Friday, December 16, 2005

ബൈനറി സൃഷ്ടികൾ..!

ഇന്നെങ്കിലും..
ഇപ്പൊഴെങ്കിലും..!
ഉള്ളിലുയർന്ന ഓർമപ്പെടുത്തലിൽ നിന്നെന്നോണം പേനയും,പേപ്പറുമെടുത്ത്‌ എഴുതാനിരുന്നു..!
ത്രെഡ്‌,സർഗചേതനയുടെ അനർഗള പ്രവാഹം,പേറ്റു നോവ്‌,വീർപ്പു മുട്ടലുകൾ,ദീർഘ നിശ്വാസം എന്നൊക്കെ പലരും പേരിട്ട്‌ വിളിക്കുന്ന സൃഷ്ടിയുടെ പെരുമ്പറമുഴക്കങ്ങളൊന്നുമില്ല..
ഉള്ളറകളെല്ലാം സ്വച്ഛം..ശാന്തം ..!
പക്ഷെ അതിനും മേലേ അനിർവചനീയമായ അസ്വസ്ഥത ഉടലെടുക്കുന്നത്‌ ഞാനറിഞ്ഞു..
ഉള്ളിലുള്ളത്‌ പൊന്നോ,പവിഴമോ,മുത്തോ..യാതൊന്നുമല്ല..
പടു വാക്കുകളുടെ,പാഴ്‌ വിചാരങ്ങളുടെ കൂട്ടം..
എന്നിരുന്നാലും,ഒരിയ്ക്കലവ വിരൽ തുമ്പിലെത്തുമായിരുന്നു..
ഇടമുറിയാതെ.
മുച്ചൂടും പകർന്നെടുക്കുമായിരുന്നു..കതിരും പതിരും വേർതിരിക്കാതെ..!
പിന്നെയെന്തേ ഇപ്പൊഴീ അമാന്തം..?
ചിന്തിച്ചു..
വീണ്ടും ശ്രമിച്ചു..
തഥൈവ..!
പിന്നെയോർത്തു..
അന്നെന്റെ ഭാവനയ്ക്കും മാതൃ ഭാഷയ്ക്കുമിടയിൽ മറ്റൊന്നുമില്ലായിരുന്നു, എന്റെ തൂലികയൊഴികെ..
പക്ഷെ ഇന്നവർക്കിടയിൽ മധ്യവർത്തി പടർന്നിരിക്കുന്നു..
ഒന്നിന്റെയും,പൂജ്യത്തിന്റെയും രൂപത്തിൽ... ബൈനറി എന്ന നാമത്തിൽ...!
എന്റെ ഭാവനകൾക്ക്‌ മേൽ അവനൊരു കരിമ്പടം പുതപ്പിച്ചു..
എന്നിട്ട്‌ പറഞ്ഞു..
"തൂലിക നിന്റെ വഴിയല്ല..
നിനക്കതിലൂടെ ഒഴുകുവാനാവില്ല..
ഉറങ്ങാം നിനക്കിനി..
ഞാൻ വന്നുണർത്തുവോളം..!"

എന്റെ സങ്കൽപങ്ങൾക്കും അവൻ നിർബന്ധമത്രേ ..
പുഷ്പിയ്ക്കുവാൻ..!
അവയുറങ്ങുമത്രേ..
കീബോർഡിലെത്തുവോളം..!!

Posted by Varnameghangal @ 4:42 PM

------------------------------------------

6 Comments:
Anonymous Anonymous said...

സ്വപ്നങ്ങള്‍ കാണുന്നത്‌ ഏതു ഭാഷയില്‍?

മനസ്സില്‍ നിന്നും ഊര്‍ന്നു വരുന്ന വാക്കുകള്‍ പേന തുമ്പില്‍ തൂങ്ങി ചാവുകയാണോ?

കീബോര്‍ഡ്‌ വാളിനേക്കാളും മൂര്‍ച്ചയുള്ള ആയുധമാകുന്ന കാലം വരുന്നുണ്ട്‌.അതിനുള്ള തയ്യാറെടുപ്പാണ്‌ ഇതൊക്കെ. നഷ്ട്ടപെട്ടുപോയേക്കാവുന്ന എന്റെ ഭാഷയെ തിരിച്ചു പിടിക്കാന്‍ ഈ ബൈനറികലെ കൂട്ടുപിടിക്കുന്നതില്‍ തെറ്റുണ്ടോ മേഘങ്ങളേ?

8:56 AM  

Blogger ദേവന്‍ said...

ഒന്നും പൂജ്യവും ഊടും പാവുമാക്കി വര്ണ്ണാഭമായ സ്വപ്നങൾ ഇനിയും നെയ്യുക മേഘമേ. കരിക്കട്ട കല്ലുളിയായി നാരായമായി, പക്ഷിത്തൂവലായി, കറുത്തീയപ്പെൻസിലായി, മഷിപ്പേനയായി, ബോൾപ്പേനയായി, തടിയച്ചും കല്ലച്ചും റ്റൈപ് റൈറ്ററുമായി, പിന്നെ കമ്പ്യൂട്ടർ കീബോറ്ഡായി.. അപ്പോഴെല്ലാം ആശയങ്ങൾ കൂടുതൽ ഭംഗിയായെന്നു കരുതാം നമുക്ക് . ഇനിയും ഭാഷ വളരുമെന്നും.

10:15 AM  

Blogger രാജീവ് സാക്ഷി | Rajeev Sakshi said...

തൂലികത്തുമ്പില്‍ നിന്നും പിറന്നുവീണിട്ടെന്തിന്? അമ്മിഞ്ഞപ്പാല്‍ കൊതിച്ചു വിതുമ്പുന്ന ചുണ്ടില്‍ ചെന്ന്യായം തേച്ച് ഇരുട്ടില്‍ മുക്കിക്കൊല്ലാനോ.
ഇറക്കി വിടൂ ആ കുഞ്ഞിനെ ഈ RGB കളറിലേക്ക്.

1:32 PM  

Blogger Adithyan said...

അനുഭവങ്ങളും വിശപ്പും ചേതനയും വേദനയും അഭിലാഷങ്ങളും ആസക്തിയും ബാക്കി നിൽക്കുന്നിടത്തോളം നമ്മുടെ എഴുത്തും ബാക്കി കാണില്ലെ?...

1:25 PM  

Blogger സു | Su said...

:)

4:23 PM  

Blogger nalan::നളന്‍ said...

“കതിരും പതിരും വേർതിരിക്കാതെ“ ...
വര്‍ണ്ണമേഘങ്ങള്ളുടെ വര്‍ണ്ണസ്വപ്നങ്ങള്‍ കൊറിയിടാന്‍വേണ്ടി ഭാഷ വളരട്ടെയെന്നാശിക്കാം.
ബൈനറിയെ അങ്ങു തട്ടിയേക്കൂ :)

11:08 PM  

Post a Comment

Home

  View Profile



Previous Posts
വർണമേഘങ്ങളെയും കാത്ത്‌..!
പൊരുത്തം..!
കുഴികളെത്തേടി..!
ചിരി..!
ഒറ്റയാൻ..!
സോമയോഗം..!
മഴ..!
വഴിത്താരകളിലൂടെ..!
അഭിജ്ഞാന ക്ഷുരകുന്തളം..!
നോം ഇങ്ങ്ട്‌ പോന്നു..!