|
Tuesday, May 09, 2006
പ്രണയനാളുകള്‍ക്കപ്പുറം...!
ചക്രവാളം ശാന്തമായിരുന്നു. കടലിന്റെ കാണാത്ത ചുഴികളില്‍ താണു പോകുന്ന പകലോന്റെ കണ്‍കളില്‍ പിന്‍ വിളികള്‍ തേടുന്ന ദൈന്യ ഭാവം. കിളികള്‍ പറന്നിരുന്നില്ല, കൂടണയാന്‍ തിരക്കിട്ടുമില്ല. പകലിന്റെ മറവു മൂലകളില്‍ എങ്ങു നിന്നോ മൃദുല വിഷാദം പുരണ്ട ചെറു കാറ്റിറങ്ങി വന്നു. മുടിയിഴകളില്‍ തൊട്ട്, ആര്‍ദ്രതകള്‍ തേടിപ്പിടിച്ച്, മനസിലേക്കിറങ്ങി നിന്നു. എന്റെ കനവിന്റെ കൂട്ടില്‍ ഓര്‍മകള്‍ തിക്കി തിരക്കി, ചിറകടിയൊച്ചയില്‍ ഉള്ളുണര്‍ന്നു പോയി. ഏതോ തലങ്ങളില്‍ വിരി വെച്ചുറങ്ങുന്ന പ്രണയവും; നോവും, മിഴികളില്‍ നനവിന്റെ വര കോറിയിട്ടു. നനവു പാളികള്‍ക്ക് പിന്നില്‍ അവ്യക്ത മിഴികള്‍ നിന്നെ തേടുന്നതും, നിരാശയില്‍ ഉള്‍വലിഞ്ഞുരുകുന്നതും ഞാനറിഞ്ഞു. ഇവിടെ, സായന്തനമറിയുന്നവര്‍ക്കായിട്ട ബഞ്ചുകളിലൊന്നില്‍ ഇരിക്കുമ്പോള്‍, കണ്ണുകള്‍ പിടഞ്ഞു കൊണ്ടിരുന്നു, പ്രതീക്ഷകളുടെ നേര്‍ത്ത പടലങ്ങളില്‍ മുറുകെപ്പിടിച്ച്..!
അപക്വമായ കലാലയ നാളുകള്‍ പ്രണയം പൊതിഞ്ഞ് സമ്മാനിച്ചതായിരുന്നു നിന്നെ. ചുറ്റും ആരാധനയില്‍ വിടര്‍ന്ന കണ്ണുകളേറെയായിരുന്നു. അതുകൊണ്ട് തന്നെ നിന്നെ കണ്ടില്ലെന്നു നടിച്ചു. പക്ഷെ, എപ്പോഴോ അറിയാതെയെങ്കിലും കൈ നീട്ടി ഞാന്‍. തീവ്രമല്ലെങ്കിലും, പ്രണയിച്ചു തുടങ്ങി നാം. അനേകം കമിതാക്കള്‍ക്കിടയില്‍ നമ്മളും പിച്ച വെച്ചു, പിന്നെ പിണങ്ങിയും ഇണങ്ങിയും നാളുകള്‍ പ്രണയിച്ചു തീര്‍ത്തു. പുതുമകളുടെ ലോകത്തില്‍ കണ്‍ മിഴിച്ചു പോയ ഞാന്‍ പുതു നാമ്പുകള്‍ തേടുമ്പോള്‍ നിന്റെ നിറ മിഴികള്‍ കണ്ടില്ലെന്നു നടിച്ചു. പക്ഷെ നിന്റെ പ്രണയം അചഞ്ചലമെന്നറിഞ്ഞപ്പോള്‍ വൈകിപ്പോയിരുന്നു.പലവുരു തട്ടിയെറിഞ്ഞ്, വീണ്ടും പെറുക്കിയെടുത്ത മണ്‍ പാളികള്‍ക്ക് രൂപം നഷ്ടമായിരുന്നു. വീണ്ടും കൂട്ടിയിണക്കാന്‍ കഴിഞ്ഞില്ല. ഇരുവരും വേണമെന്നു കരുതിയിട്ടു കൂടി, സാഹചര്യങ്ങള്‍ അതിനനുവദിച്ചുമില്ല.
അന്നും ചക്രവാളം ശാന്തമായിരുന്നു...! കിളിക്കൂടും;കിളിക്കൂട്ടും നഷ്ടപ്പെട്ട തണല്‍ മരങ്ങള്‍ നിഴല്‍ നീട്ടി വിരിച്ച പാതയില്‍, എന്റെ കരളിന്റെ കനവുകള്‍ പറിച്ചെടുത്ത്, 'ഇനി കാണില്ല' യെന്ന് പറഞ്ഞ്, എന്റെ മിഴികള്‍ക്കും എത്തിപ്പിടിക്കാനാകാത്ത ദൂരത്തേക്ക് നീ നടന്നു മറഞ്ഞു..! ഞാനോ, വൈകിയെങ്കിലും പ്രണയിച്ച് തുടങ്ങിയപ്പോഴേയ്ക്കും, ഹൃദയം പറിച്ചെറിയപ്പെട്ട ഉള്‍ നോവ് താങ്ങി നിശ്ചലം നിന്നു. നഷ്ടബോധത്തിന്റെ കാരമുള്ളാല്‍ ഹൃദയം മുറിഞ്ഞു. പിന്നെ, വിതച്ചവന്‍ കൊയ്യുമെന്ന ചൊല്ല് നിനച്ച്, കണ്ണില്‍ കലക്കവും; കരളില്‍ കദനവും നിറച്ച് യാത്ര തുടര്‍ന്നു. ദേശാന്തരങ്ങള്‍ തേടുമ്പോള്‍, നിന്റെ ഓര്‍മകള്‍ കടന്നെത്താതിരിക്കട്ടെ എന്നാശിച്ചു. പക്ഷെ ഓര്‍ക്കുവാനേ കഴിഞ്ഞുള്ളൂ, എന്നും എപ്പൊഴും...!
അനേക നാളത്തെ അജ്ഞാത വാസത്തിന് ഇടവേളയിട്ട്, ഇന്ന് ഞാന്‍ മടങ്ങിയെത്തി. ഇവിടെ, ഈ വിളുമ്പില്‍ ഏകയായ് നീ പലപ്പൊഴുമുണ്ടായിരുന്നെന്ന് പഴയ സഹപാഠിയില്‍ നിന്നറിഞ്ഞു. ഒരു വേളയെങ്കിലും കാണാന്‍ കൊതിച്ചു. ഇനി, പകലറുതികള്‍ വീണുറയുവോളം, പകലോന്‍ ചിരിച്ചു കൊണ്ടെത്തുവോളം.. ഇവിടെ ഞാനുമുണ്ടാകും ... എവിടെയോ, എന്നോ കൈ വിട്ടു പോയ എന്റെ മുത്ത് തേടി, കണ്ണില്‍; കെടാത്ത പ്രതീക്ഷയുടെ കൂടു കൂട്ടി...!!
(സമര്‍പ്പണം: ചുടു ഞരമ്പുകളില്‍ തീഷ്ണ യൌവ്വനം ചുര മാന്തുമ്പോള്‍, നേരമ്പോക്കിന്റെ നിറവില്‍ ബന്ധങ്ങളുടെ ആഴവും പരപ്പും അറിയാതെ പോയവര്‍ക്ക്..!)
Posted by Varnameghangal @ 11:39 AM
------------------------------------------
14 Comments:
Home
|
|
View Profile
Previous Posts
മഴ നിലയ്ക്കുമ്പോൾ.
വേഷങ്ങളഴിക്കാതെ.
സിന്ധി മത്തായി..!
ഈരടികളില്ലാതെ...!
ചീരന്റെ കളർ സ്വപ്നങ്ങൾ..!
മഴയിൽ... നനയാതെ..!
ഞാനറിയാതെ..!
അയൺ മാൻ..!
നിഴലുകളില്ലാതെ..!
അരവിന്ദന്റെ 'സത്യാ'ന്വേഷണങ്ങൾ...!
|
“ഒരു വേളയെങ്കിലും കാണാന്‍ കൊതിച്ചു.
ഇനി, പകലറുതികള്‍ വീണുറയുവോളം, പകലോന്‍ ചിരിച്ചു കൊണ്ടെത്തുവോളം..
ഇവിടെ ഞാനുമുണ്ടാകും ...
വന്നിട്ടു കാണാമെന്ന പ്രതീക്ഷ നല്‍കി കടന്നു പോയ സൌഹൃദം കാത്ത്, കണ്ണില്‍; കെടാത്ത പ്രതീക്ഷയുടെ കൂടു കൂട്ടി...!!“
വരി മാറ്റിയാലും, ബന്ധം പ്രണയത്തേക്കാളും വലിയതായ സൌഹൃദമായാലും വിരഹം വിരഹം തന്നെ. അല്ലേ വര്‍ണം? എന്റെ കണ്ണില്‍ നിന്നും കുറച്ച് മുത്തുകള്‍ ഇവിടെ വീണിട്ടുണ്ട് . എന്നെങ്കിലുമൊരിക്കല്‍ തിരിച്ചെടുത്തോളാം.
:(
സു:
വീണ മുത്തുകള്‍ തിളങ്ങുവോളം, അവിടെ തന്നെ കിടക്കട്ടെ.
വിരഹം അറിഞ്ഞെഴുതിയ കമന്റും നന്നായി.
നന്ദി.
വായിച്ചപ്പോള്‍ പൊള്ളി... :|
This comment has been removed by a blog administrator.
വിരഹം എപ്പോളും വേദനയെ പ്രതിബാധിക്കുന്നെങ്കിലും അത്തരമൊരനുഭവമാണു നമ്മെ സ്നേഹത്തിണ്റ്റെ ആഴം മനസ്സിലാക്കിത്തരുന്നത്. വിരഹം ഒരുതരം നഷ്ടപ്പെടലാണു..പ്രണയിനിയായിരുന്നലും സുഹ്രുത്തായിരുന്നലും..അടുത്തിട്ടകലുമ്പോള്‍...യൌവനകാലഘട്ടത്തില്‍ ഇത്തരമൊരനുഭവമില്ലാത്തവര്‍ വിരളം.. വര്‍ണ്ണത്തിണ്റ്റെ വരികള്‍ മനസ്സിണ്റ്റെ അഘാതതയില്‍ എവിടെയൊക്കെയോ തട്ടി പഴയ കാലങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു.എല്ലാവരെയും പോലെ എപ്പൊളെങ്കിലും മനസ്സിണ്റ്റെ ഉള്ളറകളിലെവിടെയോ ഇത്തരത്തിലൊരു വിരഹമനുഭവിക്കുന്നത്തിനാലാവാം.
“പുതുമകളുടെ ലോകത്തില്‍ കണ്‍ മിഴിച്ചു പോയ ഞാന്‍ പുതു നാമ്പുകള്‍ തേടുമ്പോള്‍ നിന്റെ നിറ മിഴികള്‍ കണ്ടില്ലെന്നു നടിച്ചു. പക്ഷെ നിന്റെ പ്രണയം അചഞ്ചലമെന്നറിഞ്ഞപ്പോള്‍ വൈകിപ്പോയിരുന്നു.പലവുരു തട്ടിയെറിഞ്ഞ്, വീണ്ടും പെറുക്കിയെടുത്ത മണ്‍ പാളികള്‍ക്ക് രൂപം നഷ്ടമായിരുന്നു. വീണ്ടും കൂട്ടിയിണക്കാന്‍ കഴിഞ്ഞില്ല. ഇരുവരും വേണമെന്നു കരുതിയിട്ടു കൂടി, സാഹചര്യങ്ങള്‍ അതിനനുവദിച്ചുമില്ല.“
വര്‍ണ്ണമേ, സത്യത്തിന്റെ മുഖത്തു നോക്കി പല്ലിളിച്ചു കാട്ടുന്ന ആഴമുള്ള വാക്കുകള്‍.. നമോവാകം! പ്രിയ സുഹൃത്തേ!!!
“ സമര്‍പ്പണം: ചുടു ഞരമ്പുകളില്‍ തീഷ്ണ യൌവ്വനം ചുര മാന്തുമ്പോള്‍, നേരമ്പോക്കിന്റെ നിറവില്‍ ബന്ധങ്ങളുടെ ആഴവും പരപ്പും അറിയാതെ പോയവര്‍ക്ക് “
ഇതു വളരെ നന്നായി...:) ബന്ധങ്ങളുടെ ആഴവും പരപ്പും അറിയാതെപോകുന്നവരോടുള്ള നല്ല ഒരോര്‍മ്മപ്പെടുത്തലായി ഇത്...ബന്ധങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുന്നവര്‍ക്ക് അവഗണിക്കപ്പെടുന്ന തങ്ങളുടെ ഹൃദയവേദനയുടേയും, മറു കൂട്ടര്‍ക്ക് ഉമിത്തീ പോലെ നീറുന്ന കുറ്റബോധത്തിന്റേയും ഒരു തുള്ളി കണ്ണുനീര്‍ അല്ലേ ഇത്?
അതെ പലവുരു ശ്രമിച്ചാലും ഉടഞ്ഞ മണ്‍പാളികളെ പഴയതുപോലെ കൂട്ടിയിണക്കാന്‍ നമുക്കു കഴിയില്ല.
അതുപോലെ ഓര്‍ക്കാതിരിക്കാനും...
..............
സമര്‍പ്പണത്തിന് ഒരു ആത്മവിമര്‍ശനത്തിന്റെ ഗന്ധമുണ്ടോ ;)
This comment has been removed by a blog administrator.
സമര്‍പ്പണം: ചുടു ഞരമ്പുകളില്‍ തീഷ്ണ യൌവ്വനം ചുര മാന്തുമ്പോള്‍, നേരമ്പോക്കിന്റെ നിറവില്‍ ബന്ധങ്ങളുടെ ആഴവും പരപ്പും അറിയാതെ പോയവര്‍ക്ക്..!)അതായതു ഈ ലോകത്തെ സകലമാന പ്റജകള്‍ക്കും സമറ്‍പ്പിക്കുന്നു അല്ലേ?.
കൊഴിഞ്ഞ കാലത്തിന്റെ ഇതളുകള്‍(കരിയിലകള്‍) മൂടിയ ഓറ്‍മയുടെ ഒരു പാടു നാള്‍ വഴികള്‍ നമ്മിലൊക്കെയുണ്ടു.
അലച്ചിലിനിടയിലെ യാദ്റുശ്ചികതയില്‍ ഏതോ ആകാശ സന്ധിയില്‍ കണ്ടുമുട്ടുന്ന മെഘങ്ങള്‍ പുറപ്പെടുവിക്കുന്ന വിദ്യുദ് സ്പുലിംഗങ്ങളാലോ, അല്ലെങ്കില്‍ വറ്‍ത്തമാനത്തിലെ പ്റിയസൌഹ്റുദതിന്റെ സ്വാന്തന സ്പറ്‍ശത്താലോ, അതുമല്ലെങ്കില്‍ വീണ്ടും ഈ സ്ഥലങ്ങളിലേക്കു തിരിച്ചു പോകുമ്പോള്‍ ഉണ്ടാക്കുന്ന ചണ്ട വാതത്തിനാലേയോ ഈ കരിയിലകള്‍ പറന്നു പോകുന്നു.
അസ്വസ്ഥമായ മനസ്സുമായി നാം നടത്തിയ ജീവിതയാത്റ അത്റയും ഒരു മായപൊന്‍മാനിനു പുറകേയുള്ള വിഫലമായ വേട്ടയായിരുന്നു എന്നു നാം തിരിച്ചറിയുന്നു. നാം വേട്ടയാടിയ മ്റുഗം നമ്മുടെ മന്‍സ്സാക്ഷി ആയിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന സത്യം നമുക്കു വെളിവാകുന്നു.
ഏദന്‍ തോട്ടത്തില്‍ നിന്നും പുറംതള്ളപ്പെട്ട നമുക്കു ദൈവം വിധിച്ചതു അശാന്ത പ്റയാണം. ആകശത്തോളമുയറ്‍ന്ന നേട്ടങ്ങള്‍ക്കിടയിലും ആത്മാവു നഷ്ടപെട്ട ജഡങ്ങള്‍ മനുഷ്യറ്‍.
ഉടഞ്ഞ കല്‍പ്പടവുകളില്‍ ഇരുന്നു അയവിറക്കുകയും കണ്ണീറ്‍ വാറ്‍ക്കുകയും നമ്മുടെ അക്ഷന്തവ്യകറ്‍മം.
വറ്‍ണമേഘങ്ങള്‍ ആകാശത്തിനു കുറുകെ ഊടും പാവുമിട്ടു നെയ്യുന്നു ഗതകാല മഴവില്‍ കുപ്പായം
അന്ന് ബന്ധങ്ങളുടെ ആഴവും പരപ്പും തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ ഇന്ന് മറ്റൊരു തിരിച്ചറിവുണ്ടാകുമായിരുന്നു എങ്ങെനെയുള്ള ബന്ധവും ഒരു പരിധി കഴിഞ്ഞാല്‍ വിരസമാകുമെന്ന്. പ്രണയത്തില്‍ ഏറ്റവും സുന്ദരമായത് വിരഹം തന്നെ.
കുട്ടപ്പായി:
സമര്‍പ്പണത്തില്‍ പെടുമോ..?
------------
പരസ്പരം:
ശരിയാണ്.വിരഹം എപ്പൊഴും അടുപ്പം കൂട്ടുകയാണ് ചെയ്യുക.ഒപ്പം മൃദുല വേദനകളുടെ ചെറു മുള്ളുകള്‍ വാരി വിതറുകയും. മുറിവേറ്റു പോകും, ഒരു വേള വേണ്ടെന്നു കരുതിയാലും...
------------
ശനിയന്‍:
നന്ദി.
------------
ദുര്‍ഗ:
അതെ. അവഗണിക്കപ്പെടുന്നവര്‍ക്കും, അവഗണിച്ചവര്‍ക്കും വേണ്ടി..
------------
മഴനൂലുകള്‍:
പലപ്പൊഴും ആത്മ സുഹൃത്തുക്കളുടെ അനുഭവങ്ങള്‍ ഇങ്ങനെ പുറത്ത് വരാറുണ്ട്.
നീ അവരില്‍ ഒരാളായിപ്പോയി.
------------
സിദ്ധു:
പ്രണയം ആദ്യം മധുരിച്ച് പിന്നെ കയ്പ്പായി രുചിച്ചവര്‍ക്ക് കാലം കൊഴിഞ്ഞാലും കനവില്‍ ഗതകാലങ്ങള്‍ കെടാതെ കത്തും. പിന്നെയൊരു തിരിച്ചു പോക്കില്ലെന്ന തിരിച്ചറിവ് അവരെ എവിടെയൊക്കെയോ കൊണ്ടെത്തിക്കും. അവിടെ, കണ്ണുകള്‍ പരതി നോക്കും - എന്റെ ഓര്‍മയിലെ നിഴലുകള്‍ ഇവിടെയുണ്ടോ .. എന്ന്. കാണുവാനാകില്ല പലപ്പൊഴും, കാരണം അവയൊക്കെ എപ്പൊഴോ ഇരുളില്‍ മറഞ്ഞു പോയിട്ടുണ്ടാകും.
------------
തുളസി:
പ്രണയത്തില്‍ സുന്ദരമായത് വിരഹം തന്നെ. പക്ഷെ എന്നേയ്ക്കുമായാല്‍ സുന്ദരമാകില്ല.
This comment has been removed by a blog administrator.
നന്നായി എഴുതിയിരിക്കുന്നു