ട് കടല്‍ താണ്ടി. വിയര്‍പ്പും പൊടി മണലും പുരണ്ട നോട്ടുകള്‍ കൂട്ടമായപ്പോള്‍ മതി എന്ന് തോന്നി. കുടുംബം വേണമെന്ന് തോന്നിയില്ല. മുത്തശ്ശനെപ്പോലെ തന്നെ. വഴിയില്‍ നിന്നും എടുത്ത് വളര്‍ത്തിയതായിരുന്നല്ലോ തന്നെ. മരണം വരെയും പോറ്റി വളര്‍ത്തി. കയ്യില്‍ കാശുമായി നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ജന്മിയാകാന്‍ മോഹം. ആദ്യം കണ്ട പുരയിടം തന്നെ ചോദിച്ചു, കിട്ടി. ഒപ്പ് വെയ്ക്കുമ്പോള്‍ ഉടമസ്ഥന്റെ കൈകള്‍ ഒന്ന് വിറച്ചോ..? ഹേയ് ... സംശയങ്ങള്‍..! നാട്ടുകൂട്ടം കൊറ്റന്‍ വളവിനോട് ചേര്‍ന്ന ഈ നിര്‍ഭാഗ്യ ഭൂമിയുടെ കഥ പറഞ്ഞ് തന്നു. താന്‍ പതറിയില്ല. ചെറിയ കൂരയും കെട്ടി താമസവും തുടങ്ങി. അകത്തേയ്ക്ക്ക് കയറവേ ചില അപശബ്ഡങ്ങള്‍ കേട്ടുവോ..? ബ്രേക്കുകള്‍ തൊണ്ട കീറിക്കരയുന്നു, മരണം മുന്നില്‍ കണ്ട മനുഷ്യന്റെ ഭീദിതമായ നിലവിളി.. ഹേയ്... തോന്നലുകള്‍..! മുത്തശ്ശനെ മനസില്‍ ഓര്‍ത്തു, വലത് കാല്‍ വെച്ച് കയറി.
ഇവിടെ എപ്പോഴും ഇരുട്ടാണ്. കൊറ്റന്‍ വളവിന്റെ രൌദ്രതെയോര്‍ത്താകാം രാവേറിയാല്‍ ആരും ഇതു വഴി വരാറില്ല. താനൊട്ട് ആരെയും പ്രതീക്ഷിക്കുന്നുമില്ല. മുത്തശ്ശന്റെ ഓര്‍മകളും, വീരസ്യങ്ങള്‍ നിറഞ്ഞ ഗതകാലവും തന്നെ ഇവിടെയും ഏകനായി കഴിയാന്‍ പ്രേരിപ്പിക്കുന്നു. മഴ നിലച്ചിരിയ്ക്കുന്നു ഇപ്പോള്‍. പക്ഷെ ഇരുട്ടിന്റെ കാഠിന്യം ഒട്ടും കുറഞ്ഞിട്ടില്ലല്ലോ. വാഹനങ്ങള്‍ ഇപ്പോഴും ചീറിപ്പായുന്നുണ്ട്, തൊട്ട് മുന്നിലൂടെ. വളവെത്തിയാല്‍ അല്‍പം വേഗം കുറച്ച് കൂടേ ഇവനൊക്കെ..? ധൃതിയുള്ളവരാകാം. കണ്ണുകള്‍ അടയുന്നുണ്ട്, ഉറക്കം വരാന്‍ തുടങ്ങി. എന്നാലും ഈ ജനാലയ്ക്കല്‍ നിന്നും എഴുന്നേല്‍ക്കാന്‍ തോന്നുന്നില്ല.
ഹോ... ബ്രേക്കുകള്‍ക്ക് ഇത്രയും അരോചകമായ ഒച്ചയോ..? ഭൂമി കുലുങ്ങുന്നുവോ..? എന്താണത്? ദു:സ്വപ്നമാകാം, ഞെട്ടിയുണര്‍ന്നു. അല്ല, ഒരു പടുകൂറ്റന്‍ ചരക്ക് ലോറി മലക്കം മറിഞ്ഞ് വരുന്നുണ്ടല്ലോ.. ഓടുവാനാകുന്നില്ല, കാലുകള്‍ മരവിച്ച് പോയത് പോലെ...
രാഘവന്‍ തെല്ലും അനങ്ങിയില്ല. കുട്ടിക്കരണം മറിഞ്ഞ വാഹനം വീടും തകര്‍ത്ത് തൊട്ടടുത്തെത്തി നിന്നു. തകര്‍ന്ന ഭാഗങ്ങള്‍ തെറിച്ച് വീണ വേദനയിലും രാഘവന്‍ പുഞ്ചിരിച്ചു. വിശ്വാസങ്ങള്‍ക്ക് തന്നെ തൊടാനായില്ലല്ലോ... പെട്ടന്ന്, ഏതോ പഴുതില്‍ തട്ടി നിന്ന വാഹനം ഒന്ന് കൂടി മലക്കം മറിഞ്ഞു... അതാ.. മുത്തശ്ശന്റെ അതേ വലത് കരം, ടോര്‍ച്ച് ലൈറ്റ്, കുറു വടി. ഇനി ഭയം ഇല്ലല്ലോ തനിയ്ക്ക്. രാഘവന്‍ യാത്ര തുടങ്ങി, കൂരിരുട്ടിനെയും, അന്ധ വിശ്വാസങ്ങളെയും കൂസാതെ....!
Posted by Varnameghangal @ 12:01 PM
4 comments
------------------------------------------
Monday, November 20, 2006
കാശി.
വഴി വിളക്കുകള്‍ പ്രകാശം പൊഴിക്കാത്ത പാതയിലൂടെ കാശി നടന്നു. അന്തി മാനത്തിന്റെ ചോട്ടില്‍ മഴക്കിടാങ്ങളുടെ നടന വേഗത്തിന്റെ കോപ്പ് കൂട്ട്. ദുര്‍ഗന്ധം വമിക്കുന്ന മറവു മൂലകളില്‍ രാത്രിഞ്ചരന്മാരുടെ നിഴലനക്കം. പകല്‍ വെളിച്ചത്തെ പറിച്ചെറിഞ്ഞ്, രൌദ്ര ഭാവം പൂണ്ട രാത്രിയുടെ മണിമുഴക്കം. പതറിപ്പോകുന്ന പാദവേഗത്തില്‍, ഇടിഞ്ഞ് തൂങ്ങിയ മിഴിപ്പാതയില്‍, ദിക്കറിയാതെ കാശി നടന്നു. ലോകത്തിന്റെ കറുത്ത നിറം കാശിയെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. കാഴ്ച മങ്ങുന്ന കൂരിരുട്ടില്‍ നിഴലുകള്‍ക്ക് കനം വെയ്ക്കുന്നു. പേരറിയാത്ത, പൊരുളറിയാത്ത ബന്ധങ്ങള്‍. പുറമേ നിന്നും പല്ലിളിക്കുന്ന വികൃത ലോകത്തിന്റെ ഗര്‍വ്വിനു മുന്നില്‍ കാശിയുടെ കണ്ണുകള്‍ തോറ്റു പോയി.
ഇരുട്ടില്‍ പിറന്നു വീണപ്പോള്‍, തകര രൂപം പൂണ്ട മേലാകാശം കണ്ടു കരഞ്ഞ കാശി, പിന്നീട് കരായാതിരിക്കാന്‍ ശീലിച്ചു. പെറ്റമ്മയെ കടലെടുത്തപ്പോഴും, പറക്ക മുറ്റാത്ത പ്രായത്തില്‍ പണിയെടുക്കേണ്ടി വന്നപ്പോഴും കരഞ്ഞില്ല. അലറി തിമിര്‍ക്കുന്ന കടലാഴങ്ങളിലെവിടെയോ സൂര്യതേജസ്സാര്‍ന്ന മുത്തുകളുണ്ടെന്നും, അവയെല്ലാം കൈ വെള്ളയില്‍ കോരിയെടുത്ത് ചിരിച്ചുല്ലസിക്കുമെന്നും കാശി കിനാവു കണ്ടിരുന്നു. എപ്പോഴൊ താങ്ങായി നീണ്ടു വന്ന കരങ്ങള്‍ക്ക് മനം മടുപ്പിക്കുന്ന ഗന്ധമുണ്ടായിരുന്നു. മാന്യ പുംഗവര്‍ തൊടാനറയ്ക്കുന്ന വിളിപ്പേരില്‍ അയാള്‍ക്കൊരു കൂട്ടായി കാശിയും കൂടി. കാശി എന്ന വിളിപ്പേര്‍ മറവിയില്‍ മാഞ്ഞ് പോയി. 'തോട്ടി' എന്ന് ചിരിച്ചും ചിരിക്കാതെയും പലരും വിളിച്ചു. വൈരങ്ങള്‍ പെറുക്കുന്നവനെന്ന ആര്‍ഭാട നാമത്തില്‍ അവന്‍ തന്നെ അതെല്ലാം മുക്കിക്കളഞ്ഞു. പിന്നെ പതിവു കിനാവുകളില്‍ മുഴുകി. മുത്തുകള്‍, വൈരങ്ങള്‍...
പലനിറത്തില്‍ ഭക്ഷിച്ച് ഒരേ നിറത്തില്‍ കാഷ്ഠിക്കുന്ന മനുഷ്യന്റെ ഉച്ഛിഷ്ഠങ്ങള്‍, വൈരങ്ങള്‍ പെറുക്കുവാന്‍ കാത്ത കൈവെള്ളയാല്‍ കാശി ചുമന്നു. മറ്റൊരു മനുഷ്യക്കൂട്ടില്ലാതെ, പകലന്തിയോളം ദുര്‍ഗന്ധ ലോകത്തും രാവേറവേ കിനാവുകളിലും കുടിയേറി പാര്‍ത്തു. വിയര്‍പ്പിന്റെ വില കണക്കെണ്ണി വാങ്ങി ചിരിയോടെ നടക്കാന്‍ ശീലിച്ചു. ഓരോ ദിവസവും ഓരോ തെരുവുകള്‍. ഒരേ തൊഴില്‍, ഒരേ പണിയായുധങ്ങള്‍, ഒരേ ഗന്ധം..! മടുപ്പ് തോന്നിയിരുന്നില്ല. ദൈവം കരുതി വെച്ചതെല്ലാം കൈ നീട്ടി വാങ്ങുന്നവന്‍ എന്ന് വിനയത്തോടെ ഓര്‍ത്തു. പിന്നെ അന്നന്നത്തെ അപ്പം വയര്‍ നിറയെ കഴിച്ചും, എണ്ണമില്ലാ കിനാവുകള്‍ മനം നിറയെ നിറച്ചും മരച്ചുവടുകളില്‍ കിടന്നുറങ്ങി. കൂലിയില്‍ നീക്കിയിരുപ്പുകള്‍ വന്നപ്പോള്‍ പുറമ്പോക്കില്‍ ചെറു കൂര കെട്ടി, മഴയും, മഞ്ഞും, വെയിലുമേല്‍ക്കാതെ കിടന്നു.
ഒന്നിലും കണ്ണുടക്കത്ത പ്രകൃതമായിരുന്നെങ്കിലും, പുറമ്പോക്കിനരുകിലെ സമ്പന്ന മാളിക എന്തിനോ ദൃഷ്ടിയില്‍ പതിഞ്ഞു. തുറന്നിട്ട ജാലകപ്പഴുതിനപ്പുറം നിര്‍വികാരതയുടെ സുന്ദരീ രൂപം. പ്രൌഢവും, അതി സുന്ദരവുമെങ്കിലും വിടര്‍ന്ന കണ്ണുകളിലെ നിസ്സംഗത വീണ്ടും വീണ്ടും ആകര്‍ഷിച്ചു കൊണ്ടിരുന്നു. ശൂന്യതയില്‍ കണ്ണ് നട്ടുള്ള നില്‍പ്പിലും, കാറ്റിലാടി പറക്കുന്ന മുടി നാരുകളിലും മനോഹാരിത തുളുമ്പി നിന്നു. പിന്നെ അത് ഒരു പതിവ് കാഴ്ചയായി മാറി. സായാഹ്നങ്ങളില്‍ അവിടേയ്ക്ക് നോക്കാതിരിക്കന്‍ കാശിക്കായില്ല. എങ്കിലും അനന്താകാശത്തിലെ പൂര്‍ണേന്ദു കണ്ട് കണ്‍ കുളിര്‍ന്നാലും സമീപത്ത് പോലും എത്തുവാനാകാത്തവന്റെ അന്തരം, അതൊരുപാട് കാതങ്ങളെന്ന് കാശി ഓര്‍ത്ത് കൊണ്ടിരുന്നു. പിന്നെയെപ്പൊഴും ദിന ചര്യകളിലെ വഴികളുടെ തുടക്കം ആ വീടിന് മുന്നില്‍ നിന്നുമായി മാറി. കേവലം കുതൂഹലമെന്ന് വിവരിക്കാവുന്ന ചിന്തകള്‍ വീണ്ടും വീണ്ടും ആ വഴി തന്നെ നയിച്ച് കൊണ്ടിരുന്നു.
ചിലപ്പോഴൊക്കെ അത്യാഡംബര വാഹനങ്ങളുടെ നിരയും, മദ്യ ചഷകങ്ങളുടെ പൊട്ടിച്ചിരിയും, ആര്‍ത്തട്ടഹസിച്ച് ചിരിക്കുന്ന സമ്പന്നതയുടെ ധാര്‍ഷ്ട്യവും കാശി കണ്ടു. ഭര്‍ത്താവും കൂട്ടുകാരുമാകാം, നിനച്ചു. പിന്നെയൊരിക്കല്‍ പാതിരാവില്‍ വേദനയില്‍ നീറുന്ന സ്ത്രീ ശബ്ദവും കേട്ടു. ഉറങ്ങാനായില്ല, കണ്‍ തുറന്ന്, കാതോര്‍ത്ത് അടഞ്ഞ ജാലകപ്പാളികളില്‍ മിഴി നട്ടിരുന്നു.
പിന്നെയുള്ള നാളുകളില്‍ ജാലകങ്ങള്‍ തുറന്നില്ല, പൂര്‍ണേന്ദു തെളിഞ്ഞുമില്ല. ഒരോ രാവിലും, ഓരോ പകലിലും ഒരു നോക്കിനായി കണ്ണുകള്‍ തുടിച്ചു. പിന്നെയെന്നും അടഞ്ഞ വാതിലില്‍ തട്ടി നിന്ന കണ്ണുകള്‍ തിരികെയെടുത്തായി യാത്രകളുടെ തുടക്കം. കുറെയേറെ നാളുകള്‍ മനുഷ്യ വാസമില്ലാത്ത മാളികയില്‍ ഇരുട്ട് മാത്രം കാവലായി. കാശി എല്ലാം മറന്നു.
പൊടുന്നനേ ഒരു നാള്‍ അവിടെ പുതിയ ഉടമസ്ഥര്‍ വന്നു. അന്നൊന്നുമില്ലാതിരുന്ന കളിയും ചിരിയും ജാലകങ്ങളും കടന്ന് പുറമേയെത്തി പടര്‍ന്നു പോയി. ഒരിക്കല്‍ തന്റെ തൊഴിലിനായി അവിടെയും പോകേണ്ടി വന്നു. പതിവ് പോലെ, ചുണ്ടില്‍ ബീഡിയും, മൂളിപ്പാട്ടും നിറച്ച് സംഭരണികള്‍ തുറന്നു. അറപ്പ് തോന്നുവാന്‍ യാതൊന്നുമില്ലാത്തതിനാല്‍ നിസ്സംശയം പണി തുടങ്ങി. വിയര്‍പ്പ് പൊടിയുമ്പോഴും തകരപ്പാട്ടകള്‍ നിറഞ്ഞും ഒഴിഞ്ഞുമിരുന്നു. ഇടയ്ക്കെപ്പൊഴോ, നിറഞ്ഞ കോരിയില്‍ എന്തോ വെളുത്ത് കണ്ടപ്പോള്‍ കൌതുകം തോന്നി. അതൊരു തലയോട്ടിയാണെന്ന തിറിച്ചറിവില്‍ കാശി വിറച്ചു പോയി. കൈ വിട്ട ധൈര്യം തിരികെയെടുത്ത്, വീണ്ടും നോക്കിയപ്പോള്‍, ഇടത് കാതിന്റെ കുഴിയില്‍ കുരുങ്ങിക്കിടന്ന ചുവന്ന കല്ലുകള്‍ പതിപ്പിച്ച താലി കണ്ടു. ഒരിക്കല്‍ അന്തിമാനത്തിന്റെ ചുവപ്പിനും മേലേ ജാലകപ്പഴുതിന്നുമപ്പുറം തിളങ്ങിച്ചിരിച്ച അതേ ചിരിയോടെ. ഒരു നിമിഷം ഞെട്ടി വിറ പൂണ്ട ശരീരം മരിച്ച് മരവിച്ച് പോയി.
പ്രജ്ഞ വീണ്ടെടുത്ത് സ്ഥലകാല ബോധമില്ലാതെ തിരികെ നടക്കുമ്പോള്‍, ലോകം ചിരിക്കുന്നതായും, പല്ലിളിക്കുന്നതായും കാശിക്ക് തോന്നി...
കാശി നടന്നു കൊണ്ടേയിരുന്നു, മിഴിയറ്റമെത്താത്ത ദൂരങ്ങളിലേയ്ക്ക്, വഴി വിളക്കുകള്‍ പ്രകാശം പൊഴിക്കാത്ത പാതയിലൂടെ....!
Posted by Varnameghangal @ 1:37 PM
18 comments
------------------------------------------
Tuesday, August 01, 2006
നീയില്ലയെങ്കിലും..
നിനക്കെന്നും മഴയുടെ രൂപമായിരുന്നു.
അറിവിലേയ്ക്ക് ആദ്യാക്ഷരങ്ങങ്ങള്‍ പുതുമഴയായി പെയ്തിറങ്ങവേ, നാവില്‍ കുറിയ്ക്കപ്പെട്ട മലയാണ്മയ്ക്ക് മുന്നില്‍ പതറിപ്പോയിരുന്നു ഞാന്‍. ചിതറിപ്പോയ മിഴിപ്പാതകളില്‍ എവിടെയോ നിന്നെ കണ്ടിരുന്നു. എന്നെപ്പോലെ, പുതുമയുടെ ലോകത്ത് കണ്‍ മിഴിച്ച്... നിഷ്കളങ്ക മിഴികളില്‍ അഴക് നിറച്ച്. കൌതുകം തോന്നിയെങ്കിലും അടുപ്പങ്ങള്‍ ഇഴ പിരിച്ചറിയാന്‍ അപക്വ മനസിനാകുമായിരുന്നില്ല. എങ്കിലും ചാറി വീണ് തുള്ളിക്കളിച്ച് കാറ്റിലാടിപ്പറക്കുന്ന മഴക്കുഞ്ഞുങ്ങളുടെ നിഷ്കളങ്കത... കണ്ടറിഞ്ഞിരുന്നു ഞാന്‍. എന്റെയൊപ്പം കുന്നിക്കുരു തേടിയലയുമ്പൊഴും അതേ ഭാവം, അതേ രൂപം. ഇഷ്ടപ്പെട്ടുപോയിരുന്നു അന്നേ നിന്നെ.
അറിവിന്റെ പടവുകളിലെല്ലാം നീയും ഒപ്പമുണ്ടായിരുന്നു. തണല്‍ മരങ്ങള്‍ ഏറെയില്ലാതെ, പുല്‍നാമ്പിനെ പ്രണയിച്ച, വിദ്യാലയത്തിന്റെ നടുമുറ്റങ്ങളില്‍.. നിശബ്ദത നിറഞ്ഞ് വിങ്ങുന്ന കലാലയത്തിന്റെ നീളന്‍ ഇടനാഴികളില്‍.. ഇരുവശങ്ങളിലും വയലേലകളെ പേറി വളഞ്ഞും പുളഞ്ഞും പോകുന്ന നാട്ടു വഴികളില്‍.. ഒക്കെ.
പുഴയോരത്ത്, നെല്ലിക്ക പങ്കിട്ട്, നിഴലുകള്‍ മങ്ങുന്നതും നോക്കിയിരിക്കുമ്പോള്‍ നിന്റെ കൂട്ട് ഞാനാസ്വദിച്ചിരുന്നു. പിന്നീട്, കൈക്കുമ്പിളില്‍ ആവോളം നുകര്‍ന്ന തെളിനീരിനല്ല, നിന്റെ സാമീപ്യത്തിനായിരുന്നു അതി മധുരമെന്നുമറിഞ്ഞു. ഇലഞ്ഞി മരങ്ങള്‍ ഇല പൊഴിച്ച വഴിത്താരകളില്‍ കൈ കോര്‍ത്ത് നടക്കുമ്പോള്‍ നിന്റെ വിരലുകളുടെ കുളിര്‍മ്മ ഉള്ളിലേക്കാവാഹിച്ചു ഞാന്‍. പിന്നെ രാത്രി മയങ്ങുമ്പോള്‍ അതേ കൈവെള്ളയില്‍ മുഖമണച്ചുറങ്ങി. ഒരു മാത്ര പോലും അകലാന്‍ ആശിച്ചില്ല ഞാന്‍. ജന്മങ്ങളുടെ സൌഹൃദം, അതിന്റെ സുഖ ശീതളിമയില്‍ മയങ്ങാന്‍ കൊതിച്ചു.
പിണങ്ങാന്‍ നിനക്ക് മാത്രം അറിയുന്ന സങ്കേതങ്ങള്‍. ചിലപ്പൊഴൊക്കെ പിണങ്ങിയും, പിന്നെ അതിലേറെ ഇണങ്ങിയും നാള്‍ വഴികള്‍ താണ്ടിയപ്പോള്‍ നീയും ഞാനും പ്രണയത്തിന്റെ തോരാമഴയില്‍ നനഞ്ഞുപോയിരുന്നു. അതിന്റെ കുളിരും, കുതൂഹലവുമെല്ലാം പതിയെപ്പതിയെ കനവിലേക്കും ചേക്കേറിയിരുന്നു. പരസ്പരം തുറന്നിടാത്ത ജാലകങ്ങള്‍, എങ്കിലും കാറ്റിന്റെ ഒഴുക്ക് ഒരേ ദിശയിലായിരുന്നു. അതില്‍ നാം മയങ്ങി, കിന്നാരം ചൊല്ലി, നിലാവുള്ള രാവുകളില്‍ പൂര്‍ണ്ണേന്ദുവില്‍ മുഖം നോക്കി. അറിഞ്ഞിട്ടും അറിയാത്ത വികാരത്തിന്റെ നിറവ്, അതെന്റെ വാതായനങ്ങള്‍ക്കും അപ്പുറം നിന്റെ നീള്‍ മിഴികളോളം പരന്നു. കുഞ്ഞ് കാലത്തെ കുസൃതികള്‍ കാറ്റില്‍ പറന്നു പോയി. അവിടേയ്ക്ക് നനുത്ത അസ്വസ്ഥതയുടെ കുരുവികള്‍ ചേക്കേറി. എന്നിട്ടും ചിരികളില്‍ നാം എല്ലാം മറച്ചു, മിഴികളില്‍ മാത്രം പേരറിയാ ചിത്രങ്ങള്‍ നിറഞ്ഞു നിന്നു. ഞാനടുത്തെത്തുമ്പോള്‍ നിന്റെ കണ്ണില്‍ തിളക്കങ്ങള്‍ കൂട് കൂട്ടുന്നതും, അകലുമ്പോള്‍ നിഴല്‍ പരക്കുന്നതും ഞാനറിഞ്ഞു. പ്രണയിക്കുകയാണ് ഞാന്‍ എന്ന തോന്നല്‍ ഉള്ളിന്റെയുള്ളില്‍ പലയാവര്‍ത്തി സുഖമുള്ള നോവുകളില്‍ കോര്‍ത്തിട്ടു. പിന്നെ നീ സ്വന്തമാകുന്നതും കാത്തിരുന്നു....
പക്ഷെ, ഗുല്‍മോഹര്‍ പുഷ്പങ്ങള്‍ പുഞ്ചിരിക്കാത്ത സായന്തനത്തില്‍, വര്‍ണ്ണമേഘങ്ങള്‍ മിഴി തുറക്കാത്ത വേളയില്‍, വ്യഥിത നൊമ്പരങ്ങളുടെ കൂട്ടില്‍ എന്നെ തനിച്ചാക്കി നീ എങ്ങോ വിട പറഞ്ഞകന്നു. എന്തിനെന്നും, എവിടേയ്ക്കെന്നും ആരാഞ്ഞില്ല ഞാന്‍. വാക്കുകളില്‍ കനത്ത മൌനം കറുത്ത ചായം പൂശിയതു പോലെ. നീ മറന്നിട്ട പ്രണയത്തിന്റെ മണ്‍ തരികളിലൂടെ ഞാന്‍ തിരികെ നടന്നു. ഇരുളും ഏകാന്തതയും കണ്‍ തുറിക്കവേ മൂകനായ് കരഞ്ഞു. മനസിലെ മണ്‍കൂടിനുള്ളില്‍ തിരിയൊരുക്കി വെച്ചിട്ടും, കണ്‍ ചിമ്മാതെ കാത്തിട്ടും കരിന്തിരി മാത്രം ബാക്കിയായി. എന്റെ മിഴികള്‍ക്കും എത്തിപ്പിടിക്കനാകാത്ത വണ്ണം, ആര്‍ദ്ര വികാരങ്ങളുടെ തെളിയൊഴുക്കെല്ലാം ഇടമുറിച്ചെറിഞ്ഞ്, ഒരു നാള്‍ പൊടുന്നനേ മറഞ്ഞത് എന്റെ സ്വപ്നങ്ങളായിരുന്നു എന്ന തിരിച്ചറിവ് മുറിപ്പാടുകളായി. നീ എന്തിനെന്നെ വിട്ടകന്നെന്നും, എവിടേയ്ക്ക് മറഞ്ഞെന്നും തിരയാനാഗ്രഹിച്ചില്ല ഞാന്‍. ഇന്നിനെ ഇന്നലകളില്‍ മുക്കി, അതിലൂടെ ബഹുദൂരം നടന്ന്, നീ ചൊരിഞ്ഞ പ്രണയത്തിന്റെ ശേഷിപ്പുകള്‍ നെഞ്ചിലേറ്റി, ഞാനും നടക്കുന്നു... ഒരു നാള്‍ നീ തിരികെ വന്നെത്തുമെന്നുറച്ച്.....!!
(സമര്‍പ്പണം: അകലാനാകാത്ത വണ്ണം അടുത്തിട്ടും, മുറിച്ചെറിയപ്പെട്ട കിനാവുകളുടെ കണ്ണീര് താങ്ങി, പിന്നെയും കരളില്‍ കിനാവ് കൂട്ടി, കനവിനും പ്രിയപ്പെട്ടയാളിന്റെ വിളിയൊച്ച കാതോര്‍ത്തിരുന്നവര്‍ക്ക്.)
Posted by Varnameghangal @ 9:24 AM
26 comments
------------------------------------------
Thursday, July 20, 2006
ഒരു കാലവര്‍ഷ കണ്‍ഫഷന്‍..!
മുന്നറിയിപ്പ്: ഈ കഥയിലെ നായകന് കോഴിക്കോട്,കണ്ണൂര്‍ ഭാഗങ്ങളിലെ വെള്ളപ്പൊക്കക്കെടുതി നിരീക്ഷിച്ചും പരീക്ഷിച്ചും അറിയാനെത്തിയ ഉന്നത 'തല' സംഘത്തിലെ ഏതെങ്കിലും അംഗത്തിന്റെ ഏതെങ്കിലും അംഗത്തോടെങ്കിലും സാദൃശ്യം തോന്നുന്നെങ്കില്‍ അത് യാദൃശ്ചികമല്ല, മന:പൂര്‍വമാണ്.
ഞാന്‍ കിട്ടുണ്ണി. കെടുതികള്‍ നേരിട്ട് കണ്ട് ബോധ്യപ്പെടാനും അതിന്റെ എസ്റ്റിമേഷന്‍ നടത്താനും കേന്ദ്രം നിയോഗിച്ച ഉന്നതതല സംഘത്തിലെ പ്രമുഖന്‍. അഹങ്കാരം കൊണ്ട് പറയുകയല്ല, എനിയ്ക്ക് അതി ഭയങ്കര കഴിവാണ്. ഒറ്റ നോട്ടം കൊണ്ട് ഞാന്‍ എല്ലാം അറിയും. പൊറുതി മുട്ടിക്കുന്ന കെടുതികളുടെ കൂമ്പാരങ്ങള്‍ എനിയ്ക്ക് മുന്നില്‍ വെറും കുന്നിക്കുരുക്കള്‍ മാത്രം. എനിക്ക് പരുന്തിന്റെ കണ്ണുകള്‍. അവ പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറം നിന്ന് പോലും നിരീക്ഷണ യോഗ്യം.
പണിയൊന്നുമില്ലാതെ തെക്ക് വടക്ക് നടക്കുന്ന കാലത്ത് പോലും എന്റെ കണ്ണുകള്‍ക്ക് അതീവ കാഴ്ച ശക്തിയായിരുന്നു. കാഴ്ച ശക്തി ക്രമാതീതമായി കൂടിയപ്പോള്‍ നാട്ടുകാര്‍ കണ്ടു പിടിച്ച് അടിച്ചോടിച്ചു കളഞ്ഞു, വിവരമില്ലാത്തവന്മാര്‍. പിന്നെ ആറാം തമ്പുരാനെപ്പോലെ ഊരുതെണ്ടി ഓട്ടക്കീശയുമായി അലഞ്ഞു തിരിഞ്ഞു. ആ ജെനുസ്സില്‍ പെട്ടവര്‍ക്ക് ഏറ്റവും അനുയോജ്യമായ തൊഴിലായ രാഷ്ട്രീയത്തിന്റെ നടുമുറ്റത്തേയ്ക്ക് എടുത്തു ചാടി. വേണ്ടാതീനങ്ങള്‍ പണ്ടേ കൈമുതലായിരുന്നതിനാല്‍ നല്ല വണ്ണം ശോഭിച്ചു. കൂട്ടിക്കൊടുപ്പിലും, കുതികാല്‍ വെട്ടിലും മാസ്റ്റര്‍ ഡിഗ്രിയുണ്ടാരിരുന്നതിനാല്‍ അങ്കം പലതും ജയിച്ച് ഇവിടെ വരെ എത്തി.
കേരളത്തില്‍ വ്യാപകമായ കാലവര്‍ഷക്കെടുതി. നേരെ വിട്ടോളാന്‍ കേന്ദ്രത്തില്‍ നിന്നും ഉത്തരവ്. ഇന്തോനേഷ്യയിലെ ഭൂകമ്പം പഠിക്കാന്‍ മലേഷ്യ വഴി അവിടെ പോയിട്ട് വന്നതേ ഉള്ളൂ. ക്വാലാലമ്പൂരിലെ കാഴ്ചകള്‍ കണ്ട് നടന്ന് സമയം തീര്‍ന്നപ്പോഴാണ് മടങ്ങി വരും വഴി ഫ്ലൈറ്റില്‍ തന്നെയിരുന്ന് ഇന്തോനേഷ്യന്‍ ഭൂകമ്പം താഴോട്ട് നോക്കി പഠിച്ച് കളഞ്ഞത്. റിപ്പോര്‍ട്ട് കൊടുത്തപ്പോള്‍ 'കിട്ടുണ്ണിയ്ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യം' എന്നും പറഞ്ഞ് ചീഫ് സെക്രെടറി പുറത്തൊരു തട്ട്. ഹോ.. പുളകം കൊണ്ട് ഇരിക്കാന്‍ മേലാത്ത പരുവം. അങ്ങനെ പുളകിതഗാത്രനായി കണ്ണാടിയില്‍ നോക്കിയിരുന്നപ്പോഴാണ് അടുത്ത ഉത്തരവ് വന്നത്. ഇനിയിപ്പോ ഡാര്‍ജിലിംഗ് വഴി കേരളത്തിലേക്ക് പോവുക തന്നെ. ജന്മ നാടല്ലേ.. അവിടെന്തോന്ന് കാണാന്‍...!
എന്നാലും മൂന്നാല് സഹ നിരീക്ഷകരെയും കൂട്ടി ഫ്ലൈറ്റ് പിടിച്ചു. നേരെ മൂന്നാര്‍, തേക്കടി വഴി സകലമാന കെടുതികളും നിരീക്ഷിച്ചറിഞ്ഞു. പിന്നെ, പത്തു മണിയ്ക്ക് കോഴിക്കോട്ടെത്തുമെന്നറിയിച്ച പ്രകാരം കിറു കൃത്യമായി രണ്ടു മണിയ്ക്ക് കണ്ണൂരെത്തി. വന്നപാടേ സ്ഥലത്തെ പ്രഥാന പയ്യന്‍സിന്റെ വക സ്വീകരണം, ഫോട്ടോയെടൂപ്പ്. വേണ്ടാന്ന് പറയാനാകുമോ..? പിന്നെ ഒന്നാന്തരം ഊണ് വേറൊരു ലോക്കലാന്റെ വക. അത് കഴിഞ്ഞപ്പോള്‍ വിളി വന്നു, ഒന്ന് മയങ്ങാന്‍. 'ന്നാ പിന്നെ..' എല്ലാരോടും പറഞ്ഞ് നീണ്ട് നിവര്‍ന്നു കിടന്നു. എണീറ്റപ്പോള്‍ അഞ്ച് മണി. എന്നാലിനി കെടുതികള്‍ കാണാം എന്നും നിരീച്ച് ഇറങ്ങി. ഇന്ന് തന്നെ തിരിച്ച് പോണേ...! നെരെ ബേക്കല്‍ കോട്ടയിലെത്തി പ്രകൃതിയുടെ വരവ് വിലയിരുത്തി. പിന്നെ കുറച്ച് ഫോട്ടോകളെടുത്തു, ഞങ്ങളുടേം കോട്ടയുടേം..ഏത്..! അവിടന്ന് നേരെ മട്ടലായി കുന്നിന്‍ മുകളില്‍ കയറി ദൂരെ നെല്‍പ്പാടങ്ങള്‍ അടിഞ്ഞ് കിടക്കുന്ന കാഴ്ച കണ്ട് കണ്ണീര്‍ പൊഴിച്ചു. അപ്പോഴാണ് അടുത്ത സ്വീകരണം, വേണ്ടെന്ന് പറയാന്‍ ശീലിച്ചിട്ടില്ല, അതും കഴിഞ്ഞപ്പോള്‍ ക്ഷീണിച്ചു പോയി. പക്ഷെ കര്‍മ്മ നിരതനാവാന്‍, ഉള്ളിരുന്ന് മുതുമുത്തശ്ശന്‍ കള്ളന്‍ കോന്തുണ്ണി ഓര്‍മ്മിപ്പിച്ചു. രാവിലെ പത്തു മുതല്‍, പരാതികളും പായാരങ്ങളും പറയാന്‍ കാത്ത് കെട്ടി നിന്ന നാട്ടാരെപ്പറ്റി ഒരു നിമിഷം ഓര്‍ത്തു. ഇന്റര്‍വ്യൂവിന് തിക്കിത്തിരക്കുന്ന പത്രക്കാരെ അതിലേറെ ഓര്‍ത്തു. എല്ലാ വി ഐ പി കളെയും വിളിച്ചറിയിച്ചു, കൃത്യം 7 മണി സന്ധ്യക്ക് എത്തുമെന്ന്.
ഓസിന് കിട്ടിയ ഹെലികോപ്ടറില്‍ ചാടി കയറി, പതിവ് ആകാശനിരീക്ഷണത്തിനിറങ്ങി. ഒരൊറ്റ റൌന്‍ഡ് മതി, എല്ലാം ഓക്കെ.. ഞാനാരുടെയൊക്കെയാ മോന്‍..! കുറെ സ്ഥലങ്ങളുടെയൊക്കെ മുകളിലൂടെ പോയി. ഒന്നും കാണാന്‍ തലസ്ഥാനത്ത് നിന്നും മൊബൈലില്‍ വിളിച്ച വാമഭാഗം സമ്മതിച്ചില്ല. അവസാനം അതെല്ലാം ഒന്നവസാനിപ്പിച്ച് ഭാരതപ്പുഴയുടെ മുകളിലെത്തിയപ്പോ വീണ്ടും കര്‍മ നിരതനായി. ഒരു കൈ കമ്പിയില്‍ പിടിച്ചു, താഴേയ്ക്ക് നോക്കി. ഹോ, എന്താ ഭംഗി, ഒരു ഫോട്ടൊയെടുത്താല്‍ വീട്ടില്‍ ഫ്രെയിം ചെയ്ത് വെക്കാം. താഴേയ്ക്ക് നോക്കി ക്യാമറ ക്ലിക്കി... .. പിന്നൊന്നും ഓര്‍മയില്ല... അല്ല... ഞാനിപ്പോളെവിടാ..? ഇവിടെ കുറെ കറുകറുത്ത തടിമാടന്മാരൊക്കെ.. ആകപ്പാട് നാറ്റം.. പോത്തിന്റെ ഒരു ചൂര്..! ഏതാപ്പാ ഈ സ്ഥലം...? ഇത് നിരീക്ഷിക്കാന്‍ കേന്ദ്രം പറഞ്ഞിരുന്നില്ലല്ലോ.. അങ്ങ് താഴെ... മേഘപാളികള്‍ക്കും അടിയില്‍ അവ്യക്തമായി കാണുന്നത് എന്റെ നാടു തന്നെയോ... അറിയില്ല...!!
Posted by Varnameghangal @ 2:26 PM
12 comments
------------------------------------------
|
|
View Profile
Links
Malayalam Font
Malayalam Editor
Inspiring
Always Yours
Mazhanoolukal
"à´àµà´ªàµà´ªàµâ à´¸àµà´±àµà´±àµâ."
Previous Posts
നോക്കുകുത്തി..!
നിഴലിനോടൊപ്പം.
മഴക്കാലമില്ലാതെ.
കൊറ്റന്‍ വളവ്.
കാശി.
നീയില്ലയെങ്കിലും..
ഒരു കാലവര്‍ഷ കണ്‍ഫഷന്‍..!
ലങ്കപ്പന്‍
മഴപ്പക്ഷികള്‍.
പാഞ്ചാലിപ്പാച്ചു.
Archives
October 2005
November 2005
December 2005
January 2006
February 2006
March 2006
April 2006
May 2006
June 2006
July 2006
August 2006
November 2006
February 2007
March 2007
September 2008
January 2013
|