|
Thursday, March 02, 2006
അയൺ മാൻ..!
ഈശ്വരൻ ചില നേരത്ത് വേണ്ടാതീനം കാണിക്കും..! അതിന്റെ തെളിവാണ് വിനയൻ..! ഇരുമ്പ് വിനയൻ..!!
വിനയൻ ഈശ്വരന്റെ വേണ്ടാതീനമോ മറ്റാരുടെയെങ്കിലും വേണ്ടാതീനമോ എന്നതല്ല തർക്ക വിഷയം.. 'നിന്റെ പേരും കയ്യിലിരിപ്പും തമ്മിൽ..' എന്ന വിഷയം ആരെങ്കിലും തുടങ്ങി വെച്ചാലുടനെ തന്നെ വിനയൻ വളരെ ലളിതവും സരളവുമായ ഈ ഒറ്റ മറുപടിയിലൂടെ സകലമാന ഉൽപത്തികളെയും പൂഴിക്കടകനടിച്ച് വീഴ്ത്തുമായിരുന്നു...
'നാമം-കർമം എന്നിവയുടെ ആന്ദോളനത്തിന്റെ ഉന്മൂലനത്തിലുണ്ടാവുന്ന സമ്മോഹനത്തിന്റെ ആ ഉൽകൃഷ്ടതയും,വിജൃംഭിതയും കൂടിച്ചേർന്നുണ്ടാവുന്ന ഒരു പ്രഹേളികയുണ്ടല്ലോ...അതിന്റെ ഒരു ഇത്... അത് തന്നെ..!'
കയ്യിലിരിപ്പും, നാക്കിട്ടലപ്പും, ചങ്കുറപ്പും അങ്ങനെ എല്ലാം തികഞ്ഞ ഒരു കോമാളിഗാത്രനായിരുന്നു നമ്മുടെ കഥനായകനെന്ന അതീവ ധൈര്യശാലി..!
ഇരുട്ടുറഞ്ഞതും;ഇരട്ടക്കൊലപാതകം നടന്നതുമായ പാടവരമ്പിലൂടെ പാതിരാപ്പടം കഴിഞ്ഞ് പാട്ടും പാടി സൈക്കിൾ ചവിട്ടുമെന്നും,പകൽ നേരത്ത് മുല്ലപ്പൂ കല്ല്യാണിയുടെ വീടെന്ന പോലെ രാത്രി കാലങ്ങളിൽ നാട്ടുകാരടുക്കൻ മടിക്കുന്ന യക്ഷിപ്പാലയുടെ ചുവട്ടിൽ ചാക്ക് വിരിച്ചുറങ്ങുമെന്നും(വിനയൻ സ്ഥിരമായി ഉറങ്ങുന്ന ചാക്കായതിനാലും, ജനിച്ചിന്നേരം വരെ തുള്ളി വെള്ളം കാണാത്തതിനാലും രൂപപ്പെട്ട സുഗന്ധ രാവുകൾ യക്ഷിയെ ഐസ്ക്രീം കണ്ട കുഞ്ഞാലിക്കുട്ടിയെന്നോണം ഞെട്ടിച്ചു എന്നും വെർഷൻ ..!),പേയ് പിടിച്ച നായയെ പുറം കാലിനടിച്ച് കൊന്നുവെന്നും,സ്വ രക്തം കൊണ്ട് മാത്രം തിലകം ചാർത്തിയേ സത്യം ചെയ്യാറുള്ളൂ എന്നും,മോഷണത്തിനിടയിൽ എലിക്കെണിയിൽ കാല് പോയ കള്ളനെ വിനയക്കെണിയിലാക്കി ബന്ധിച്ചെന്നും,മാത്തന്റെ കെട്ടഴിഞ്ഞോടിയ പോത്തിനെ ഉടുമുണ്ടഴിച്ച് ചുറ്റി ബന്ധിച്ചെന്നും ഒക്കെ വിനയ ഭാഷ്യം..! 'ഇതിനൊക്കെ സാക്ഷികളുണ്ടോ' എന്ന ചോദ്യം വിനയനെ ഇടയ്ക്കിടെ ബധിരനും,മൂകനുമൊക്കെയാക്കിക്കൊണ്ടിരുന്നു..!
'കാരിരുമ്പൊത്ത ഞാൻ ഭയങ്കരൻ' എന്നദ്ദേഹം ദിവസവും ഇരുപത് പ്രാവ്ശ്യം വീതം ആത്മഗതിക്കുമായിരുന്നു... ആത്മവിശ്വാസം കൂട്ടാൻ..!! ഇതെല്ലാം കൊണ്ട് തന്നെ ഇരുമ്പ് വിനയൻ എന്ന അപര നാമം അദ്ദേഹം അഹങ്കാരമേതുമില്ലാതെ; ഉച്ചയുറക്കത്തിൽ പ്രധാനമന്ത്രി പദം കിട്ടിയ മന്മോഹൻ സിങ്ങിനെപ്പോലെ സവിനയം സ്വീകരിച്ചു പോന്നു..! എന്നിരുന്നാലും ഇരുമ്പൻ മിതസ്വഭാവക്കാരെ കണ്ടാൽ രക്തം തിളക്കുകയും,അതിന്റെ ചൂടിൽ 'ആവണക്കെണ്ണയിൽ ആസനം കഴുകുന്നവർ' എന്ന് പുച്ഛ പുരസരം പുഞ്ചിരിച്ച് മൊഴിയുകയും ചെയ്തിരുന്നു..!
ആയിടെ നാഷണൽ ഹൈവേയെന്ന രാജപഥത്തിൽ പാണ്ടി രഥമിടിച്ച് പരുക്കേറ്റ് വീണ, നേരത്തെ പറഞ്ഞ ആവണക്കെണ്ണ ഗണത്തിൽ പെട്ട കുമാരനെ ഗവണ്മെന്റാസ്പത്രിയെന്ന സർവരാജ്യ കൂട്ടിപ്പിരട്ടലിലേക്ക് ആനയിക്കാൻ വിനയൻ നെഞ്ചും വിരിച്ച് പിന്നിലുണ്ടായിരുന്നു. 'വിട്ടോ ഞാനുണ്ട്..!' എന്ന വിനയാശരീരി കേട്ട ഓട്ടോ സുഗതൻ പച്ച വണ്ടിയെപ്പോലും കടത്തി വെട്ടി വിജയശ്രീലാളിതനായി ലക്ഷ്യത്തിലെത്തിച്ചെന്നും അറിയാൻ കഴിഞ്ഞു..! ദേഹമാസകലം ചോരയിൽ മുങ്ങി അബോധാവസ്ഥയിലായ കുമാരനെ ഡ്രെസ്സിങ്ങിന് ശേഷം വാർഡിലേക്കെടുക്കൻ ആസ്പത്രി വാർഡന്മാരുടെ തസ്തിക ഒഴിവ് കാരണം ഏറെയാരുമില്ലായിരുന്നു. ഈ ഘട്ടത്തിൽ ഓടിക്കിതച്ചെത്തിയ വിനയനെക്കൂടി വിളിച്ചു സുഗതൻ, ഒരു കൈ സഹായത്തിന്..! സീൻ ഒന്ന്..! ------------ ഒരുതരത്തിൽ വാർഡിലെത്തിച്ച ശേഷം, വെള്ളരി പ്രാവൊരുവൾ കുമാര ശയ്യയിൽ സാനിയാ മിർസയുടെ ടെന്നീസ് വേഷം മാതിരി എന്തോ ഒന്ന് നികത്തി വിരിക്കാൻ പാട് പെടുന്നു...! പെട്ടന്ന് പിന്നിൽ 'പ് ധോം' എന്നൊരൊച്ച...!! സീൻ രണ്ട്..! ------------ അബോധാവസ്ഥ വിട്ടുണർന്ന രക്താഭിഷിതനായ കുമാരൻ സ്ട്രെച്ചറിൽ എഴുന്നേറ്റിരുന്ന് തന്റെ ഒപ്പം വന്നവരെ കാണാത്ത വൈക്ലബ്യത്താലും, തനിക്കായൊരുക്കിയ കിടക്കയ്ക്ക് ചുറ്റും വെള്ള വസ്ത്ര ധാരികളും മറ്റും കൂടി നിന്ന് ഇരുമ്പ് വിനയനെ ശുശ്രൂഷിക്കുന്ന കാഴ്ചയാൽ കുതുകിയായും,ചോര കണ്ട് തല കറങ്ങി വീണ കാരിരുമ്പാണതെന്ന തിരിച്ചറിവാലും അവശനില മറന്ന് ചോദിച്ചു.. 'വിനയനെങ്ങനുണ്ട്..?'
പിന്നെടൊരിക്കലും വിനയൻ കുമാരന്റെ വീടിന്റെ പതിനെട്ടയലത്ത് പോലും പോയിട്ടില്ല... പാണ്ടി ലോറിയിടിച്ച് വീണ കുമാരന്റെ മുന്നിൽ തല കറങ്ങി പ്രജ്ഞയറ്റ് വീണ് പേരും, പെരുമയും ആസ്പത്രിക്കിടക്കയിൽ കളഞ്ഞ് കുളിച്ച തന്നെ നോക്കി ഇപ്പൊഴും ശയ്യാവലംബിയായ കുമാരന്റെ ഭാര്യയെങ്ങാനും ചോദിച്ചാലോ.. 'വിനയനെങ്ങനുണ്ട്..?'
Posted by Varnameghangal @ 5:12 PM
------------------------------------------
7 Comments:
Home
|
|
View Profile
Previous Posts
നിഴലുകളില്ലാതെ..!
അരവിന്ദന്റെ 'സത്യാ'ന്വേഷണങ്ങൾ...!
നീ പെയ്യുവോളം..!
ശലഭ ജന്മങ്ങൾ..!
ഒരു അനിയൻ വീരഗാഥ..!
മോഷ്ടാവ്..!
ഹീര..!
പാഠം ഒന്ന്-പരീക്ഷ..!
അവസ്ഥാന്തരങ്ങൾ..!
പടുമരം..വേരുകളില്ലാതെ..!
|
:-))
ക്ഷ പിടിച്ചൂട്ടോ!
:-))
ഏഷ്യാനെറ്റില്‍ കോമഡി കസിന്‍സ് എന്ന ഒരു പ്രോഗ്രം ഉണ്ട്. അതിന്റെ ടൈറ്റില്‍ ട്രാക്ക് ഇങ്ങനെ ആണ്.
കോമഡി കാട്ടണ രാജാക്കന്മാര്‍ പാഞ്ഞ് നടക്കണ നമ്മുടെ നാട്ടില്‍, ...
ഈ പോസ്റ്റ് വായിച്ചപ്പോള്‍ ആ പാട്ട് ഓര്‍മ്മ വന്നു. ചിരിപ്പിച്ച് കൊല്ലുമല്ലോ എന്റെ വര്‍ണമേഘമേ.
മുട്ടനാടിന്റെ ശരീരവും മാടപ്രാവിന്റെ ഹൃദയവുമുള്ളവൻ, ഇരുമ്പ് വിനയൻ!
മേഘമേ.. ഇഷ്ടപ്പെട്ടു :)
വര്‍ണ്ണം, നന്നായിട്ടുണ്ട്. ചില്ലുകള്‍ ചതുരമായാണ് കാണുന്നത്. ഈ ലേഖനം നോക്കൂ.
സസ്നേഹം,
സന്തോഷ്
അപ്പോ പേരിലൊരു കാര്യവുമില്ലാന്ന് മനസ്സിലായില്ലേ.
നന്നായിട്ടുണ്ട്
നന്നായിട്ടുണ്ട്!
തമാശയും വഴങ്ങുമല്ല്ലേ?!!!