Wednesday, January 11, 2006

പാഠം ഒന്ന്‌-പരീക്ഷ..!

എൽ.കേ.ജി എന്ന, പേരിൽ താഴ്ന്നതും കർമത്തിൽ ഉയർന്നതുമായ വിദ്യാരംഭത്തിന്‌ മകനെയും കൂട്ടിയെത്തിയതായിരുന്നു ഞാൻ..!
നടന്നു കയറുക എന്ന പേരിൽ നടത്തുന്ന ഉദ്യോഗ പരീക്ഷയുടെ തിരക്കുണ്ടായിരുന്നു അവിടെ..
പിച്ച വെച്ചു തുടങ്ങിയ ഉദ്യോഗാർത്ഥികളും,പിന്നീട്‌ പിച്ച യെടുക്കേണ്ടുന്ന രക്ഷകർത്താക്കളും...!
അഭിമുഖ സംഭാഷണത്തിന്‌ ക്ഷണിക്കപ്പെട്ട മുറിയിലേക്ക്‌ നോക്കി നടക്കാനിരിയ്ക്കുന്നതെന്തെന്നറിയാത്ത കുട്ടികളെയും കൂട്ടി രക്ഷകർത്താക്കൾ സമയം നിശ്വസിച്ച്‌ തീർക്കുന്നു...
ഞങ്ങളുടെ ഊഴമെത്തി...
കയറി...!

നിങ്ങൾ ഫ്ലൈറ്റിൽ യാത്ര ചെയ്യാറുണ്ടോ..?
ഉണ്ടെങ്കിൽ മാസത്തിലെത്ര?
ടേബിളിനപ്പുറത്ത്‌, എന്തും ചോദിച്ച്‌ കളയും എന്ന മട്ടിലിരിക്കുന്ന മാന്യ മഹാ മൂവർ സംഘത്തിലെ കോർപറേറ്റ്‌ മഹിളാമണിയുടെ വക ചോദ്യം..!
ഇല്ല എന്ന ഉത്തരത്തിന്‌ മുന്നിൽ ആറ്‌ കണ്ണൂകൾ ആത്മവിശ്വാസം തച്ചുടയ്ക്കുന്ന അവജ്ഞയുടെ മറയെടുത്തു വെച്ചു..!

'ഇനി കുട്ടിയുടെ ഊഴം,
പ്രായോഗിക ബുദ്ധി പരീക്ഷണം..
ഉട്ടോപ്യയുടെ തലസ്ഥാനം ബുറാണ്ടയും,ബുറാണ്ടയുടെ തലസ്ഥാനം ലുട്ടാച്ചിയുമാണെങ്കിൽ ഉട്ടോപ്യയും ലുട്ടാച്ചിയും തമ്മിലുള്ള ബന്ധമെന്ത്‌..?'
ചോദ്യവും,ഭേദ്യവും ഒരുമിച്ച്‌ നടത്തുന്ന പോലീസ്‌ ഭാവത്തോടെ അടുത്ത ആളിന്റെ ചോദ്യം...
'ഉട്ടൊ... ലുട്ടാ.. അവൻ കുറെ ശ്രമിച്ചു നോക്കി.. നിസ്സഹായൻ..!'
പ്രായോഗിക ബുദ്ധി പോരാ.. സർട്ടിഫിക്കേറ്റ്‌..!

'ഈയിടെ ഇന്ത്യ സന്ദർശിച്ച ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രിയുടെ പേര്‌..?'
അത്‌ തെറ്റില്ലാതെ പറയാൻ നിങ്ങൾക്ക്‌ പറ്റുമോ എന്ന്‌ ചോദിക്കാനാഞ്ഞു, പിന്നെ വിഴുങ്ങി..!
'ജനറൽ നോളെജും പോരാ...' വീണ്ടും പരസ്യ സർട്ടിഫിക്കേറ്റ്‌..!

എന്റെ കുട്ടി പരുങ്ങിയ ഭാവത്തോടെ പതറി നോക്കി.. ഇല്ല.. അച്ഛനെന്ന അവന്റെ താങ്ങ്‌ വടി നിസ്സഹായൻ , അതവർ ഫ്ലൈറ്റിൽ യാത്ര ചെയ്യാത്ത നിർഗുണ പരബ്രഹ്മമാക്കി എഴുതിത്തള്ളിയല്ലോ..!
'എൽ.പീ.ജി എന്നാൽ എന്ത്‌..?'
എൽ.കേ.ജി യിൽ ചെരുന്ന കുട്ടിയോട്‌ തന്നെ ചോദിയ്കണം..!
അവന്റെ ധൈര്യമാകെ ചോർന്നുപോയത്‌ പോലെ.. ചെറുതായി വിറയ്ക്കുവാനും തുടങ്ങി..!
'കുട്ടിയ്ക്ക്‌ വിപദി ധൈര്യം പോരാ'.. അവലോകനം..!
'ഇനി സ്വന്തം വീടിനെയും,നാടിനെയും പറ്റി വിവരിക്കൂ..'
അടുത്ത കടമ്പ..
തട്ടിയും,മുട്ടിയും,തടഞ്ഞ്‌ വീണും,നിരങ്ങി നീങ്ങിയും അവൻ ആംഗലേയ ലോകം സഞ്ചരിച്ച്‌ തീർത്തു..!
'കുട്ടിയ്ക്ക്‌ പുറത്ത്‌ പോകാം, പേരന്റിനോട്‌ സംസാരിക്കട്ടെ..!'
എന്ന്‌ മുഴുവൻ കേൾക്കും മുൻപ്‌ അവൻ ഓടി വെളിയിലിറങ്ങി..!
പാവം... ബാത്‌ റൂം തിരക്കി ഓടിപ്പോയതാകാം..!
'ലുക്ക്‌ മിസ്റ്റർ.........
.....'
ഗീതോപദേശം കഴിഞ്ഞു..!
കുട്ടിയെ എങ്ങനെ വളർത്തണം എന്നത്‌ മുതൽ,ബിസിനസ്‌ എങ്ങനെ നടത്താം എന്ന്‌ വരെ..!
'കുട്ടിയ്ക്കും നിങ്ങൾക്കും ഞങ്ങളുടെ സ്റ്റാൻഡേർഡുമായി കോപ്പ്‌ ചെയ്യാനാകില്ല... സോ....'
ഞാൻ മനസിലോർത്തു..അത്‌ തന്നെ....
'കോപ്പ്‌..!'.
ഇറങ്ങും മുൻപ്‌ ഞാനൊന്ന്‌ ചോദിച്ചു..
'ഐ.എ.എസ്‌ ഉദ്യോഗാർഥികൾ പോലും പരുങ്ങുന്ന ചോദ്യങ്ങളും ചോദിച്ച്‌,പറഞ്ഞാലും പറഞ്ഞില്ലെങ്കിലും പതിനായിരങ്ങൾ ഡൊണേഷൻ വാങ്ങിക്കൂട്ടി,കുട്ടികളെ കച്ചവടം നടത്തിയാൽ എന്ത്‌ നൽകാനാകും നിങ്ങൾക്ക്‌..?'
'കിടയറ്റ സൌകര്യങ്ങൾ നൽകും ഞങ്ങൾ..!'
എന്ന്‌ ഉത്തരം..
വൻ കിട സൌകര്യങ്ങൾക്ക്‌ പകരം, നൽകേണ്ട ഒന്ന്‌ നിങ്ങളെപ്പോലുള്ള അഭിനവ സംസ്കാര പരിഷ്കർത്താക്കൾ മറന്നു പോയി..
വിദ്യ...!
എന്ന്‌ പറഞ്ഞ്‌ അവന്റെ കൈയ്യും പിടിച്ച്‌ ഇറങ്ങി നടന്നു..
.. വിദ്യയെ കച്ചവടമാക്കാത്ത ആലയങ്ങളും തേടി..!!

Posted by Varnameghangal @ 2:28 PM

------------------------------------------

10 Comments:
Anonymous Anonymous said...

അതിന്‌ വയനാട്ടില്‍ ബേബി നടത്തുന്ന കനവിലേക്ക്‌ പോകേണ്ടി വരും.

4:02 PM  

Blogger reshma said...

‘കനവ്’ എന്താ തുളസി?

1:18 AM  

Blogger വര്‍ണ്ണമേഘങ്ങള്‍ said...

അതു തന്നെ തുളസീ എന്താ ഈ കനവ്‌..?

7:49 AM  

Anonymous Anonymous said...

കനവ്‌ കെ.ജെ ബേബി നടത്തുന്ന ഒരു സമാന്തര വിദ്യാഭ്യാസ സ്ഥാപനമാണ്‌..കെ.ജെ ബേബിയെ അറിയോ? മുന്‍ നക്‌സലൈറ്റും, മവേലിമണ്ട്രം,നാട്ടു ഗദ്ദിക തുടങ്ങിയ വളരെ പ്രശസ്തങ്ങളായ നാടകങ്ങള്‍ എഴുതിയിട്ടുള്ള ആളാണ്‌. ഗുരുകുല വിദ്യാഭ്യാസ രീതിയില്‍ ആദിവാസികുട്ടികളെ പഠിപ്പിക്കുന്നു. അതും അവരുടെ ഗോത്ര ഭാഷയില്‍.വെറും ടെക്സ്‌റ്റ്‌ ബുക്ക്‌ പഠനമല്ല, സംഗീതവും, സിനിമയും, നൃത്തവും എല്ലാം.കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞ്‌ അവരെ ഉന്നത വിദ്യാഭ്യാസത്തിന്‌ അയക്കുന്നു. സ്കൂള്‍ നടത്താനുള്ള ചിലവ്‌ കണ്ടെത്തുന്നത്‌ കുട്ടികള്‍ കൃഷി നടത്തിയും, സംഗീത നൃത്ത പരിപാടികള്‍ അവതരിപ്പിച്ചും. കനവിനെ കുറിച്ച്‌ എം.ജെ.ശശിയുടെ 'കനവു മലയിലേക്ക്‌' എന്ന ഡൊക്ക്യുമെന്റിക്ക്‌ ദേശീയ അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌.

1) http://www.cinemaofmalayalam.net/kjbaby.html

2)
http://www.humanscape.org/Humanscape/new/feb01/hs020112.html

10:17 AM  

Blogger Visala Manaskan said...

:)പിച്ച വെച്ചു തുടങ്ങിയ ഉദ്യോഗാർത്ഥികളും,പിന്നീട്‌ പിച്ച യെടുക്കേണ്ടുന്ന രക്ഷകർത്താക്കളും...!

10:41 AM  

Blogger Adithyan said...

ഇപ്പൊ വിദ്യ അഭ്യസിക്കാൻ ഒക്കെ വലിയ ചിലവാണല്ലെ?

ഭാഗ്യം, നേരത്തെ വിദ്യ ഒക്കെ അഭ്യസിച്ചു കഴിഞ്ഞത്‌.... ല്ലെങ്കിൽ ചെലപ്പോ കിടപ്പാടം പണയത്തിലായേനേ....

11:50 AM  

Blogger സു | Su said...

ആദി പറഞ്ഞതു തന്നെ ;)

12:47 PM  

Blogger രാജീവ് സാക്ഷി | Rajeev Sakshi said...

"വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം." വിദ്യ വിറ്റു കിട്ടുന്ന ധനം മറ്റേതുധനത്തേക്കാള്‍ പ്രധാനമാണെന്നാണോ?

9:40 AM  

Blogger Hash said...

Nice looking blog just that it'll take ages for me to get through the language but I,m sure it's all good though.Carry on!

3:21 PM  

Blogger Hash said...

Oh, and thanks for that insight, but it all boils down to that hen and egg question........you know, the one about which came first?

3:25 PM  

Post a Comment

Home

  View Profile



Previous Posts
അവസ്ഥാന്തരങ്ങൾ..!
പടുമരം..വേരുകളില്ലാതെ..!
ടെലിവിഷം പരിപാടികൾ..!
ബൈനറി സൃഷ്ടികൾ..!
വർണമേഘങ്ങളെയും കാത്ത്‌..!
പൊരുത്തം..!
കുഴികളെത്തേടി..!
ചിരി..!
ഒറ്റയാൻ..!
സോമയോഗം..!