|
Wednesday, March 08, 2006
മഴയിൽ... നനയാതെ..!
നാമാദ്യം കണ്ടു..! കണ്ട നാൾ മുതൽ പരിചിതരായി,പരിചയം വളർന്നു,പരിമിതികളില്ലാതെ.. നിന്നോട് മിണ്ടുവാൻ; കാണുവാൻ ഉപാധികൾ തിരഞ്ഞില്ല ഞാൻ, നീയും ..! കണ്ടു ... അറിഞ്ഞു..! സുഹൃത്തുക്കളായി നാം..! എന്റെ സാമീപ്യം നീയാസ്വദിച്ചു,ഞാൻ തിരിച്ചും.
വിശേഷണങ്ങൾക്കപ്പുറമായിരുന്നു നമ്മുടെ ബന്ധം.വാക്കുകളിൽ കെട്ടിയിടാൻ നാമാഗ്രഹിച്ചിരുന്നുമില്ല.ഒരു പേരുമില്ലാത്ത,ഒരു രൂപവുമില്ലാത്ത,ഒരേ താളത്തിലുള്ള ഇഴയടുപ്പം... അത് നമ്മുടെ സ്വകാര്യം..! നിനക്കായി മാത്രം ഞാൻ പാട്ടെഴുതി.. എനിയ്ക്കായി മാത്രം നീ പാട്ട് പാടി.. ഞാൻ ചിരിക്കവേ നിൻ കരൾ നിറഞ്ഞു.. നീ കരയവേ എൻ കൺ നിറഞ്ഞു..! മഴയിറ്റ് വീണ, മണ്ണിന്റെ മണമുള്ള രാവുകളിൽ നിന്റെ സ്വരം സാമീപ്യമായി.. സുഖമുള്ള തെന്നലായി, എഴുതുവാൻ പ്രേരണയായി..! എന്റെ കൽപനകൾ വരികളായി, നിന്റെ മുന്നിൽ വർണങ്ങളായി.. നിന്റെ വിമർശനം കരളിങ്കലെവിടെയോ വര കീറി ഞാൻ കാത്തു വെച്ചു, ഇനിയുമെഴുതുമ്പോൾ ഒത്തു നോക്കാൻ...! നീ പാടവേ ഞാൻ കേട്ടിരുന്നു, നിന്റെ സ്വര ചക്രവാളത്തിലലിഞ്ഞു ചേർന്നു.പാടിത്തീരവേ നിന്റെ കണ്ണിലെ ആകാംഷ എന്റെ അഭിനന്ദനങ്ങളാൽ തിളക്കമായി... ചിലപ്പോൾ എന്റെ തിരുത്തലുകളാൽ സംതൃപ്തമായി..! എന്റെ ശീലക്കേടുകൾ നിന്റെ നയനങ്ങൾക്ക് മുന്നിൽ നാണിച്ചു നിന്നു... മറ്റെങ്ങുമില്ലാത്ത പോലെ...! സൌഹൃദം നമ്മെ നറുനിലാവൊഴുകുന്ന നാൾവഴികളിലെത്തിച്ചു, നാം ഇണങ്ങി.. പിണങ്ങി... പരിഭവം പറഞ്ഞു തീർത്തു, പിന്നെയോ അതിതീവ്രമായി വീണ്ടുമടുത്തു.
ഒരിയ്ക്കൽ നിദ്രാടനത്തിനിടയിൽ നിന്നെ ഞാനെന്റെ വാമ ഭാഗത്ത് കണ്ടു.. നിദ്ര വിട്ടിട്ടും, നാളുകൾ കഴിഞ്ഞിട്ടും കിനാവിലെ വർണങ്ങൾ മാഞ്ഞു പോയില്ല... പിന്നെയെപ്പൊഴും നീയരികിൽ വരുമ്പോൾ ഉള്ളിലെവിടെയോ കുളിരുണരുന്നതും,അനിർവചനീയമായ സുഖമുള്ള അസ്വസ്ത്ഥതയിൽ ഹൃദയം തുടി കൊള്ളുന്നതും ഞാനറിഞ്ഞു. ഞാൻ നിന്റെ കണ്ണുകളുടെ ആഴങ്ങളിലേയ്ക്കിറങ്ങാൻ തുടങ്ങി, നിന്റെ ഭാവങ്ങളെ വേർതിരിച്ചെടുക്കാൻ..! ക്ലാസ്സിൽ നിന്റെ ഇടത് ഭാഗത്ത് പിറകിലായിരുന്നു എന്റെ സ്ഥാനം. മറ്റാരിലുമുള്ള നിന്റെ നോട്ടം എന്നിൽ കൂടിയും ഒരു വൃത്താകാരമായി നിന്നിൽ തന്നെയെത്തുന്നതും,അതു കണ്ട് ഞാൻ പുഞ്ചിരിക്കുമ്പോൾ മയക്കത്തിൽ നിന്നും ഞെട്ടിയുണർന്ന പോൽ നീ തിരികെ ചിരിക്കുന്നതും,തമാശകൾ കേട്ട് നീ ചിരിക്കവേ ചിരികൾക്കിടയിലും നയനങ്ങളെന്നെ തേടുന്നതും,അസുഖത്താൽ ഞാനെത്താതിരുന്നപ്പോൾ ദിനങ്ങൾ ദീനമായിരുന്നെന്ന് നീ പറഞ്ഞതും ഒക്കെ എന്റെ കിനാവിനെ എന്നിൽ തന്നെ അടിയുറപ്പിച്ചു..! എങ്കിലും നമ്മുടെ സൌഹൃദം നിന്റെ സ്വരമാധുരി പോലെ അനസ്യൂതം തുടർന്നു. അടുത്തായിരിക്കെ,വെറും സൌഹൃദം... അകലങ്ങളിൽ ,പ്രണയത്തിന്റെ നനുത്ത വർണങ്ങളാൽ രൂപപ്പെട്ട നറു വികാരം... അതൊരു നിർ വൃതിയായിരുന്നു...!!
എന്നിട്ടുമെന്തേ മമതയുടെ ലോകം നാമന്യോന്യം തുറന്നിട്ടില്ല..? മൂടുപടങ്ങളില്ലാത്ത സൌഹൃദത്തിന്റെ പുലർ കാലങ്ങൾ മറകൾ നിറഞ്ഞ പ്രണയത്തിന്റെ സായന്തനങ്ങളെക്കാൾ സുഖകരം എന്നറിഞ്ഞ് കൊണ്ടോ..? ചുറ്റുപാടുകളുടെ അന്തരം കാഠിന്യമെന്നറിഞ്ഞു കൊണ്ടോ..? അറിയില്ലെനിയ്ക്ക്..!! ഒടുവിൽ പിരിയുമ്പോൾ എന്റെ ഓട്ടോഗ്രാഫിൽ 'നിനക്കായി മാത്രം...!' എന്ന് നീ കോറിയിട്ടതും നിന്നെപ്പറ്റി മാത്രമോ..?
ഇന്ന് നമുക്ക് തമ്മിൽ ദൂരങ്ങളനവധി... താണ്ടാനാവുന്നതും ആകാത്തതും...! നാമെന്ന വികാരം നീയും ഞാനുമായി പകുത്തു പോയി. പുതു ജീവിതങ്ങൾ തുടങ്ങിയ നമുക്കിരുവർക്കും ഇനിയൊരിക്കലും തിരിച്ചു പോക്കില്ല... എങ്കിലും സൌഹൃദമെന്നോ പ്രണയമെന്നോ വേർതിരിച്ചറിയാനാകാതെ പോയ നമ്മുടെ ബന്ധം... അതിന്റെ നഷ്ട നിർ വൃതികൾ... അതിൽ ഞാൻ നനയുവാനാഗ്രഹിക്കുന്നു.... ഇടയ്ക്കിടെ...!!!
Posted by Varnameghangal @ 2:06 PM
------------------------------------------
7 Comments:
Home
|
|
View Profile
Previous Posts
ഞാനറിയാതെ..!
അയൺ മാൻ..!
നിഴലുകളില്ലാതെ..!
അരവിന്ദന്റെ 'സത്യാ'ന്വേഷണങ്ങൾ...!
നീ പെയ്യുവോളം..!
ശലഭ ജന്മങ്ങൾ..!
ഒരു അനിയൻ വീരഗാഥ..!
മോഷ്ടാവ്..!
ഹീര..!
പാഠം ഒന്ന്-പരീക്ഷ..!
|
"എങ്കിലും സൌഹൃദമെന്നോ പ്രണയമെന്നോ വേർതിരിച്ചറിയാനാകാതെ പോയ ബന്ധങ്ങള്‍..”
അതുള്ളില്‍ തട്ടി.
പ്രണയമായാലും സൌഹൃദമായാലും നല്ലൊരു അടുപ്പം ഉണ്ടായിരുന്നു. അതുകൊണ്ടാണല്ലോ ആ നിര്‍വൃതിയില്‍, അതൊരു നഷ്ടത്തിലെത്തിയെങ്കിലും, ഇടയ്ക്ക് നനയാന്‍ തോന്നുന്നത്.
എന്നിട്ടും ഞാന്‍ 9.40 ന്റെ അങ്കമാലി ഫാസ്റ്റിനു കൈ കാണിച്ചപ്പോള്‍, നീ അപ്പുറത്തെ പ്രൈവറ്റ് ലിമിറ്റഡ് സ്റ്റോപ്പിലിരുന്ന് ചിരിച്ചതെന്തേ??
This comment has been removed by a blog administrator.
"സ്നേഹിക്കയില്ല ഞാന്‍, നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും"
കൊള്ളാം മാഷെ, ഉള്ളില്‍ തട്ടി.
രാത്രി മഴ പൊഴിക്കുന്ന സംഗീതം, പേരിടാനാവാതെ പോയ ഒരു ബന്ധത്തിന്റെ മാര്‍ദ്ദവമിയന്ന സ്വരം പോലെ തോന്നി - എന്നു മുന്‍പെന്നൊ വായിച്ചതോര്‍മ്മ വന്നു.
പേരിടാനാവാതെ പോകുന്ന ബന്ധങ്ങള്‍ക്കു പലപ്പോഴും മനോഹാരിത ഏറുന്നു എന്നത് എന്റെ മാത്രം തോന്നലുകളല്ലെന്നോ!
കൂടുതല്‍ പ്രതീക്ഷിച്ചു കൊണ്ട്...