|
Friday, March 10, 2006
ചീരന്റെ കളർ സ്വപ്നങ്ങൾ..!
ചീരൻ സ്വപ്നങ്ങൾ കാണാറുണ്ടായിരുന്നു.. കളറിലും ബ്ലാക് ആന്റ് വൈറ്റിലും...! കളറിൽ സുന്ദരിയായൊരു ഭാര്യയും, അതി സുന്ദരന്മാരായ രണ്ട് കുഞ്ഞുങ്ങളും,സമ്പൽ സമൃദ്ധമായ ലോകവും ഒക്കെയുണ്ടായിരുന്നു..! ബ്ലാക് ആന്റ് വൈറ്റിലാകട്ടെ അവന്റെ അച്ഛനും അവനും മാത്രം..! അച്ഛൻ ആജ്ഞാപിക്കുന്നു, അവൻ അനുസരിക്കുന്നു... അച്ഛൻ കോപിക്കുന്നു, അവൻ ചൂളി നിൽക്കുന്നു... അച്ഛൻ ഗർജ്ജിക്കുന്നു, അവൻ ഓടി മറയുന്നു.... അങ്ങനെയങ്ങനെ....
ഊരിലെ വിരലിലെണ്ണാവുന്ന ആണുങ്ങളിൽ മൂപ്പന്റെ മകനായ താനും വല്ലപ്പോഴും പെട്ടു പോകാറുണ്ടെന്ന് ചീരൻ അവശതയോടെയും, അതിലേറെ ആത്മ നിന്ദയോടും സ്മരിക്കാറുണ്ടായിരുന്നു..! അച്ഛനും ചൂരൽ വടിയുമില്ലായിരുന്നെങ്കിൽ ഒരു പക്ഷെ താനൊരു ഒത്ത ആണായിത്തീർന്നേനെ എന്നും നഷ്ടബോധത്തോടെ അവനോർക്കാറുണ്ടായിരുന്നു.എങ്കിലും തന്റെ കാടിനേക്കാൾ ഊറ്റത്തിൽ വളർന്ന് പന്തലിച്ച മീശ മേൽ തൊടുമ്പോൾ, ഞാനും ആണാണ് എന്ന വസ്തുത അവൻ തന്റെ ബോധമനസിലേക്ക് ആഞ്ഞടിച്ചുറപ്പിച്ചു കൊണ്ടേയിരുന്നു...!
ഒരുനാൾ, അടുത്ത ഊരിലെ മൂപ്പ സന്താനമായ ചോതിയുമായുള്ള ചീരന്റെ പൊട കൊട മൂപ്പൻ തെല്ലുറക്കെ തന്നെ സഭയിൽ അനൌൺസ് ചെയ്തു..! ചീരൻ ഞെട്ടി.. അതിൻ മേലുള്ള പ്രതിഷേധവും അതിന്റെയും മേലെയുള്ള നിസ്സഹായതയും മൂലം ഉടലെടുത്ത ആക്രമണോൽസുകത താനിരുന്ന മരക്കുറ്റിയിൽ ആഞ്ഞാഞ്ഞിടിച്ചാണ് അവസാനിപ്പിച്ചത്...! ഊരിലെ എണ്ണം പറഞ്ഞ സുന്ദരികളിലൊരുവളായ കന്നിയിൽ തനിക്കുണ്ടായിരുന്ന അഭിനിവേശവും അവൾ കടന്നു വന്നിരുന്ന കളർ സ്വപ്നങ്ങളും ചീരൻ നിമിഷ നേരം കൊണ്ട് മറന്നു... മറക്കേണ്ടി വന്നു..!
പിന്നീട്, ചോതിയെപ്പറ്റി മൾട്ടി കളർ സ്വപ്നങ്ങൾ കാണാൻ വൃഥാ ശ്രമിച്ച് വശായതിന്റെ അനന്തരം വീണ്ടും അച്ഛനും വടിയും താനും നിറഞ്ഞ, നീണ്ട ഉറക്കങ്ങളിൽ മാത്രം കടന്നു വരികയും വിട്ടൊഴിയാത്തതുമായ ഇരു വർണ്ണ സ്വപ്നങ്ങളിൽ തന്നെ ദീർഘനിശ്വാസ സമ്മേതനായി ചീരൻ കടിച്ചു തൂങ്ങി..!
ഊരുകൾ തമ്മിൽ ബന്ധിച്ച ചടങ്ങുകൾക്ക് ശേഷം ആദ്യ രാത്രിയിൽ, പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് സെക്രട്ടേറിയേറ്റ് പടിക്കൽ കുത്തിയിരിപ്പ് സമരത്തിന് പോകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ചോതി വാചാലയായതും, അന്നേ രാത്രിയുടെ മഹത്വബോധം ലവ ലേശമില്ലാതെ ഗവർണ്മന്റെന്ന കരിങ്കാലിയെ കേട്ടാൽ കാതോടിയൊളിക്കുന്ന തെറിയും പറഞ്ഞ്; സ്വന്തം സംരക്ഷണ സമിതി സമ്മാനമായി തന്ന ഇരുമ്പ് കട്ടിലിലേയ്ക്ക് ചാഞ്ഞ് വീണുറങ്ങിയതും ഒക്കെ ആവറേജ് ആദിവാസിയായ ചീരനിൽ ആത്മ നൊമ്പരമുണർത്തി..! എങ്കിലും ശുഭാപ്തിവിശ്വാസം തെല്ലും നഷ്ടപ്പെടുത്താതെ തന്റെ സ്ഥിരം പുൽ ശയ്യയിൽ കളർ സ്വപ്നങ്ങൾക്ക് കൊതി പൂണ്ട് കണ്ണുകളടച്ചു കിടന്നു ചീരൻ..!!
പിറ്റേന്ന്, കാട്ടു കോഴി കൂവിയിട്ടും മടി പൂണ്ട് കിടന്ന് പിന്നെയുമുറങ്ങി പിന്നെയുണർന്നപ്പോൾ വാമഭാഗത്തെ കാണാത്തതിലുള്ള വൈഷമ്യം അവൾ എന്തോ വലിയ കാര്യങ്ങൾ ചെയ്യുന്നവൾ എന്ന തോന്നലിൽ അവൻ മുക്കി കളഞ്ഞു... പിന്നെ പതിയെ എഴുന്നേറ്റ് ചോല ലക്ഷ്യമാക്കി നടന്നു... തന്റെ വലിയ കാര്യങ്ങൾ ചെയ്തു തീർക്കാൻ...! അവൾ കുടിയിലുണ്ടാകുക തന്നെ അപൂർവ്വം. അഥവാ ഉണ്ടായാൽ തന്നെ തനിയ്ക്ക് മനസിലാകാത്ത ഭാഷകളിൽ എന്തൊക്കെയോ ആരോടൊക്കെയോ സംസാരിക്കുന്നതും തന്റെ ഇഷ്ടാനിഷ്ടങ്ങളിൽ തെല്ലും താൽപര്യമില്ലാതെ കണ്ണിൽ കാണുന്ന ചപ്പും പുല്ലും സമയം പോലെ വെച്ചുണ്ടാക്കുന്നതും ചീരൻ തന്റെ രണ്ടാം ഘട്ട നിസ്സഹായതയോടെ കണ്ടു നിന്നു..!പലകുറി സമര മുഖത്തേക്കിറങ്ങാൻ നിർബന്ധിച്ചിട്ടും താൻ വിട്ടൊഴിഞ്ഞതിന്റെ ദേഷ്യത്താൽ നികൃഷ്ട ജീവിയെന്ന പോൽ അവൾ നോക്കിയ നോട്ടവും,കാടായ കാടെല്ലാം കയ്യേറി കുടി കെട്ടാനുള്ള അവരുടെ പദ്ധതികളും,കയ്യിൽ കിട്ടുന്ന ആയുധങ്ങളാൽ പോലീസെന്ന ഏമാന്മാരെ തച്ചുടയ്ക്കാനുള്ള രൂപരേഖയും,എപ്പൊഴും സമര രീതികൾ വിശദീകരിച്ച് തരുന്ന ഏതോ നായികാ-നായകന്മാരും ഒക്കെ കൂടി 'ഇതല്ല തന്റെ ലോകം' എന്നും 'ഇവിടെ താനാരുമല്ല' എന്നും ചീരനിൽ തോന്നലുളവാക്കി..!
തന്റെ കളർ സ്വപ്നങ്ങൾ വീണ്ടും പഴയ നരച്ച നിറങ്ങളിലേയ്ക്ക് വഴുതി വീണു പോകുന്നത് ചീരനറിഞ്ഞു... ഇക്കുറി താനും ഭാര്യയും അവളുടെ സമിതി പ്രവർത്തനങ്ങളും...! ആദിവാസികളുടെ ക്ഷേമത്തിനും സുഖ സൌകര്യങ്ങൾക്കും വേണ്ടി അക്ഷീണം പട പൊരുതുന്ന ഝാൻസിമൂപ്പത്തിയാണ് തന്റെ ജീവിത സഖിയെന്ന സത്യം വീണ്ടും ആവറേജിൽ താഴ്ന്നു പോയ ചീരൻ ഞെട്ടലോടെ തിരിച്ചറിഞ്ഞു..! ജീവിതത്തിന്റെ ഒരു പകുതി അച്ഛന് വിധേയനായി കളഞ്ഞു കുളിച്ച താൻ, വിവാഹ ജീവിതത്തെ പറ്റി ധാരാളം കളർ സ്വപ്നങ്ങൾ കണ്ടിരുന്ന താൻ,മറുപകുതിയും കാട്ടിലെ കയ്പ്പ് കിഴങ്ങിന്റെ പരുവത്തിൽ ജീവിച്ച് തീർക്കേണ്ട താൻ.... ചീരന്റെ ഉള്ള് വേദനയിൽ വിണ്ട് കീറി...!!
പിറ്റേന്ന് സർവസന്നാഹങ്ങളുമായി പോലീസിനെ ആക്രമിച്ച സമിതി പ്രവർത്തകർ അതിരു വിട്ടപ്പോൾ ഗത്യന്തരമില്ലാതെ, ആകാശത്തിലെ പറവകളെ പറക്കാൻ വിട്ട് , നേർക്ക് നേർ നിറയൊഴിക്കേണ്ടി വന്ന കാക്കിയണിഞ്ഞ ഏമാന്മാരുടെ അസ്സൽ വെടിയുണ്ടകളുടെ മുന്നിലേക്ക് നെഞ്ചും വിരിച്ച് എവിടെ നിന്നോ ഓടിക്കയറി ചീരൻ... തന്റെ സാഫല്യമാകാത്ത കളർ സ്വപ്നങ്ങളുടെ ഭാരവും പേറി... ഒന്നിനും കൊള്ളാത്തവനെന്ന് തന്നെ വിശേഷിപ്പിച്ച ചോതിയടങ്ങുന്ന സമര നിരയ്ക്ക് ആളിക്കത്തുവാൻ രക്ത സാക്ഷിയെ സമ്മാനിച്ച്.... അടുത്ത ജന്മത്തിൽ ആണായി പിറക്കുമെന്നും, കന്നിയെ നേടുമെന്നും, കളർ സ്വപ്നങ്ങൾ മാത്രം കാണുമെന്നും കരളുറപ്പിച്ച്...!!
Posted by Varnameghangal @ 2:55 PM
------------------------------------------
19 Comments:
Home
|
|
View Profile
Previous Posts
മഴയിൽ... നനയാതെ..!
ഞാനറിയാതെ..!
അയൺ മാൻ..!
നിഴലുകളില്ലാതെ..!
അരവിന്ദന്റെ 'സത്യാ'ന്വേഷണങ്ങൾ...!
നീ പെയ്യുവോളം..!
ശലഭ ജന്മങ്ങൾ..!
ഒരു അനിയൻ വീരഗാഥ..!
മോഷ്ടാവ്..!
ഹീര..!
|
ബ്രില്ല്യന്റ് ഐഡിയ വര്‍ണ്ണമേഘമേ!
ക്രിയേറ്റീവ് ഭാവനയ്ക്ക് നൂറില്‍ നൂറ്റിപ്പത്ത്.
രചയ്ക്ക് 99.99 (സീരിയസ് ഭാഷയില്‍ എഴുതാമായിരുന്നു-ഇംഗ്ലീഷൊഴിവാക്കി)
തികച്ചും വ്യത്യസ്തം. അഭിനന്ദനങ്ങള്‍!
ബ്രില്ല്യന്റ് ഐഡിയ വര്‍ണ്ണമേഘമേ!
ക്രിയേറ്റീവ് ഭാവനയ്ക്ക് നൂറില്‍ നൂറ്റിപ്പത്ത്.
രചയ്ക്ക് 99.99 (സീരിയസ് ഭാഷയില്‍ എഴുതാമായിരുന്നു-ഇംഗ്ലീഷൊഴിവാക്കി)
തികച്ചും വ്യത്യസ്തം. അഭിനന്ദനങ്ങള്‍!
അരവിന്ദന്‍ പറഞ്ഞത് തന്നെ. ബ്രില്യന്റ്.
നിറങ്ങള്‍ നന്നായി സന്നിവേശിപ്പിച്ചിരിക്കുന്നു. മനോഹരം. അബ്‌സലൂട്‌ലി മനോഹരം.
മേഘങ്ങളെ,
വായിച്ചപ്പോള്‍ ശീമ തമ്പുരാന്റെ കുതിര വണ്ടിക്കൊപ്പം ഓടുന്ന മാടയെപോലൊരു രൂപമല്ല, മറിച്ച് മനുഷ്യ ബോംബാകുവാന്‍ തയ്യാറെടുകുന്നവന്റെ മനസികാവസ്ഥയെ കുറിച്ചുള്ള വിചാരങ്ങളാണ് മനസ്സിലേക്കോടിയെത്തിയത്.കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ തീവ്രമായ ഒരനുഭവമാകുമായിരുന്നു.
മേഘങ്ങളെ,
കൊള്ളാം.
ഒന്നു കൂടി: മലയാളം ബ്ലോഗുകകളില്‍ ഏറ്റവും ക്രിയേറ്റീവ് ആയിട്ടുള്ള റ്റെമ്പ്ലേറ്റ് താങ്കളുടേതെന്ന് എനിക്ക് തോന്നുന്നു.
കൊള്ളാം, വര്‍ണ്ണവും ബ്ലാക്ക് ആന്‍ഡ് വൈറ്റുമായ മേഘമേ!
ഒരു ചോദ്യം. നാം കാണുന്ന സ്വപ്നങ്ങളില്‍ വര്‍ണ്ണങ്ങളുണ്ടോ?
ഉമേഷ് മാഷെ, വര്‍ണ്ണാന്ധതയുള്ളവര്‍ വരെ നിറങ്ങള്‍ കാണുമെന്നിരിക്കെ, ഈ ചോദ്യത്തിനു പ്രസക്തിയുണ്ടോ?? (തല്ലല്ലേ!! ഞാന്‍ ഓടുന്നേ)
വര്‍ണ്ണമേ, നല്ല ഒരു എണ്ണഛായാ ചിത്രം കാണുന്ന സുഖം.. ഇനിയു നല്ല ചായക്കൂട്ടുകള്‍ വിരിയട്ടെ!!
ഡ്രീം എപ്പോഴാണു ബ്ലാക്കാന്‍ഡ് വൈറ്റ്യും എപ്പോഴാണു കളറും ആകുന്നതെന്നത് ഒരുപാടു ഗവേഷണം നടത്തി കൊളമാക്കിയ റ്റോപ്പിക്കാണു ശനിയാ..
എന്നെ സംബന്ധിച്ചിടത്തോളം എ സര്‍ട്ടിഫിക്കറ്റ് കിട്ടിയ സ്വപ്നങ്ങള്‍ കളറും ബാക്കി മിക്കതും ബ്ലാക് & വൈറ്റിലുമാണ്. പല സ്വപ്നങ്ങളുടെയും നിറം ഉണരുമ്പോ ഓര്‍മ്മയുമുണ്ടാവില്ല.
(മേഘം ആളു പുലിയാണെന്നു പറയാന്‍ തുടങ്ങിയ പോസ്റ്റായിരുന്നു ഇച്ചേലുക്കായിപ്പോയി...)
ദേവ്ജീ, ഹി ഹി!!
വര്‍ണ്ണമേ, ആ ജാവസ്ക്രിപ്റ്റ് അലെര്‍ട്ടിനു പകരം ആ പേജിന്റെ ഒരു മൂലക്കു എഴുതിയാല്‍ നന്നായിരുന്നു..
തുളസി മനുഷ്യബോംബാക്കപ്പെടുന്നവനെ കുറിച്ചു ചിന്തിക്കുകയായിരുന്നു കഥാകാരന്‍.
വര്‍ണ്ണമേ,
രണ്ടു പ്രശ്നം.
ആദ്യത്തേതു്: ചില്ലുകള്‍, പുതിയ വരമൊഴി/മൊഴി/അഞ്ജലി ഉപയോഗിക്കുക
രണ്ടാമത്തേതു്: ശനിയന്‍ പറഞ്ഞതുതന്നെ. വെഡ്‌ഡിസൈനിങിന്റെ തത്വങ്ങളിലൊന്നു കഴിയുന്നതും ഉപഭോക്താവിനെ കൊണ്ടു് കുറച്ചു കീ പ്രസ്സുകള്‍/മൌസ് ക്ലിക്കുകള്‍ ചെയ്യിപ്പിക്കുകയെന്നതാണു്.
വര്‍ണ്ണമേ,
വ്യത്യസ്ഥത പുലര്‍ത്തുന്ന പോസ്റ്റുകളിലൂടെ ബ്ലോഗുലോകത്തില്‍ നിങ്ങള്‍ വേറിട്ടുനില്ക്കുന്നു.
ഒരു വിധേയന്‍റെ മാനസിക വ്യഥകള്‍ വളരെ ലാഘവത്തോടെ വരച്ചുകാട്ടിയിരിക്കുന്നു.
ജീവിതത്തില്‍ നിന്ന് ഒളിച്ചോടാനും
തന്‍റെ സ്വപനങ്ങളൂടെ വര്‍ണ്ണങ്ങള്‍ ഊറ്റിയെടുത്തവരോട്
പ്രതികാരം ചെയ്യുവാനും അവന്‍ തിരഞ്ഞെടുത്ത വഴി
വായനക്കാരനെ എഴുതിനിര്‍ത്തിയതില്‍ കൂടുതല്‍ വായിച്ചെടുക്കാന്‍ പ്രചോദിപ്പിക്കുന്നു.
ഇത് ബ്ലാക്ക് ആന്‍റ് വൈറ്റില്‍ വായിക്കാനാണെനിക്കിഷ്ടം.
ഇത് വായിച്ചപ്പോഴെനിക്ക് ആദിവാസി നേതാവ് ജാനുവിനെ ഓര്‍മ്മ വന്നു. മനോഹരമായി എഴുതിയിരിക്കുന്നു.
വനിതാദിനാഘോഷങ്ങളുമായി ഈ അടിച്ചമര്‍ത്തപെട്ടവന്റെ കഥയ്ക്ക് ബന്ധമുണ്ടോ?
‘തന്റെ കളർ സ്വപ്നങ്ങൾ വീണ്ടും പഴയ നരച്ച നിറങ്ങളിലേയ്ക്ക് വഴുതി വീണു പോകുന്നത് ചീരനറിഞ്ഞു...‘ വറ്ണമേഘമേ, വെരി നൈസ്.
സ്വപ്നങ്ങളുടെ തേരിലേറിയ വര്‍ണ്ണമേഖങ്ങള്‍ക്കു നന്ദി...ഭാവനക്കുള്ളില്‍ കൊഴിഞ്ഞു വീണ സ്വപ്നങ്ങള്‍ പെറുക്കിക്കൂട്ടിയെടുക്കാന്‍ ഓര്‍ക്കുമല്ലൊ?
നന്നായിട്ടുണ്ട്!
സുഖമുള്ള വായന!
അരവിന്ദ്--> തെറ്റുകൾ ചൂണ്ടിക്കാണിക്കാനുള്ള മനസിനെ ഞാൻ അഭിനന്ദിക്കുന്നു, എങ്കിലേ തിരുത്തുകൾ വരൂ... നന്നാവൂ..!നന്ദിയുണ്ട്..!
തുളസീ--> ചീരന് മനുഷ്യ ബോംബിന്റെ മാനസികാവസ്ഥ വരില്ലെന്ന് തോന്നുന്നു... അവന് ജീവിതം ഒരു പാവക്കൂത്തായിരുന്നു, മറ്റാരൊക്കെയോ വിരലനക്കത്താൽ നടത്തുന്ന പാവക്കൂത്ത്..!
ശ്രീജിത്ത്-->:)
ഏവൂരാൻ-->:)
ഉമേഷ്--> നാം കാണുന്ന സ്വപ്നങ്ങളിൽ വർണങ്ങളുണ്ടാവണമെന്നില്ല... അത് കാണുന്നവന്റെ, അറിയാൻ ശ്രമിക്കുന്നവന്റെ മനസിലാണ്... അതിലൂടെയാണവൻ സ്വപ്നങ്ങളെ ഇഴ പിരിച്ചെടുക്കുക... ആകയാൽ അവയ്ക്കും വർണങ്ങളുടെ ച്ഛവി പടർന്നിരിക്കും..!
ശനിയൻ-->:)
ദേവൻ-->ശരിയാണ് ... പക്ഷെ ഉണരുമ്പോൾ നഷ്ടമാകുന്ന നിറങ്ങൾ പൂർണമായും മറയാറില്ലല്ലോ ദേവാ... അതിന്റെ ഒരു പോട്ട്,പൊടി ഒക്കെ എവിടെയെങ്കിലും കാണും...!
പെരിങ്ങ്-->ശനിയനും പെരിങ്ങും പറഞ്ഞത് ശരിയാ... സോഫ്റ്റ് വെയറിൽ പണിഞ്ഞ് പണിഞ്ഞ് ഇപ്പോ ബ്ലോഗ് നേരെയാക്കാനായാലും ചെയ്യാൻ മടിയാ... ഇപ്പ ശരിയാക്കാം..!
സാക്ഷി-->:)
ചില--> ഇത് ഞാൻ വേറൊരു രൂപത്തിൽ പണ്ട് കുത്തി വരച്ചതായിരുന്നു. ഇപ്പോ പുതുക്കി ഇറക്കിയതാ...!
വിശാല-->നന്ദി..!
സ്വപ്ന-->:)
കലേഷ്-->:)
നന്നായിരിക്കുന്നു..
അപകര്‍ഷതയ്ക്കുള്ള പരിഹാരം, ഒരു പ്രതികാരത്തിലൂടെ കിട്ടുമോയെന്നറിയില്ല.
മേഘമേ... പെരുത്തിഷ്ടപ്പെട്ടു... ഒത്തിരിയൊത്തിരി കിടക്കുന്നു വായിക്കാൻ..
ഏവൂർജി പറഞ്ഞതു തന്നെ... താങ്കളുടെ പേജ് എത്ര കണ്ടാലും മടുക്കില്ല... ശരിക്കും വർണ്ണമേഘം തന്നെ..
വർണ്ണം, നന്നായിരിക്കുന്നു....
മലയാറ്റൂരിന്റെ പഴയൊരു നോവൽ, വനിതാ ആദിവാസി നേതാവ്, ആദിവാസ സമരം അങ്ങനെ ഒരുപാടൊരുപാട് ഓർമ്മകൾ ഉണർത്തിയ നല്ല ഒരു എഴുത്ത്...