Tuesday, January 24, 2006

മോഷ്ടാവ്‌..!

അങ്ങകലെ.. കനവുകൾക്കുമെത്തിപ്പെടാനാകാത്ത ദൂരത്ത്‌ പകലിന്റെ നാളം പൊലിഞ്ഞു തീരുന്നു...!
പകലോൻ മറയുന്ന സീമകൾ ദൃഷ്ടിപഥങ്ങളോട്‌ മത്സരിച്ച്‌ ജയിക്കുന്നു..!
രാവെത്തുകയായിരുന്നു.. പതിയെ പതിയെ... പകലിനെ പടുകുഴിയിലേക്ക്‌ തള്ളിയിട്ട്‌, തിരക്കിന്റെ തീരങ്ങളെ കുടിയൊഴിപ്പിച്ച്‌,തിരകൾക്ക്‌ മീതേ കരിമ്പടം പുതപ്പിച്ച്‌,ഇന്നിനെ ഇന്നലെകളിലേക്ക്‌ നയിച്ച്‌...!
തീരം വിജനമായി...!!
എന്റെ വിശ്രമ വേളകൾ നാളെയെത്താമെന്ന വാക്കോടെ സൂര്യന്റെയൊപ്പം താഴ്ന്നു പോയി...!
ഞാനും എഴുന്നേറ്റു...
പതിയെ മുറിയിലേക്ക്‌ നടക്കുമ്പോൾ മനസ്‌ ശാന്തമായിരുന്നു..
നേടുവാൻ ഏറെയൊന്നുമില്ല, നഷ്ടപ്പെടാൻ അത്ര പോലും... അതുകൊണ്ട്‌ തന്നെ അശാന്തിയുടെ തീരങ്ങളിൽ ഇരിയ്ക്കാറുമില്ലായിരുന്നു..!
ജോലി തുടങ്ങുവാൻ സമയമായി.. കൊണ്ട്‌പോകാൻ വാഹനങ്ങളില്ല, യാതയയയ്ക്കാൻ കൂടെയാരുമില്ല... വേഷം ധരിച്ച്‌ വേഗം പടിയിറങ്ങി... താമസിച്ചുവോ ഞാൻ...?
തെരുവ്‌ വിളക്കുകളെ വെറുപ്പാണെനിയ്ക്ക്‌, വെളിച്ചം ചോദിച്ചില്ലല്ലോ ഞാൻ..!
അതിവേഗം അതിദൂരം താണ്ടാൻ മുക്രയിട്ട്‌ പാഞ്ഞ്‌ പോകുന്ന വലിയ വാഹനങ്ങൾ,തള്ളു വണ്ടിയുമായി തിരികെ പോകുന്ന വഴിക്കച്ചവടക്കാർ,സാന്നിധ്യമറിയിച്ച്‌ പൊടിപറത്തിയോടുന്ന പോലീസ്‌ വാഹനങ്ങൾ,ഇരുട്ടിന്റെ അവ്യക്തതകളിലേക്ക്‌ മിന്നി മറയുന്ന ആൺ പെൺ രൂപങ്ങൾ... തിരക്കിന്റെ മറ്റൊരു മുഖം..!!
എല്ലാം പതിവ്‌ കാഴ്ചകൾ..!

മതിൽ ചാടി ഞാനെന്റെ കർമ കാണ്ഠത്തിലെത്തി..!
ഒച്ചയുണ്ടാക്കാതെ നടക്കാൻ നല്ല വശമാണെനിയ്ക്ക്‌...
അതിനി ഒച്ചയുണ്ടാക്കണമെന്ന്‌ നിനച്ചാലും പാദങ്ങൾ പതുങ്ങിയേ പോകൂ... ശീലങ്ങൾ, ശീലക്കേടുകൾ..!!

പതിവ്‌ പോലെ താഴെ നിന്നും മുകളിലേയ്ക്ക്‌, പിന്നെ തിരിച്ച്‌ മുകളിൽ നിന്നും താഴേയ്ക്ക്‌... ഓടിന്റെ വിടവിലൂടെ...!
ഇരുട്ടിൽ ഒന്നും കാണുന്നില്ല..
സുഖാലസ്യങ്ങളുടെ സീൽക്കാര ശബ്ദത്തിനൊപ്പം എന്റെ വിളിപ്പേരും പലയാവർത്തി മുഴങ്ങിക്കേൾക്കുന്നു... ചുടു വിയർപ്പിന്റെ മണത്തിനൊപ്പം..!
ഊഹിച്ചു ഞാൻ...
കാഴ്ചകളിലേയ്ക്കുള്ള കണ്ണുകളുടെ തിരത്തള്ളലിനെ കാലുകളുടെ വേഗത്താൽ നിയന്ത്രിച്ച്‌ കർമനിരതനായി ഞാൻ...!
ചെറു ഭാണ്ഠം നിറച്ച്‌ തിരികെയിറങ്ങുമ്പോഴും പഴയ ശബ്ദങ്ങൾ സജീവമായിരുന്നു...!

തിരികെയെത്താനുള്ള വ്യഗ്രതയുണ്ടെങ്കിലും പാദങ്ങൾ പതറില്ലായിരുന്നു... അവയും മനസ്‌ പോലെ ശാന്തം..
എങ്കിലും തിരികെ മതിൽ കടക്കും മുൻപ്‌ അവയൊന്ന്‌ പതറിയോ..??
പറമ്പിലെ ഇരുട്ട്‌ മൂലയിൽ കുഞ്ഞു രോദനം മുഴങ്ങുന്നു...
ഇരുട്ടിലും അവന്റെ കണ്ണിലെ തിളക്കം തെളിഞ്ഞു കാണാം...
അകത്ത്‌, അന്നമെത്തിയ്ക്കുവാൻ അമ്മ വിയർപ്പൊഴുക്കുന്നു...!
അവർ മടങ്ങിയെത്താത്തതാണവന്റെ വേദന.. വയർ വിശക്കുന്നതാണവന്റെ വേദന..!
ഓർക്കാറില്ലാത്ത എന്റെ ബാല്യം ഇരുട്ടിൽ കുഞ്ഞിളം പല്ല്‌ കാട്ടി ചിരിക്കുന്നു..!

തിരികെ നടന്നു..
പറയാതെടുത്ത പലവകയ്ക്കൊപ്പം ഒന്ന്‌ കൂടിയെടുത്തു കൊണ്ട്‌...!!!

Posted by Varnameghangal @ 7:55 AM

------------------------------------------

7 Comments:
Blogger Adithyan said...

‘പിടിക്കപ്പെടുന്നവൻ‘ മാത്രം കള്ളൻ!!!

9:51 AM  

Anonymous Anonymous said...

ആരും ആരായും ജനിക്കുന്നില്ല.

10:44 AM  

Blogger രാജീവ് സാക്ഷി | Rajeev Sakshi said...

അവന്‍ നാളത്തെ കള്ളന്‍.. ഒരു പിന്‍ഗാമി!

3:51 PM  

Blogger സു | Su said...

സാഹചര്യം ആരേയും ആരുമാക്കും.

4:23 PM  

Blogger സ്വാര്‍ത്ഥന്‍ said...

ആ അമ്മയേക്കൂടെ അവന്...

11:09 PM  

Blogger evuraan said...

രാമപുരാനേ,

ഇവിടെ പറഞ്ഞത് ഇതുവരെ കണ്ടില്ലെന്ന് കരുതുന്നു.

ഹിന്ദി വിദ്യാലയം, രാമപുരം സുനിത 70 എം.എം -- അങ്ങിനെ പലതും...

രാമപുരാൻ ആണോ, അതോ കീരിക്കാടൻ ആണോ? :)

ഏവൂരാൻ അറ്റ് യാഹൂ ഡോട്ട് കോമിലേക്ക് ഒന്നെഴുതൂ...


പിന്നെ, പണ്ട് ഞാനുമൊന്ന് കക്കാന്‍ പോയ കഥയിവിടെ...

12:56 AM  

Blogger Visala Manaskan said...

very nice..

11:17 AM  

Post a Comment

Home

  View Profile



Previous Posts
ഹീര..!
പാഠം ഒന്ന്‌-പരീക്ഷ..!
അവസ്ഥാന്തരങ്ങൾ..!
പടുമരം..വേരുകളില്ലാതെ..!
ടെലിവിഷം പരിപാടികൾ..!
ബൈനറി സൃഷ്ടികൾ..!
വർണമേഘങ്ങളെയും കാത്ത്‌..!
പൊരുത്തം..!
കുഴികളെത്തേടി..!
ചിരി..!