|
Tuesday, January 31, 2006
ഒരു അനിയൻ വീരഗാഥ..!
പത്ത് മുപ്പത്തഞ്ച് കഴിഞ്ഞ അനിയൻ എന്ന കൊച്ചനിയൻ അൽപം അംഗവൈകല്യമുള്ള ആളാണ്..! അനിയന്റെ ഭാഷയിൽ 'കാലിന് ഒരു ചെറിയ ശേഷിക്കുറവ് പോലൊരു തോന്നൽ.. അത്രേ ഉള്ളൂ..!' സ്വയം നടക്കാറില്ലെങ്കിലും ഒരു കിടിലൻ ബാർ അറ്റാച്ച്ഡ്(വിളിക്കേണ്ടവന് വിളി, വലിക്കേണ്ടവന് വലി, പൂസാകണോ..? സോഡയും അനുസാരികളും സന്ധ്യാ നേരത്ത് ലൈറ്റ് ഓഫ് ചെയ്ത തിണ്ണ ബാറും റെഡി.. ഒപ്പം ഒരു നോട്ടീസും: ബാർ കൊടുക്കുന്നതായിരിക്കും, മദ്യം സ്വയം കൊണ്ടു വരുക..!) സ്റ്റേഷനറി(സോപ്പ്, ചീപ്പ്, കണ്ണാടി...)ടെലഫോൺ ബൂത്ത് യാതൊരു കുഴപ്പവും കൂടാതെ അദ്ദേഹം നടത്തുമായിരുന്നു...! ആരെങ്കിലും 'ദെന്താ പറ്റിയത് ?' എന്ന് ചോദിച്ചാൽ... അനിയൻ പിന്നെ ജ്യേഷ്ഠൻ...!! വഴിയോരക്കാഴ്ച്ചകൾക്കായ്(നാരീ സുഖം നയന മാർഗേ..!) വാതിലിനോട് ചേർത്തിട്ടിരിക്കുന്ന മരക്കസേരയിൽ, സുവർണസിംഹാസിതനായ വിക്രമാദിത്യനെപ്പോലെ ഞെളിഞ്ഞിരുന്ന് പറയും.. 'ബൈക്കോടിച്ച് പോകുമ്പോൾ ബെൻസിടിച്ചു..,........., ...' സ്വതവേ ചെറുകഥാകൃത്തയ അനിയൻ പേരക്കാ പറിക്കാൻ പെരപ്പുറത്ത് കയറിയപ്പോൽ തെന്നി വീണതാണെന്ന സത്യ്ം അറിവുള്ളവർ 'അനത്തല്ലേഡാ അനിയാ...' എന്നർഥം വരുന്ന ഒരു ചിരിയും ചിരിച്ച് സ്ഥലം വിടും..! ബൂത്തിൽ വിളിക്കാനെത്തുന്നവർക്ക് ബാക്കി എത്രയായാലും മിഠായി രൂപത്തിൽ കൊടുക്കുന്ന അനിയൻ ഏതോ കിളവിത്തള്ളയ്ക്ക് ബാലൻസ് കൊടുത്തെന്നും, മലയാളഭാഷാനിഘണ്ടു വീണ്ടും പുതുക്കേണ്ടീ വന്നെന്നും, ബിസ്കറ്റ് വാങ്ങാനെത്തിയവൻ 'ഇത് പുതിയതാണോടാ?' എന്ന് ചോദിച്ചപ്പോൾ 'ഡേറ്റ് ഓഫ് ബർത്ത് അതിനല്ലേ പ്രിന്റ് ചെയ്തിരിക്കുന്നത്?' എന്ന് അനിയൻ തിരിച്ച് ചോദിച്ചെന്നും,വയലിനുമായി കടയിലെത്തിയ ആളോട് 'കിടിലൻ തബലയാണല്ലോ..!' എന്ന് അഭിപ്രായം പറഞ്ഞെന്നും,'ബ്രെഷ് ഉണ്ടോഡാ?' എന്ന ചോദ്യത്തിന് ബ്രെഡെന്നു കരുതി'എടുത്ത് വെച്ചാൽ പഴയതാകും; പിന്നെ ജാമൊട്ടില്ല താനും..!' എന്ന് മറുപടി പറഞ്ഞെന്നും,മൊസ്കിറ്റോ കോയിൽ ചോദിച്ചായാളിന് മസ്കറ്റിന്റെ കോഡ് പറഞ്ഞുകൊടുത്തെന്നും,ബിയറുമായി വന്നവൻ അനുസാരി ചോദിച്ചപോൾ സോഡ കൊടുത്തെന്നും 'കൂമ്പ് വാടാതിരിക്കട്ടെ..!' എന്നുപദേശിച്ചെന്നും,അനിയനെ കണ്ടാണ് കുഞ്ഞിക്കൂനൻ എന്ന പടം ഇറങ്ങിയതെന്നും, ഒക്കെ പലരും പറയുന്നു... അപവാദങ്ങൾ..!! അനിയൻ ചിരിച്ച് തള്ളും..!
അനിയന് പെൺ വർഗത്തോടുള്ള താൽപര്യം കുപ്രസിദ്ധമാണ്..! കൊസറക്കൊള്ളി ചുറ്റിക്കളികളുള്ള പെൺപിള്ളേർ അനിയനെ ചിരിച്ച് കാണിച്ച് മണിക്കൂറുകളോളം പേർസണൾ ക്യാബിനിലെ ഫോൺ ഉപയോഗിച്ചു പോന്നു.. ഈ സമയത്ത് ആര് വന്നാലും അനിയൻ അതു വരെ നവ വരൻ വധുവിനെ ആദ്യ രാത്രിയിൽ നോക്കുന്നത് പോലുള്ള നോട്ടം ഉപേക്ഷിച്ച് സീരിയസ്സായി ക്യാബിനിലേക്ക് ചൂണ്ടി 'ഐ. എസ്. ഡി വിളിച്ചോണ്ടിരിക്കുവാ...' എന്ന് മൊഴിയും..! ഒരു ദിവസം പതിവു പോലെ ഐ. എസ്. ഡി വിളിയ്ക്കിടയിൽ സ്ഥലത്തെ പ്രധാന കുടിയൻ മണിയൻ(ഫിറ്റായിക്കഴിഞ്ഞാൽ മണിയൻ എവിടുന്നേലും ഒരു കവളൻ മടൽ തപ്പി പിടിയ്ക്കും, പിന്നെ അതും വീശി വിഹരിയ്ക്കും.. അതു കൊണ്ട് തന്നെ അദ്ദേഹത്തെ മടൽ വിഹാരി വാജ് പേയി എന്നും വിളിച്ചിരുന്നു..!) മടൽ സമേതനായി ബൂത്തിലെത്തി വളരെ വ്യക്തമായി പറഞ്ഞു.. 'പുസ്പ.. പുസ്പ..പുസ്പാംഗ... കോപ്പ്.. ബാബുവിനെ ഒന്ന് വിളിയ്ക്കണം... വിരോധമുണ്ടോ..? ഉണ്ടെങ്കിൽ പറയണം.. ങാ..!' അനിയൻ വിനയാന്വിതനായി പതിവ് മൊഴിഞ്ഞു.. 'ഐ. എസ്. ഡി വിളിച്ചോണ്ടിരിക്കുവാ...' നിരാശനായ മണിയൻ 'ഓ.. നമ്മള് പാവം, ലോക്കലാ..' എന്നും പറഞ്ഞ് അവിടെ തന്നെ കുത്തിയിരുന്നു. കുറെ നേരം ക്ഷമയുടെയും, സഹനത്തിന്റെയുമൊക്കെ നെല്ലിപ്പലക കണ്ട മണിയൻ കഷ്ടപ്പെട്ട് കണ്ണുകൾ അനിയനിൽ തന്നെ കേന്ദ്രീകരിച്ചപ്പോൾ 'അത്യാവിശ്യമായി ആങ്ങളയെ വിളിക്കുകയാ പാവം' എന്ന് പറഞ്ഞ് കണ്ണുകൾ കേന്ദ്രത്തിൽ നിന്നും വലിച്ചു..!
അര മണിക്കൂറായിട്ടും അത്യാവിശ്യ വിളി കഴിയാത്തതിൽ ദേഷ്യം പൂണ്ട മണീയൻ ക്യാബിൻ തുറന്ന് നോക്കുകയും, അകത്ത് നിന്ന് പരുങ്ങുന്ന സ്വന്തം മകളെക്കാണുകയും, ഒറ്റ മോളാണല്ലോ.. ആങ്ങളമാരില്ലല്ലോ..അതും പുറം രാജ്യത്തിൽ എന്ന് തിരിച്ചറിയുകയും...എല്ലാം പെട്ടന്ന് നടന്നു..! കുടിയ രക്തം കുടിയ താപത്താൽ ജ്വലിച്ചു... ഓടിപ്പോയ മകളെയൊട്ട് കയ്യിൽ കിട്ടിയതുമില്ല... ഇവിടൊരുത്തൻ ആക്കുന്ന ചിരിയും ചിരിച്ച് ഇരിക്കുകയും ചെയ്യുന്നു...! 'എഡാ അത്യാവശ്യ ഐ.എസ്.ഡീ മോനേ....' എന്നും നീട്ടി വിളിച്ച് കയ്യിലിരുന്ന കവളൻ മടൽ ഒറ്റ വീശ്..! അനിയന്റെ മുൻ നിര പല്ലുകൾ നാലെണ്ണം മണിയൻ കൊറിയ്ക്കിടയിൽ നിലത്തിട്ട നിലക്കടലക്കൂട്ടത്തിൽ കിടന്ന് തിളങ്ങി..!
പിറ്റേന്ന് മുതൽ ബൂത്തിലെത്തുന്ന പെൺകുട്ടികളോട്, ഫുട്പാത്തിൽ നിന്നും പത്തിന് മൂന്നായി വാങ്ങി നാലഞ്ച് കഴുകിയ അണ്ടർവെയർ പോലെയായ വായ തുറന്ന് അനിയൻ പറയും...
'ആങ്ങള,ഭർത്താവ്,അച്ഛൻ ഇവരിലാരെങ്കിലും വിദേശത്തുണ്ടോ..? ഉണ്ടെങ്കിൽ മാത്രം വിളിയ്ക്കാം....!!!'
എന്നിട്ട് ഒരാത്മഗതവും... 'ഇനി കളയാൻ പല്ലുകളൊന്നുമില്ല...!!!'
Posted by Varnameghangal @ 9:46 AM
------------------------------------------
13 Comments:
Home
|
|
View Profile
Previous Posts
മോഷ്ടാവ്..!
ഹീര..!
പാഠം ഒന്ന്-പരീക്ഷ..!
അവസ്ഥാന്തരങ്ങൾ..!
പടുമരം..വേരുകളില്ലാതെ..!
ടെലിവിഷം പരിപാടികൾ..!
ബൈനറി സൃഷ്ടികൾ..!
വർണമേഘങ്ങളെയും കാത്ത്..!
പൊരുത്തം..!
കുഴികളെത്തേടി..!
|
പല നാടുകളിലെയും അറിയപ്പെടാത്ത വീരന്മാർ ഒന്നൊന്നായി പുറത്തു വരുന്നല്ലോ :-) ഗാഥ നന്നായി :-)
>>“'പുസ്പ.. പുസ്പ..പുസ്പാംഗ... കോപ്പ്.. ബാബുവിനെ ഒന്ന് വിളിയ്ക്കണം... “
ഇതു വായിച്ചപ്പോ സൈക്കിളിൽ ഓവർലോഡ് കയറ്റിയതിനു പെറ്റിയടിക്കാൻ പേരു ചോദിച്ച ഹെഡ്‌കോൺസ്റ്റബിളിനെ ഓർമ്മ വന്നു... “ധൃതരാഷ്ടരോ ???? ....ബാബൂന്നെഴുതും...”
പയ്യൻ ഭേഷ് പയ്യനാ, നടക്കുമ്പോ മാത്രം ഇത്തരി മുടന്തുണ്ട്.... ഹോ അതു നടക്കുമ്പോ മാത്രമല്ലേ...
ഒരു എസ്.ടി.ഡീ ബൂത്തിലു നിന്ന് സോഡാ നാരങ്ങാ വെള്ളം കുടിച്ച പ്രതീതി, അതേ തണുപ്പും മനസ്സിനു വായിച്ചപ്പോ.
:-)
മടല്‍ വിഹാരി വാജ്‌പെയുടെ കാര്യം കേട്ടപ്പോള്‍ ഞങ്ങളുടെ നാട്ടിലെ ആസ്ഥാന കുടിയന്‍ മണിക്കുട്ടനെ ഓര്‍മ്മ വന്നു:
രണ്ടു മങ്കുര്‍ണ്ണി വിട്ടു കഴിഞ്ഞാല്‍ മണിക്കുട്ടന്‍ ആദ്യം ആല്‍ത്തറയില്‍ ഇരുന്നു കരയും. പിന്നെ പോയി ഒരു 100 കൂടി അടിച്ച്, അപ്പന്‍ വീമ്പന് ഒരു 100 പായ്‌ക് ചെയ്ത് വാങ്ങും. പിന്നെ ആലിന്റെ താണു കിടക്കുന്ന കൊമ്പില്‍ കയറിപറ്റും. പിന്നെ ഒരു 30 മിനിറ്റ് നേരം ആ വഴിക്ക് ഓടുന്ന ബസ്സുകളുടേയും സ്ഥിരം രണ്ട്-നാല് ചക്ര വാഹനങ്ങളുടേയും രജിസ്റ്റ്രേഷന്‍ നമ്പര്‍ announce ചെയ്യും. ഇതിനിടക്ക് മിക്കവാറും അപ്പന് കരുതിയ പങ്കും അകത്തായിട്ടുണ്ടാവും. പിന്നെ, വടക്ക് മെയിന്‍ റോഡിലേക്ക് ചാഞ്ഞു കിടക്കുന്ന ആല്‍ക്കൊമ്പില്‍ കയറി, പിയര്‍ലസ്സ്, സ്വകാര്യ ചിട്ടി, ബ്ലേഡ്, കള്ള്ഷാപ്പ് തുടങ്ങി സകല മാര്‍ഗ്ഗത്തിലൂടെയും ഇഷ്ടം പോലെ പണം ഉണ്ടാക്കി ഹീറോ ഹോണ്ടയിലും യമഹയിലും ഒക്കെ ബ്ലാഞ്ചി നടക്കുന്ന ചെക്കന്‍മാര്‍ താഴെ ഇരുന്ന് സൊറ പറയുന്നതിനിടയിലേക്ക് ഒരു ബോംബ് എറിയും.
" മൂത്താരു കുട്ടികളേ, നായിന്റെ മക്കളേ.. നാളെ മേലാക്കം നിങ്ങയാരുക്കെങ്കിലും തൂങ്ങിചാവണംന്ന് ഇണ്ടെങ്ങെ ഈ വടക്കോറത്തെ കൊമ്പ് വിട്ടളഞ്ഞാളിന്‍..ഇത് എന്റെ കൊമ്പാണ്..ഇതില് ഞാന്തന്നെയ് തൂങ്ങോള്ളു.."
അനിയന്റെ മുൻ നിര പല്ലുകൾ നാലെണ്ണം മണിയൻ കൊറിയ്ക്കിടയിൽ നിലത്തിട്ട നിലക്കടലക്കൂട്ടത്തിൽ കിടന്ന് തിളങ്ങി..!
:) നന്നായിട്ടുണ്ട്.
വളരെ വളരെ നന്നായിട്ടുണ്ട്..
പെരിങ്ങോടന്‍ പെരുങ്ങിയതു പോലെ, ഓര്‍മ്മകളുടെ വസന്തകാലം :-))
ആദിത്യ-->ശരിയ്ക്കും ഇയാൾ ജീവിച്ചിരിപ്പുണ്ട്..!കുഞ്ഞികൂനൻ ഇവനെ കണ്ടാണ് ഇറങ്ങിയതെന്ന് എഴുതിയത് ചിലപ്പോ സത്യമായിരിയ്ക്കും..!
അതുല്യ-->അനിയൻ മൊത്തത്തിൽ ഇരുപ്പായത് കൊണ്ട് അങ്ങനെ തന്നെയാ പറയാറ്..!
'നടക്കാൻ ഒരു ചെറിയ ബിദ്ധിമുട്ട്..!'
കണ്ണൂസ്-->മണിക്കുട്ടൻ കിടിലൻ കേട്ടോ...!
മണിക്കുട്ടന്റെ അനൌൺ സ്മെന്റും കസറി.
വിശാലൻ-->:)
അരവിന്ദ്-->ഇങ്ങനത്തെ കക്ഷികളെപ്പറ്റി ഇടയ്ക്കിടെ ഓർക്കുമ്പോൾ ഒട്ടും പിശുക്കാതെ തന്നെ ചിരിയ്ക്കാറുണ്ട്..!
ഓ..പാവം അനിയന്‍. സഹായിക്കുന്നതും പോര വാങ്ങിക്കൂട്ടുകയും വേണോ?
വറ്ണ്ണങ്ങളേ..
ഹാസ്യത്തില്‍ മുക്കി തെറിപ്പിച്ച ഈ വറ്ണ്ണങ്ങള്‍ മനോഹരമായിരിക്കുന്നു..:)
വര്‍ണ്ണങ്ങളുടെ ചുവടുമാറ്റം കിടിലന്‍!!
കണ്ണൂസിന്റേലു ഒരു ഇതിഹാസമെഴുതാനുള്ള സ്കോപ്പ് (അഥവാ കോപ്പ്) കാണുന്നുണ്ടല്ലോ! എഴുതാം എന്നു തോന്നിപ്പിക്കുന്ന അടുത്ത ഡെല്‍റ്റാ ടി എന്നാവുമിനി?
വര്‍ണ്ണം,
അവസാന നാലു പല്ലുപോയ കഥ കേട്ടു, 28 എണ്ണത്തിന്റെ ഫ്ലാഷ്‌ബാക്ക് പറഞ്ഞില്ല ;)
മടൽ വിഹാരി വാജ് പേയി !!
ആകെ മൊത്തം കലക്കി ട്ടോ!
സു--> അനിയൻ സഹായി ആണ്. ഒരു കാര്യം മാത്രം..
ചുരിദാർ, സാരി ഇവയിലേതെങ്കിലും ധരിച്ചവർക്ക് മാത്രം..!
ചില-->:)
സാക്ഷി-->:)
രേഷ്മ-->:)
പെരിങ്ങ്-->നാലിന്റെ മാത്രമേ പറയാൻ കൊള്ളൂ...
ബാക്കി സെൻസേർഡ്..!
വർണമേഘങ്ങൾ! നന്നായിരിക്കുന്നു.