Wednesday, November 23, 2005

അഭിജ്ഞാന ക്ഷുരകുന്തളം..!

എന്റെ നാട്ടിൽ ഒരു 'ബാർബർ' ഉണ്ട്‌..!
ആദ്യമായും അവസാനമായുമാണ്‌ ഈ പോസ്റ്റിൽ ഞാൻ മുകളിൽ പറഞ്ഞ പദം ഉപയോഗിച്ചത്‌,
എന്ത്കൊണ്ടെന്നു പിറകെ മനസിലാകും...

എന്റെ അപ്പൂപ്പൻ മരണം വരെ ഒരു 'ഫ്യൂഡൽ'(കടപ്പാട്‌:കമ്മ്യൂണിസം) ശീലക്കാരനായിരുന്നു..!
മല മമ്മദിന്റടുത്ത്‌ വരും..മമ്മദ്‌ മലയുടെയടുത്തോ..??
പ്രസ്തുത ഫ്യൂഡലൻ പിള്ളയ്ക്ക്‌ കേശവൃത്തി ചെയ്ത്‌ കൊടുത്തിരുന്നത്‌ ഒരു ചെല്ലപ്പനായിരുന്നു.
ചെല്ലപ്പൻ വിനീത വിധേയൻ..!
'ക്രിക്ക്‌..ക്രിക്ക്‌......ക്രിക്ക്‌,ക്രിക്ക്‌' ശബ്ദത്തിനൊപ്പം 'ഓ..' എന്ന വിധേയത്വ ശബ്ദവും ഇടവിട്ട്‌ കേൾക്കാം.
'ക്ഷുരകൻ ചെല്ലപ്പൻ' എന്ന് അപ്പൂപ്പൻ വിളിക്കുമ്പോൾ അതിലൊരു 'ഇത്‌' തോന്നാറുണ്ടായിരുന്നു...ഏത്‌..?

പക്ഷെ തൊഴിൽ കൂട്ടി വിളിച്ചാ അന്ത കാലത്തെ ശീലം..!
അതിൽ ചെല്ലപ്പന്‌ യാതൊരുവിധ മാനക്കേടും ഇല്ല കേട്ടോ..
അതുകൊണ്ട്‌ തന്നെ എനിയ്ക്ക്‌ തൊന്നിയ ആ ഇത്‌ ഞാനങ്ങ്‌ ബോധപൂർവം മറന്നു..
അങ്ങനെയിരിക്കെ അപ്പൂപ്പൻ മരിച്ചു..!
ചെല്ലപ്പനെ കുറെ നാൾ കണ്ടില്ല..
ഫ്യുഡൽ തല ഒരെണ്ണം നഷ്ടമായതിൽ മനം നൊന്ത്‌ പണി നിർത്തിയോ എന്നും സംശയിച്ചു..!

മൌനത്തിനും, ഊഹാപോഹങ്ങൾക്കും വിരാമം..
അദ്ദേഹം വീണ്ടും അവതരിച്ചു..
കക്ഷത്തിലെ മുഷിഞ്ഞ തുണിയിലെ തുരുമ്പിച്ച 'വെട്ട്‌ യന്ത്രങ്ങൾക്ക്‌ ' പകരം നല്ല പുതുപുത്തൻ സാധനങ്ങൾ..!
'വീട്ടിലെത്തി വെട്ട്‌',എന്ന ഉപയോഗം 'വേണമെങ്കിലെത്തി വെട്ട്‌' എന്നായി..!
സാമ്രാജ്യത്തിന്‌ പേര്‌ മാത്രം ആയിട്ടില്ല..
അതും വേണ്ടേ..?

ഒരു നാൾ അതിരാവിലെ 'തൈക്കിളവിമാരും','യങ്ങ്‌ വല്ല്യപ്പന്മാരുമൊക്കെ' ചറു..പിറാ ന്ന് ഓടുന്നത്‌ കണ്ട്‌ കാര്യം തിരക്കി
"ചെല്ലപ്പന്റെ കടയ്ക്ക്‌ പേരിടീൽ, നല്ല പേരിന്‌ ഒരു പവൻ സമ്മാനം..!"
തിരുവന്തോരം ശൈലിയിൽ ഞാനൊന്നു ഞെട്ടീ....
"തള്ളേ...!"

സംഭവം ശരി തന്നെ..!
'പേരിടീൽ കർമ'ത്തിന്‌ സമയമായപ്പോഴേക്കും പേരുകളുടെ ഒരു പെരുമഴ തന്നെയായിരുന്നു..
'ചെല്ല ഷോപ്പ്‌','ചെല്ലപ്പൻ ഷോപ്പ്‌',അങ്ങനെ പല തരം...!
പക്ഷെ ചെല്ലപ്പന്‌ ഇതൊന്നും പിടിച്ചില്ല.
ആരോ ചോദിച്ചു, "ക്ഷൌരമല്ലേ പണി? അതുമായി ബന്ധമുള്ള പേർ` വല്ലതും പോരെ..?" എന്ന്‌
ചെല്ലപ്പൻ 'പുലി' ആയി, ഒരുപാട്‌ തലകൾ കീഴടക്കിയ അദ്ദേഹം സ്വാഭിമാനത്താൽ ജ്വലിച്ചു..!
"ഈ പണിയെ വെറും 'ക്ഷൌരം' അന്നു വിളിച്ചാക്ഷേപിക്കുന്നവൻ ആരായാലും അവന്റെ തലയിൽ ഒരു രോമം പോലുമുണ്ടാകില്ല തിരികെ പോകുമ്പോൾ..!"
ഞാൻ ആരാഞ്ഞു, "പണി 'കേശനിവാരണം' ആകുമ്പോൾ കടയുടെ പേര്‌ ആംഗലേയീകരിച്ചാലോ..? "
ചെല്ലപ്പൻ ഹാപ്പി..!
അങ്ങനെ പേര്‌ ഉറപ്പിച്ചു..!
"ചേൽ-ഈ-പാൻ'സ്‌ ബ്യൂട്ടി വേൾഡ്‌"......!!
പോരട്ടേ പവൻ ഒരെണ്ണം...!!

"ദീപസ്തംഭം മഹാശ്ചര്യം..
നമുക്കും കിട്ടണം പണം..!"

Posted by Varnameghangal @ 10:27 AM

------------------------------------------

4 Comments:
Blogger ദേവന്‍ said...

എന്റെ നാട്ടില്‍ ഹൌസ്‌ വിസിറ്റ്‌ നടത്തിയിരുന്ന ബാര്‍ബേറിയന്‍ മുതിര്‍ന്നവരെ മാത്രമേ "ലെവല്‍" ആക്കുമായിരുന്നുള്ളു.

അണ്ണാച്ചീടെ മുരുകാ സലൂണില്‍ ആണു ഞങ്ങള്‍ കുട്ടികള്‍ക്കു വെട്ടൊന്ന് തുണ്ടം രണ്ട്‌.

കസ്റ്റമര്‍മാര്‍ മിക്കവരും ജൂനിയര്‍മാരായതുകൊണ്ട്‌ മുരുകാ സലൂണ്‍ ഒരു ശിശു സൌഹൃദ (കിഡ്‌ ഫ്രണ്‍ഡ്‌ലി) സലൂണായിരുന്നു. കൊച്ചു പുസ്തകമോ ജയഭാരതിയുടെ പടമുള്ള കലണ്ടറോ ബീഡിപ്പുകയോ രാഷ്ട്രീയ ചര്‍ച്ചയോ ഇല്ലാത്ത പ്രശാന്ത സുന്ദരമായ ബാര്‍ ബാര്‍ ഷാപ്പ്‌ . ജെന്റില്‍മാന്‍ ബാര്‍ബര്‍ അണ്ണാച്ചി പത്തിരുപതു കൊല്ലം മുന്നേ മരിച്ചു. പരേതന്‌ നിത്യശാന്തി

11:10 AM  

Blogger വര്‍ണ്ണമേഘങ്ങള്‍ said...

ദേവ-->
എന്റെ നാട്ടിലെ വെറൊരു ബാർബറുടെ കാര്യം രസമാ..
അദ്ദേഹം കത്രിക കയ്യിലെടുത്താൽ പിന്നെ കത്തിയുമുണ്ടാകും(നാക്ക്‌)..
'സൂര്യനെല്ലി','കീഴാർനെല്ലി'
അങ്ങനെ എന്തും വിഷയം..!
അങ്ങനെ വെട്ടി,വെട്ടി..
അവസാനം തല 'കത്തി' എന്ന്‌ പറഞ്ഞാൽ മതിയല്ലോ..!

9:43 AM  

Blogger കലേഷ്‌ കുമാര്‍ said...

ഹെഡ് ക്ലീനിങ്ങ് സെക്ഷൻ സൂപ്പർവൈസറായി ജയറാം മഴവിൽകാവടിയിൽ അഭിനയിച്ചതോർക്കുന്നു!

നന്നായിട്ടുണ്ട്! :)

3:02 PM  

Blogger വക്കാരിമഷ്‌ടാ said...

ഞങ്ങളുടെ നാട്ടിലെ ബാർബർ കുട്ടനെ ഇരുപത്തെട്ടു കൊല്ലം മുമ്പു കണ്ടപ്പോൾ എങ്ങിനെയായിരുന്നോ അതുപോലെ തന്നെ പുള്ളി ഇപ്പോഴും. ഒരു മാറ്റവുമില്ല. മറ്റുള്ളവരുടെ നരകളൊക്കെ വെട്ടി വൃത്തിയാക്കുന്നതുകൊണ്ടാണോ, പുള്ളി ഇപ്പോഴും കൊച്ചുപയ്യനെപ്പോലെ ഇരിക്കുന്നത്? മാർക്സിസ്റ്റ്കാരൻ പറയുന്നതും കോൺഗ്രസ്സുകാരൻ പറയുന്നതും കുട്ടനൊരൊപോലെ ശരി.

4:53 PM  

Post a Comment

Home

  View ProfilePrevious Posts
നോം ഇങ്ങ്ട്‌ പോന്നു..!
Vazhitharakal