Monday, June 19, 2006

പാഞ്ചാലിപ്പാച്ചു.

പാസ്പോര്‍ട്ട്‌ വിളി: പാട്ടവിളയില്‍ ചുപ്രന്‍ കണാരന്‍.
നാട്ടിലെ വിളി: പാച്ചു
വയസ്‌: 35-40
സെക്സ്‌: വല്ലപ്പോഴും, മഴയുള്ളപ്പോള്‍.
നിറം: അഴകുള്ള കറുപ്പ്‌
ഹൈറ്റ്‌: ഇച്ചേച്ചി മുക്കിലെ ചുമടു താങ്ങി സമം(അതെന്താ ഇച്ചേച്ചി മുക്കിലെ ചുമടു താങ്ങി ?ആരാ ഇച്ചേച്ചി ?അവരും പാച്ചുവും തമ്മില്‍ ? ചുമടു താങ്ങിയുടെ ഹൈറ്റും പാച്ചു ഹൈറ്റും തമ്മില്‍ മാച്ച്‌ കണ്ടെത്തിയതെങ്ങനെ ? തുടങ്ങിയ ചോദ്യങ്ങള്‍ നേരിട്ട്‌ ചോദിക്കാവുന്നതാണ്‌).
വെയ്റ്റ്‌: ഉത്സവകാലത്ത്‌ 120 അല്ലാത്തപ്പോ 55.
വിദ്യാഭ്യാസം: രണ്ടാം ക്ലാസ്‌ കമ്പ്ലീറ്റ്‌ (കോഴ്സ്‌ സര്‍ട്ടിഫിക്കറ്റ്‌ മാത്രം)
തൊഴില്‍: കയ്യിലിരിപ്പിന്‌ വഴങ്ങുന്നതെന്തും.
കുടുംബം: ???.

ഇത്‌ കണാരന്‍ എന്ന പാച്ചുവിന്റെ സ്റ്റാറ്റിസ്റ്റിക്സ്‌.
പാച്ചു ഒരു വ്യക്തിയോ,പ്രസ്ഥാനമോ,സംഭവമോ ഒന്നുമല്ലായിരുന്നു, മറിച്ച്‌ സ്വവിശേഷണത്തില്‍ ഒരു നടന വിജൃംഭിതന്‍ ആയിരുന്നു.
അതിന്റെ കാരണവും അതീവ നാടകാഭിനയ ഭ്രമമുള്ള പാച്ചു തന്നെ പറയും.
'സ്റ്റേജില്‍ കയറിയാല്‍ പിന്നെ യാതൊന്നുമില്ല, ലോകവും,കാഴ്ചക്കാരും യാതൊന്നും. അഭിനയം ഒരു ഫുള്‍ ബോട്ടിലായി തലയ്ക്ക്‌ പിടിച്ചാല്‍ പിന്നെ നമ്മള്‍ വിജൃംഭിതരാവണം... എന്നാലേ മുഖത്ത്‌ കല തെളിയൂ..!
കൊറസോവ,സത്യജിത്ത്‌(സത്യജിത്ത്‌ റായ്‌ യോ ..?),മണ്ടന്‍ ബ്രാലോ(തള്ളേ മാര്‍ലണ്‍ ബ്രാന്‍ഡോ..) തുടങ്ങിയ മഹാന്മാരൊക്കെ എന്നെപ്പോലെ വിജൃംഭിതരായിരുന്നു..!'
ഈശ്വാരാ.... എന്ന്‌ വിളിച്ചോ...
പാച്ചു വായ്ക്ക്‌ എതിര്‍വാ ഇല്ല.
വേലിപ്പാക്കല്‍ ഷാപ്പില്‍ നിന്നും കലാ ചഷകം 2-3 എണ്ണം ഒറ്റ വലിയ്ക്ക്‌ മോന്തി, ഫാ...വലിപ്പിക്കല്‍ ഷാപ്പ്‌...എന്നും വിളിച്ച്‌ പറഞ്ഞ്‌, ഇടയ്ക്കിടെ ഷാപ്പിനുള്ളില്‍ തന്നെയും,ചിലപ്പോള്‍ നടു റോഡിലും പാച്ചു വിജൃംഭിതനായിക്കൊണ്ടിരുന്നു.

അങ്ങനെയിരിക്കെ നാട്ടിലെ അമ്പലത്തില്‍ ഉത്സവം വന്നു. നേരത്തെ പറഞ്ഞ പ്രകാരം പാച്ചു വെയ്റ്റ്‌ കൂട്ടാന്‍ തയ്യാറെടുത്തു.കാരണം തട്ടിക്കൂട്ട്‌ നാടക സഭയുടെ അക്കൊല്ലത്തെ നാടകത്തിലും പ്രധാന വേഷം പാച്ചു തന്നെ.
നാടകം 'പാഞ്ചാലീ ഹൃദയം'.
വേഷത്തില്‍ അതീവ ശ്രദ്ധാലുവായ പാച്ചു അടിപൊളിയായി ഒരുങ്ങി.
ഷേപ്പൊത്ത ചിരട്ട,ബ്ലൌസ്‌ എന്നിവ കൂന്താനത്ത്‌ കമലാക്ഷി വക.
രണ്ട്‌ സാരി, തിരുപ്പന്‍ എന്നിവ നാട്ടിലെ മുടിച്ചി പത്മിനി വക.
വസ്ത്രാക്ഷേപ സീനിലേക്ക്‌ ബാക്കിയുള്ള സാരികളും തടുത്ത്‌ കൂട്ടി.
പിന്നെ, പാച്ചുവിന്റെ അലര്‍ജി ലിസ്റ്റില്‍ പെട്ടതും, സ്പെഷ്യല്‍ ഒക്കേഷനുകളില്‍ മാത്രം ധരിക്കാറുള്ളതുമായ അണ്ടര്‍വെയര്‍ പുതുപുത്തനൊരെണ്ണം ഉത്സവപ്പറമ്പില്‍ നിന്ന്‌.
ദൈവമാണല്ലോ വേഷം കെട്ടിയ്ക്കുന്നത്‌.... എല്ലാം താല്‍ക്കാലിക വേഷങ്ങള്‍.
മുറുമുറുപ്പോടെ പാച്ചു ഒരുങ്ങി.
'കുപ്പത്തോട്ടില്‍ നിന്നും വന്ന ഷാജിയെത്തിരക്കി ജോര്‍ജ്ജൂട്ടി ലവിടെ നില്‍ക്കുന്നു' എന്നും മറ്റും വെച്ച്‌ കാച്ചുന്ന, മൈക്ക്‌ കണ്ടാല്‍ ചാടി വീഴുന്ന തൊഴിലില്ലാ യുവജനങ്ങളെ തള്ളി മാറ്റി പാച്ചു തന്റെ ഘനഗംഭീര ശബ്ദത്തില്‍ അനൌണ്‍സ്‌മന്റ്‌ നടത്തി.
സ്ത്രീയായാല്‍ പാഞ്ചാലിയുടെ ശുഷ്കാന്തി വേണമെന്ന്‌ കൂടി ഓര്‍മിപ്പിച്ചു.

പാഞ്ചാലീവേഷത്തില്‍ ഇറങ്ങി വന്നപ്പോള്‍ നിലയ്ക്കാത്ത കരഘോഷം.
നാടകം തുടങ്ങി... വിജൃംഭിതനായി മാറിയ പാച്ചു, പാഞ്ചാലീ വേഷത്തില്‍ അരങ്ങ്‌ തകര്‍ത്തു തുടങ്ങി.
വസ്ത്രാക്ഷേപ സീനിനു മുന്‍പ്‌ അഞ്ചു സാരികള്‍ കൂടി ഉടുത്തു. കൂട്ടിക്കെട്ടാന്‍ ഉടമസ്ഥാനുവാദമില്ലാത്തതിനാല്‍ ഒന്നിനു മേലേ ഒന്നെന്ന കണക്കിനുടുത്തു. പിന്നെ അഞ്ചു സാരിയില്‍ വലി നിര്‍ത്താന്‍, വലിക്കാന്‍ പോകുന്ന ലഹരിയിലും, വേലിപ്പാക്കല്‍ ലഹരിയിലും അര്‍മാദിച്ച്‌ തിളയ്ക്കുന്ന ചെമ്പന്‍ ദുശ്ശാസ്സനനെ ശട്ടം കെട്ടി.
സീന്‍ തുടങ്ങി..
ചെമ്പന്‍ വലിയും തുടങ്ങി..
ഒന്ന്‌.. കൃഷ്ണാ..
രണ്ട്‌ .. കൃഷ്ണാ..
അങ്ങനെ അഞ്ചാമത്തേതും വലിച്ചു.
ചെമ്പന്‍ വലി നിര്‍ത്തിയില്ല, ഏതോ ലഹരിയില്‍ തല മുകളിലേക്കുയര്‍ത്തി കണ്ണുകളുമടച്ച്‌ അടുത്ത സാരിയ്ക്കും പിടിത്തമിട്ടു.
വിളി മാറി... ചെമ്പാ...!
അതും പോയി... കൂട്ടത്തില്‍ സാരിയുടെ കൂടെ ചേര്‍ത്ത്‌ കെട്ടിയിരുന്ന ബ്ലൌസും..
പാഞ്ചാലിയുടെ ഹൃദയങ്ങള്‍ ഇടത്ത്‌, വലത്ത്‌ എന്ന ക്രമത്തില്‍ താഴെ വീണു ചിതറി...!
അതു വരെ ഭക്തി പുരസരം 'കൃഷ്ണാ ഒന്നു വേഗം വാ..' എന്ന മട്ടിലിരുന്ന തൈക്കിളവിമാര്‍ വരെ ആഞ്ഞറഞ്ഞു ചിരി തുടങ്ങി..
കെട്ട്‌ വിട്ട പാച്ചു ഒറ്റ പീസിന്റെ വള്ളി കാട്ടി ഗര്‍ജ്ജിച്ചു..
'എന്നാ ഇതൂടഴിക്കെടാ... ****മോനെ...'
ചെമ്പന്‍ വലി ലഹരിയില്‍ തന്നെ ആയിരുന്നു..
അതേ പോസില്‍, കിട്ടിയ ചരടില്‍ പിടിച്ച്‌ ഒറ്റ വലി.....
സ്റ്റേജില്‍ കയറിയാല്‍ യാതൊന്നുമില്ല എന്നുറക്കെ പ്രഖ്യാപിച്ച പാച്ചു അത്‌ അന്വര്‍ത്ഥമാക്കി...
നാടകം ശുഭം...
പാഞ്ചാലീ ഹൃദയവും, പാഞ്ചാലീ ശുഷ്കാന്തിയും കണ്ട്‌ വിജൃംഭിതരായ നാട്ടുകാര്‍ സമാധാനത്തോടെ പോയിക്കിടന്നുറങ്ങി.

പാസ്പോര്‍ട്ട്‌ പേരില്‍ മാത്രം അറിയപ്പെട്ടിരുന്ന പാച്ചു പൊടുന്നനേ ഒരു നാള്‍ അതി പ്രശസ്തനും,അതീവ ശുഷ്കാന്തിയുള്ളവനും, പിന്നെ പാച്ചുവിന്റെ തന്നെ ഭാഷയില്‍ ജഢികാസക്തിയുള്ളവനും ആയി മാറി.
ബഹുമാനപുരസരം നാട്ടുകാര്‍ പാച്ചുവിനെ പാഞ്ചാലിപ്പാച്ചു എന്നു വിളിച്ചു.

അതുകൊണ്ടും തീര്‍ന്നില്ല പാച്ചു പുരാണം.
കണാരന്‍ എന്ന പേര്‌ ക്രമേണ മണ്‍ മറഞ്ഞു പോയി. അവിടെ പാഞ്ചാലിപ്പാച്ചു പ്രതിഷ്ഠിക്കപ്പെട്ടു.
ആറ്റു നോറ്റിരുന്ന്‌ പാച്ചു പെണ്ണു കണ്ടു.
എല്ലാം വീണ്ടും വിജൃംഭിതം.
അയല്‍ നാട്ടില്‍ നിന്നും പെണ്ണ്‌ വീട്ടുകാര്‍ ഭാവി മരുമകന്റെ സ്വഭാവ ഗുണങ്ങള്‍ തിരക്കാന്‍ കവലയിലെത്തി.
ചായപ്പീടികയില്‍, 'കണാരന്‍ ആളെങ്ങനെ?' എന്നു തിരക്കി.
യാതൊരു വിവരവും കിട്ടാത്തതിനാല്‍ വീണ്ടും തിരക്കി.
'ഓ.. പാഞ്ചാലിപ്പാച്ചു...!'
എന്ന്‌ കേട്ടതും, കാരണവന്മാര്‍ പൊടിയും തട്ടി സ്ഥലം വിട്ടു.
കാരണം,
പാഞ്ചാലി അവരുടെ നാടിന്റെ രോമാഞ്ചവും, ശ്രദ്ധാകേന്ദ്രവും, ക്രൌഡ്‌ പുള്ളറും, പുഷറും, വാസവദത്തയുമൊക്കെയായിരുന്നു...!

തന്റെ കുടുംബ ജീവിത കോളത്തില്‍ ക്വസ്റ്റ്യന്‍ മാര്‍ക്ക്‌ തന്നെ എന്ന്‌ തിരിച്ചറിഞ്ഞ്‌ ജീവിതം മടുത്ത പാച്ചു അജ്ഞാതവാസത്തില്‍ ശിഷ്ട കാലം കഴിച്ചു കൂട്ടി.

Posted by Varnameghangal @ 9:46 AM

------------------------------------------

20 Comments:
Blogger വര്‍ണ്ണമേഘങ്ങള്‍ said...

സുഹൃത്തുക്കളേ...
സോഫ്റ്റ്‌ വെയറുകള്‍ ഉരുളകളായുരുട്ടി പരുവപ്പെടുത്തി മേലാളന്മാര്‍ക്ക്‌ അര്‍മാദിച്ച്‌ കളിക്കാനും, നമ്മളെ ചളി വാരിത്തെറിപ്പിക്കാനും എറിഞ്ഞ്‌ കൊടുത്തിട്ട്‌ ഒന്നു നടുവ്‌ നിവര്‍ത്തിയതേ ഉള്ളൂ... ഇപ്പ വരും,എട്ടാമത്തെ ഉണ്ട പരന്നു പോയി, പതിനേഴാമത്തേത്‌ വാഴക്കാപ്പരുവം എന്നും പറഞ്ഞ്‌.
അതിന്‌ മുന്‍പ്‌ ഞാനിതൊന്നുരുട്ടി..
കിടക്കട്ടെ ഉണ്ട ഒരെണ്ണം..
എല്ലാ ബ്ലോഗിലും വന്ന്‌ കമന്റാത്തത്‌ ഉരുളത്തിരക്കു കൊണ്ടാണെന്ന്‌ കണ്ടറിഞ്ഞ്‌ വിധേയന്‌ മാപ്പ്‌ തരിക..!

10:02 AM  

Blogger കണ്ണൂസ്‌ said...

അത്‌ കലക്കി വര്‍ണ്ണമേ.. ആകപ്പാടെ ഒരു വിജൃംഭനം!!

10:25 AM  

Blogger ദേവന്‍ said...

ഹഹ
ഇന്തെന്തു നീലം കോലാണ്ടപ്പിള്ളേ..കുടിയും വടയും എവിടെ

10:46 AM  

Blogger myexperimentsandme said...

മേഘമേ, ഇട്ടപ്പോഴേ വായിച്ചൂ. ഇഷ്ടത്തോടെ വായിച്ചു. ഇനി കര്‍മ്മങ്ങളായ ഖോട്ടോഫ്ദ്ദഡ്ഡേ ആദികാര്യങ്ങള്‍ക്കായി ഒന്നുകൂടി വായിച്ചിട്ട് വീണ്ടും വരാം. വീണ്ടും ചന്തിക്കവരേക്കും വണക്കം തലൈവരേ..

10:52 AM  

Blogger മനൂ‍ .:|:. Manoo said...

വര്‍ണ്ണം,

പാച്ചുവിന്റെ വിളിമാറി ചെമ്പാ എന്നായത്‌ കോളേജുകാലത്തെ ഒരു സംഭവമാണോര്‍മ്മിപ്പിച്ചത്‌.

ശാസ്ത്രീയ സംഗീത മത്സരത്തിന്‌, സാധാരണ സംഗീതത്തെപ്പറ്റിപ്പോലും അശേഷം വിവരമില്ലാത്ത രണ്ടുപേര്‍ - സുഭാഷ്‌, റ്റോം - ഒരു ഹാര്‍മോണിയവും സംഘടിപ്പിച്ച്‌ സ്റ്റേജിലെത്തി.

സുഭാഷ്‌, 'എന്തരോ മഹാനുഭാവലു' ഒരു വരി നീട്ടിപ്പാടി.
ഹാര്‍മോണിയത്തില്‍ ചുമ്മാ ഓരോ ഒച്ചകള്‍ കേല്‍പ്പിച്ചുകൊണ്ടിരുന്ന റ്റോം, സബാഷ്‌ എന്നു തലകുലുക്കി അതിനെ അഭിനന്ദിച്ചു.
സുഭാഷ്‌ അതില്‍നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട്‌ വീണ്ടും ആ വരി കഴിയുന്നതുപോലൊക്കെ സംഗതികള്‍ കേറ്റിപാടി.
ഇത്തവണയും റ്റോം, 'വാഹ്‌, സബാഷ്‌'
മൂന്നലു തവണ അവരതുതുടര്‍ന്നു.

പിന്നെ ഒന്നു നിറുത്തി റ്റോമിനെ നോക്കി, 'അഞ്ചര കട്ട' എന്ന്‌. എല്ലാം തയ്യാറെന്നപോലെ റ്റോമും.
പക്ഷേ സകല പ്രതീക്ഷകളേയും തെറ്റിച്ചുകൊണ്ട്‌ സുഭാഷ്‌ വീണ്ടും അതേ വരി അല്‍പം ഉറക്കെപാടിയപ്പോള്‍, റ്റോം അതിലേറെ ഉറക്കെ, 'സുഭാഷ്‌...' എന്ന്‌ ഒരു warning tone-ലാണ്‌ വിളിച്ചുപോയത്‌.

10:57 AM  

Blogger Kalesh Kumar said...

പ്രിയ വര്‍ണ്ണമേഘങ്ങളേ, “വിജൃംഭനം“ കിടിലം!
ചിരിച്ച് വശക്കേടായി!

(ടെമ്പ്ലേറ്റും കിടിലം!)

12:00 PM  

Blogger Visala Manaskan said...

കിടിലോല്‍ കിടിലന്‍ അവതരണം.

'എന്നാ ഇതൂടഴിക്കെടാ... ****മോനെ...'

അതാണ് ഹൈലൈറ്റ് ല്ലേ. പോസ്റ്റ് സൂപ്പര്‍ബ്!

12:07 PM  

Blogger കുറുമാന്‍ said...

വര്‍ണമേഘമേ, കൊള്ളാലോ പാച്ചു പുരാണം.

'ഓ.. പാഞ്ചാലിപ്പാച്ചു...!'
എന്ന്‌ കേട്ടതും, കാരണവന്മാര്‍ പൊടിയും തട്ടി സ്ഥലം വിട്ടു.
കാരണം,
പാഞ്ചാലി അവരുടെ നാടിന്റെ രോമാഞ്ചവും, ശ്രദ്ധാകേന്ദ്രവും, ക്രൌഡ്‌ പുള്ളറും, പുഷറും, വാസവദത്തയുമൊക്കെയായിരുന്നു...!

പാവം പാച്ചു..... പക്ഷെ ലക്കി ബാച്ചിലര്‍

12:23 PM  

Blogger അരവിന്ദ് :: aravind said...

വര്‍ണ്ണം, പോസ്റ്റ് ഞെരിപ്പന്‍ :-)

വെണ്ണിക്കുളത്തും ലോക്കല്‍ അഭിനേതാക്കള്‍ കൂടിച്ചേര്‍ന്ന് ഒരു നാടകം കളിച്ചു.
ഉഗ്രന്‍ നാടകം ആയിരിക്കും എന്ന് കരുതി ഞാന്‍ കുടുംബസമേതം മുന്‍‌സീറ്റില്‍ നേരത്തെ തന്നെ ആസനസ്ഥനായി.
കര്‍ട്ടനില്ലാത്ത നാടകമാണ്. (കര്‍ട്ടനിടാന്‍ പിരിവ് തികഞ്ഞില്ല)

മെയിന്‍ റോളില്‍ ബാര്‍ബര്‍ സദാ, മൂപ്പരുടെ അച്ഛനായി തെങ്ങ് കയറ്റക്കാരന്‍ കേശവന്‍.
ഹ ബെസ്റ്റ്! എന്ന് തോന്നിയെങ്കിലും വന്നതെല്ലേ, സ്വന്തം നാട്ടുകാരല്ലേ എന്നൊക്കെ കരുതി എണീറ്റു പോകാതെ അവിടെയിരുന്നു.
സംഗതി സ്ഥിരം നാടകം..കുഷ്ഠരോഗിയായ അമ്മ, തെറ്റിപ്പിരിഞ്ഞു നില്‍ക്കുന്ന മകന്‍, അച്ഛന്‍, ഇടക്ക് ഒരു കാമുകി(ചായക്കടക്കാരന്‍ രാഘവന്റെ മോള്‍ വിലാസിനി).

മകനും അച്ഛനും ഒരു രംഗത്ത് കണ്ട് മുട്ടുന്നു.
“നിനക്ക് ഇപ്പോളാണോ ഞങ്ങളെ ഓര്‍മവന്നത്..പറേടാ പട്ടീ..”എന്നച്ഛന്റെ ഡൈലോഗ്.

അച്ഛന്‍ : നിനക്ക് ഇപ്പോളാണോ ഞങ്ങളെ ഓര്‍മവന്നത്..പറേടാ പട്ടീ..
മകന്‍ : ......
മകനായി വന്ന സദാ ഒന്നും മിണ്ടുന്നില്ല.
അച്ഛന്‍ വീണ്ടും : നിനക്ക് ഇപ്പോളാണോ ഞങ്ങളെ ഓര്‍മവന്നത്..പറേടാ പട്ടീ..

സദാ കല്ലു പോലെ നില്‍ക്കുന്നു. ഒന്നും മിണ്ടുന്നില്ല. ഡൈലോഗ് മറന്നിരിക്കുന്നു.
അച്ഛന്‍ : പറേടാ പട്ടീ
....
അച്ഛന്‍(കണ്‍ഫ്യൂസ്‌ഡ് ആയി വീണ്ടും) : പഴേടാ പട്ടീ..
......
അച്ഛന്‍(ദയനീയമായി ) : ഏടാ പഴേടാ പട്ടീ..

.....

അച്ഛന്‍(പിറുപിറുക്കുന്നു) : പഴേടാ പട്ടീ..

മള്‍ട്ടിപ്പിള്‍ പട്ടിവിളി കേട്ടിട്ടും ശില പോലെ നില്‍ക്കുന്ന സദാ.

കേശവന്‍ പിന്നെ ചെയ്തെതിന് കാരണം ഇപ്പൊളും അവ്യക്തം.

പറേടാ പട്ടീ പഴേടാ പട്ടീ എന്ന് ഇടവിട്ട് പിറു പിറുത്ത് കൊണ്ട് സ്റ്റേയ്ജില്‍ കേശവന്‍ പതുക്കെ അങ്ങു മലര്‍ന്ന് കിടന്നു.
പിന്നെ നിലത്ത് കിടന്ന് കൊണ്ട് സദായ്ക്ക് ഡൈലോഗ് പറഞ്ഞ് കൊടുക്കാന്‍ ശ്രമമായി. ഇടക്ക് നാട്ടുകാര്‍ക്ക് നാടകത്തിന്റെ കണ്ടിന്യുറ്റി നഷ്ടപ്പെടാതിരിക്കാന്‍ ഉറക്കെ “പഴേടാ പട്ടി“ യും.

ഒന്നും ഏശിയില്ല. ഐസായ സദാ പതുക്കെ നടന്ന് മറഞ്ഞു. അല്പ നേരം പിന്നാലെ മൂട്ടിലെ പൊടി തട്ടിക്കളഞ്ഞ് കേശവനും.
അത്ഭുതമെന്ന് പറയട്ടെ, ആരും കൂവിയില്ല.

ഇന്നും ആ പറേടാ പട്ടി ഡൈലോഗ് ഓര്‍മ്മകളില്‍ പച്ചപിടിച്ച് നില്‍ക്കുന്നു.

1:16 PM  

Blogger Kumar Neelakandan © (Kumar NM) said...

നന്നായി. നല്ല വിവരണം.
വിജൃംഭനം!!!

1:25 PM  

Blogger bodhappayi said...

നല്ല വെറൈറ്റിയുള്ള പൊസ്റ്റുകള്‍. എന്തു തരം സാഹിത്യവും മേഘത്തിന്റെ കൈയ്യില്‍ സുരക്ഷിതം... :)

2:32 PM  

Blogger വര്‍ണ്ണമേഘങ്ങള്‍ said...

കണ്ണൂസ്‌: ഇതെഴുതാന്‍ തുടങ്ങിയപ്പോ തുടങ്ങിയ വിജൃംഭനമാ, ഇതു വരെ പോയിട്ടില്ല.
------------------
ദേവാ: അതു കലക്കി
------------------
വക്കാരീ: ഞാനും അതേ ഇഷ്ടത്തോടെയാ ഉദയസൂര്യനില്‍ വരാറ്‌.
------------------
മഴനൂല്‍: അല്ല അതു ശരിക്കും അവര്‌ രണ്ടു പേരായിരുന്നോ? ഹാര്‍മോണിയം വശമില്ലല്ലോ അല്ലേ?
------------------
കലേഷ്‌: നന്ദി
------------------
വിശാലന്‍: ഗുരുവേ നമ:
------------------
അരവിന്ദ്‌: 'പഴേടാ പട്ടീ' പറച്ചില്‍ മുന്നിലിരുന്നു കണ്ടു.ഇമ്മാതിരി നാടക വിജൃംഭനങ്ങള്‍ നാട്ടിലെല്ലാം സര്‍വ സാധാരണമാ.
------------------
കുമാര്‍ജി: നന്ദി
------------------
കുട്ടപ്പായി: അത്രയ്ക്ക്‌ ഭദ്രമല്ല ന്നാ തോന്നുന്നെ...
-------------------
കുറുമാന്‍: ലക്കി ബാച്ചിലര്‍ തന്നെ. അബദ്ധം ചോദിച്ചു നോക്കി. കിട്ടിയില്ല, ഭാഗ്യവാന്‍.

11:15 AM  

Blogger Sreejith K. said...

മനോഹരം. പാഞ്ചാലി വിചാരിച്ചാലും നാലാളെ ചിരിപ്പിക്കാം എന്നോര്‍മ്മിപ്പിച്ചതിന് പ്രത്യേകം നന്ദി. വിജൃംഭിതന്‍, ജഢികാസക്തി ഇങ്ങനെ ഉള്ള വാക്കുകള്‍ ഒരു മുതല്‍ക്കൂട്ട് തന്നെ. ഇങ്ങനത്തെ വാക്കുകള്‍ പുതിയത് ഇനി റിലീസ് ആ‍കൂന്ന മുറയ്ക്ക് അറിയിക്കണം.

6:48 PM  

Anonymous Anonymous said...

ഹിഹി! കലക്കി.
‘വിജൃംഭിതന്‍‘ ഇതിന്റെ ശരിയായ അര്‍ത്ഥം എന്താണു? ഉമേഷേന്‍ ഇവിടെ എവിടെ എങ്കിലും ഉണ്ടെങ്കില്‍ ഈ പോസ്റ്റിലേക്കു വരാന്‍ അപേക്ഷ??

7:34 PM  

Blogger ഉമേഷ്::Umesh said...

ഒരുപാടു കേട്ടിട്ടുള്ള തമാശയാണെങ്കിലും (വഴിപോക്കാ, സിനിമ “നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍” ആണെന്നു തോന്നുന്നു) പ്രതിപാദനരീതി സൂപ്പര്‍. അതിനു മുമ്പുള്ള വിവരണവും, അതിനു തൊട്ടു ശേഷമുള്ള ഡയലോഗും, ബാക്കിക്കഥയുമൊക്കെ.

മേഘങ്ങളുടെ കുറേ പോസ്റ്റു വായിക്കാന്‍ കിടക്കുന്നു. പഴയ റെസൊലൂഷന്‍ മാറ്റാന്‍ “ക്ലിക്ക്” എന്നു പറയുന്ന ഡയലോഗൊക്കെ മാറ്റി, അല്ലേ? അറിഞ്ഞില്ലാരുന്നു...

11:21 PM  

Blogger ഉമേഷ്::Umesh said...

ഒരുപാടു കേട്ട കഥയാണെങ്കിലും പ്രതിപാദനരീതി സൂപ്പര്‍!

വഴിപോക്കാ, അതു “നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍” ആണെന്നു തോന്നുന്നു. സിനീമ ഞാന്‍ കണ്ടതല്ല, ആരോ പറഞ്ഞു കേട്ടതാണു്.

തുടക്കവും, കഥയ്ക്കു മുന്നിലെ വിവരണവും, സംഭവത്തിനു പിന്നിലെ ഡയലോഗും, പിന്നെയുള്ള കഥയും ഒക്കെ കലക്കി.

വര്‍ണ്ണത്തിന്റെ ഒരുപാടു പോസ്റ്റുകള്‍ വായിക്കാന്‍ കിടക്കുന്നു. പഴയ “ക്ലിക്ക്” എന്നു പറഞ്ഞു റെസലൂഷന്‍ മാറ്റാന്‍ പറയുന്ന പടമുള്ള ടെമ്പ്ലേറ്റൊക്കെ മാറ്റി, അല്ലേ?

(ബ്ലോഗര്‍ ഒരു തവണ ഇതു കൊണ്ടുപോയി. സന്തോഷ് അന്നേ പറഞ്ഞതാ, നോട്ട്പാഡില്‍ ടൈപ്പു ചെയ്തിട്ടു് അവസാനം പേസ്റ്റ് ചെയ്യാന്‍. വിവരമുള്ളവര്‍ പറയുന്നതു കേള്‍ക്കണം എന്നു പറയുന്നതു് ഇതാണു്...)

11:40 PM  

Blogger Adithyan said...

വര്‍ണ്ണം, താമസിച്ചു...

അമറന്‍ പോസ്റ്റ് :)

ജഡികാസക്തിയിലധിഷ്ടിതമായ വിജൃംഭനങ്ങളുടേ ഒരു ആന്തോളനം പോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോ..

2:07 AM  

Blogger Santhosh said...

നല്ല പോസ്റ്റാണല്ലോ! കലാഭവന്‍ മണിയൊക്കെയുള്ള മറ്റൊരു സിനിമയിലും ഇതുപോലൊരു രംഗമുള്ളതായി ചെറിയൊരോര്‍മ.

3:38 AM  

Blogger myexperimentsandme said...

ഉമേഷ്‌ജിയേ, വിവരമുള്ളവര്‍ പറയുന്നത് വിവരമുള്ളവര്‍ കേട്ടാല്‍.......മതീ.......ന്നാ... ല്ലേ? :)(അതുകൊണ്ടല്ലേ, ഞാനിതൊന്നും കേള്‍ക്കാത്തത്)

5:09 AM  

Blogger myexperimentsandme said...

ക്വോട്ടാമെന്നും പറഞ്ഞു പോയിട്ട് ക്വോട്ടാന്‍ വന്നപ്പോള്‍ ആള്‍ക്കാരൊക്കെ എല്ലാം ക്വോട്ടി. എന്നാലും കൃഷ്ണാ വിളി മാറി ചെമ്പാ വിളിയായ സീന്‍ ശരിക്കങ്ങു പിടിച്ചു. നേരില്‍ കണ്ട ഒരു പ്രതീതി.

5:11 AM  

Post a Comment

Home

  View Profile



Previous Posts
അസ്തമയം കാത്ത്‌..!
ഒരു രക്തസാക്ഷിയുടെ ഹൃദയ വേദനകള്‍.
പ്രണയനാളുകള്‍ക്കപ്പുറം...!
മഴ നിലയ്ക്കുമ്പോൾ.
വേഷങ്ങളഴിക്കാതെ.
സിന്ധി മത്തായി..!
ഈരടികളില്ലാതെ...!
ചീരന്റെ കളർ സ്വപ്നങ്ങൾ..!
മഴയിൽ... നനയാതെ..!
ഞാനറിയാതെ..!