Tuesday, April 18, 2006

മഴ നിലയ്ക്കുമ്പോൾ.

രാത്രിമഴ പെയ്ത്‌ തോർന്നിരുന്നില്ല. പാളിവീണ്‌ പടർന്നു പോകുന്ന രാമഴയുടെ ബാക്കിപത്രങ്ങൾ..!
അങ്ങകലെ, ഒളിച്ചുകളിക്കുന്ന മിന്നൽപിണരുകൾക്കപ്പുറം മഴമേഘങ്ങളുടെ കലാശക്കൊട്ട്‌.
അത്രയൊന്നും ഗോചരമല്ലാതെ,ചെറുകാറ്റിനൊപ്പം മേനിയിലേക്ക്‌ പാറി വീണ്‌, തെല്ല് നോവിച്ച്‌,പിന്നെയെങ്ങോ ഉൾവലിഞ്ഞുപോകുന്ന മഴനീർത്തുള്ളികൾ.
അനന്തു ഇറങ്ങി നടന്നു.
ഇടതു കയ്യിലെ പേപ്പർ കവർ നനഞ്ഞു തുടങ്ങുന്നത്‌ അവനറിഞ്ഞില്ല. ഉള്ളിൽ ചൂടേറുന്നതും,കണ്ണിൽ കലക്കങ്ങളേറുന്നതും അറിയുവാനാകുന്നു. ഇരു തലങ്ങളിൽ സുഖവും ദു:ഖവും ഒരു പോലെ തെളിയുന്ന പ്രതലങ്ങളിൽ മരവിപ്പ്‌ പടരാൻ തുടങ്ങുന്നു.

അവയിലെവിടെയോ വെള്ളാരങ്കണ്ണുകളും,സ്വർണത്തലമുടിയും,നനുത്ത ചിരിയുമായി അവളെത്തുന്നതറിഞ്ഞു. റോസ്‌ നിറം തന്നെയായിരുന്നു ജർമൻ കാരിയായ റോസിന്‌. കുമരകം കാണുവാനെത്തിയ അവൾക്ക്‌ താൻ ഗൈഡാകുമ്പോൾ ഭാഷ പ്രതിബന്ധമായിരുന്നു. ആംഗ്യങ്ങളും മുറിവാക്കുകളും ആശ്രയമായിരുന്ന ആദ്യ നാളുകൾക്കൊടുവിൽ ലളിതവും,ഒഴുക്കുള്ളതുമായ ഒരു ഭാഷ രൂപപ്പെട്ടു,ഹൃദയത്തിന്റെ..! എന്തിനും ഏതിനും തന്റെ സാമീപ്യത്തിൽ അവൾ ആഹ്ലാദിച്ചിരുന്നു. പിന്നെയെപ്പൊഴോ സൌഹൃദം വളർന്നപ്പോൾ പരസ്പരം അതിർ വരമ്പുകളില്ലാതെയായി. ചിന്തകൾ പലപ്പൊഴും ഒരേ ബിന്ദുവിൽ തന്നെ എത്തിപ്പെട്ടു. മനസുകളുടെ തുടരൊഴുക്ക്‌-അത്‌ ക്രമേണ ശരീരങ്ങളിലേയ്ക്ക്‌ വ്യാപിച്ചപ്പൊഴും തൃപ്തരായിരുന്നു. മെല്ലെ മെല്ലെ അവൾ തന്റെ ജീവന്റെ ഭാഗമായി മാറി. ഒടുവിൽ ഇനിയുമെത്തുമെന്ന വാക്കിൽ അവളകന്നു പോയപ്പോൾ ഉള്ളിലെവിടെയോ ഒരു കനൽ അവശേഷിച്ചു,ഇടയ്ക്കിടെ ചുട്ടു പൊള്ളിക്കാൻ..! അതിന്റെ ചൂടിൽ വിയർത്തൊഴുകുമ്പൊഴും ഇനി കാണുമെന്നും,മനസും;ശരീരവും ത്വരകളകറ്റുമെന്നും വെറുതെ പ്രതീക്ഷിച്ചു. പക്ഷെ പ്രതീക്ഷകൾ പുകവലയങ്ങളായി പറന്നുപോയി. ഉള്ളിലെ പുസ്തകത്താളുകൾ അടയ്ക്കുവാനായില്ല.

പിന്നെ ഈ നഗരത്തിരക്കിന്റെ കൊടും പടർപ്പുകളിലേയ്ക്ക്‌ പറിച്ചു നടപ്പെട്ടപ്പോൾ ജീവിതം പതിയെ ഒഴുകാൻ തുടങ്ങിയിരുന്നു. അവളെ ഓർക്കുന്ന ഇടവേളകൾ നേർത്തു വന്നു. സായാഹ്നങ്ങൾ ലഹരികളിലൂടെ ഓടിപ്പൊയ്ക്കൊണ്ടിരുന്നു. അവയിൽ മാംസ ലഹരി തേടിയിറങ്ങിയ സായന്തനത്തിൽ, നഗര കൌതുകങ്ങളുടെ പിറകിൽ നാറുന്ന ലോകത്തിലെത്തിപ്പെട്ടു. ഒറ്റമുറി കൂരകൾക്കിടയിലൂടെ,ഇടനിലക്കാരൻ തെളിച്ച വഴിയിലൂടെ നടക്കുമ്പോൾ ഉള്ളിൽ വല്ലാത്ത തുടിപ്പ്‌. കുളിമുറിയോളം പോലും വലിപ്പമില്ലാത്ത കുടുസ്സു കൂരയ്ക്ക്‌ മുന്നിലെത്തി നാടൻ ഭാഷയിൽ എന്തോ വിളിച്ചു പറഞ്ഞിട്ട്‌ അവൻ തിരികെപ്പോയി.
വാതിൽ തുറന്ന വെളുത്തു മെല്ലിച്ച ഉത്തരേന്ദ്യൻ വനിതയെ പതിവു ദാഹത്തോടെ തന്നെ നോക്കി. തെല്ലും കൂസാതെ അകത്തേയ്ക്ക്‌ ക്ഷണിച്ച്‌ അവൾ ഒതുങ്ങി നിന്നു. അകത്തേക്ക്‌ കയറുമ്പോൾ ശ്രദ്ധിച്ചു, ഭംഗിയുള്ള മുഖം. എങ്കിലും എവിടെയോ ദുഖച്ഛവി പടർന്ന കണ്ണുകൾ..! കണ്ണുകൾ കണ്ണിലിടയാതെ പിൻ വലിച്ച്‌ അവൾ കാട്ടിത്തന്ന ഇരുമ്പ്‌ കട്ടിലിലിരുന്നു. കാലുകൾ നിലത്ത്‌ കുത്താൻ ഇടയില്ലാത്ത തറയിൽ എന്തോ ചുരുട്ടിയിട്ടിരിക്കുന്നത്‌ കണ്ടു. കണ്ണുകളാൽ ഇടുങ്ങിയ ലോകത്തെ അളക്കാൻ തുടങ്ങി. അത്‌ അവളിലെത്തിപ്പെട്ടപ്പോൾ ശരീര വടിവുകളുടെ നിറവിൽ ഉള്ളിൽ വീണ്ടും തുടിപ്പുകളുണർന്നു. ഒറ്റപ്പാളി ഷീറ്റിന്‌, പറിഞ്ഞു തൂങ്ങിയ ഓടാമ്പൽ വലിച്ചിടുമ്പോൾ നാടൻ ഹിന്ദിയിൽ അവൾ പറഞ്ഞു
"സാബ്‌, പെട്ടന്നു തീർത്തിട്ടു വേണം മകനെ ആസ്പത്രിയിലെത്തിക്കാൻ"
വല്ലാതെ വിറയ്ക്കുന്ന,ചുരുണ്ടുകൂടിയ രൂപത്തെ ഒന്ന്‌ നോക്കി,കയ്യിലെ നോട്ടുകൾ മുഴുവൻ കട്ടിലിലിട്ട്‌ പെട്ടെന്നിറങ്ങിപ്പോകുമ്പോൾ ഇച്ഛാഭംഗത്തെ മനസിലടക്കിപ്പിടിച്ചു. പിന്നെ അവളുടെ മുഖം കടന്നു വരുന്ന രാവുറക്കത്തെ മദ്യത്തിലാഴ്ത്തി അലിയിച്ചു തീർത്തു...!

ഇപ്പോൾ,തെല്ലു മുൻപ്‌ ഇറങ്ങിപ്പോന്ന ആസ്പത്രി വരാന്തയും അവനും തമ്മിൽ ദൂരമേറിയിരിക്കുന്നു. രാമഴ തോർന്നു തുടങ്ങി.
ഇടതു കയ്യിലെ നനഞ്ഞു കുതിർന്ന പേപ്പർ കവറിൽ പണ്ടെന്നോ റോസ്‌ തനിക്കായിട്ടു പോയ മാരക രോഗത്തിന്റെ കണ്ടെത്തലുകളുടെ അക്ഷരത്തെളിവുകൾ..!
ഉള്ളിൽ, നിമിഷാർത്ഥനേരത്തെ തിരിച്ചറിവിൽ ഒരു മകന്‌ അമ്മയെ തിരിച്ചു നൽകിയതിന്റെ കുളിരുറവകൾ...
മരവിപ്പ്‌ കടന്നെത്തുമ്പൊഴും ഉള്ളറകൾ ശാന്തം.
അനന്തു നടന്നുകൊണ്ടിരുന്നു....!

Posted by Varnameghangal @ 5:50 PM

------------------------------------------

13 Comments:
Blogger bodhappayi said...

നല്ല എഴുത്ത്‌.

അസുഖം തന്നത്‌ ജര്‍മ്മന്‍ക്കാരിയാണെന്നെങ്ങനെ മനസ്സിലായി. എല്ലാ നാട്ടിലുമുണ്ട്‌ വാഹിനികള്‍... :)

11:48 AM  

Blogger Kalesh Kumar said...

സുഖമുള്ള, നടുക്കുന്ന വായന!

3:17 PM  

Blogger അരവിന്ദ് :: aravind said...

വര്‍ണ്ണം..അഭിനന്ദനങ്ങള്‍!!
മനസ്സില്‍ തട്ടുന്ന കഥ..ഉള്ളിലെവിടെയോ കൊളുത്തി ഒരു വലി വലിക്കുന്ന ക്ലൈമാക്സ്.
സത്യം പറയട്ടെ, എന്റെ ഒരു സുഹൃത്തിനെ ഓര്‍ത്തു പോയി. ബാംഗ്ലൂരിലെ എല്ലാ തരികിടകളിലും
മുങ്ങി, ജീവിതം ആസ്വദിക്കുന്നവന്‍! അവനീ കഥ വായിച്ചിരുന്നെങ്കില്‍..ഒരു പക്ഷേ..

4:30 PM  

Blogger Visala Manaskan said...

നന്നായിട്ടുണ്ട് വര്‍ണ്ണമേഘമേ...

ഇടതുകയ്യിലെ പേപ്പറ് കവറില്‍ എന്തായിരിക്കുമെന്ന് ഊഹിക്കാന്‍ കഴിഞ്ഞില്ല, ഇങ്ങിനെയൊരു കഥാന്ത്യവും!

‘നിമിഷാർത്ഥനേരത്തെ തിരിച്ചറിവിൽ ഒരു മകന്‌ അമ്മയെ തിരിച്ചു നൽകിയതിന്റെ കുളിരുറവകൾ...‘ വെരി നൈസ്.
* * *
പോസ്റ്റിന്റെ കൂടെവരുന്ന പടങ്ങള്‍, ഇടിവെട്ട് പടങ്ങള്‍ തന്നെ ഗഡി.

4:44 PM  

Blogger Kuttyedathi said...

ഉഗ്രനായി വര്‍ണ്ണമേ.. മനസ്സിലൊരു നോവു ബാക്കി.

9:22 PM  

Blogger ശനിയന്‍ \OvO/ Shaniyan said...

വര്‍ണ്ണമേ, വര്‍ണ്ണാഭമായ സന്നിവേശം!!

നടുവിലെ കണ്ടന്റ് ഏരിയ ഇത്തിരി കൂടി കൂട്ടാമോ? അധികം ഉരുട്ടി ബുദ്ധിമുട്ടണ്ടല്ലോന്നു വെച്ചിട്ടാ..

10:42 PM  

Blogger Manjithkaini said...

ബ്ലോഗിന്റെ കെട്ടും മട്ടും പോലെ മനോഹരമായ വരികളും.

നിമിഷാര്‍ത്ഥമല്ല നിമിഷാര്‍ദ്ധമാണു(nimishaarddham) ശരിയെന്നു തോന്നണു.

11:03 PM  

Blogger സിദ്ധാര്‍ത്ഥന്‍ said...

വർണ്ണമേ,
നല്ലതു്. നന്നായി പറഞ്ഞു.
ഇതും പിന്നൊരു കാര്യവും പറയാനാണു് കമന്റിലേക്കു വന്നതു്. അതു് മഞ്ജീത് പറഞ്ഞിരിക്കുന്നു. പകുതി (നിമിഷത്തിന്റെ)എന്നർത്ഥമുള്ള അർദ്ധമാണുവേണ്ടതെന്നെനിക്കും തോന്നുന്നു.

ഉമേഷ്മാഷിങ്ങനെ ഒഴിഞ്ഞുമാറി നടക്കുന്നതു് ശരിയല്ലെന്നു തന്നെയാണെന്റെയഭിപ്രായം. ഗുരുതരമായവയോ, അല്ലെങ്കിൽ അധികം തെറ്റു വരുത്താത്തവർ വരുത്തുന്നതോ, ആയ തെറ്റുകളെങ്കിലും മിനിമം പറഞ്ഞു പൊയ്ക്കൂടെ?

12:37 AM  

Blogger സിദ്ധാര്‍ത്ഥന്‍ said...

ദേ എനിക്കു പിന്നേം തെറ്റി.

ഗുരുതരമായതോ, അല്ലെങ്കിൽ അധികം തെറ്റു വരുത്താത്തവർ വരുത്തുന്നതോ, ആയ തെറ്റുകളെങ്കിലും മിനിമം പറഞ്ഞു പൊയ്ക്കൂടെ? - എന്നു വായിക്കാനപേക്ഷ.

1:22 AM  

Blogger ഉമേഷ്::Umesh said...

വര്‍ണ്ണമേഘങ്ങളെ വായിക്കാന്‍ എപ്പോഴും വൈകും. മടിയാണു കാരണം. റെസലൂഷന്‍ പറയുന്ന ഡയലോഗ് ബോക്സില്‍ ക്ലിക്കു ചെയ്യണമെന്ന മടി. പിന്നെ സ്ക്രോള്‍ ചെയ്യണമെന്ന മടി. അടുത്തെഴുതിയിരിക്കുന്ന വരികളില്‍ നിന്നു പാരഗ്രാഫുകള്‍ വേര്‍തിരിച്ചെടുത്തു മനസ്സിലാക്കണമെന്ന മടി. പോസ്റ്റു കാണുമ്പോള്‍ “ഇതല്പം വലുതാണു്, പിന്നെ വായിക്കാം” എന്ന മടി (സീരിയസ് വായന ആവശ്യമായ പോസ്റ്റുകളെല്ലാം വൈകിയാണു വായിക്കുന്നതു്. പെരിങ്ങോടന്റെയും ദേവന്റെയും കഥകളും, ഏവൂരാന്റെ പല ലേഖനങ്ങളും ഈ വിഭാഗത്തില്‍ പെടും. വിശാലന്‍, വക്കാരി, അരവിന്ദന്‍, കുട്ട്യേടത്തി തുടങ്ങിയവരുടെ പോസ്റ്റുകള്‍ വലുതായാലും എന്തോ ഒറ്റയിരുപ്പില്‍ വായിക്കും) ഇതൊക്കെയാണു കാരണങ്ങള്‍.

ഇപ്പോഴാണു വായിച്ചതു്. നല്ല കഥ. നല്ല തുടക്കം, നല്ല ഒഴുക്കു്, ഏറ്റവുമധികം, നല്ല ക്ലൈമാക്സ്.

പിന്നെ, നിമിഷാര്‍ദ്ധം തന്നെ ശരി. അതു കൂടാതെ ദു:ഖം (ദുഃഖം), ഉത്തരേന്ദ്യന്‍ (ഉത്തരേന്ത്യന്‍)‍, ദുഖച്ഛവി (ദുഃഖച്ഛവി), ഇരുമ്പ് കട്ടിലിലിരുന്നു (ഇരുമ്പുകട്ടിലിരുന്നു - അതോ ഇരുമ്പാണോ കട്ടിലിലിരുന്നതു്?), പെട്ടന്ന് (പെട്ടെന്നു്) തുടങ്ങി വേറെയും തെറ്റുകളുണ്ടു്. ചൂണ്ടിക്കാട്ടാന്‍ നല്ല സമയം വേണം. അതുകൊണ്ടാണു ചെയ്യാത്തതു്. പണ്ടിതൊന്നു ചെയ്യാന്‍ തുടങ്ങി പുലിവാലു പിടിച്ച കഥ എനിക്കല്ലേ അറിയൂ!

:-)

1:53 AM  

Blogger കണ്ണൂസ്‌ said...

മേഘമേ, ക്ലൈമാക്സ്‌ നന്നായിരിക്കുന്നു. എന്തായാലും എനിക്ക്‌ നായകനോട്‌ ഒരു സഹതാപവും ഇല്ല. വാളെടുക്കുന്നവന്‍ വാളാല്‍!!

ഉമേഷേ, അറിയാവുന്നവര്‍ ആരെങ്കിലും തിരുത്തി തന്നാലല്ലേ തെറ്റ്‌ ആവര്‍ത്തിക്കാതിരിക്കാന്‍ പറ്റൂ? സമയം പോലെ ആ ദൌത്യം നിറവേറ്റുക.

9:01 AM  

Blogger രാജ് said...

ഉമേഷെ നല്ലൊരു ഏര്‍പ്പാടു് എന്താണെന്നുവച്ചാല്‍ മൊഴി/വരമൊഴി ഉപയോഗത്താല്‍ വരുന്ന തെറ്റുകളെ അവഗണിക്കുക എന്നതാണു്. പുശ്ചം/പുച്ഛം, അനസ്യൂതം/അനുസ്യൂതം എന്നിങ്ങനെ പ്രസക്തമായ തെറ്റുകള്‍ക്കു പുറകേ പോകുന്നതാകും ബുദ്ധി. ന്ധ/ന്ദ/ണ്ഡ/ണ്ഢ/ഥ/ത്ഥ/ധ/ദ്ധ എന്നിവ ഉപയോഗിക്കുമ്പോഴുള്ള തെറ്റുകളെയും സന്ദര്‍ഭോചിതമായി ഗൌനിക്കേണ്ടിവരും. കഴിയുമെങ്കില്‍ തെറ്റുവരുത്തുവാന്‍ സാധ്യതയുള്ള വാക്കുകളുടെ ഒരു സൂചികയും നമുക്കു തയ്യാറാക്കണം.

വര്‍ണ്ണമേ ഒരു ക്ഷമാപണം: കഥ വായിച്ചില്ല, ചില്ലുകള്‍ക്കു പ്രശ്നമുണ്ടു്, ഫോണ്ടുമാറ്റി പിന്നെ വായിക്കാമെന്നു കരുതി മാറ്റിവയ്ക്കുന്നു വായന. സിദ്ധാര്‍ത്ഥന്റെ കമന്റും ചില്ലക്ഷരം പ്രശ്നമാണു്.

10:02 AM  

Blogger വര്‍ണ്ണമേഘങ്ങള്‍ said...

കുട്ടപ്പായി:
അനന്തുവിന്റെ ബന്ധം അവളുമായി മാത്രമായിരുന്നു.
-----------------
കലേഷ്‌:
നന്ദി.
-----------------
അരവിന്ദ്‌:
അരവിന്ദ്‌ പറഞ്ഞതു പോലെ തരികിടകളിൽ ഉരുണ്ടു കളിക്കുന്ന അനേകം പേരെ എനിയ്ക്കറിയാം.പക്ഷെ അവരും അനന്തുവും തമ്മിൽ ദൂരം ഏറെയുണ്ട്‌.അവന്‌ റോസിനെ ഇഷ്ടമായിരുന്നു,നേരമ്പോക്കല്ലായിരുന്നു അത്‌. നേരമ്പോക്കാക്കിനിറങ്ങിയപ്പോഴോ മുഴുമിപ്പിച്ചുമില്ല.
-----------------
വിശാല:
എല്ലാ പോസ്റ്റും വായിക്കാറുള്ളതിൽ ഒത്തിരി സന്തോഷം.
-----------------
കുട്ട്യേടത്തി:
നന്ദി
-----------------
ശനിയൻ:
കണ്ടന്റ്‌ ഏരിയ കൂട്ടാം.
-----------------
മന്‍ജിത്‌:
നിമിഷാർദ്ധം തന്നെ ശരി.
-----------------
സിദ്ധു:
ഉമേഷ്‌:
തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതിൽ ഒരുപാട്‌ നന്ദി. തുടർന്നും പ്രതീക്ഷിക്കുന്നു.
-----------------
പെരിങ്ങ്‌:
യോജിപ്പ്‌.

10:32 AM  

Post a Comment

Home

  View Profile



Previous Posts
വേഷങ്ങളഴിക്കാതെ.
സിന്ധി മത്തായി..!
ഈരടികളില്ലാതെ...!
ചീരന്റെ കളർ സ്വപ്നങ്ങൾ..!
മഴയിൽ... നനയാതെ..!
ഞാനറിയാതെ..!
അയൺ മാൻ..!
നിഴലുകളില്ലാതെ..!
അരവിന്ദന്റെ 'സത്യാ'ന്വേഷണങ്ങൾ...!
നീ പെയ്യുവോളം..!