|
Friday, March 31, 2006
വേഷങ്ങളഴിക്കാതെ.
നാട്യങ്ങളേറെ തിമിർക്കുന്ന നഗരത്തിരക്കിനും മേൽ തലയുയർത്തി നിൽക്കുന്ന നക്ഷത്ര ഹോട്ടലിന്റെ അത്യാഢംബര സ്യൂട്ടിൽ ഞാനിപ്പോൾ ഏകൻ.
അനസ്യൂതം ജയ് വിളിച്ചും ഹാരമണിയിച്ചും പൃഷ്ഠമുറപ്പിക്കാനിടം കൊതിച്ചെത്തിയവർ, ഒത്തുതീർപ്പും കുതികാൽ വെട്ടും കുളം കലക്കും കുശുമ്പും കുന്നായ്മയുമായെത്തിയ രാഷ്ട്രീയ സഹചാരികൾ, മുഖദാവിലെത്താൻ ഊഴം കാത്ത് പകലിനെയും കണ്ണടച്ചിരുട്ടാക്കാൻ പ്രലോഭനങ്ങൾ കുത്തിനിറച്ച ഭാണ്ഡങ്ങളേന്തി പതുങ്ങിയെത്തിയ രാത്രിഞ്ചരന്മാർ, അധികാര മേലാൾപ്പടയെ നാവും ചലനങ്ങളും ബന്ധിച്ച് കാൽക്കീഴിലാക്കാൻ സൂത്രവാക്യങ്ങളുറപ്പിച്ച ഉപജാപ സംഘങ്ങൾ, അന്തരാത്മാവിന്റെ ആഴങ്ങളോളമെത്തി വേരുറപ്പിക്കാൻ കെൽപുള്ള വിദേശമദ്യ ചഷകങ്ങൾ, ജനങ്ങളെ കുപ്പിയിലിറക്കി കുതിരപ്പവൻ നേടാൻ; മടിയേതുമില്ലാതെ മടിക്കുത്തഴിച്ചിട്ട് കൊതിയുള്ള പദവിപ്പേരുകൾ കാതുകളിൽ സീൽക്കാരമായ് ചൊരിഞ്ഞിട്ട നവയുഗ രാഷ്ട്രീയ സിംഹിണികൾ.. ആരുമില്ല ഇപ്പോൾ.അരങ്ങൊഴിഞ്ഞപ്പോൾ സൂത്രധാരൻ ഏകൻ.
ഉറങ്ങുവാനാകുന്നില്ല .. നാളെ പുലരുമ്പോൾ വീണ്ടും തുടങ്ങേണ്ടുന്ന മുഖം മൂടി നാടകമല്ല ഉള്ളിൽ, നേടുവാനൊട്ടൊന്നുമിനിയില്ലാത്ത പദവികളുമല്ല മനസിൽ.പകലന്തിയോളം പരിദേവനങ്ങൾക്കു മുന്നിൽ തുറക്കാതെ, ഇവിടെ ഇരുട്ടിൽ മാത്രം തുറന്നിട്ട കാതുകളിൽ മറ്റെന്തോ മുഴങ്ങുന്നു... അറിയുന്നു ഞാൻ...!
അങ്ങ് താഴെ,അടിത്തറകൾക്കും അടിയിൽ കുഞ്ഞു രോദനം മുഴങ്ങുന്നു, അനേക വർഷങ്ങൾക്ക് മുൻപ് നഗരരാവിന്റെ പിറകിൽ നാറ്റം വമിക്കുന്ന ഓടയ്ക്ക് ചേർന്ന് നിരയൊത്ത തകരപ്പാളികളിലൊന്നിനുള്ളിൽ വാവിട്ട് കരഞ്ഞ് പിറന്നു വീണ ഞാനെന്ന അഴുക്കുചാൽ കുമിളയുടെ രൂപത്തിൽ നിന്നുമാകാം. ഒരു കുഞ്ഞു കരിമ്പൂച്ചക്കുട്ടിയുടെ രൂപമായിരുന്നത്രേ എനിയ്ക്കന്ന്. മുൻസിപ്പാലിറ്റി തൊഴിലാളിയായി ജീവിതാവസാനം വരെ അഴുക്കുകൾ വാരി അതേ അഴുക്കുകളുടെ വിഷഫണങ്ങളാൽ കാൻസർ ബാധിതനായി മരിച്ചു പോയ അച്ഛന് ശേഷം, അതേ പണിയ്ക്കിറങ്ങി ഞാനൊരു കരയെത്തും മുൻപേ പൊലിഞ്ഞു പോയ അമ്മ പറഞ്ഞറിയാം.
പിന്നീട്, രക്ഷാധികാരിയായ അമ്മാവന്റെ ശിക്ഷണത്തിൽ വേലിക്കെട്ടുകൾ എന്നെ വല്ലാതെ അലോസരപ്പെടുത്തി. നിയന്ത്രണങ്ങളില്ലാത്ത ലോകമായിരുന്നെനിയ്ക്കിഷ്ടം.അക്ഷരങ്ങളെ അന്നും വേറുപ്പായിരുന്നെനിയ്ക്ക്.സ്കൂളിൽ കയറാതെ വഴിവക്കിൽ പതുങ്ങിയിരുന്ന്, പഠിയ്ക്കാനും സുഖിയ്ക്കാനും ജനിച്ച സമ്പന്ന പുത്രന്മാരെ കരിങ്കല്ല് കാട്ടി ഭീഷണിപ്പെടുത്തി അനാമത്ത് ചിലവുകൾക്കുള്ള ചില്ലറകളൊപ്പിക്കുമ്പോൾ, നിനയാത്ത നേരത്ത് എവിടെ നിന്നോ ചാടി വീണ് രക്തം നുണഞ്ഞ് തിരികെയോടുന്ന കടിയൻ നായയുടെ രൂപമായിരുന്നത്രേ എനിയ്ക്ക്.
കലാലയ ജീവിതത്തിന്റെ കരകാട്ടങ്ങൾ എന്നെ ആകർഷിച്ചിരുന്നില്ല.എന്റെ വളർച്ചയുടെ വർഷങ്ങൾ അതിനുള്ളിൽ തളച്ചിടാൻ ആശയൊട്ടുമില്ലായിരുന്നു.എങ്കിലും അതിനുള്ളിലെ രസമുകുളങ്ങൾ ഞാനിടയ്ക്കിടെ ആസ്വദിച്ചിരുന്നു. നാളുകളുടെ ഇടവേളയിട്ട് ഞാൻ മതിൽ ചാടിയെത്തിയാൽ ക്യാമ്പസിൽ പൂക്കൾ വിരിയുമായിരുന്നു, പല ആകൃതികളിൽ പടർന്ന് വീഴുന്ന രക്തവർണപ്പൂക്കൾ..! പലപ്പോഴായി ചിന്നം വിളിച്ച് കടന്നെത്തി, ശാന്ത ജീവിതം നിർദാക്ഷിണ്യം ചവുട്ടി മെതിച്ച് താറുമാറാക്കുന്ന ഒറ്റയാന്റെ രൂപമായിരുന്നു എനിയ്ക്കന്ന്.
കുടുംബ ബന്ധങ്ങളുടെ മതിലകങ്ങൾക്കുള്ളിൽ നിന്നും പുറത്തെറിയപ്പെട്ട എനിയ്ക്ക് അരവയർ നിറയ്ക്കാൻ മാർഗങ്ങളില്ലാതെയായി. എന്റെ ശരീരവും അദ്ധ്വാനവും മറ്റൊരുവന് തീറെഴുതാൻ താൽപര്യമില്ലായിരുന്നു. സ്വയം എളുപ്പ വഴികൾ കണ്ടെത്തി.... കയ്യൂക്കിന്റെയും,കൊള്ളയുടെയും വഴികൾ. പിന്നെയെപ്പോഴോ ലഹരിയും;വഴി വിട്ട നേരമ്പോക്കുകളും ഇടവേളയിട്ട യാമങ്ങളിൽ, ഇതൊന്നും നിത്യവൃത്തിക്കായ് ശാശ്വത മാർഗങ്ങളല്ലെന്നു കണ്ട സായന്തനങ്ങളിൽ എന്റെ ജീവിതം ജനസേവനമെന്നറിഞ്ഞു.കൂട്ടിപ്പറഞ്ഞും, കൂട്ടിക്കൊടുത്തും,കുളിപ്പിച്ചെടുത്തും, കള്ളന് കഞ്ഞി വെച്ചും, പുറം തടവിക്കൊടുത്തും, മുന്തിയ വീട്ടമ്മമാരുടെ വിടു പണി ചെയ്തും, മേലാളന്മാർ ചവച്ചു തുപ്പിയ അവശിഷ്ടങ്ങൾ പെറുക്കിയെടുത്ത് സ്ഥാനമാനങ്ങൾ നേടിയ കാലത്ത് കഴുതപ്പുലിയുടെ രൂപമായിരുന്നത്രേ എനിയ്ക്ക്..!
പിന്നീട് അവരൊക്കെ വരച്ചിട്ട വഴികളിലൂടെ വല്ലപ്പൊഴും നടന്നും,ഇടയ്ക്കിടെ സ്വയം വെട്ടിത്തെളിച്ചും കടന്നു കയറി അക്ഷൌഹിണികൾക്കും നാഥനായി ഞാൻ. ഇടവിട്ട് മാറിമറിയുന്ന എന്റെ പാഴ് വാക്കുകൾ നെഞ്ചേറ്റി ജയ് വിളിക്കാൻ ചാവേറുകളനവധി... അമരക്കാരന്റെ കയ്യിലെ ഇടം വലം മറിയുന്ന വൻ തുഴ എത്രയാഴങ്ങളിലെത്തുമെന്നവർക്കറിയില്ലല്ലോ. എന്റെ വാക്കുകളിൽ, ആഹ്വാനങ്ങളിൽ അവർ ജ്വലിച്ചു, കർമ നിരതരായി. രാഷ്ട്രീയമറിയാത്ത കുഞ്ഞു കിടാങ്ങൾ സമര മുഖങ്ങളിൽ എങ്ങുമെത്താതെ പൊലിഞ്ഞു പോയി. രക്തസാക്ഷികൾ പിറന്നുകൊണ്ടേയിരുന്നു, ഞാനടക്കമുള്ളവർക്ക് ഉന്നതിയിലേക്കുള്ള ചവിട്ടുപടികളായി. അന്നും ഇന്നും എനിയ്ക്ക് രുധിരം നുണഞ്ഞിറക്കുന്ന സൂത്രശാലിയായ കുറുക്കന്റെ ഭാവഹാവാദികൾ... കയ്യിൽ കരിങ്കല്ലും,കത്തിയും ആയുധമല്ല ... മറിച്ച് ഇന്നത്തെ എതിരാളിയെ, കൂട്ടാളിയാക്കാനുതകുന്ന, തെളിവുകളെന്ന മാരകായുധങ്ങൾ.. അത് ഞാൻ നേരവും കാലവും നോക്കി പ്രയോഗിക്കുന്നു... ആയുധം മാറിയാലും, ആളുകൾ മാറിയാലും, അക്ഷൌഹിണികൾ മാറിയാലും എന്റെ പോരിനെന്നും ഒരേ രീതി, ഒരേ ആവേഗം.
ഇനിയുറങ്ങാൻ നേരമില്ല. നേരം വെളുക്കുന്നു. ഇന്നിന്റെ സ്ഥിതിവിവരങ്ങൾക്കനുസൃതം എന്റെ ഇന്നത്തെ കാൽ വെയ്പ്പ്. കോലം തുള്ളാൻ എന്റെ അക്ഷൌഹിണികളും......!!
Posted by Varnameghangal @ 2:44 PM
------------------------------------------
9 Comments:
Home
|
|
View Profile
Previous Posts
സിന്ധി മത്തായി..!
ഈരടികളില്ലാതെ...!
ചീരന്റെ കളർ സ്വപ്നങ്ങൾ..!
മഴയിൽ... നനയാതെ..!
ഞാനറിയാതെ..!
അയൺ മാൻ..!
നിഴലുകളില്ലാതെ..!
അരവിന്ദന്റെ 'സത്യാ'ന്വേഷണങ്ങൾ...!
നീ പെയ്യുവോളം..!
ശലഭ ജന്മങ്ങൾ..!
|
മതി.തൃപ്തിയായി വര്‍ണ്ണമേഘമേ.
ഈ ആഴ്ചയിലെ സാഹിത്യ ബ്ലോഗുകളുടെ ആലസ്യം പറ്റേ തീര്‍ത്തു, ഈ പോസ്റ്റ്.
അതി മനോഹരം എന്നു പറഞ്ഞാല്‍ താഴ്ത്തിക്കെട്ടലാകും. ബ്രില്ല്യന്റ്. എഴുത്തിന്റെ ശൈലി എന്നെ ആശ്ചര്യപ്പെടുത്തി.
മൈ സല്യൂട്ട്സ്.
Hi Aravind, Do you have any hostility against varnameghangal? Your praise will kill this amateur writer. He will start thinking that he style is the best in the world. To tell the truth, I could not find any fresh feeling in the paragraphs.
ഏതു എഴുത്തുകരനും അവനവന്റെ ശൈലി, ഉണ്ടാക്കിയെടുക്കാനും, അതു വിഷത്തെയും, സാഹചര്യങ്ങളുയും അനുസരിച്ചു, വിവേചിക്കാനും സാധിക്കണം.അതു തിരിച്ചറിഞ്ഞു പ്രതിപാദിക്കാനുള്ള കഴിവ് , വര്‍ണ്ണമേഖത്തിനുണ്ട്, എന്നാണ് എനിക്കു തോന്നുന്നത്. നന്നായിരിക്കുന്നു, എന്നു പറയാതെ വയ്യ. പിന്നെ,നല്ലത്,കൊള്ളാം ‘ എന്നൊക്കെ പ്രോത്സാഹിപ്പിക്കുന്നത്, ഒരു വളരെ നല്ല കര്യമാണ്,അതൊരു ശക്തമായ മന്‍സ്സിനെ സാധിക്കുഅയുള്ളു,നന്നായി അരവിന്ദ്, ഇനിയും പോരെട്ടെ വര്‍ണ്ണമേഖത്തിന്റെ, വര്‍ണ്ണവിളയാട്ടങ്ങള്‍.
കഥ നന്നായി :)
"അങ്ങ് താഴെ,അടിത്തറകൾക്കും അടിയിൽ കുഞ്ഞു രോദനം മുഴങ്ങുന്നു,
അനേക വർഷങ്ങൾക്ക് മുൻപ് നഗരരാവിന്റെ പിറകിൽ നാറ്റം വമിക്കുന്ന ഓടയ്ക്ക് ചേർന്ന് നിരയൊത്ത തകരപ്പാളികളിലൊന്നിനുള്ളിൽ വാവിട്ട് കരഞ്ഞ് പിറന്നു വീണ ഞാനെന്ന അഴുക്കുചാൽ കുമിളയുടെ രൂപത്തിൽ നിന്നുമാകാം......."
റ്റച്ചിങ്ങ്. വര്‍ണ്ണത്തിന് തികച്ചും വേറിട്ടൊരു ശൈലിയുണ്ട്. v.nice.
മേഘങ്ങളെ,
വാചകങ്ങള്‍ക്ക് (വാക്യങ്ങള്‍ക്ക്) നീളമിത്തിരി കുറച്ചുകൂടേ? അവയ്ക്ക് അല്പം നീളക്കൂടുതലുണ്ടെന്നാണ് എന്റെ അഭിപ്രായം.
ആടിത്തീര്‍ക്കാന്‍ വേഷങ്ങളേറെ ബാക്കി....
വളരെ നന്നായിരിക്കുന്നു...
വര്‍ണ്ണ മേഘങ്ങളേ.. നമിക്കുന്നു....
വര്‍ണമേഘങ്ങള്‍,
വ്യത്യസ്തങ്ങളായ പ്രമേയങ്ങളിലുള്ള കൈയ്യടക്കം, അതൊന്നു തന്നെ നിന്നെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നു.
ഒരു കൊച്ചു കരിമ്പൂച്ചയില്‍ നിന്നും ഭ്രാന്തന്‍ നായായ്, പിന്നെ മദപ്പാടുള്ള ഒറ്റയാനായ്, ആത്മാഭിമാനമില്ലാത്ത കഴുതപ്പുലിയായി പിന്നെ കുടിലതകളേറിയ കുറുക്കനായ് വളര്‍ന്ന(?) അഴുക്കുചാല്‍ കുമിളകള്‍ നമുക്കുചുറ്റും ഏറിക്കൊണ്ടിരിക്കതന്നെയാണ്.
തിരിച്ചറിവുകള്‍ പലപ്പോഴും മനസ്സിനെ അശാന്തിയുടെ തീരങ്ങളിലേക്കാണു നയിക്കുന്നതും.