Wednesday, January 04, 2006

അവസ്ഥാന്തരങ്ങൾ..!

നഗരം കൃസ്തുമസ്‌ തിരക്കിലായിരുന്നു.!
കാഴ്കൾ കണ്ടും,കാണിച്ചും,കൈയെത്തിപ്പിടിച്ചും..
കീശ നിറഞ്ഞവരുടെ കൂടിയാട്ടം..!
ഉള്ളവൻ ഉള്ളതിനൊക്കെയും വാങ്ങിക്കൂട്ടുന്നു, ആശിച്ചതെല്ലാം നേടിയ ആഡംബര പുത്രർ ആഗ്രഹപൂർത്തിയാൽ ആനന്ദപുളകിതർ..!
തിളങ്ങുകയാണ്‌ ഭൂമി...
വാണിഭക്കാരന്റെ പൊടിക്കൈകളാൽ..
വാങ്ങിപ്പിക്കുന്നവന്റെ വീഴ്ത്തുന്ന ചിരികളാൽ..
അതിലുപരി, വാങ്ങുന്നവന്റെ കണ്ണിലെ നൈമിഷികമായ തിളക്കങ്ങളാൽ..!
ഡിക്കിയും,കാരിയറും നിറഞ്ഞൊഴുകുന്ന വാഹനങ്ങൾ..
പിൻ സീറ്റിൽ നിന്നും വെളിയിലേക്ക്‌ നീളുന്ന തലകളിൽ പട്ടിക്കുട്ടിയും,മനുഷ്യക്കുട്ടിയും ..!
തിരക്കിന്റെ നടപ്പാതയിൽ ഞാനും നടന്നു..
നിലാവത്തെ കോഴിയെപ്പോലെ..!
ആരുടെയും കണ്ണുകൾ ഭൂമിയിൽ പതിക്കുന്നില്ല, എല്ലാം അങ്ങ്‌ മുകളിലാണ്‌..
അല്ലെങ്കിലും അലങ്കാരങ്ങൾ തൂക്കുവാനാണ്‌ എല്ലാവർക്കും താൽപര്യം.. ദൂരക്കാഴ്ചയ്ക്ക്‌ വേണ്ടിയാകാം..!
അതുകൊണ്ടാകാം വഴിയരികിൽ നിലത്തിരുന്ന്‌ ചെറു നക്ഷത്രങ്ങൾ വിൽക്കുന്ന അവനെ ആരും കാണാതെ പോയത്‌...
അതോ കാണേണ്ടെന്ന്‌ കരുതിയതോ..??
അക്ഷമയുടെ ഹോണടികൾക്കും,ആഡംബരത്തിന്റെ ആരവങ്ങൾക്കുമൊക്കെ മേലെയെത്താൻ അവൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു..കുഞ്ഞു സ്വനപേടകങ്ങൾ ആവുന്നത്ര വികസിപ്പിച്ച്‌..!
എന്നാലും കണ്ണുകളും കാതുകളും തിളക്കങ്ങളിലേയ്ക്കും,പരസ്യങ്ങളിലേയ്ക്കുമേ നീളൂ..
സ്വാഭാവികം..!
ഇടയ്ക്കിടെ ഒരുവൻ വന്ന്‌ സംസാരിക്കുന്നുണ്ടായിരുന്നു..
കലങ്ങി ചുവന്ന കണ്ണുകളും,തിന്ന്‌ കളയാനുള്ള ഭാവവുമായി..
അധിപൻ-വിധേയൻ..!
ഊഹിച്ചു ഞാൻ..!
ഉടയോന്റെ മുന്നിൽ പരുങ്ങുന്ന അവൻ സ്വതന്ത്രനായാൽ പെട്ടന്ന്‌ തന്നെ വീറെടുത്ത്‌ കിണഞ്ഞ്‌ പരിശ്രമിക്കുന്നത്‌ കാണാമായിരുന്നു...
... ഒരു നക്ഷത്രമെങ്കിലും വിൽക്കാൻ.. ഒരിയ്ക്കലെങ്കിലും തലയുയർത്താൻ...!
ഇടയ്ക്കിടെ കാഴ്ചകളിലേയ്ക്ക്‌ നീണ്ടാലും മനസും,മിഴികളും ഉൾവിളിയെന്നോണം തിരികെ വിളിച്ച്‌,എല്ലാം മറവിയാലാഴ്ത്തിയെന്നോണം വീണ്ടും സന്നദ്ധൻ..!
നേരമൊത്തിരി ഇരുട്ടി...
തൊട്ട്‌ മുൻപിൽ തിരക്കിൽ പെട്ട്‌ നിർത്തിയിട്ട കാറുിന്റെ പിൻ സീറ്റിൽ ആഘോഷത്തിമിർപ്പിന്റെ ക്ഷീണത്തിൽ കുഞ്ഞു തലയിണയും ചേർത്ത്‌ പിടിച്ച്‌,വയറും മനസും നിറഞ്ഞ ആലസ്യത്തിൽ സുഖമായുറങ്ങുന്ന കുട്ടിയെ കണ്ടു..
വെളിയിൽ സമപ്രായാക്കാരനായ അവൻ അപ്പോഴും തൊണ്ട പൊട്ടി വിളിക്കുന്നുണ്ടായിരുന്നു..
"സാർ നല്ല ഒന്നാന്തരം നക്ഷത്രങ്ങൾ...,....,...."

Posted by Varnameghangal @ 5:16 PM

------------------------------------------

7 Comments:
Blogger വക്കാരിമഷ്‌ടാ said...

മേഘങ്ങളേ, മനസ്സു കൊളുത്തിവലിക്കുന്ന മറ്റൊരു കൃതി. തമാശയും സെന്റിമെന്റ്സും ആനുകാലികവുമെല്ലാം താങ്കൾക്കൊന്നുപോലെ വഴങ്ങുന്നു...

പണ്ടൊക്കെ ഇങ്ങിനത്തെ കുട്ടിക്കച്ചവടക്കാരെക്കണ്ടാൽ മാറി നടക്കുമായിരുന്നു. എന്നിട്ട് തൊട്ടപ്പുറത്തെ മൾട്ടിനാഷണിൽക്കയറി വേണ്ടതും വേണ്ടാത്തതുമെല്ലാം വാങ്ങിച്ചുകൂട്ടും.. നമ്മളാലാകുന്ന രീതിയിൽ ഈ പാവങ്ങളെയൊക്കെ സഹായിക്കാമായിരുന്നു. ഇപ്പോ അതൊക്കെ ഓർക്കുമ്പോൾ ചെയ്യാൻ കഴിയുമായിരുന്ന പല കാര്യങ്ങളും ചെയ്യണമെന്നെന്നോർക്കുകപോലും ചെയ്തില്ലല്ലോ എന്നോർത്ത് ഒരു നഷ്ടബോധം..

നിലാവത്തെ കോഴിയെന്നു പറഞ്ഞപ്പോൾ ഞാൻ വെറുതേ എന്നെ ഓർത്തു.

ഇസ്ലെക്ക്സ്... നല്ല വാക്ക്

6:25 PM  

Blogger Reshma said...

കണില്ലെന്ന് നടിക്കാൻ ഇനി കുറച്ച് പ്രയാസപ്പെടും.

9:25 PM  

Blogger സു | Su said...

കാഴ്ചകൾ ........

:)

10:00 AM  

Blogger Adithyan said...

ആഘോഷങ്ങൾ എന്നും ‘ഉള്ളവന്റെ‘ത്‌ ആണല്ലോ...

കോരന്റെ കഞ്ഞി എന്നും....

ആഘോഷിക്കുന്നവനു കുട പിടിക്കാനും തോരണം ചാർത്താനുമായി കുറെ ജന്മങ്ങൾ, കുറെ ശരീരങ്ങൾ...

2:12 PM  

Blogger വര്‍ണ്ണമേഘങ്ങള്‍ said...

വക്കാരീ-->സത്യം പറഞ്ഞാൽ ഞാനിത്‌ കണ്ടതാണ്‌.ആ കുഞ്ഞു പയ്യനെയും,അവന്റെ നിഷ്കളങ്കതയും,നിരാലംബതയും.. ഒക്കെ..!കണ്ടത്‌ എഴുതി..!
രേഷ്മ-->):):
സു-->:):)
ആദിത്യൻ-->ശരിയാണത്‌, ഉള്ളവൻ കാണിക്കുന്നത്‌ കാണാനാ ഇല്ലാത്തവന്റെ വിധി..!

10:38 AM  

Blogger Thulasi said...

മേഘങ്ങളെ നന്നായി.

ഉത്‌സവങ്ങളൊക്കെ ഹൈജാക്ക്‌ ചെയ്യപ്പേട്ടു. ദുര്‍ഗ്ഗാ പൂജയുടെ പന്തലുകള്‍ സ്പോണ്‍സര്‍ ചെയ്യുന്നത്‌ മള്‍ട്ടി നാഷണലുകള്‍,കര്‍വാചൊദിനു ബ്യൂട്ടി പാര്‍ലറുകളുടെ വക സ്പെഷ്യല്‍ മേയ്ക്കപ്പ്‌, ദീപാവലി എന്നാല്‍ ഷോപ്പിങ്ങായിട്ട്‌ നാളുകളേറെയായി. കീശയില്‍ കാശില്ലാത്തവന്‌ എന്താഘോഷം? വയറ്റിപിഴപ്പിന്റെ വഴിവാണിഭക്കാര്‍ എന്നും എല്ലാര്‍ക്കും ശല്യങ്ങള്‍ മാത്രമായിരുന്നു.

11:04 AM  

Blogger സാക്ഷി said...

പിടിച്ചുനിര്‍ത്തുന്ന പരസ്യ വാചകങ്ങളും കണ്ണന്‍ചിപ്പിക്കുന്ന സൈന്‍ ബോര്‍ഡുകളുമില്ലാതെ എന്തു കച്ചവടം.

12:04 PM  

Post a Comment

Home

  View ProfilePrevious Posts
പടുമരം..വേരുകളില്ലാതെ..!
ടെലിവിഷം പരിപാടികൾ..!
ബൈനറി സൃഷ്ടികൾ..!
വർണമേഘങ്ങളെയും കാത്ത്‌..!
പൊരുത്തം..!
കുഴികളെത്തേടി..!
ചിരി..!
ഒറ്റയാൻ..!
സോമയോഗം..!
മഴ..!