Wednesday, November 30, 2005

സോമയോഗം..!

അഥവാ.."സോമന്റെ ഒന്നാം പ്രണയാനുഭവം..!"

സോമൻ പഴയ ഒരു 'കള്ളൻ' ആണ്‌.ചെറു മോഷണങ്ങളിൽ തൽപരനായ കള്ളൻ..!
എന്നു വെച്ചാൽ 'തേങ്ങ','കപ്പ','കുളത്തിലെ മീൻ','പഴുത്ത വാഴക്കുല','പശുക്കിടാവ്‌'..ഇത്യാദി..
'ക്ലപ്റ്റോമാനിയ' എന്നു തികച്ച്‌ പറയാനറിയാത്തത്‌ കൊണ്ട്‌ 'ചൂണ്ടാനുള്ള ഏനക്കേട്‌' എന്നാണ്‌ അദ്ദേഹം സ്വയം ഈ അസുഖത്തെ സൌകര്യപൂർവം വിളിച്ചു പോന്നത്‌..!
എന്ത്‌ കാര്യവും വിചാരിച്ചാലുടനെ നടത്തുക എന്നത്‌ ടിയാന്റെ വേറൊരു പ്രത്യേകത ആണ്‌

നാട്ടിൽ ആരുടെ എന്ത്‌ പോയാലും സംശയലേശമന്യേ കൃഷ്ണൻ പോലീസ്‌ നീട്ടി വിളിക്കും
"സോമോ....!"
പക്ഷെ പല കേസുകളിലും സോമൻ നിരപരാധി ആയിരുന്നു.എന്നാലും "ചത്തത്‌ കീചകനെങ്കിൽ.." എന്ന്‌ ചിന്തിക്കാനായിരുന്നു എല്ലാവർക്കും എളുപ്പം.
അങ്ങനെയിരിക്കെ ഒരു നാൾ സോമൻ പരസ്യമായി മോഷണത്തിൽ നിന്നും 'റിട്ടയർമന്റ്‌' പ്രഖ്യാപിച്ചു..!
സോമന്റെ 'തടി' പരിഗണിച്ച്‌ ആരും അതിൽ അവിശ്വാസം പ്രകടിപ്പിച്ചില്ല..!
കുറെ നാൾ മോഷണ വിവരങ്ങളൊന്നും തന്നെ 'റിപ്പോർട്ട്‌' ചെയ്യപ്പെടാതെ കടന്നു പോയി..!
സോമൻ തന്റെ ഇഷ്ട വിനോദങ്ങളായ 'തീറ്റ','കുളി','വീണ്ടും തീറ്റ' അങ്ങനെ അല്ലറ ചില്ലറ നേരമ്പോക്കുകളുമായി കഴിഞ്ഞു കൂടി..!
അങ്ങനെ ഏതോ ഒരു നേരമ്പോക്കിനിടയിൽ സോമന്‌ പ്രേമം പൊട്ടിമുളച്ചു..സുഗന്ധിയോട്‌..!
സോമ-സുഗന്ധി ബന്ധം 'ബോണ്ട','പരിപ്പുവട','അയലത്തെ മേഴ്സിയുടെ സാരി' മുതലായ പാരിതോഷികങ്ങളിലൂടെ മുന്നേറി..!
ഒരു നാൾ സുഗന്ധി 'പിച്ചിപ്പൂ'വിനോടുള്ള തന്റെ അടങ്ങാത്ത ആസക്തി സോമന്റെ മുന്നിൽ തുറന്നിട്ടു..
സോമൻ 'ഭീമൻ' ആയി..
'പിച്ചിപ്പൂ' എന്ന്‌ മനസിൽ മൂന്ന്‌ തവണ കോറിയിട്ടു..!
*****
*****
'സോമനെ 'പിറന്ന പടി' പാലമരത്തിൽ കെട്ടിയിട്ടിരിക്കുനു..!'
എന്ന വാർത്ത കേട്ടാണ്‌ ഒരു നാൾ നാടുണർന്നത്‌..!
'പാലമരം', 'കെട്ട്‌' ഇതൊക്കെ ദഹിക്കാം...പക്ഷെ...എവിടെയോ ഏന്തോ ഒരു ഇത്‌.!
സംഭവം ശരി തന്നെയായിരുന്നു..
കാണുമ്പോൾ തേക്കിലയിൽ നാണം മറച്ച്‌, നാട്ടാർക്ക്‌ മുൻപിൽ ബന്ധിതനായിരുന്നു കഥാനായകൻ..!
കൂടി നിന്നവരുടെ 'അയ്യേ, നാണക്കേട്‌' എന്ന മൊഴികൾക്കിടയ്ക്ക്‌ സുഗന്ധിയുടെ പരിചിത സ്വരവും കേട്ട്‌ 'യൂ റ്റൂ ബ്രൂട്ടസ്‌..!' എന്ന ഭാവത്തോടെ, അതിലേറെ നിസ്സഹായതയോടെ സോമൻ നിന്നു..!!!
അതിരാവിലെ ശരീരമാസകലം എണ്ണയും തേച്ച്‌,തോർത്ത്‌ മുണ്ട്‌ മാത്രമുടുത്ത്‌ അമ്പലക്കുളത്തിൽ കുളിക്കാൻ പോകാറുള്ള സോമൻ, ഒന്നും പിന്നത്തേക്ക്‌ നീട്ടിവെക്കാറില്ലാത്ത സോമൻ, കുളിക്ക്‌മുൻപ്‌ സ്ഥലത്തെ 'കെ.ഡി' കമലാക്ഷിയുടെ വീട്ടിൽ 'പിച്ചിപ്പൂ' പറിക്കാൻ കയറിയതും, 'കെ.ഡി മകൻ' ലീവിനെത്തിയ പട്ടാളം മണിയൻ 'ശങ്ക' തീർക്കാൻ ഇറങ്ങിയപ്പോൾ ശരീരമാസകലം എണ്ണ തേച്ച രൂപത്തെ കണ്ടതും, 'കൃത്യ നിർവഹണത്തിനായി എണ്ണ തേച്ചിറങ്ങിയ കള്ളൻ' എന്ന്‌ ഞെട്ടലോടെ തിരിച്ചറിഞ്ഞതും, അതു കണ്ട്‌ സോമൻ ഓടാൻ ശ്രമിച്ചതും ,റൊസാച്ചെടിയിൽ കുരുങ്ങിയ ഒറ്റത്തോർത്തെടുക്കാൻ വീണ്ടും തിരിഞ്ഞതും, പട്ടാളത്തിന്റെ 'കരാള ഹസ്ത'ത്തിലകപ്പെട്ടതും...
എല്ലാം ചരിത്രം...!

(പിൻ കുറിപ്പ്‌-->സമർപ്പണം: 'സ്ത്രീ ജന്മം പുണ്യ ജന്മം' എന്നു നീട്ടി പാടി, കാമുകിയുടെ ആഗ്രഹപൂർത്തിക്കായി
'രണ്ടും, മൂന്നും' കൽപ്പിച്ചിറങ്ങുന്ന പാവം കാമുകന്മാർക്ക്‌..!)

Posted by Varnameghangal @ 10:19 AM

------------------------------------------

5 Comments:
Blogger സു | Su said...

പാവം സോമൻ. ആ സുഗന്ധിയുടെ മുഖത്തെ വേറൊരു ഭാവം കാണേണ്ടി വന്നു. അത്ര തന്നെ. ഇതിൽ അല്പം ‘ആത്മകഥാംശം' ഇല്ലേ വർണം ;)

12:59 PM  

Blogger വര്‍ണ്ണമേഘങ്ങള്‍ said...

സൂ-->ഹ, ഹ, ഹ..!
ആത്മകഥാംശം തൽക്കാലം ഇല്ല..
ഇങ്ങനെ ഒരു കമന്റ്‌ എപ്പോ വരും എന്ന്‌ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു..!

2:32 PM  

Blogger ചില നേരത്ത്.. said...

ഒരു മീശമാധവന്‍ സെറ്റപ്പ്!!. സമര്‍പ്പണം സൂപ്പര്‍..അവര്‍ക്കായി (ഞാനടക്കമുള്ള) നമുക്ക് പ്രാര്‍ത്ഥിയ്ക്കാം.

4:59 PM  

Blogger myexperimentsandme said...

യോഹന്നാൻ ചേട്ടൻ തുണിയില്ലാതോടിയതോർത്തുള്ള (..ഈ ”തോർത്ത്“ ഓർത്തിന്റെ തോർത്ത്, യോഹന്നാൻ ചേട്ടന്റെയല്ല)ചിരി ഇതുവരെ തീർന്നില്ല, അപ്പോളതാ, സോമനും നിൽക്കുന്നു, അതുപോലെതന്നെ... റോസാച്ചെടിയിൽ കുരുങ്ങിയ ഒറ്റത്തോർത്തെടുക്കാൻ തോന്നിയ സോമന്റെ സമയം ബെസ്റ്റ് സമയം.

നന്നായിരിക്കുന്നു.

5:08 PM  

Blogger Visala Manaskan said...

എന്റെ സോമേട്ടാ നിന്റെ കാര്യം..!

5:52 PM  

Post a Comment

Home

  View Profile



Previous Posts
മഴ..!
വഴിത്താരകളിലൂടെ..!
അഭിജ്ഞാന ക്ഷുരകുന്തളം..!
നോം ഇങ്ങ്ട്‌ പോന്നു..!
Vazhitharakal