|
Monday, December 12, 2005
വർണമേഘങ്ങളെയും കാത്ത്..!
ജാലകപ്പഴുതിന്നുമപ്പുറം എന്റെ പൂവാടിയിൽ കൊഴിഞ്ഞു വീഴുന്ന ദളങ്ങളുടെ തേങ്ങലുകൾക്കും മീതേ മഴയുടെ ചടുല സംഗീതം, ഇങ്ങകത്ത്,ചെറു ഞരമ്പുകളിലാകെ ഉറഞ്ഞു കൂടുന്ന തണുപ്പിനും മേലേ കിനിഞ്ഞു കത്തുന്ന ചെറുമേശവിളക്കിന്റെ നിഴലനക്കം ഞാൻ എഴുതുവാൻ തുടങ്ങി..... പ്രാണ ഞരമ്പുകളിൽ,മദ്യം നിറയ്ക്കുന്ന 'സൃഷ്ടിയുടെ നീരുറവകളോ',ധൂമപടലങ്ങൾ തീർക്കുന്ന 'ചിന്താ വലയങ്ങളോ',കടും കാപ്പിയുടെ കടിച്ചാൽ പൊട്ടാത്ത 'പ്രചോദനങ്ങളോ' യാതൊന്നുമില്ല... ഓർമകളുടെ നേരിൽ നീറ്റിയ,നിറമൊട്ടുമേ മങ്ങാത്ത കുറേ ചിത്രങ്ങളുണ്ട്,ചിതറിത്തെറിച്ചാലും വീണ്ടും ഒരുമിച്ച് പ്രവഹിച്ചെത്തുന്ന അതേ ഓർമകൾ.... അവയിൽ കടും നിറങ്ങളുടെ ചായം വീണ ബാല്യമില്ലെനിയ്ക്ക്,കത്തിയെരിയുന്ന യൌവ്വനവും..! മറവിയുടെ കാർമേഘമാൽ മൂടുവാൻ ശ്രമിച്ചിട്ടും ഉള്ളിലെങ്ങോ നിരന്തരം പ്രകമ്പനം കൊള്ളുന്ന വേദനയുടെ മുറിപ്പാടുകളുണ്ട്, അവയിൽ ഞാനുണ്ട്,നീയുണ്ട്... നമ്മുടെ നനുത്ത ഓർമകളും..!
നിറഭേദങ്ങളൊരുപാട് ചിതറുന്ന കലാലയ ജീവിതത്തിലും എന്റെ ലോകം പുസ്തകങ്ങളിലും,എന്നിലുമൊതുങ്ങിയിരുന്നു.. അവയിലേക്ക് പൊടുന്നനേ നീ കടന്നു വന്നു,പിന്നെയെന്തിനോ പ്രതീക്ഷിച്ചു.അകലുവാനാഗ്രഹിച്ചില്ല ഞാൻ,കാരണം... നിരാശയുടെ നരച്ച നിറങ്ങൾ മാത്രം നിറഞ്ഞ എന്റെ സൃഷ്ടികൾ പൊടുന്നനേ പ്രണയത്തിന്റെ നനുത്ത വർണങ്ങളിൽ തിളങ്ങാൻ തുടങ്ങിയതു തന്നെ. ഞാനുണർന്നു... ആഹ്ലാദിച്ചു... നീയാണു ലോകമെന്നും... നിന്നിൽ ഞാൻ പുതുജീവനാർജ്ജിച്ചെന്നുമറിഞ്ഞു..! എന്നിട്ടൂം നാമകന്നു,വിധി എന്നു പഴിക്കാനെനിയ്ക്കായില്ല... കാരണം,ആ വാക്കിന്റെ പൊരുൾ എന്നുമെന്നോടൊപ്പമുണ്ടായിരുന്നു; ഒരു നിഴലെന്ന വണ്ണം.. എന്റെ ലോകം വീണ്ടൂം ചുരുങ്ങുന്നതും,പഴയ നിറം പടരുന്നതും ഞാനറിഞ്ഞു.. വർണമേഘങ്ങളെയും കാത്ത്, കനവിന്റെ കൂട്ടിൽ പുലരുവോളം കൂട്ടിരിക്കാൻ വരുമെന്നു പറഞ്ഞ്, ജീവിതം തീരുവോളം കൂടെ നിൽക്കാൻ വരുമെന്നു പറഞ്ഞ്, നീ നടന്നു പൊയതെവിടെയെന്ന് എനിയ്ക്കും തിരിച്ചറിയുവാനായില്ല. അങ്ങകലെ എന്റെ കനവുകൾക്കുമെത്തിപ്പിടിയ്ക്കുവാനാകത്ത ദൂരത്ത്, എന്റെ വിഷാദങ്ങൾ ആടിത്തിമിർത്ത രാവുകൾക്കുമപ്പുറം, ആരോ നിറഞ്ഞ് പെയ്യുന്നതു ഞാനറിഞ്ഞു....എന്റെ വികാരങ്ങൾക്കു വ്യാഖ്യാനം കൊടുത്തയാൾ..! കടുത്ത വിഷാദത്തിന്റെ ചൂടിലൊതുങ്ങി ഞാൻ എഴുതിയതൊക്കെയും സഹൃദയങ്ങളിൽ കുടിയേറിപ്പാർത്തു...അവരെന്നെ കവിയെന്നും,കലാകാരനെന്നും വിളിച്ചു..! അവാർഡുകളുടെ പെരുമയ്ക്കും,പാഴ് വചനങ്ങളുടെ പെരുമഴയ്ക്കുമിപ്പുറം ഞാനെന്ന വ്യക്തി അവശേഷിച്ചു,നിന്റെ ഓർമകൾക്കൊപ്പം..!
ഇന്ന്,പകലിനെ പിരിയുവാൻ മനസറ്റ്,വിഷണ്ണനായ് കടലിന്റെ കൂട്ടിലേക്കൊതുങ്ങുന്ന സൂര്യനെ നോക്കി ഞാൻ നിൽക്കവേ.. ഒരുമാത്ര,അകലത്ത് കണ്ടത് നിന്നെയായിരുന്നോ..??... ഏകാന്ത സൂര്യനെ നോക്കി നെടുവീർപ്പിൽ മുങ്ങി തിരിച്ചു നടന്നു പോയത് നീയായിരുന്നോ..??? നനുത്ത മുടിയിഴകളിൽ കാലം തീർത്ത വെള്ളി വരകൾക്കും നിന്റെ ഭംഗി മായ്ക്കുവാനായില്ലയെന്നോ..?? ഒരു പക്ഷെ ഞാനിന്ന് കണ്ടതും മിഥ്യയാകാം.. നീയല്ലാതെയാകാം...എങ്കിലും... ഓർമകളിൽ സ്വയം നഷ്ടപ്പെട്ട് നടന്നകലുന്നത്,നീയായിരുന്നെന്നും... എന്നെപ്പോലെ നീയും ഏകയാകാമെന്നും കരുതുന്നു ഞാൻ.... അങ്ങനെ കരുതുവാനാണെനിക്കിഷ്ടം....!!
(പിൻ കുറിപ്പ്: ഇത് ഞാൻ ആദ്യം റെഡിഫ് ബ്ലോഗിൽ ഇട്ടിരുന്നതാണ്.അവൻ ആളു ശരിയല്ലാത്തത് കൊണ്ട് ഇതും ഇങ്ങ് കൊണ്ട് പോന്നു..!)
Posted by Varnameghangal @ 3:56 PM
------------------------------------------
14 Comments:
Home
|
|
View Profile
Previous Posts
പൊരുത്തം..!
കുഴികളെത്തേടി..!
ചിരി..!
ഒറ്റയാൻ..!
സോമയോഗം..!
മഴ..!
വഴിത്താരകളിലൂടെ..!
അഭിജ്ഞാന ക്ഷുരകുന്തളം..!
നോം ഇങ്ങ്ട് പോന്നു..!
Vazhitharakal
|
ഞാന്‍ ഒരുനാള്‍ എഴുതുവാന്‍ കൊതിച്ച വരികള്‍...
നൊമ്പരങ്ങള്‍ പോലെ , നേറ്‍ത്ത മൌനം പോലെ , ഒരു സംകീറ്‍തനം പോലെ
spelling mistakes regretted
ഹൃദയരക്തത്തിൽ ചാലിച്ചെഴുതിയ വരികൾ....
ഒരു ജന്മത്തേക്കുള്ള ഓർമ്മകൾ അവൾ ബാക്കിവെച്ചില്ലേ?
ഇതിഹാസങ്ങൾ എഴുതാൻ മാത്രം അനുഭവങ്ങളും അനുഭൂതികളും അവൾ വിട്ടിട്ടു പോയില്ലെ?
ഒരു പുസ്തകവും പഠിപ്പിക്കാത്ത പാഠങ്ങൾ അവൾ പഠിപ്പിച്ചില്ലെ?
"ഇന്ന്,പകലിനെ പിരിയുവാൻ മനസറ്റ്,വിഷണ്ണനായ് കടലിന്റെ കൂട്ടിലേക്കൊതുങ്ങുന്ന സൂര്യനെ നോക്കി ഞാൻ നിൽക്കവേ.."
ഇങ്ങിനെയൊക്കെയെഴുതാനെങ്ങിനെ കഴിയുന്നെന്റിഷ്ടാ..
ആദിത്യന്റെ കമന്റും ഗംഭീരം.
എല്ലാം വായിക്കാറുണ്ട്. കമന്റ് കണ്ടില്ലെങ്കിൽ വായിക്കാറില്ലേ എന്നൊരു തോന്നൽ വരരുത്. സു വിന്
എല്ലാരും അയിത്തം കൽപ്പിച്ചിരിക്ക്യാണ്. മിണ്ടിയാൽ കുറ്റം, മിണ്ടിയില്ലെങ്കിൽ കുറ്റം, കമന്റു വെച്ചാൽ കുറ്റം, വെച്ചില്ലെങ്കിൽ കുറ്റം :)
പോസ്റ്റുകൾ ഒക്കെ അടിപൊളി ആണല്ലോ :)
പെരിങ്ങ്-->എഴുതിയത് പാഴായില്ല എന്ന് തോന്നുന്നത് താങ്കളുടെ കമന്റ് കണ്ടപ്പോഴാണ്..!
വിശാല-->:)
ഗന്ധർവൻ-->നൊമ്പരങ്ങൾ,നേർത്ത മൌനം ഒക്കെയാണ് നമ്മെക്കൊണ്ട് ഇങ്ങനെ എഴുതിയ്ക്കുന്നത്
കലേഷ്-->നന്ദി..!
ആദിത്യൻ-->കമന്റ് ഉഗ്രൻ ഇഷ്ടാ..
അതിന്റെ മുന്നിൽ എന്റെ പോസ്റ്റ് വെറും
പൂജ്യം..!
വക്കാരി-->വെറും പൊട്ട തോന്നലുകൾ എഴുതന്നതാ വക്കാരീ..
സൂ-->നിശബ്ദത മനസിലായി..
കാണുന്നുണ്ട് മറ്റു ബ്ലോഗുകളിലെ കമന്റുകളിലും അതേ നിശബ്ദത..
വർണ്ണം, അങ്ങനെ പറയരുത്... വെറുതെ വന്നു ‘:)‘ എന്നോ, അല്ലെങ്കിൽ ‘കൊള്ളാം’ എന്നു ഒറ്റ വാക്കിൽ പറഞ്ഞിട്ടു പോകാൻ തോന്നിയില്ല....കുറച്ചു സമയമുണ്ടായിരുന്നതിനാൽ അപ്പൊ തോന്നിയ മണ്ടത്തരം എഴുതു വെച്ചു.... ഓവർ ആയെങ്കിൽ ക്ഷമിക്കുക....
പോസ്റ്റ് മനോഹരം!!!
ആദിത്യൻ-->
എപ്പൊഴും വരാം..
എന്തും കമന്റാം..!
കമന്റുകൾക്ക് ഞാൻ സീമകൾ രചിയ്ക്കില്ല..
ധൈര്യമായി കമന്റൂ..
നല്ല വാക്കും ചീത്ത വാക്കും..എന്തും ഉപയോഗിക്കാം..
പ്രോത്സാഹനവും വിമർശനവും രണ്ട് തട്ടല്ല എനിക്ക്..
പ്രൊത്സാഹനത്തിൽ അത്യുത്സാഹവും,വിമർശനത്തിൽ വൈഷമ്യവുമില്ല..
ധൈര്യമായി കമന്റൂ..!
വീണ്ടും പറയുന്നു..
കമന്റ് ഉഗ്രനായിരുന്നിഷ്ടാ..!
പെരിങ്ങോടന്‍ പറഞ്ഞത് സത്യം. സ്വന്തമാക്കാന്‍ കൊതിച്ചുപോകുന്ന വരികള്‍.
ചൊല്ലിക്കേട്ട ഒരു കവിത പോലെ മനോഹരം.
ന ജാനെ കബ് സെ....
ഉമ്മീദേ കുച് ബാക്കീ ഹെ.
മുജെ ഫിര്‍ ഭീ തെരി യാദ് ക്യോം ആതീ ഹെ?
ദൂര്‍ ജിത്‌നാ ഭീ തും മുജ് സെ
പാസ് തെരെ മേ
അബ് തോ ആദത്ത് സീ ഹെ മുജ്‌കോ
എസേ ജീനെ മേ..
This comment has been removed by a blog administrator.
http://yoursalways.rediffblogs.com/ template അടിപൊളി കേട്ടോ.
സാക്ഷി-->:)
തുളസി-->നല്ല പാട്ട്..!
കണ്ണൻ-->അത് എന്റെ ഫ്രെൻഡിന്റെ ബ്ലോഗാണ്.ആ ബ്ലോഗും എന്റെ ബ്ലോഗും ഡിസൈൻ ചെയ്തത് എന്റെ ഒരു ഫ്രെൻഡ് ആണ്..
അവൻ പുലി തന്നഡൈ..!