Monday, December 19, 2005

ടെലിവിഷം പരിപാടികൾ..!

കുട്ടപ്പൻ ഒരു ആവറേജ്‌ മലയാളി ടീവി പ്രേക്ഷകനാണ്‌..!
ആവറേജ്‌ എന്ന്‌ പറഞ്ഞത്‌ ടിയാന്‌ ജന-അപ്രിയ-പരിപാടികളിൽ ഉള്ള നോട്ടക്കുറവു കൊണ്ടാണ്‌ (ടെലിവിഷൻ ക്വോഷ്യന്റ്‌: ടി.ക്യൂ < 6)
ഭാര്യ വീട്ടിലില്ലാത്ത തക്കം നോക്കി റിമോട്ട്‌ എടുത്തതാണ്‌ കുട്ടപ്പൻ.അവളൊണ്ടേൽ ടി.വി യിൽ മെഗാ ഉള്ളിടത്തോളം റിമോട്ട്‌ കിട്ടില്ലെന്നു കുട്ടപ്പനറിയാം..!
'ചോറ്‌ വിളമ്പെടീ..'
'സ്ത്രീ കഴിയട്ടെ..'
...
'കഴിഞ്ഞല്ലോ..ഇനി കഴിയ്ക്കാം'
'ഓർമ തീരട്ടെ..!'
കുട്ടപ്പന്‌ സംശയം
'ശപിച്ചതാണോ..??'
...
'ഇനി കഴിച്ചാലോ..?'
'ജ്വാലയായ്‌ തീരണം..!'
'അതെന്നെക്കൊണ്ട്‌ ചെയ്യിക്കരുത്‌..!'
എന്ന ഗർജ്ജനത്തിലേ രാത്രി ഭക്ഷണം കിട്ടൂ..!

സ്വസ്ഥമായി കിടന്നും,ഇരുന്നും,നിന്നും ടി.വീ കണ്ടുകളയാം എന്നായിരുന്നു തീരുമാനം..
റിമോട്ട്‌ ഞെക്കി..
ചാനൽ 1.
----------
ഫോർഗ്രൌൻഡിൽ ലേറ്റസ്റ്റ്‌ ഫാഷൻ വളകൾ..!
ബാക്ഗ്രൌൻഡിൽ അതിനൊത്ത സാരി..!
വിഷയം 'എന്റെ പാചാകാന്വേഷണ പരീക്ഷണങ്ങൾ'..!
കൈകൾ പൊക്കി ..'എസ്കേപ്പ്‌'..!
ചാനൽ 2.
----------
'ങാ തോമാച്ചാ എന്തുണ്ട്‌ വിഷേഷങ്ങൾ?'
തോമാച്ചൻ ഉത്തരം പറയാൻ നാക്കെടുക്കും മുൻപ്‌ 'ങാ വർഗീസേ എന്തുണ്ട്‌ ?'
പ്രേക്ഷക സമ്പർക്ക പരിപാടി..(തോമാച്ചൻ പറഞ്ഞ പുളിച്ച തെറി എഡിറ്റഡ്‌)!
പൊതു ജനം കഴുതകൾ എന്നു പറയുന്നത്‌ വെറുതെയല്ല..!
ചാനൽ 3.
----------
'ഗോപലൻ സാർ എന്റു ചെയ്യുന്നു?'സർവാഭരണ വിഭൂഷിതയിൽ നിന്നും കിളിമൊഴി
'ഞാൻ ഷിപ്പിലാണ്‌ (പ്രാഥമിക കർമം എന്നായിരിക്കാം വ്യംഗ്യം)' എന്ന മറുപടി ടെലഫോൺ വഴി..!
പിന്നെ ഇഷ്ടഗാനം ചോദിച്ചിട്ട്‌ പറഞ്ഞതില്ലാതെ വരുമ്പോൾ ജാള്യതയില്ലതെ 'അയ്യൂ, അതില്ല വേരെ പരയൂ' എന്നും അവസാനം 'ജനിച്ചതാർക്കു വേണ്ടീ...' എന്ന പാട്ടും സമർപ്പിച്ച്‌ 'സന്തോഷമായോ ഗോപാലൻ സാർ..?' എന്നു ചോദിയ്ക്കുന്ന നിങ്ങളുടെ മാത്രം ചോയിസ്‌..!
കുട്ടപ്പന്റ്‌ ചോയിസ്‌ പോയി..!
ചാനൽ 4.
----------
'അച്ഛന്റെ പേര്‌..?'
'ഒരു ക്ലൂ തരാമോ..?തരില്ലേ..?'
പരിപാടി, 'കാട്ടുമാക്കാൻ ഫാഷൻസ്‌ ഫാമിലി 'കിസ്സ്‌' പ്രോഗ്രാം'
കുട്ടപ്പൻ ക്ലൂലെസ്സ്‌..!
അഞ്ചാറ്‌ മുടിയും വലിച്ച്‌ പറിച്ച്‌ കുട്ടപ്പൻ എഴുന്നേറ്റു..!
....
....
കുട്ടപ്പനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു..!!
കുറ്റം....കൊല..!!
ജയിലിൽ കിടക്കുമ്പൊഴും താൻ ആരെയാണ്‌ കൊന്നതെന്ന്‌ കുട്ടപ്പന്‌ അജ്ഞാതം..
പിറ്റേന്നു രവിലെ ഏതോ പോലീസുകാരൻ കുട്ടപ്പന്‌ അന്നത്തെ പത്രം കൊടുത്തു..
പത്ര വാർത്ത...
"റോഡരികിലൂടെ നടന്നു പോയ യുവാവിനെ പൂർവ വൈരാഗ്യത്തിന്റെ പേരിൽ ടെലിവിഷൻ കൊണ്ട്‌ തലയ്ക്കെറിഞ്ഞ്‌ കൊന്ന കുറ്റത്തിന്‌ കുട്ടപ്പൻ എന്ന ആൾ അറസ്റ്റിൽ...! "

(പിൻ കുറിപ്പ്‌: സമർപ്പണം-->മലയാളം ചാനൽ കോപ്രായങ്ങളിൽ മനം നൊന്ത്‌ അന്തവും കുന്തവും അറിയാതെ വീർപ്പടക്കി കഴിയുന്ന ഒത്തിരി പ്രേക്ഷക വൃന്തങ്ങൾക്ക്‌..!)

Posted by Varnameghangal @ 2:12 PM

------------------------------------------

9 Comments:
Blogger myexperimentsandme said...

എന്തായാലും മലയാളം ചാനലുകൾ ഇവിടെ ഇതുവരെ കടന്നാക്രമണം നടത്തിയിട്ടില്ല. പക്ഷേ, അതെങ്കിലും ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്നോർത്തുപോകും പലപ്പോഴും...

ഇതിന്റെ ഒരു മറുവശം എന്താണെന്നു ചോദിച്ചാൽ, മക്കളെല്ലാവരും വിദേശത്തോ കേരളത്തിനു പുറത്തോ ആയിട്ടുള്ള അച്ഛനമ്മമാർക്ക് ഒരു കൂട്ടല്ലേ ഈ സ്ത്രീയും, സ്ത്രീജന്മവും പുണ്യജന്മവുമെല്ലാം..

അവിടെയും വർണ്ണ്യത്തിലാശങ്ക തന്നെ....

അവതരണം പതിവുപോലെ നന്നായിരിക്കുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ.... അല്ലേൽ പറഞ്ഞേക്കാമല്ലേ..

ഉഗ്രൻ......

7:15 PM  

Blogger Cibu C J (സിബു) said...

Varnnam,

Could put the article title in the HTML title also. That is couple of clicks less when I link it. Also, this is the default behaviour in rest of the blogs.

:)

10:49 PM  

Blogger ദേവന്‍ said...

ഘനശ്യാമമേഘമേ,
ഈ പരിപാടിയെല്ലാം വളരെഭംഗിയായി ആസ്വദിക്കാൻ ഒരെളുപ്പവഴിയുണ്ട്:
ഇന്ത്യാ സമയം 5 മനിക്ക് ഏഭ്യാനെറ്റിൽ വാൽക്കണ്ണാടി എന്നൊരു പരിപാടിയുണ്ട്. 10 മിനുറ്റ് അതു കാണുക പ്രത്യേകിച്ച് കൊച്ചമ്മ മത്സരങ്ങൾ, റ്റെലി ക്വിസ്സ് മുതലായവ. ശേഷം ഏതു ചാനൽ എടുത്താലും ആസ്വദിക്കാം. അനന്തം അജ്ഞാതം കാണുമ്പോ ഡാൻസിങ് വൂളി മാസ്റ്റേർസ് വായിച്ച പ്രതീതി. സ്ത്രീയുടെ ജ്വാല കാണുംപോ പഥേർ പഞ്ജലി കണ്ടപോലെ. ഈ റ്റെക്നിക്കിനു ക്രെഡിറ്റ് പഴയൊരു റഷ്യൻ പ്രസിദ്ധീകരണമായ ആപേക്ഷിക സിദ്ധാന്തമെന്നാൽ എന്ത് എന്ന പുസ്തകത്തിന്.

(ഞാൻ സ്ഥിരമായി കണ്ടിരുന്ന ഒരേയൊരു പരിപാടി. ഡോ. സെൻബാസ്റ്റിഅൻ പോൾ എം പി യുടെ മാധ്യമ വിചാരം -കൈരളിയിൽ. പത്രങ്ങളെ അത്രക്കിഷ്ടമായതുകൊണ്ടല്ല, മൂപ്പരുടെ മലയാളം അത്രക്കു സുന്ദരമായതുകൊണ്ട്.)

7:56 AM  

Blogger രാജീവ് സാക്ഷി | Rajeev Sakshi said...

ജയിലിലായതു നന്നായി. അല്ലെങ്കില്‍ ഭാര്യ വരുമ്പോള്‍ കുട്ടപ്പന്‍ ജ്വാലയായേനെ!

നന്നായിട്ടുണ്ട്.

8:09 AM  

Blogger ചില നേരത്ത്.. said...

വറ്ണ്ണ മേഘമേ.
ആ ‘സമറ്പ്പണം‘ എന്നെ പോലെയുള്ളവറ്ക്കാണ്‍..
കോമഡി റ്റൈമും സീരിയലും ഇഷ്ടമില്ലാത്തവര്‍ക്ക്.
(കടപ്പാട്: sunlight പരസ്യവാചകം)
നന്നായിട്ടുണ്ട് മേഘമേ.
മലയാളം ചാനല്‍ മടുത്തപ്പോള്‍ അറബി ചാനല്‍ കാണാമെന്ന് വെച്ചപ്പോള്‍ അവിടെ നാന്‍സി അജ്രമും എലിസ്സായും ഒരുക്കുന്ന മൂടുകുലുക്കി പട.
-ഇബ്രു-

8:58 AM  

Blogger വര്‍ണ്ണമേഘങ്ങള്‍ said...

വക്കാരി-->അൺസഹിക്കബിൾ പരിപാടികൾ കണ്ട്‌ ഞാനും പലപ്പൊഴും ടിവി തല്ലിപ്പൊട്ടിച്ചാലോ എന്ന്‌ ആലോചിച്ചിട്ടുണ്ട്‌..
പക്ഷെ, അതിന്റെ വില,കുട്ടപ്പന്റെ അനുഭവം..ഒക്കെ വിലക്കി..!
സിബു-->പിടികിട്ടിയില്ലാ....!
ഞാൻ ക്ലൂലെസ്സ്‌..!
ദേവ-->മറ്റുള്ള ബ്ലൊഗുകളിലെ താങ്കളുടെ കമന്റ്സ്‌ സ്ഥിരമായി വായിക്കാറുണ്ട്‌..!കലക്കുന്നുണ്ട്‌..!
സാക്ഷി-->തന്നെ.ഠന്നെ..!
ഇബ്രു-->ടിവിയെന്തായാലും ചനൽ നന്നായാൽ മതി എന്ന്‌ പണ്ടാരോ പരഞ്ഞിട്ടുണ്ട്‌..!

9:22 AM  

Blogger Adithyan said...

ഒരു ദിവസം തരികിടക്കാരൻ ശംഖുമുഖം ബീച്ചിൽ തരികിടകൾ നടത്തുകയായിരുന്നു. ഒരു കത്തിയുമായി നടന്ന്‌ ആൾക്കാരെ വിരട്ടുന്നു, ഷൂട്ട്‌ ചെയ്യുന്നു....

കോളേജിലെ തല്ലു വീരനായ എന്റെ ഒരു സുഹ്രുത്ത്‌ ആ സമയത്തു ബുള്ളറ്റിൽ അവിടെ എത്തി. തരികിടക്കാരൻ കത്തിയുമായി ബുള്ളറ്റിന്റെ മുന്നിൽ അലറിക്കൊണ്ടു ചാടി വീണു. സുഹ്രുത്ത്‌ കൈ നിവർത്തു ഒന്നു കൊടുത്തു ആ തിരുമോന്ത നോക്കി. മലർന്നു വീണ തരികിടക്കാരൻ പിന്നെ കണ്ണു തുറന്നതു ആശുപത്രിയിൽ വെച്ചാണ്‌.

ഏതായാലും ആ എപ്പിസോഡ്‌ റ്റി.വി.യിൽ കണ്ടിട്ടില്ല ഇതു വരെ.

11:41 AM  

Blogger Adithyan said...

ഇബ്രുവിനെപ്പോലെ സമർപ്പിക്കപ്പെട്ട ഗ്രൂപ്പിലാണ് ഈയുള്ളവനും...

പോസ്റ്റ്‌ സ്പാറി... :-)

11:43 AM  

Blogger myexperimentsandme said...

ഉം പറഞ്ഞോ, പറഞ്ഞോ, ചീത്ത പറഞ്ഞോ... മുറ്റത്തെ മുല്ലയ്ക്ക് മണമില്ലല്ലോ.. ഇങ്ങോട്ടു വാ.. ഫ്രീയായി കിട്ടുന്ന ചാനലിലെല്ലാം കേട്ടില്ലെങ്കിൽത്തന്നെ മനസ്സിലാകുന്ന പരിപാടികളായതുകാരണം, ഒരു കൂമ്പാരം യെണ്ണു കൊടുത്ത് കേബിരു ടെരേബിയെടുത്തു. അമേരിക്കയിൽ നാല്പതുവർഷം മുമ്പ് കാണിച്ച സ്റ്റീരിയലിന്റെ അവസാന സീസണിന്റെ അവസാനത്തെ എപ്പിഡോസ് നാല്പതുപ്രാവശ്യം ഇപ്പോത്തന്നെ കാണിച്ചു.. വേറൊരു ചാനലിൽ നോക്കിയപ്പോൾ അതിന്റെ അവസാനത്തിതേതിന്റെ മുമ്പത്തെ എപ്പിഡോസ് അവിടെക്കിടന്നു കളിക്കുന്നു. രാത്രി ഉറക്കം വരാത്തപ്പോൾ എന്നാ ഒരു എന്റർടൈന്മെന്റ് കണ്ടേക്കാമെന്ന് വെച്ച് ടിരേബി ഓൺ ചെയ്തപ്പോൾ ബില്യാർഡ്സിന്റെ ലൈവ്. 24 മണിക്കൂർ ഗോൾഫ് കാണിക്കുന്ന രണ്ട് ചാനലുകൾ..

പറഞ്ഞോ, പറഞ്ഞോ.... ചീത്ത പറഞ്ഞോ

നാട്ടിലെ ടിവിക്ക് ഗുണമില്ലല്ലോ...

ഇന്നാ പിടിച്ചോ.. എനിക്കിതൊന്നും വേണ്ട: ഗ്ഗ്യ്മ്ൻശ്

5:23 PM  

Post a Comment

Home

  View Profile



Previous Posts
ബൈനറി സൃഷ്ടികൾ..!
വർണമേഘങ്ങളെയും കാത്ത്‌..!
പൊരുത്തം..!
കുഴികളെത്തേടി..!
ചിരി..!
ഒറ്റയാൻ..!
സോമയോഗം..!
മഴ..!
വഴിത്താരകളിലൂടെ..!
അഭിജ്ഞാന ക്ഷുരകുന്തളം..!