|
Thursday, March 16, 2006
ഈരടികളില്ലാതെ...!
ഒരു ഞായറാഴ്ച വൈകുന്നേരം..! ചുമതലകൾ അടിച്ചേൽപ്പിക്കപ്പെടാത്ത സായന്തനം... മധ്യാഹ്നവേളയിൽ, പതഞ്ഞും നുരഞ്ഞും അതിർത്തികളില്ലാതെ കുതിച്ചിറങ്ങി മനവും ശരീരവും കുളിർപ്പിച്ച ബിയറിന്റെ ഗന്ധം ഇപ്പോൾ നിശ്വാസവായുവിൽ വമിഞ്ഞുയരുന്നു...! പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തവന്റെ നിസ്സംഗത.. മട്ടുപ്പാവിൽ ഒറ്റയ്ക്ക് നിന്നപ്പോൾ കുളിരുന്ന കാറ്റിൽ മുടിയിഴകളുണർന്നപ്പോൾ മനസിലെവിടെയോ സുഖാനുഭൂതികളുടെ തിരയിളക്കം..! അതിൽ പ്രണയം തിരയാനാണ് എന്നും മനസിന്റെ വെമ്പൽ.. ഓർമിക്കാൻ, ഓമനിക്കാൻ പ്രണയത്തിനുമുപരി ഒരുപാടുണ്ട്... പക്ഷെ ഒന്നും കാണാറില്ല, ഒരു വേള കണ്ടെന്നാലും ഉള്ളുടക്കാറില്ല, തെന്നി നീങ്ങാനാണ് വെമ്പൽ... പ്രണയവും, പരിദേവനങ്ങളും പുൽകും വരെ...! എങ്കിലും ഇന്ന് ഞാൻ വഴിമാറി നടക്കാനിഷ്ടപ്പെടുന്നു... അന്നും,ഇന്നും,എന്നും എന്റെ ആദ്യാഭിനിവേശം പാട്ടിനോടാണ്. വിഷാദങ്ങളുടെ,പ്രണയത്തിന്റെ ഒക്കെ സ്വരങ്ങൾ അമൃത വർഷമാണെനിക്ക്..! ഒറ്റയ്ക്കാകുമ്പോൾ ഇഷ്ടമുള്ള പാട്ടു കേട്ടിരിക്കാൻ, സുഖങ്ങൾ തിരയാൻ ത്വരയേറുന്ന മനസിന്റെ ആഹ്വാനം... എന്റെ കുഞ്ഞു പാട്ടുപെട്ടി ഇഷ്ടഗാനങ്ങൾ തുറന്നിടുന്നു...!
സായാഹ്ന സൂര്യനെ നോക്കി മങ്ങിത്തുടങ്ങിയ വെളിച്ചത്തിൽ ഇളം കാറ്റിനൊപ്പം കൂട്ടുകൂടവേ കരളിന്റെ ക്യാൻ വാസിൽ വർണങ്ങൾ മിന്നി മറയുന്നു, വീണു പടരുന്നു....!! 'മാനസനിളയിൽ... പൊന്നോളങ്ങൾ...' തൊട്ട് തലോടി ഓടിക്കളിക്കുന്ന തളിർ കാറ്റിനേക്കാൾ സുഖകരം... കണ്ണുകളടച്ചു, കാതുകൾ അതിനായി മാത്രം പൂട്ടിയിട്ടു... പ്രണയാർദ്ര ചിന്തകൾക്ക് പകരം മനസൊരു മാത്ര വഴി മാറി നീങ്ങി... ഒരു മിന്നൽ പോലെ കൺ മുന്നിലേക്കോടിയെത്തി മറഞ്ഞവർ നിമിഷാർദ്ധ നേരത്തിൽ ഓർമകളിൽ പുനർജ്ജനിച്ചു......
അവയിലെവിടെയോ നിന്റെ രൂപം കാണുവാനാകുന്നു... കൈകളുടെ ചലനം മിഴികൾക്കറിയാത്ത വഴി വെട്ടി തെളിക്കുമ്പോൾ,അത്യാകർഷകമായ ഭൂവും നിറങ്ങളും കിനാവിൽ മാത്രം നിറച്ച്,കാഴ്ചയില്ലാത്തവന്റെ നിരാശ തെല്ലും തൊട്ടു തീണ്ടാതെ,മരവിച്ചു പോയ കൺ കോണുകളിൽ ജീവിത പ്രതീക്ഷയുടെ ചെറു തിളക്കം സൂക്ഷിച്ചു വെച്ച്,ഉള്ളിലെ താളലയങ്ങൾ പല്ലവികളാകുമ്പോൾ സ്വയം മറന്ന് പാടി നീങ്ങുന്ന നിന്റെ രൂപം...! തീപ്പെട്ടിക്കൂടിന്മേൽ നെടുകെ വരിഞ്ഞ റബ്ബർ ബാൻഡിനിടയിൽ കുറുകെ കുരുക്കിയ ഈർക്കിലിൽ വിരലുകളാൽ അനക്കി താളമിട്ട്, ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന ബസുകൾക്കുള്ളിലേയ്ക്ക് പരസഹായമില്ലാതെ പിടിച്ച് കയറി,താഴേയ്ക്ക് കുനിഞ്ഞ് ചെരിഞ്ഞ തല ചെറുതായനക്കി നീ പാടുമ്പോൾ സഹതാപമായിരുന്നില്ലെനിയ്ക്ക്... മറിച്ച്, നിന്റെ നാവിൽ പിറവിയെടുക്കുന്ന പാട്ടുകളുടെ ഒഴുക്കിൽ പെട്ടലിഞ്ഞ് കാതുകൾ അതിനായി മാത്രം തുറന്നിട്ട അവസ്ഥ... അത് അനിർവചനീയം...! ഭാവഭേദങ്ങളേതുമില്ലാതെ 'മാനസനിളയിൽ...' എന്ന് നീ പാടിത്തുടങ്ങുമ്പോൾ പലപ്പൊഴും ഞാനോർത്തിരുന്നു 'യേശുദാസ് ഇത്ര മധുരമായി പാടിയിരുന്നോ...?' പാടിത്തീരും വരെ പ്രായഭേദമന്യേ ലയിച്ചിരുന്ന യാത്രക്കാരിൽ ഭൂരിപക്ഷവും, പാട്ട് നിർത്തി നീയടുത്ത് ചെന്നാൽ നിന്നെപ്പോലെ അന്ധന്മാരാകുന്നത് കാണുവാൻ ഞാനിഷ്ടപ്പെട്ടിരുന്നില്ല.അതുകൊണ്ട് തന്നെ, കോളേജിലേയ്ക്കുള്ള യാത്രയിൽ ഉച്ച ഭക്ഷണത്തിനായി അച്ഛൻ കനിഞ്ഞേകിയ പത്ത് രൂപയെ പകുക്കാൻ ശങ്കയേതുമില്ലായിരുന്നെനിയ്ക്ക്. ക്രമേണ നിന്റെ പാട്ടുകൾ എന്റെ ദിവസങ്ങളുടെ ഭാഗമായിത്തുടങ്ങി,എന്റെ ചേതനയുടെ പൂവിളികളായിത്തുടങ്ങി..! ശോകം പുരണ്ട ആർദ്ര ഗാനങ്ങളും,പ്രണയം പുരണ്ട വശ്യ ഗാനങ്ങളും എല്ലാം എന്റെ ഇഷ്ടങ്ങളുമായി ഇണങ്ങിപ്പോകുന്നവ..! നീയെത്തുവോളം കാത്ത്,ക്ലാസ്സിൽ താമസിച്ചെത്തി പുറത്ത് നിൽക്കേണ്ടി വന്നാലും ഞാൻ ആഹ്ലാദിച്ചിരുന്നു...കാതുകളുടെ ഉള്ളറകളിലെങ്ങോ നിന്റെ പാട്ടിന്റെ വറ്റുകളുണ്ടായിരുന്നതിനാൽ....!!!!
എന്റെ ഓർമകളെ തല്ലിക്കെടുത്തി ഉള്ളിലെവിടെയോ ഒരു കൊള്ളിയാൻ ആഞ്ഞ് പതിച്ചതു പോലെ... ഞാൻ ഞെട്ടിയുണർന്നു, കാതിലേയ്ക്ക് ഇമ്പമെത്തിച്ചിരുന്ന വയറുകൾ വലിച്ചെറിഞ്ഞു... പിന്നെയറിഞ്ഞു... തലങ്ങളെ പ്രകമ്പനം കൊള്ളിച്ച് അഞ്ഞു പതിച്ച കൊള്ളിമീൻ പാളിക്ക്, ഒരു നാൾ പാട്ട് നിർത്തിയിറങ്ങി പാത മുറിച്ച് കടന്ന നിന്റെ മേൽ മരണ വേഗം പൂണ്ട് ആഞ്ഞിടിച്ച് എങ്ങോ പാഞ്ഞു പോയ വാഹനത്തിന്റെ അതേ ച്ഛായയുണ്ടെന്ന്.....!! ഞാൻ താഴേക്കിറങ്ങി... ലഹരിയുടെ ചഷകം വീണ്ടും നിറയ്ക്കാൻ...സുഖാനുഭൂതികളെ വേദനയിലാറാടിച്ചൊടുക്കുന്ന ഓർമകളുടെ നീരാളിപ്പിടുത്തം പൊട്ടിച്ചെറിയാൻ..!!!
Posted by Varnameghangal @ 12:59 PM
------------------------------------------
5 Comments:
Home
|
|
View Profile
Previous Posts
ചീരന്റെ കളർ സ്വപ്നങ്ങൾ..!
മഴയിൽ... നനയാതെ..!
ഞാനറിയാതെ..!
അയൺ മാൻ..!
നിഴലുകളില്ലാതെ..!
അരവിന്ദന്റെ 'സത്യാ'ന്വേഷണങ്ങൾ...!
നീ പെയ്യുവോളം..!
ശലഭ ജന്മങ്ങൾ..!
ഒരു അനിയൻ വീരഗാഥ..!
മോഷ്ടാവ്..!
|
വര്‍ണം..
മനോഹരമായിരിക്കുന്നു. പൊട്ടിയ ഓട്കഷണങ്ങളെ ചപ്ലാംകട്ടകളാക്കി താളത്തിലടിച്ചും മറുകയ്യിലെ വിരലിലണിഞ്ഞ ഇരുമ്പു മോതിരം കൊണ്ട് ബസ്സിന്റെ കമ്പിയില്‍ മണി മുഴക്കിയും.. ആര്‍ദ്രമായി... അവള്‍ പാടിയിരുന്നതു ഞാനും കേട്ടിരുന്നിട്ടുണ്ട്...
ഹൃദ്യമായ ഒരു ഓര്‍മ്മ കുറിപ്പ്. വാക്കുകള്‍ മനോഹരമായി അടുക്കിവെച്ച് പറഞ്ഞിരിക്കുന്നു.
എക്സിക്യൂട്ടീവില്‍ മുകേഷിനെ വെല്ലുന്ന ശബ്ദത്തില്‍ പാടിയിരുന്ന ഒരു ആറടിയിലേറെ ഉയരമുള്ള ഒരു അപ്പൂപ്പനുണ്ടായിരുന്നു.. തീവണ്ടിയെ നിശ്ശബ്ദനാക്കിക്കൊണ്ടു പാടിയിരുന്ന അദ്ദേഹം ആരെങ്കിലും വല്ലതും വെച്ചുനീട്ടിയാല്‍ "ഇന്‍ഷാ അല്ലാഹ്, നന്നായി വരട്ടെ" എന്നു പറഞ്ഞു ശിരസ്സ് ചെറുതായി ഒന്നു കുനിച്ച് ഒരു പാട്ടുകൂടി പാടിത്തന്നു ചിരിച്ചു കൊണ്ട് നടന്നു നീങ്ങുമായിരുന്നു..
മനോഹരം..
വളരെ ഇഷ്ടപ്പെട്ടു.
മനോഹരം.