Tuesday, February 14, 2006

നീ പെയ്യുവോളം..!

രാവേറെയായി..!
ചെറുകാറ്റുണ്ടായിരുന്നു.., രോമകൂപങ്ങളിലാകെ സുഖമുള്ള തണുപ്പ്‌ വിതറി കടന്നു പോകുന്ന കുഞ്ഞിളം കാറ്റ്‌..!
നിശബ്ദമാണ്‌ രാവ്‌..ചെറുകാറ്റിലുണരുന്ന ദല മർമ്മരങ്ങളില്ലെങ്കിൽ...
വിജനമാണ്‌ രാവ്‌..ചിരി തൂകി നിൽക്കുന്ന പൂർണേന്ദുവില്ലെങ്കിൽ..!
നിദ്രാടനം മനസിന്‌ മടുത്തിട്ടുണ്ടാകാം... വാതായനങ്ങളാൽ കണ്ണുകളും...
മുറ്റത്തേക്കിറങ്ങി...
വെറുതേ നടക്കുവാൻ ഓർമകളുടെ ഒറ്റയടിപ്പാതയുണ്ട്‌... തിരികെ പോരുവാൻ തോന്നാത്ത വിധം...!
അവയിൽ പ്രണയത്തിന്റെ നിറം തിരഞ്ഞ്‌ പിടിക്കൻ മനസിന്റെ വെമ്പൽ...
ആർദ്ര വേദനകളുടെ കൂട്ടം തിരഞ്ഞു പോകാൻ ഹൃദയത്തിന്റെ തള്ളൽ...
ഒക്കെ ഞാനറിയുന്നുണ്ടായിരുന്നു...!
ഏടുകൾ നിറഞ്ഞ പ്രണയകാലങ്ങൾ, അന്തരം നിറഞ്ഞ പ്രണയനാളുകൾ..
ഞാനൊരു മാത്ര നിന്നു..

അവയിലാദ്യം നീയുണ്ടായിരുന്നു..!
ഒരു ചാറ്റൽ മഴ പോലെ..
ഏറെ നാൾ കാത്ത്‌, പൊടുന്നനേ വന്നെത്തി മറയുന്ന ചാറ്റൽ മഴ പോലെ...!
നിന്നെയും നിന്റെ പാട്ടിനെയും ഞാനൊരു പോലെ പ്രണയിച്ചിരുന്നു, നിന്റെ പാട്ടുകൾ എനിയ്ക്കായി മാത്രമെന്നും, നീ ഏകയായി നടക്കാറുള്ളത്‌ എന്റെ കൂട്ടിനായെന്നും ചിന്തിച്ചു ഞാൻ...!
അന്തർമുഖനെങ്കിലും ഇഷ്ടം തുറന്നു പറഞ്ഞു... നീയെതിർത്തില്ല... ഇല്ലെന്നു പറഞ്ഞില്ല...
മൌനമായിരുന്നു നമ്മുടെ പ്രണയം.. ഒരു വാക്കും ഉരിയാടാതെ.. കണ്ണുകളുടെ നൂൽപ്പാലം.......കനവിലേയ്ക്ക്‌...!!
ഉൾഭയമായിരുന്നിരിയ്ക്കാം ഇരുവർക്കും.
ഒരുമാത്രയെങ്കിലും മൌനം മടുത്തിരുന്നോ നമുക്ക്‌....??അറിയില്ല...!
എങ്കിലും...ഒന്ന്‌ മാത്രമറിയാം..
അതേ മൌനത്തിൽ തന്നെ നാമകന്നു പോയി... ഒന്നും മിണ്ടാതെ... യാത്ര ചോദിയ്ക്കാതെ..!
കലാലയ നാളുകളിലേയ്ക്ക്‌ പറിച്ചു നടപ്പെട്ടപ്പോഴും, കൈയ്യെത്തും ദൂരത്തിരുന്നിട്ടും...
നാമകന്നു പോയി.......!!
മൌനം മാത്രമല്ല പ്രണയം... ഞാനറിഞ്ഞു..!

പിന്നെയെപ്പൊഴോ അനുവാദമില്ലാതെ നീ കടന്നെത്തി..
പെയ്ത്‌ തിമിർക്കുന്ന മഴ പോലെ..
നനയാനാഗ്രഹിച്ചില്ല ഞാൻ, ഈറനാകാതെ നിൽക്കാൻ ശ്രമിച്ചു.
പക്ഷെ നീ പെയ്ത്‌ തോർന്നിരുന്നില്ല... എനിയ്ക്കായി പെയ്തുകൊണ്ടേയിരുന്നു... ഞാൻ നടക്കുവോളം..!
പിന്നെയെപ്പൊഴോ നിന്റെ ആവേഗമെനിയ്ക്ക്‌ പരിചിതമായി.
ഞാനിറങ്ങി.. നനഞ്ഞു..!!
എങ്കിലും പലപ്പോഴായ്‌ തിരികെ കയറി.
നിന്റെ ചിരികളിൽ വിഷാദ മേഘങ്ങൾ, നിന്റെ കണ്ണുകളിൽ പിന്നെയും പ്രതീക്ഷയുടെ പെയ്യൽ... നിരസിക്കാനായില്ല.
പിന്നീട്‌ നടന്നു തുടങ്ങിയപ്പോഴേയ്ക്കും വൈകിയിരുന്നു... ഒരുമിച്ചുള്ള പാത മുറിഞ്ഞ്‌ പോയിരുന്നു.. മുറിയ്ക്കുവാൻ നിർബന്ധിതരായിരുന്നു..!
തോരാതെ തരമില്ലായിരുന്നു നിനക്ക്‌... എന്റെ ദേഹിയിൽ പകർന്നിട്ട നനവുകൾ ബാക്കിയാക്കി, നീയെപ്പൊഴോ തോർന്നു പോയി... എങ്ങോ മറഞ്ഞു പോയി..!
പ്രണയം വേദനയാകുന്നു... ഞാനറിഞ്ഞു..!

കാണുവാൻ കൊതിച്ചതും, കാണേണ്ടി വന്നതും നീയെന്ന കാൽപനികത മാത്രമോ..?
നീയെന്ന ചെറു മഴ.. എന്റെ മണ്ണിന്റെ ഊഷരത ബാക്കിയാക്കി മറഞ്ഞു പോയി..!
നീയെന്ന പെരു മഴ.. എന്റെ മണ്ണിന്റെ ഊർവരത കാണാതെ പെയ്തു പോയി..!

എന്റെ മഴയെ തിരഞ്ഞ്‌ ഇനിയും അലയില്ലെന്നു നിനച്ചു,
എന്റെ ഭൂവിൽ നീ വീണു കുളിർക്കുന്ന നാളിനായ്‌ കാത്തിരുന്നു..!

ഒടുവിൽ നീയെത്തി...
മണ്ണും മനവുമറിഞ്ഞ്‌..
എന്റെ മഴ...!
ചെറുമഴയ്ക്കും, പെരു മഴയ്ക്കും മീതേ...
എന്റെ മണ്ണിന്റെ മണമറിഞ്ഞവൾ..
എന്റെ മഴ...
എന്റെ ജീവിത സഖി...
എന്റെ പെണ്ണ്‌..!!!

(ഒരു സമർപ്പണം കടമെടുക്കുന്നു:
'ഞാൻ സ്നേഹിച്ച പെണ്ണിന്‌, എന്നെ സ്നേഹിച്ച പെണ്ണിന്‌... എന്റെ പെണ്ണിന്‌..!)

Posted by Varnameghangal @ 7:54 AM

------------------------------------------

10 Comments:
Blogger സ്വാര്‍ത്ഥന്‍ said...

ആശംസകള്‍

10:18 AM  

Blogger Kalesh Kumar said...

അതിമനോഹരം!
വാലന്റൈൻസ് ദിനാശംസകൾ!

(ഈ ബ്ലോഗ് ഫയർഫോക്സിൽ ശരിക്ക് വരുന്നില്ലല്ലോ?! ഇന്റർനെറ്റ് എക്സ്പ്ലോററിൽ കുഴപ്പമൊന്നുമില്ല. ടെക്ക് ഗുരുക്കളെ, ഒന്ന് ശ്രദ്ധിക്കൂ...)

10:29 AM  

Anonymous Anonymous said...

ഒന്നാം കാലത്തില്‍ തുടങ്ങി ആറാം കാലത്തില്‍ തകര്‍ത്തു പെയ്യുന്ന ഒരു മഴയ്ക്കായ്‌ കാത്തിരിക്കുന്നു ആ മഴ തികച്ച്‌ നനയാന്‍.

ആശംസകള്‍
നിനക്കും, നിന്റെ പെണ്ണിനും

1:50 PM  

Blogger സു | Su said...

:)

2:47 PM  

Blogger Adithyan said...

ആ അവസാനത്തെ സമർപ്പണത്തിൽ പറഞ്ഞിരിക്കുന്ന ഒരുകൂട്ടം പെണ്ണുങ്ങൾ എല്ലാം ഒരു പെണ്ണു തന്നെയാണെന്നും, പിന്നെ ഇതൊരു ശുഭപര്യവസായിയാണെന്നും വിശ്വസിച്ചോട്ടെ?

:-) ശ്യാമമേഘമേ നീ.... :-)

3:53 PM  

Blogger ചില നേരത്ത്.. said...

വര്‍ണ്ണമേ.. പ്രണയവര്‍ണ്ണങ്ങള്‍ മനോഹരമായി പെയ്തിറങ്ങുന്നു. കാവ്യാത്മകത ചാറ്റല്‍ മഴ പോലെ, കുളിര്‍ കാറ്റ് പോലെ വികാരങ്ങളെ മൃദുലമായി തലോടുന്നു.
==============================
ആശംസകള്‍ നേരുന്നു!!
===================
സസ്നേഹം --ഇബ്രു---

4:33 PM  

Blogger രാജീവ് സാക്ഷി | Rajeev Sakshi said...

ഇനി നനയൂ.. മതിയാവോളം.
ആശംസകള്‍!!

8:54 AM  

Blogger Thomas said...

beautiful. Very inspired and poetic. wish i could write more, but i am just stunned by the beauty of it to continue.

10:34 PM  

Blogger സൂഫി said...

ഒടുവില്‍ ഞാനുമിവിടെത്തുന്നു…
ഒരു ചാറ്റല്‍ മഴ പോലെ..
ബ്ലോഗ്ഗിന്റെ നിറമറിഞ്ഞ്….
വറ്ണ്ണങ്ങളുടെ മിഴിവറിഞ്ഞ്…
വരികളിലെ പ്രണയമറിഞ്ഞ്...

8:31 AM  

Blogger .:: ROSH ::. said...

megham
that was just awesome...absolutely awesome. you are gifted with words..god bless your wordpower.

3:18 AM  

Post a Comment

Home

  View Profile



Previous Posts
ശലഭ ജന്മങ്ങൾ..!
ഒരു അനിയൻ വീരഗാഥ..!
മോഷ്ടാവ്‌..!
ഹീര..!
പാഠം ഒന്ന്‌-പരീക്ഷ..!
അവസ്ഥാന്തരങ്ങൾ..!
പടുമരം..വേരുകളില്ലാതെ..!
ടെലിവിഷം പരിപാടികൾ..!
ബൈനറി സൃഷ്ടികൾ..!
വർണമേഘങ്ങളെയും കാത്ത്‌..!