|
Tuesday, June 27, 2006
മഴപ്പക്ഷികള്‍.
പൂമുഖവാതിലിനുമപ്പുറം പുതുമഴയുടെ പൂവിളികള്‍.. ചാവടിയില്‍ പാളിവീണ്, പലവഴി പിരിഞ്ഞ് പോകുന്ന നീര്‍ മണി മുത്തുകള്‍. ചെറുകാറ്റില്‍ കുളിരുറയുന്ന ഉന്മാദം. വെറുതേ ശൂന്യതയില്‍ കണ്ണെറിയുമ്പോള്‍, മടങ്ങിയെത്താന്‍ മടിക്കുന്ന മിഴികള്‍ക്ക് മുന്നില്‍ വര്‍ദ്ധിതവീര്യം പൂണ്ട ജലച്ചാര്‍ത്തുകളുടെ നടന വേഗം. മധ്യാഹ്ന സൂര്യന്‍ മറഞ്ഞ് നില്‍ക്കുമ്പോള്‍, മത്സരിച്ച് പെയ്യുന്ന മഴക്കുഞ്ഞുങ്ങള്‍ക്ക് ഉന്മാദതാളം. പുതുമഴയേറ്റ് കുളിര്‍ക്കുന്ന മണ്ണിന്റെ രോമാഞ്ചം മഴപ്പാട്ടിലലിഞ്ഞു ചേരുന്നു. മണ്ണ് പ്രണയിച്ച് തുടങ്ങുന്നു..., ഊഷരതയുടെ മടിത്തട്ടിലേയ്ക്ക് കുളിരിന്‍ കിടാങ്ങളെ പ്രസവിച്ചിട്ട മഴമേഘങ്ങളെ..! ഇരുളും; വെളിച്ചവും; മഴയും കലര്‍ന്ന് പരന്ന സായന്തനങ്ങളിലേയ്ക്ക്, കണ്ണും കരളും നിറച്ച ഗതകാല വഴിത്താരകളിലേയ്ക്ക്, സുഖവും;ദു:ഖവും,പ്രണയവും ഇഴപിരിഞ്ഞ ഹൃദയ താളങ്ങളോടെ കോലായിലെ നിഴല്‍ക്കാടുകള്‍ക്കിടയില്‍ ഞാനേകനാണ്. ഹേമന്ത രാവുകള്‍ വറ്റി വരണ്ട നാള്‍ വഴികളില്‍ നിന്റെ ഓര്‍മകള്‍ക്ക് നെഞ്ചിലെ ചൂടും, കനവിലെ കുളിരും നല്‍കി വളര്‍ത്തി ഞാന്‍. എഴുതുവാനറിയില്ലായിരുന്നെനിയ്ക്ക്, അല്ലെങ്കില്‍ അറിയുമെന്നറിയില്ലായിരുന്നെനിയ്ക്ക്. വലത് കാല്‍ വെച്ച് നീ പടി കടന്ന നാള്‍ മുതല്‍ ഇരുളിന്റെ കാളിമ നിറഞ്ഞ എന്റെ സങ്കല്‍പ്പങ്ങളും തളിര്‍ത്ത് തുടങ്ങി. എന്റെ കാമനയെ നീ അമൃതൂട്ടിയുണര്‍ത്തി, നിന്റെ ചിലങ്കയുടെ താളത്തിനൊപ്പം. നിന്റെ പാദങ്ങള്‍ക്കൊപ്പം എന്റെ വാക്കുകളുണര്‍ന്നു. വരികളെ പ്രണയം പുതപ്പിച്ചു, കണ്ണിമ വെട്ടാതെ അരികെ നീയുള്ളപ്പോള്‍ ഇരുള്‍ മാറി തെളിമ പരന്നതറിഞ്ഞു ഞാന്‍. പിച്ച നടന്ന കാലത്തെങ്ങോ, ഇനി വരില്ലെന്നോതി എന്റെ പൈതൃകത്തിനൊപ്പം പിരിഞ്ഞ് പോയ ശിശിരമൊട്ടാകെ വീണ്ടും വിളിപ്പുറത്ത്. കണ്ണുകള്‍ തുറന്നു, കനവുകള്‍ കണ്ടു. അതിലെല്ലാം നിന്നെ നിറച്ചു. പക്ഷെ വര കീറിയവന്‍ വിധിയെന്ന വാക്കും വെറുതേ തന്നിരുന്നു. പ്രണയിച്ച് മനം നിറയും മുന്‍പ്, നിന്നെ തിരികെയെടുത്ത് അകലെ നിന്നും അവന്‍ അദൃശ്യനായി ചിരിച്ചു, ഒരിക്കല്‍ എന്നെ അനാഥനാക്കിയ അതേ ചിരി. കരഞ്ഞില്ല ഞാന്‍.. കരയില്ലെന്നുറച്ചു ഞാന്‍. നിരാശയുടെ നരച്ച നിറം പാകിയ സായന്തനങ്ങളില്‍പ്പോലും ലഹരികള്‍ തേടിയലഞ്ഞില്ല, മറിച്ച്, നിന്റെ കരുതലുകളേറ്റു വാങ്ങി തളിരിട്ട് തഴച്ച എന്റെ ഭാവനകള്‍ക്ക് കൂട്ടിരുന്നു. അവ തുളുമ്പാന്‍ വെമ്പവേ പകര്‍ന്നെടുത്തു. നീ പിരിഞ്ഞ നാള്‍ മുതല്‍, എഴുതുന്നതെല്ലാം നീ മാത്രമായിരുന്നു. എന്റെ തൂലിക നിന്റെ അദൃശ്യ സാമീപ്യമറിയുന്നുണ്ടായിരുന്നു. അതില്‍ മുഴുകി, കനവിന്റെ അങ്ങോളം ചെന്ന് വാക്കുകളെ ചൂഴ്ന്നെടുക്കാന്‍ അവന്‍ ശീലിച്ചിരുന്നു. അതിന്റെ നിറവില്‍ ഞാനെന്തൊക്കെയോ എഴുതി നിറച്ചു. നഷ്ടപ്പെടലുകളുടെ വേദന, അത് വരികള്‍ക്കും വാക്കുകള്‍ക്കും അപ്പുറം തിരശീലയില്ലാതെ ആടിത്തിമിര്‍ക്കുന്നതുമറിഞ്ഞു. എങ്കിലും, ആശ്വസിച്ചു, കല്‍പ്പനകളുടെ ഇടമുറിയാ പ്രവാഹത്തില്‍ നീ നിറഞ്ഞിരുന്നതിനാല്‍. പിന്നീട്, വര്‍ഷങ്ങള്‍ കൊഴിഞ്ഞു വീണപ്പോള്‍ വരികളില്‍ നിന്നും നീ മറഞ്ഞു നിന്നു. എങ്കിലും, മനസിന്റെ കോണില്‍ മാത്രം നിറഞ്ഞു നിന്നു. നിന്റെ ഓര്‍മ്മകള്‍ വാക്കുകളാകാതെ വന്നപ്പോള്‍ തൂലികയെ തഴഞ്ഞു, പിന്നെ നെഞ്ചോടടുക്കാന്‍ നിന്നോര്‍മ്മകള്‍ മാത്രം കരുതി വെച്ച് ദിനങ്ങള്‍ വിരസമായൊഴുക്കി വിട്ടു. എപ്പൊഴോ, എവിടെയോ അച്ചടി മഷി പുരണ്ട എന്റെ സൃഷ്ടികള്‍ അധികമാരും വായിച്ചില്ല, ഒരാളൊഴികെ. ഞാനെഴുത്ത് തുടരുവോളം പ്രോത്സാഹനമാകാന്‍, പിന്നെ തുടരാതെയായപ്പോള്‍ പ്രചോദനമാകാന്‍ ഒക്കെ അവളുണ്ടായിരുന്നു, ഏതോ നാട്ടില്‍ നിന്നും സ്വരമായെങ്കിലും. പേരറിയാത്ത, ഊരറിയാത്ത കൂട്ടുകാരി...! അത് എന്നോ എന്നെ തനിച്ചാക്കി മറഞ്ഞ നീ തന്നെയോ..? കരളില്‍ മരവിപ്പ് ചിതറാതെ കാത്ത പ്രണയിനി തന്നെയോ..? അറിയില്ല... അറിയാന്‍ ശ്രമിച്ചുമില്ല.. ഇപ്പോള്‍ വീണ്ടും വിരലുകള്‍ തുടിയ്ക്കുന്നത് ഞാനറിയുന്നു. വിളികള്‍ക്ക് കാതോര്‍ക്കുന്നതുമറിയുന്നു. മനസുണരുന്നതറിഞ്ഞു... മഴ നീരു വറ്റിയ മണ്ണിന്റെ തുടിപ്പ് പോലെ. എന്റെ അരികിലെ കടലാസുകള്‍ക്കും അതേ അഭിനിവേശം. മഴയെ പുല്‍കാനുള്ള മണ്ണിന്റെ ആവേശം. അവയ്ക്ക് ചിറക് വെച്ച് തുടങ്ങുന്നു, എന്റെ അരികിലേയ്ക്കാകാം, അക്ഷരങ്ങള്‍ക്ക് പെയ്തിറങ്ങാന്‍ നിലവും നിലാവുമൊരുക്കി വെച്ച്. ഞാനെഴുതാന്‍ തുടങ്ങുന്നു.. പ്രണയവും, മൃദുല വികാരങ്ങളും പുതഞ്ഞ വാക്കുകളുടെ പെരുമഴയിലേയ്ക്ക്.....!
Posted by Varnameghangal @ 3:39 PM
------------------------------------------
8 Comments:
Home
|
|
View Profile
Previous Posts
പാഞ്ചാലിപ്പാച്ചു.
അസ്തമയം കാത്ത്..!
ഒരു രക്തസാക്ഷിയുടെ ഹൃദയ വേദനകള്‍.
പ്രണയനാളുകള്‍ക്കപ്പുറം...!
മഴ നിലയ്ക്കുമ്പോൾ.
വേഷങ്ങളഴിക്കാതെ.
സിന്ധി മത്തായി..!
ഈരടികളില്ലാതെ...!
ചീരന്റെ കളർ സ്വപ്നങ്ങൾ..!
മഴയിൽ... നനയാതെ..!
|
നഷ്ടങ്ങളുടെ തീ വരികളായി. അതിന്റെ ചൂടില്‍ മുന്നോട്ടു നീങ്ങി. ഇന്നു പ്രതീക്ഷയുടെ പുതുനാമ്പുകള്‍ മഴപ്പക്ഷിയായ് പറന്നിറങ്ങി.
വര്‍ണ്ണം, നന്നായിരിക്കുന്നു പുതിയ രചന...
വര്‍ണ്ണം, ഇഷ്ടപ്പെട്ടു. “അക്ഷരങ്ങള്‍ക്ക് പെയ്തിറങ്ങാന്‍ നിലവും നിലാവുമൊരുക്കി വെച്ച്“ ഇനിയും എഴുതൂ
വര്‍ണ്ണം... അത്യുഗ്രന്‍...
മഴ പോലെ പെയ്തിറങ്ങുന്ന വാക്കുകള്‍...
ഒരുപാടു പറയാന്‍ കിടക്കുന്നല്ലേ? പോരട്ടെ.. ശ്രോതാക്കള്‍ ധാരാളം...
“....ഊഷരതയുടെ മടിത്തട്ടിലേയ്ക്ക് കുളിരിന്‍ കിടാങ്ങളെ പ്രസവിച്ചിട്ട വര്‍ണ്ണമേഘങ്ങളേ” കൊള്ളാം.. കുട്ടപ്പായി പറഞ്ഞതുപോലെ പ്രതീക്ഷയുടെ പുതുനാമ്പുകള്‍, അല്ലേ.
നേരത്തേ പറഞ്ഞതു തന്നെ, എങ്കിലും... വര്‍ണ്ണത്തിന്റെ റേഞ്ച് അപാരം.
ഇത് കവിതയോ അതോ കഥയോ?
വര്‍ണ്ണം അത്രക്ക് മനോഹരമായി എഴുതിയിരിക്കുന്നു.:-)
"" ഇപ്പോള്‍ വീണ്ടും വിരലുകള്‍ തുടിയ്ക്കുന്നത് ഞാനറിയുന്നു. വിളികള്‍ക്ക് കാതോര്‍ക്കുന്നതുമറിയുന്നു. മനസുണരുന്നതറിഞ്ഞു... മഴ നീരു വറ്റിയ മണ്ണിന്റെ തുടിപ്പ് പോലെ. ""
Excellent !!!
കുട്ടപ്പാ:
ശരിയാണ് പ്രതീക്ഷകളാണ് നമ്മെ നയിക്കുന്നതും, അറിയപ്പെടാത്ത തെരങ്ങളില്‍ കൊണ്ടെത്തിക്കുന്നതും.
--------------
കുഞ്ഞാ:
നന്ദി
--------------
ചക്കരയുമ്മ:
മനസ് നിറയെ ചിത്രങ്ങളുണ്ട്..
വീണ്ടും നിറം നല്‍കിയെടുക്കാനാകാത്തവ.
--------------
ആദി:
ശരി മുതലാളീ..
--------------
വക്കാരീ
ശരിയാണ്.
--------------
അരവിന്ദ്:
ഇടിവാള്‍:
:)
പ്രണയവും, മൃദുല വികാരങ്ങളും പുതഞ്ഞ വാക്കുകളുടെ പെരുമഴ കാത്തിരിക്കുന്നു, വര്‍ണമേഘം.
പ്രോത്സാഹനമാകാന്‍ പ്രചോദനമാകാന്‍ ഞങ്ങളുണ്ട്..