|
Thursday, March 23, 2006
സിന്ധി മത്തായി..!
ന്റുപ്പുപ്പാക്കൊരു സിന്ധിയുണ്ടാർന്നു....! എന്ന് പറഞ്ഞ് തുടങ്ങാൻ മത്തായിയ്ക്ക് അഥവാ സിന്ധി മത്തായിക്ക് കോണ്ടെക്സ്റ്റുകൾ ആവശ്യമില്ലായിരുന്നു. പരമ്പരാഗത പശു എണേബിൾഡ് സർവീസ് തൊഴിലാളികളായിരുന്നു മത്തായി കുലം.അതിന്റെ ശേഷിപ്പായി കിട്ടിയ ഒരു സിന്ധിയടക്കം അഞ്ചെട്ടെണ്ണത്തിനെ മത്തായി സ്വന്തം കെട്ടിയോൾ നാട്ടാരുടെ ശ്രീവിദ്യയായ സാറാമ്മയെ (സാറാമ്മയുടെ പിൻ ബലമാണത്രെ മത്തായിയുടെ വിജയം..!)നോക്കുന്നതിനേക്കാൾ(നാട്ടിലെ നയനാനന്ദ പുളകിതന്മാർ പ്രായഭേദമന്യേ അതിലും വൃത്തിയായി നോക്കുമായിരുന്നു എന്നും കേൾവി) വൃത്തിയായി പരിപാലിച്ചിരിന്നു. ഭൂലോകത്തിലെ കണ്ട കുടച്ചാണി ജന്തുക്കളിൽ വെച്ച് ശ്രേഷ്ഠയും,ഉന്നത കുല ജാതയും തന്റെ സിന്ധിയാണെന്ന് മത്തായി ഇടയ്ക്കിടെ അലാറം വെച്ച് ഓർക്കുകയും അത് കണ്ണിൽ കാണുന്നവരെയൊക്കെ അറിയുക്കുകയും ചെയ്തിരുന്നു. ദിവസം ഇരുപത്തിനാല് ലിറ്റർ പാൽ ചുരത്തുന്ന സിന്ധിയുടെ സിദ്ധിയെപ്പറ്റി മത്തായിക്ക് സംശയം ലവലേശമില്ലായിരുന്നു.അതിൽ വെള്ളം ചേർക്കാതെ, അത് വെള്ളത്തിലേക്ക് ചേർത്ത് മുപ്പത്തി നാലും നാൽപ്പത്തി നാലും ഒക്കെയാക്കി വിൽക്കുകയായിരുന്നു മത്തായിയുടെ സ്വയം തൊഴിൽ, അത് വാങ്ങി ഉപയോഗിക്കുന്നവന് സ്വയം തൊഴിയും...! അക്കാലത്ത് മറ്റെങ്ങും പാൽ കിട്ടാനില്ലാഞ്ഞതിനാൽ മത്തായിയുടെ സിദ്ധിയും,സിന്ധിയുടെ സിദ്ധിയും കൂടിച്ചേർന്നുള്ള ശുഭ്ര വർണ ദ്രവം ഗ്ലാസ്സ് കണക്കിന് കോരിയൊഴിച്ച് നാട്ടാർ ചായയിലും,പാലിലും ചാടി നീന്തിത്തുടിച്ചു. മത്തായിപ്പാൽ കിട്ടിയാലുടനെ ചായക്കടക്കാരൻ കേശവൻ നാനാവിധ എച്ചിലുകളാൽ ചിത്രവർണ രൂപിയായ തന്റെ വലത് ചൂണ്ടു വിരൽ കടയോളം മുക്കി നിവർത്തി വൃഥാ നോക്കി ആണ്ടവനോട് പറയുമായിരുന്നു 'പാല് കാട്ടിത്തരണേ കൃഷ്ണാ.....!'
പൊതുജനത്തെ മലവെള്ളപ്പാലിൽ മുക്കിയെടുത്ത കാശെണ്ണിയടുക്കുമ്പോൾ മത്തായി ഇടതടവില്ലാതെ പറയും 'ഈശ്വരൻ സിന്ധിയുടെ രൂപത്തിലാ...!' ഈ സ്റ്റേറ്റ് മെന്റിൽ മുളച്ചതും കിളിച്ചതും കണ്ടെത്തിയ കലുങ്ക് മേൽ കാമുകന്മാർ, പാലുമായി സാറാമ്മയെ കാണാത്തതിന്റെ നിരാശയിലും,ഇടം വലം നോക്കാതെ കലുങ്കെത്തുമ്പോൾ കാർക്കിച്ച് തുപ്പി പാലുമായി കടയിലേക്ക് പോകുന്ന മത്തായിയെ കണ്ണിൽ പിടിക്കാത്തതിന്റെ വീർപ്പുമുട്ടലാലും ഇപ്രകാരം കമന്റുമായിരുന്നു 'ഈശ്വരൻ നിന്റെ മുന്നിൽ സിന്ധിയായി തെളിയുമ്പോൾ അതിന്റെ നേരെ കാർക്കിച്ച് തുപ്പരുതു മത്തായീ....' മത്തായി കേട്ട ഭാവമില്ലാതെ ഒറ്റ വരയിലൂടെ മുന്നോട്ട് ഗമിക്കും, നോട്ടം തെറ്റി തുള്ളി പാലെങ്ങാൻ നിലത്ത് വീണാൽ... അത് കോമ്പൻസേറ്റ് ചെയ്യാൻ അടുത്തെങ്ങും വേറെ വെള്ളം കിട്ടില്ലല്ലോ...!
പശുക്കളിൽ സിന്ധിയെ മാത്രം മത്തായി എന്നും കുളിപ്പിക്കുമായിരുന്നു, അതും പഞ്ചായത്ത് കുളം തീറെഴുതിയെടുക്കാറുള്ള ഒറ്റക്കൊമ്പൻ മണിയനോടും അവന്റെ പാപ്പാൻ കുടിയനെന്ന അപരനാമത്തിലുള്ള ശങ്കരനോടും മത്സരിച്ച് ജയിച്ച്...!ശങ്കരൻ ലോകത്തിൽ ഒരേ ഒരു ദ്രാവകം മാത്രമേ കുടിക്കാത്തതായുള്ളൂ... മത്തായിയുടെ സംസ്കരണ ശാലയിലെ സിന്ധിപ്പാൽ...!! മത്തായി അതിന്റെ ഈർഷ്യ കുട്ടകത്തിൽ വീണ ചക്ക പോൽ ചാഞ്ഞ് കുളിക്കുന്ന മണിയന്റെ പുറത്തിട്ട് തൊഴിച്ചു നീക്കിയും,സിന്ധിയെ ഉള്ള ഗ്യാപ്പിൽ തള്ളി കയറ്റിയും തീർത്തുകൊണ്ടിരുന്നു...! ആഴമുള്ള ഭാഗത്തേക്ക് നീങ്ങാതെ കിട്ടിയ ഗ്യാപ്പിൽ കുശാലായി കുളിയും പാസ്സാക്കി സിന്ധി സുഖിച്ച് കയറിപ്പോരും... സിന്ധി ആരാ മോൾ.......!
ഒരിക്കൽ മത്തായി പതിവു പോലെ സിന്ധി സമേതനായി കുളക്കരയിലെത്തി. നാട്ടിൽ പുതുതായെത്തിയ ആരോടോ നാലു കാലിൽ നിന്ന് കാലുകൾക്കിനിയും ആവശ്യമുണ്ടെന്ന മട്ടിൽ കുളത്തിലേക്ക് ചൂണ്ടി 'ഞാൻ മണിയൻ... ആ കുളത്തിൽ കിടക്കുന്ന കുടിയന്റെ പാപ്പാൻ....' എന്ന് തട്ടിവിടുന്ന കുടിയൻ ശങ്കരനെ നോക്കി കാർക്കിച്ച് തുപ്പി മത്തായി തന്റെ സിന്ധിയെ കുളത്തിലേക്ക് തള്ളിയിറക്കി. തേച്ച് കുളിപ്പിക്കേണ്ടയാൾ കരയിൽ ടൂ വീലർ ലൈസൻസ് പരീക്ഷാർത്ഥി 8 എടുക്കുന്നത് പോലെ നടന്നും വയുവിൽ പിടിച്ചുയർന്നും തത്രപ്പെടുന്നതിന്റെ അമർഷം ഉള്ളിലൊതുക്കി മണിയൻ സ്വയം വെള്ളമൊഴിച്ച് കുളിച്ചു കൊണ്ടിരുന്നു. ഇടയ്ക്ക് പാളി നോക്കിയപ്പോൾ ശരപഞ്ജരത്തിലെ കുതിരയും ജയനും കണക്ക് സിന്ധിയെയും, ഇടിഞ്ഞ് തൂങ്ങിയ മാംസള മസിലും തൂക്കി ചകിരിയിട്ട് തേച്ച് കോടുക്കുന്ന മത്തായിയെയും കണ്ട് ദീർഘനിശ്വാസം തുമ്പിക്കൈ വഴി വെള്ളത്തിനടിയിലേക്ക് വിട്ട് പതപ്പിച്ച് മണിയൻ അലസനായി കിടന്നു. ഇടയ്ക്ക് തനിക്കിട്ട് കിട്ടിയ മത്തായി പാദ സ്പർശവും മണിയൻ കണ്ടില്ലെന്നു നടിച്ചു....! കുളിച്ച് കയറിയ സിന്ധി മുൻ കാൽ കരയിലും പിൻ കാലുകൾ വെള്ളത്തിലും വിട്ട്, വെറുതെ കിടക്കുന്ന മണിയനെ ജയഭാരതി ബാലൻ കെ നായരെയെന്ന പോലെ നോക്കി.... മണിയൻ സംഭരിച്ച് വെച്ചിരുന്ന സകല ക്ഷമയും ക്ഷണ നേരത്തിൽ വെള്ളത്തിലലിഞ്ഞു പോയി... ഓടി കരയിലേക്ക് കയറി സിന്ധിയെ പിൻ കാലിൽ തൂക്കി കുളത്തിന് നടുവിലേക്ക് ഒറ്റ ഏറ്....!! നിലയില്ലാക്കയത്തിൽ മുങ്ങിയ സിന്ധി കൃത്യം ഒരു മിനിറ്റിന്റെ ഇടവേളയിട്ട് രണ്ട് പ്രാവശ്യം കൂടി കരയിൽ ഓടാനൊരുങ്ങി നിൽക്കുന്ന മത്തായിയെ നോക്കിയ ശേഷം താഴ്ന്നു പോയി...! അടുത്തത് തന്റെ ഊഴമാണെന്നറിഞ്ഞ മത്തായി ഉരിയാൻ മുട്ടി നിൽക്കുന്ന ഉടുമുണ്ടും ചേർത്ത് പിടിച്ച് ഞൊടിയിടയിൽ അപ്രത്യക്ഷനായി....! പിന്നീട് തന്റെ പാൽ-ഇറിഗേഷൻ ബിസിനസ് മുന്നറിയിപ്പില്ലാതെ നിർത്തലാക്കിയ ശേഷം മത്തായി ആരോടെന്നില്ലാതെ പറഞ്ഞു... 'ഈശ്വരൻ ഇപ്പോ മണിയന്റെ രൂപത്തിലാ.....!!'
Posted by Varnameghangal @ 3:04 PM
------------------------------------------
3 Comments:
Home
|
|
View Profile
Previous Posts
ഈരടികളില്ലാതെ...!
ചീരന്റെ കളർ സ്വപ്നങ്ങൾ..!
മഴയിൽ... നനയാതെ..!
ഞാനറിയാതെ..!
അയൺ മാൻ..!
നിഴലുകളില്ലാതെ..!
അരവിന്ദന്റെ 'സത്യാ'ന്വേഷണങ്ങൾ...!
നീ പെയ്യുവോളം..!
ശലഭ ജന്മങ്ങൾ..!
ഒരു അനിയൻ വീരഗാഥ..!
|
ഉം. നന്നായി. അളമുട്ടിയാല്‍ ആനയും തൊഴിക്കും.
മേഘങ്ങളേ, എന്റെ അസൂയക്കാരുടെ ലിസ്റ്റ് കൂടിക്കൂടി വരുന്നു...
ഇന്ന് മാടുകളെല്ലാം കൂടി മനുഷ്യനെ ചിരിപ്പിച്ച് ചിരിപ്പിച്ച്.....
പെരുത്തിഷ്ടപ്പെട്ടു കേട്ടോ... ഏതാണ് കൂടുതലിഷ്ടപ്പെട്ടതെന്ന് ചോദിച്ചാൽ എല്ലാം.... എന്നാലും
“അതിൽ വെള്ളം ചേർക്കാതെ, അത് വെള്ളത്തിലേക്ക് ചേർത്ത് ...........”
“മത്തായിയുടെ സിദ്ധിയും,സിന്ധിയുടെ സിദ്ധിയും കൂടിച്ചേർന്നുള്ള ശുഭ്ര വർണ ദ്രവം..........”
“കേശവൻ നാനാവിധ എച്ചിലുകളാൽ ചിത്രവർണ രൂപിയായ തന്റെ വലത് ചൂണ്ടു വിരൽ കടയോളം മുക്കി നിവർത്തി വൃഥാ നോക്കി ആണ്ടവനോട് പറയുമായിരുന്നു
'പാല് കാട്ടിത്തരണേ കൃഷ്ണാ.....!'
എനിക്കിഷ്ടായി........ എന്നാപ്പിന്നെ
യെന്തരണ്ണാ, മനുഷ്യമ്മാരെ ചിരിപ്പിക്കുന്നേന് ഒരു ലിമിറ്റൊക്കെ വേണ്ടേണ്ണാ? നമ്മടെ മാനേജരണ്ണന്‍ ഇല്ലാത്തത് ഭാഗ്യം. അല്ലെങ്കി തള്ളേ കലിപ്പായേനെ..