Tuesday, February 21, 2006

അരവിന്ദന്റെ 'സത്യാ'ന്വേഷണങ്ങൾ...!

അരവിന്ദൻ ഒരു പുലി ആയിരുന്നു..!
കോളേജിലെ പുലിത്തരങ്ങൾ കൂടിയപ്പോൾ പലരും അദ്ദേഹത്തെ ഭയ-ഭക്തി-ബഹുമാനപുരസരം 'മുഴുവിന്ദൻ' എന്നും വിളിച്ചു പോന്നു..!
രണ്ടാം വർഷ പ്രീ ഡിഗ്രി എന്ന സർവജ്ഞപീഠം പാതി കയറിക്കഴിഞ്ഞ ആളാണ്‌ താനെന്ന അഹന്ത അരവിന്ദനെ ആക്രാന്ദ പുളകിതനാക്കി..
അതിന്റെ അനുരണനമെന്നോണം എന്തു കാര്യത്തിനും സംശയലേശമന്യേ അരവിന്ദൻ ചാടി വീഴുമായിരുന്നു, എല്ലാവരെക്കാളും മുന്നേ..!
അരവിന്ദന്‌ എല്ലാം എളുപ്പമാണ്‌,
എന്ത്‌ കേട്ടാലും 'ഇത്രേ ഉള്ളോ.. ഇപ്പ ശരിയാക്കാം' എന്ന്‌ പപ്പു ശൈലിയിൽ തട്ടി ഒറ്റ ഇറക്കമാണ്‌... രണ്ടിലൊന്നറിഞ്ഞേ പിന്മാറ്റമുള്ളൂ.
അരവിന്ദന്റെ സാമർത്ഥ്യക്കൂടുതൽ കൊണ്ടോ, ഇറങ്ങിയ കാര്യത്തിന്റെ കഠിന്യം കൊണ്ടോ എന്തോ ഉദ്ദിഷ്ട കാര്യത്തിന്റെ ഉപകാരസ്മരണ പലരിൽ നിന്നും ടിയാന്‌ കിട്ടാറില്ലായിരുന്നു...
ഉദ്ദിഷ്ട കാര്യം സാധിച്ചിട്ട്‌ വേണ്ടേ സ്മരണ..? എന്ന്‌ ചോദിക്കരുത്‌, ഉത്തരം റെഡി..
'മനുഷ്യൻ പോക്കാണുണ്ണീ
നായല്ലോ നന്ദിവാൻ.!'
ചുരിദാർ,പാവാട-ബ്ലൌസ്‌ മുതലായ നാരീ വേഷങ്ങൾക്ക്‌ മുന്നിൽ രോമാഞ്ചകഞ്ചുകിതനായി ലോകത്തിന്റെ അർഥമില്ലായ്മയെക്കുറിച്ചും,മറ്റുള്ള ആൺ പരിഷകളുടെ കഴിവുകേടിനെക്കുറിച്ചും, അതിലെല്ലാമുപരി തന്റെ സദ്ഗുണസമ്പന്ന വീരചരിതങ്ങളെപ്പറ്റിയും മുഴുവിന്ദൻ മുഴുനീളം കത്തിക്കയറുമായിരുന്നു..!
ഇടവേളസമയങ്ങളിലും,ഉച്ചഭക്ഷണ വേളയിലും തങ്ങൾക്ക്‌ കരഗതമാകുന്ന ചോക്ലേറ്റ്‌ പീസുകളും,വേഷാലങ്കാര പീസുകളും ഒക്കെ ഓർത്ത്‌ യഥർത്ഥ പീസുകൾ ഇതെല്ലാം ആരാധനാർത്ഥം വെള്ളം തൊടാതെ വിഴുങ്ങിപ്പോന്നു..!
അതുകൊണ്ട്‌ തന്നെ അദ്ദേഹം സ്ത്രീസമ്മതനായി സസുഖം വാണു പോന്നു.

ഒരിക്കൽ അരവിന്ദനടങ്ങുന്ന ഞങ്ങളുടെ ബാച്ച്‌ ഊട്ടിയ്ക്ക്‌ ടൂറിട്ടു.
ആൺ-പെൺ അംഗങ്ങളുള്ളതിനാൽ ഇന്ദിര ടീച്ചറും, സത്യവാൻ സാറുമായിരുന്നു കൂട്ടു വന്നത്‌.
സത്യവാൻ സാർ ഗാന്ധിയൻ,ശുദ്ധൻ,സൌമ്യൻ,ശാന്ത ശീലൻ... വാക്കുകൾ കൊണ്ട്‌ പോലും വിദ്യാർത്ഥികളെ നോവിക്കാത്തയാൾ..!
യാത്ര അതിരസകമായിരുന്നു..!
ഞങ്ങൾ ആൺ സംഘമെല്ലാം പിറകിലത്തെ സീറ്റുകളിൽ അൽപം വലിയും;സ്വൽപം കുടിയും അതിലേറെ ഓളവുമായി കൂടി.അരവിന്ദനടങ്ങുന്ന പെൺ സംഘം മുൻ സീറ്റുകളിൽ കൈ നോട്ടവും,തിരുവാതിരപ്പാട്ടും,ഡഗൻസും,കടല കൈമാറലും,പൊതികളിൽ കയ്യിട്ടു വാരലും ഒക്കെയായി തകർത്തു വാരി..!
അരവിന്ദന്റെ കയ്യിലെ വലിയ ബാഗ്‌ ഇടയ്ക്കിടെ തുറന്നടയുന്നതും,ദുർലഭമായ ഭക്ഷണ സാമഗ്രികൾ വളയിട്ട കൈകളിലിരുന്ന്‌ പിറകിലേക്ക്‌ നോക്കി 'നിനക്കൊന്നും യോഗമില്ലെഡാ മക്കളേ..' എന്ന മട്ടിൽ ചിരിക്കുന്നതും, കൊടുക്കലും;കൈമാറലും;കൂടെക്കഴിക്കലും അരങ്ങു തകർക്കുന്നതും കണ്ടു.
അതിരാവിലെ ഊട്ടിയിലെത്തി..!
എല്ലാവരെയും ബസിൽ തന്നെയിരുത്തി റൂം ശരിയാക്കാൻ പോയ അദ്ധ്യാപക ജോഡികളിൽ ഇന്ദിര ടീച്ചർ തിരികെയെത്തി ഇറങ്ങാൻ വിസിലൂതി..!
കൂടു തുറന്നുവിട്ട കോഴിക്കുഞ്ഞുങ്ങളെപ്പോലെ എല്ലാവരും ചാടിയിറങ്ങി, കോമൺ ബാത്‌ റൂമുകളെന്ന ശങ്ക നിർവഹണ കേന്ദ്രം ലക്ഷ്യമാക്കി ശങ്കന്മാരും;ശങ്കികളും ചീറിയടുത്തു...!
ഡോർമിറ്ററിയും അതിന്‌ ശേഷം ടോയ്‌ലെറ്റുകളുടെ നിരയുമായി എൽ ഷേപ്പിലായിരുന്നു പാത.
അതിലൂടെ മറ്റു കുതിരകളെ പിന്നിലാക്കി കുതിയ്ക്കുന്ന അശ്വ രാജന്റെ കരുത്തോടെ,അതിലേറെ ആക്രാന്ദത്തോടെ തള്ളി മാറ്റിയും;വകഞ്ഞ്‌ നീക്കിയും മുഴുവിന്ദൻ കുതിച്ചോടി മുന്നിലെത്തി..!
മറ്റുള്ളവർ എത്തിയപ്പോഴേയ്ക്കും അശ്വമുഖ്യൻ ആദ്യം കണ്ട വാതിലിൽ പിടുത്തമിട്ടു കഴിഞ്ഞിരുന്നു.
'ഈ പുണ്യ ഭൂവിൽ ഞാനാദ്യം.....' എന്ന മട്ടിൽ മറ്റുള്ളവരെ നോക്കി, അധികം പ്രതിരോധമില്ലാത്ത വാതിൽ മുഴുവിന്ദൻ മലർക്കെ തുറന്നു....
അതിനുള്ളിൽ ത്രിശങ്കു സ്വർഗത്തിലായ സത്യവാൻ സാറിന്റെ നരച്ച മീശ ഉയർന്നു വിറച്ചു...
കിടക്കപ്പായയിൽ നിധി കണ്ട്‌ പ്രജ്ഞയറ്റവനെപ്പോലെ കണ്ണുകൾ തള്ളിയ അരവിന്ദൻ ഒട്ടും സംശയിക്കാതെ വെച്ചടിച്ചു..
'ഗുഡ്‌ മോർണിങ്ങ്‌ സർ..!'
കുറ്റിയില്ലാത്ത ടോയ്‌ലെറ്റിൽ നിന്നും പിന്നെ ഒരു അലർച്ച മാത്രം..
'അടയ്ക്കെടാ പട്ടീ വാതിൽ...!' ഒപ്പം വേർതിരിച്ചെടുക്കാനാകാത്ത ഭാഷായുടെ പെരുമഴയും....!
ചുറ്റും തന്റെ ആരാധികമാരുടെ ആർത്തു ചിരി... ഇനി കയറേണ്ട ആവശ്യമില്ലെന്ന ചിന്തയോടെ അരവിന്ദനുറപ്പിച്ചു...
സാറും പുലി തന്നെ...!!

തിരികെയുള്ള യാത്രയിൽ സൂചി വീണാലറിയുന്ന നിശബ്ദത .... ബസിൽ രണ്ട്‌ പുലികളുള്ളത്‌ കൊണ്ടാകാം ...!!!

Posted by Varnameghangal @ 8:09 AM

------------------------------------------

11 Comments:
Anonymous Anonymous said...

ഈ പുലി അന്ന്‌ ബസ്സില്‍ ഉറങ്ങി കിടക്കുകയായിരുന്നു,ല്ലേ?

8:48 AM  

Blogger Sreejith K. said...

യവന്‍ പുലിയല്ല കേട്ടാ, സിങ്‌‌ഗമാണ്, സിങ്ഗം.

8:55 AM  

Blogger Unknown said...

ഹ ഹ ഹ... ലവന്‍ സിംഗം തന്നെ...

9:28 AM  

Blogger ചില നേരത്ത്.. said...

വര്‍ണ്ണമേ..
പുലികളുമായുള്ള വാസം കാരണം താനും ഒരു പുലിയായിരിക്കുന്നു. വെറും പുലിയല്ല, പുള്ളിപ്പുലി.
മനോഹരമായിരിക്കുന്നു!!!.
സസ്നേഹം
ഇബ്രു-

9:30 AM  

Blogger അരവിന്ദ് :: aravind said...

ഈ അരവിന്ദന്‍, സോറി, മുഴുവിന്ദന്‍ ഞാനല്ലേ...
:-))
വര്‍ണ്ണം, കഥ കലക്കീ ട്ടോ.

10:12 AM  

Blogger സിദ്ധാര്‍ത്ഥന്‍ said...

ആ ഗുഡ്‌മോര്‍ണിംഗ്‌ വല്ലാണ്ടു്‌ ചിരിപ്പിച്ചു കളഞ്ഞു വര്‍ണ്ണമേ. വി കെ എന്‍ പറഞ്ഞ കണക്കു്‌ മൂന്നേമുക്കാല്‍ നാഴിക നേരം ചിരിച്ചു.

10:14 AM  

Blogger രാജീവ് സാക്ഷി | Rajeev Sakshi said...

വര്‍ണ്ണങ്ങള്‍,
കഥ കലക്കി.

എന്താ അരവിന്ദാ ഇത്, "എന്നെ കണ്ടാല്‍ കിണ്ണം കട്ടൂന്ന് തോന്ന്വോന്ന്" ചോദിക്കുന്ന പോലെ. ;)

11:14 AM  

Blogger രാജ് said...

ഊട്ടിയില്‍ ലാന്‍ഡ് ചെയ്ത കേരളത്തിലെ പിള്ളേര്‍ കക്കൂസു തിരയുന്നതിന്റെ സ്പീഡുകണ്ടാല്‍ തോന്നും ലവന്മാര്‍...

വര്‍ണ്ണമേഘങ്ങള്‍ക്കു തമാശയും വഴങ്ങുമല്ലേ, നല്ലതു്!

11:55 AM  

Blogger Kalesh Kumar said...

വർണ്ണമേഘങ്ങളേ, നന്നായിട്ടുണ്ട്!
ഇങ്ങനെയും എഴുതാൻ കഴിയും അല്ലേ?! :)

12:47 PM  

Blogger Visala Manaskan said...

തകര്‍ത്തു മോനേ...

പുലികളെത്തടഞ്ഞിട്ട്‌ ഇപ്പ്പ്പോ നടക്കാന്‍ പറ്റാതായല്ലോ സാറന്മാരേ...!

6:13 PM  

Blogger കീരിക്കാടന്‍ (Keerikkadan) said...

പുലികളെല്ലാം ഓര്‍ത്തൊ ...
ക്കീരിക്കാടന്‍ ഇറങ്ങിയിട്ടുണ്ട്‌

6:18 PM  

Post a Comment

Home

  View Profile



Previous Posts
നീ പെയ്യുവോളം..!
ശലഭ ജന്മങ്ങൾ..!
ഒരു അനിയൻ വീരഗാഥ..!
മോഷ്ടാവ്‌..!
ഹീര..!
പാഠം ഒന്ന്‌-പരീക്ഷ..!
അവസ്ഥാന്തരങ്ങൾ..!
പടുമരം..വേരുകളില്ലാതെ..!
ടെലിവിഷം പരിപാടികൾ..!
ബൈനറി സൃഷ്ടികൾ..!