|
Friday, May 19, 2006
ഒരു രക്തസാക്ഷിയുടെ ഹൃദയ വേദനകള്‍.
"സമാരാധ്യനും, സാത്വികനും സര്‍വോപരി ദിവംഗതനുമായ പഞ്ചായത്ത് പ്രസിഡന്റ് അവര്‍കള്‍,....." ആശംസാ പ്രസംഗത്തിന് ഇടിച്ച് കയറിയ കണ്ണപ്പനെന്ന ഡിക്ക് പുലി, വേദിയില്‍ പച്ച ജീവനോടിരുന്നുറങ്ങുന്ന പ .പ്ര യെ നോക്കി പതിവു വിവരക്കേടുകളുമായി ആഞ്ഞറഞ്ഞ് തുടങ്ങി. ദിവംഗതനായ പ. പ്ര കണ്ണുരുട്ടുന്നതോ, കേള്‍ക്കാനിരിക്കുന്ന പൊതുജനക്കൂട്ടം ടിപ്പര്‍ ലോറി കാരിയര്‍ പൊക്കും പോലെ വായും പൊളിച്ച് തല മുകളിലേക്കുയര്‍ത്തുന്നതോ യാതൊന്നും, വരാതിരുന്ന് വെള്ളം വന്ന മുനിസിപ്പാലിറ്റി പൈപ്പ് പോലെ തടയിടാനാകാത്ത വാക്കുകള്‍ പ്രവഹിപ്പിച്ച പുലി ഗൌനിച്ചില്ല.
കണ്ണപ്പകുമാരന് അങ്ങനെ സ്ഥിരമായ ഒരു രാഷ്ട്രീയ സംഹിതയൊന്നുമില്ല. ഏത് ചാക്കിലേക്കും സ്വയം കയറി ഇരുന്ന് 'എന്നാല്‍ പോകാം' എന്ന് പറഞ്ഞ് കളയും, ഇഫ് ചില്ലറ പ്രൊവൈഡഡ്. പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ ആരൊക്കെയോ ആര്‍ക്കൊക്കെയോ എന്തൊക്കെയോ കൊടുക്കുന്നുണ്ടെന്നറിഞ്ഞ് ഓടിയെത്തി ഡിക്കില്‍ ചേര്‍ന്നതാണ് കണ്ണപ്പന്‍. എന്താണെടാ ഈ ഡിക്ക് എന്ന് ആരെങ്കിലും ചോദിച്ചാല്‍ 'മുരളീധരന്റെ ഡി യും, കരുണാകരന്റെ ക യും' എന്നാണ് മറുപടി. ഇനി 'മുരളീധരനെവിടെ ഡി?' എന്ന സംശയം ഉള്ളില്‍ തന്നെ ഒതുക്കിയാല്‍, അക്ഷരശുദ്ധി തൊട്ടു തീണ്ടാത്ത തെറിയഭിഷേകത്തില്‍ നിന്നും ബുദ്ധിപൂര്‍വം ഒഴിവാകാം. അക്ഷരങ്ങളെ പണ്ടേ വെറുപ്പായതിനാല്‍ പത്ര വായന, എഴുത്ത് ഇതൊന്നും കണ്ണപ്പന് ആകര്‍ഷണീയമായി തോന്നിയിരുന്നില്ല. 'നല്ല തടിയുണ്ടല്ലോ വല്ല പണിയും ചെയ്ത് ജീവിക്കെടാ' എന്ന് ആരെങ്കിലും പറഞ്ഞാല്‍ 'ഞാന്‍ സര്‍ക്കാര്‍ ജീവനക്കാരനാണ്' എന്നാകും മറുപടി. ഭരിക്കുന്ന പാര്‍ട്ടി ഏതായാലും കണ്ണപ്പന്‍ ബൈ ഡീഫാള്‍ട്ട് ഇങ്ക്ലൂഡഡ് എന്ന പതിവ് അറിയാവുന്നവര്‍ നേരത്തെ പറഞ്ഞ അസംസ്കൃത പദാര്‍ത്ഥങ്ങളില്‍ നിന്നും വീണ്ടും വെട്ടിയൊഴിഞ്ഞുകൊണ്ടിരുന്നു. ഇങ്ങനൊക്കെയാണേലും പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് വേണ്ടി മരിക്കും കണ്ണപ്പന്‍. അങ്ങനെ ഒരിക്കല്‍ അന്നത്തെ പിടിവള്ളിയായ ഇടതു പക്ഷത്തിന് വേണ്ടി മരിച്ചതിന്റെ പേരില്‍ കണ്ണപ്പന് ശവപ്പന്‍ എന്നൊരു പേരും കൂടി വീണു. കണ്ണൂരില്‍ പാര്‍ട്ടി വളരുന്നുണ്ടോ എന്നറിയാന്‍ തെക്കു നിന്നും ഓടിപ്പിടച്ച് വന്ന കണ്ണപ്പന്‍, ദുരിതാശ്വാസം കിട്ടാത്ത അഭയാര്‍ത്ഥികളെപ്പോലെ പേരിനെങ്കിലും ഒരു രക്തസാക്ഷിക്കായി വരണ്ടുണങ്ങി കാത്തിരിക്കുന്ന സഖാക്കളെ കണ്ടു. ചോര തിളച്ച കണ്ണപ്പന്‍ തല്‍ക്കാലം രക്തസാക്ഷിയായി അഭിനയിക്കാമെന്നേറ്റു. പാര്‍ട്ടി പതാക പുതപ്പിച്ച അഭിനയ കലയിലെ ഭരത് ശവം കണ്ണടച്ച് കിടന്നു. സംഭവം മണത്തറിഞ്ഞ എതിര്‍ കക്ഷികള്‍ ദുഖ ബാന്‍ഡ് മേളത്തോടു കൂടി, ടൌണ്‍ പ്രദക്ഷിണം നടത്തി പട്ടടയില്‍ കൊണ്ട് വെച്ച് തീകൊടുത്തെന്നും, മൂട്ടില്‍ തീ പിടിച്ച രക്തസാക്ഷി അനേകം ജനങ്ങളെ സാക്ഷികളാക്കി ഉരുണ്ട് പിരണ്ടെണീറ്റോടിയെന്നും, കലി പൂണ്ട പൊതുജനം പെറുക്കിയെറിഞ്ഞ കല്ലുകളില്‍ ഒന്ന് കൊണ്ട് മുറിഞ്ഞ് പോയതാണ് വലത്തെ ചെവിയുടെ ഒരംശം എന്നും, അതില്‍ പിന്നെ സ്വദേശ പ്രവര്‍ത്തനങ്ങളില്‍ മാത്രം ഒതിങ്ങിക്കൂടിയെന്നും ഒക്കെ കേട്ടറിയുന്നു. തഴക്കം വന്ന പൊളിട്രിക്സ് പ്രവര്‍ത്തകനെപ്പോലെ തല വെട്ടിച്ച് പുലി പറയും 'എല്ലാം വളച്ചൊടിക്കപ്പെട്ട വസ്തു വകകള്‍'. വസ്തുതകള്‍ എന്നായിരിക്കാം ഉദ്ദേശിച്ചത്, ഉല്‍പ്രേക്ഷ അലങ്കാരം മനസിലുറപ്പിച്ച് കേള്‍വിക്കാര്‍ പിന്‍ വാങ്ങും.
അങ്ങനെ ശവപ്പന്‍ കത്തിക്കത്തി കയറുകയാണ്. മുന്നിലിരിക്കുന്ന ശ്രോതാക്കളെ ഉമിനീരില്‍ അഭിഷേകം ചെയ്ത്, സകലമാന എതിരാളികളെയും വാക്കുകളുടെ അമേദ്യം വാരിയെറിഞ്ഞ് നിര്‍ദ്ദാക്ഷിണ്യം അരിഞ്ഞ് തള്ളി. ഡിക്ക് സ്ഥാനാര്‍ഥിയുടെ പ്രചരണാര്‍ത്ഥം കൂടിയ പൊതു യോഗത്തില്‍ ഇടത് പക്ഷത്തെ വാനോളം പുകഴ്ത്തി പ്രസ്തുത പുലി. പിന്നെ, കൂട്ടുകുടുംബത്തില്‍ നിന്നും രണ്ടര സെന്റും കൊടുത്ത് പുറത്തെറിയപ്പെട്ട പെങ്ങളുടെയും ഭര്‍ത്താവിന്റെയും വീറുറ്റ പായാരങ്ങള്‍ പോലെ കോണ്‍ഗ്രസ്സെന്ന കരിംകാലിയെ കണ്ണടച്ച് തെറിയഭിഷേകം നടത്തി. ടിപ്പര്‍ ലോറിയുടെ കാരിയറുകള്‍ വീണ്ടും പൊങ്ങുന്നതും, പലരും ചാടിയെഴുന്നേല്‍ക്കുന്നതും കണ്ണപ്പന്‍ കണ്ടില്ല. ലക്ഷ്യമാണ് പ്രധാനം, മാര്‍ഗ്ഗമല്ല. ദിവംഗതനായ പ. പ്ര ചാടി വന്ന് വായ് പൊത്താന്‍ ശ്രമിച്ചിട്ടും വീറോടെ 'ഇല്ല എനിക്ക് പറയണം... ഞാന്‍ പറയും' എന്ന മട്ടില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കഴുതകളാണെന്ന് വരെ വെച്ചടിച്ചു. ചാടിയെഴുന്നേറ്റ് ബഹളം വെയ്ക്കുന്ന പ്രവര്‍ത്തകര്‍ ആഹ്ലാദപൂരിതര്‍ എന്നും, ഓടിയടുത്തവര്‍ ആരാധനയില്‍ തന്നെ എടുത്തുയര്‍ത്തുന്നവര്‍ എന്നും ധരിച്ച പുലി അഭിഷേകം അനസ്യൂതം തുടര്‍ന്നു. അതുവരെ, വനിതാ ബീച്ച് വോളിബോളിലെ ബോളെന്ന പോലെ വല്ലപ്പോഴും മാത്രം ശ്രദ്ധ കിട്ടിയിരുന്ന കണ്ണപ്പന്‍ പൊടുന്നനെ അതേ ബോള്‍ പോലെ പൊങ്ങിയും താണും എല്ലാവരുടെയും ശ്രധയാകര്‍ഷിച്ചു...
പിന്നെ കാറ്റു പോയ ബോള്‍ കണക്കെ സര്‍ക്കാരാശുപത്രിയില്‍ ഇരുമ്പു കട്ടിലില്‍ പ്രതിഷ്ഠിക്കപ്പെട്ട കണ്ണപ്പന്‍, രാവിലെ പത്രം വായിക്കാത്തതിന്റെ വൈഷമ്യത്താലും,'ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങളും സഹായിക്കും' എന്ന മുരളീ വചനത്തിന്റെ ഉള്‍ പൊരുളുകളാലും, പുലി വേഷം അഴിച്ച് വെച്ച് പറഞ്ഞു 'എല്ലാം അച്ഛന്റെയും മോന്റെയും ലീലാവിഭൂഷിതങ്ങള്‍..'. ലീലാവിഭൂഷിതങ്ങളിലെ ഉല്‍പ്രേക്ഷയെ വീണ്ടും കണ്ടറിഞ്ഞ്, നാഴികയ്ക്ക് നാല്‍പത് വെട്ടം അഭിപ്രായം മാറ്റുന്ന വന്ദ്യ വയോധികനും മകനും മനസില്‍ നൂറ് നന്ദിയും പറഞ്ഞ് പാവം നാട്ടാര്‍ പൊടിയും തട്ടി സ്ഥലം വിട്ടു. കണ്ണപ്പനോ... വീണ്ടും രക്തസാക്ഷി...!!
Posted by Varnameghangal @ 11:55 AM
------------------------------------------
9 Comments:
Home
|
|
View Profile
Previous Posts
പ്രണയനാളുകള്‍ക്കപ്പുറം...!
മഴ നിലയ്ക്കുമ്പോൾ.
വേഷങ്ങളഴിക്കാതെ.
സിന്ധി മത്തായി..!
ഈരടികളില്ലാതെ...!
ചീരന്റെ കളർ സ്വപ്നങ്ങൾ..!
മഴയിൽ... നനയാതെ..!
ഞാനറിയാതെ..!
അയൺ മാൻ..!
നിഴലുകളില്ലാതെ..!
|
മേഘങ്ങളുടെ റേഞ്ച് അപാരം. സെന്റിമെന്‍സും, പൊളിറ്റിക്കല്‍ സറ്റയറും തമാശയും എല്ലാം മേഘങ്ങള്‍ക്കൊരുപോലെ. ടിപ്പര്‍ ലോറീടെ ബാക്കുപോലെ പൊന്തുന്ന ആള്‍ക്കാരുടെ തലകള്‍ വളരെ രസകരം.
പക്ഷേ മേഘങ്ങളേ, എനിക്കൊന്നേ പറയാനുള്ളൂ-ശവത്തില്‍ കുത്തരുത് :)
(മേഘങ്ങളുടെ ബാക്കി പോസ്റ്റുകളൊക്കെ പെന്‍ഡിംഗാ. മനസ്സിരുത്തി വേണമല്ലോ അവയൊക്കെ വായിക്കാന്‍. തീര്‍ച്ചയായും വായിക്കും).
ഒരഭിപ്രായം പറയാന്‍ ഞാന്‍ അശക്തനാകുന്നു. അടിപൊളി എന്നതിനേക്കാള്‍ നല്ല ഒരു വാക്കും ഓര്‍മ്മിച്ചെടുക്കാന്‍ കഴിയുന്നില്ല ഈ പോസ്റ്റിനെക്കുറിച്ച് പറയാന്‍. നന്നായിരിക്കുന്നു, വര്‍ണ്ണം. ഒരു രക്തസാക്ഷിയുടെ ഹൃദയവേദനകള്‍ ഉള്‍ക്കൊണ്ടിട്ട് ചിരിക്കാതിരിക്കാന്‍ ആകുന്നില്ല.
ടെമ്പ്ലേറ്റും കലക്കി. ഒരു ബഹുമുഖപ്രതിഭ ആണല്ലേ വര്‍ണ്ണം.
മേഘങ്ങളേ, ചോദിക്കാന്‍ മറന്നു,
പ. പ്രാ എന്നുള്ളത് ടൈപ്പു ചെയ്തപ്പോള്‍ തെറ്റിയതല്ലേ.
പ്രാപ്രാ
എന്നുതന്നെയല്ലേ ഉദ്ദേശിച്ചത്?
ദേ രണ്ടുകുത്തൊരു പകുതി ബ്രാക്കറ്റിട്ടിട്ടുണ്ടേ. എന്നെ ഒന്നും പറയരുതേ :)
വര്‍ണ്ണംസ്: ഒരു ബോബനും മോളിയും കാറ്റഗറി സറ്റയര്‍. നന്നായി വിഷ്വലൈസ് ചെയ്യാന്‍ പറ്റുന്നു.
വക്കാരിക്കു: പ.പ്ര എന്നു മുകളില്‍ അച്ചടിച്ചത്, പഞ്ചാ.പ്രസി എന്നു തിരുത്തി വായിക്കാന്‍ അപേക്ഷ.
എന്ന്,
പത്രാധിപര്‍.
മേഘങ്ങളേ , കലക്കീണ്ട് ട്ടാ..
"ദിവംഗതനായ പ. പ്ര." ഉഗ്രനായിട്ടുണ്ട് .. ഇതു ശരിക്കും ആരേലും പറഞ്ഞതാണോ?
വ.മേ,
നന്നായിരിക്കുന്നു എന്നു മാത്രമല്ല ഇതിനാണോ ഇണക്കം കൂടുതല്‍ എന്നും തോന്നുന്നുണ്ട്.
ദിവംഗതനായ എന്ന പ്രയോഗം ആരെങ്കിലും ശരിക്കും പറഞ്ഞതാണോ എന്നെനിക്കറിയില്ല ജേക്കബേ. പക്ഷേ, എം. മുകുന്ദനും, ഓംചേരി എന്‍.എന്‍. പിള്ളയും ഇരുന്ന ഒരു വേദിയില്‍ " ഈ സാഹിത്യ രേമുക്കള്‍ക്ക് എന്റെ ബാഷ്പാഞ്ജലികള്‍" എന്നു പറഞ്ഞ ഒരു പ്രാസംഗികനെ ( അതോ പ്രസംഗകനോ ഉമേഷേ?) എനിക്കറിയാം.
എന്തായാലും ആരോ സാഹിത്യ മഹാ മേരുക്കള്‍ എന്നെഴുതിക്കൊടുത്തത്, ഇദ്ദേഹം വേറെ രീതിയിലൊന്നും കാണാപ്പാഠം പഠിച്ച് വായിച്ചില്ലല്ലോ എന്നായിരുന്നു സംഘാടകരുടെ ആശ്വാസം.
മേഘങ്ങളേ,
ശരിക്കും ഇങ്ങനെ നടന്ന ഒരു സംഭവം എനിക്കും അറിയാം. കൊല്ലം ബിഷപ്പ് ജെറോം നഗര്‍ ഉല്‍ഘാടനം ചെയ്തത് മുഖ്യമന്ത്രിയായിരുന്ന കരുണാകരന്‍ ആയിരുന്നു. മൂപ്പര്‍ വായുഗുളിക സ്പീഡില്‍ കോണ്ടസ്സായില്‍ വന്നങ്ങോട്ടിറങ്ങി, തൊടങ്ങീ പ്രസംഗം.
"സ്വര്‍ഗ്ഗരാജ്യം പ്രാപിച്ച ബിഷപ്പ് ജെറോം തിരുമേനിയുടെ നാമത്തിലുള്ള ഈ ഷോപ്പിംഗ് കോമ്പ്പ്ലക്സ്..." . തൊട്ടടുത്ത സീറ്റിലിരുന്ന ജെറോം തിരുമേനി ഹ ഹ ഹാ എന്നു ചിരിച്ചു പോയി..
വക്കാരി പറഞ്ഞപോലെ, മേഘത്തിന്റെ റെയിഞ്ച് അപാരം...
ഇവന്‍ സ്പാറി.
പോരട്ടങ്ങനെ പോരട്ടെ...
... ദിവംഗതനുമായ പ്രസിഡന്റ് അവര്‍കള്‍... ഹ... ഹ...
മേഘങ്ങളേ, മറ്റൊരു പ്രസംഗം -
സ്ഥലത്തെ പ്രധാന പണച്ചാക്കിനുതന്നെ സ്വാഗതമോതണം. നിവൃത്തികേടുകൊണ്ടോ എന്തോ സംഘാടകരതിനു സമ്മതം മൂളി.
വിശിഷ്ടാതിഥിയുമായുള്ള സൌഹൃദം പഠനകാലം മുതലുള്ളതെന്നും മറ്റും കത്തിക്കയറി, ഒടുവില്‍ അവരുടെ ഭര്‍ത്താവുമായി ഒരു സഹോദരബന്ധമാണു തനിയ്ക്കുള്ളതെന്നു വരെ പറഞ്ഞു വച്ചു അദ്ദേഹം.
ആരോ വന്ന് ചെവിലെന്തോ പറഞ്ഞതോടെ, വളരെ ധൃതിയിലാണ് ആ പ്രസംഗം അവസാനിച്ചതും അദ്ദേഹം അപ്രത്യക്ഷനായതും.
വിശിഷ്ടാതിഥി ഭാര്യാ സമേതനായി സ്റ്റേജിലിരുന്ന് ചിരിയ്ക്കണോ കരയണോ എന്നുള്ള അവസ്ഥയിലും. അദ്ദേഹത്തിന്റെ പേരാണ് നമ്മുടെ കഥാപാത്രത്തെ കുഴക്കിയത് - യമുനാ നന്ദന്‍!!!