Tuesday, June 06, 2006

അസ്തമയം കാത്ത്‌..!

ഇരുട്ടാണിവിടെ, രാവും പകലും.
മിഴികള്‍ തോറ്റുപോകുന്നു, വഴി തെളിക്കുവാനാവാതെ.
ഇവിടെ, നാലു ചുറ്റും ഇരുളിന്റെ ഭിത്തികള്‍, ചുടുകാറ്റിന്റെ ഭൂമി ഗന്ധം.
മറ്റാരുമില്ലിവിടെ, അരിച്ചിറങ്ങുന്ന മണല്‍ച്ചൂടും, ഇരുളും ഞാനുമൊഴികെ. ഭൂഗര്‍ഭ അറയുടെ അടച്ചുമൂടല്‍ ശ്വാസം മുട്ടിയ്ക്കുന്നു, വല്ലാതെ
.

അഴികള്‍ക്കപ്പുറം ലോകമുണ്ടോ..?
അറിയാനാകുന്നില്ല.
അതില്‍ എന്റെ ഉറ്റവളുണ്ടോ..?
അതും അറിയാനാകുന്നില്ല.
നിനക്കും എനിയ്ക്കുമിടയില്‍ സമുദ്രമുണ്ട്‌, മണലാരണ്യങ്ങളുണ്ട്‌, പിന്നെ തിമിര്‍ത്ത്‌ പെയ്തിറങ്ങി ഇടയ്ക്കെപ്പൊഴോ മുറിഞ്ഞു പോയ പ്രണയമഴയുടെ ബാക്കി പത്രങ്ങളും.
ഉറ്റവരെ ധിക്കരിച്ച്‌ എന്റെ നെഞ്ചില്‍ ചാഞ്ഞ്‌ പടിയിറങ്ങുമ്പോള്‍ പ്രണയസാഫല്യത്തിന്റെ കുളിരില്‍ നീ വിറച്ചിരുന്നു. എന്റെ കരുതലിലേയ്ക്ക്‌ ഒതുങ്ങിക്കൂടുമ്പോള്‍ കുഞ്ഞരി പ്രാവിനെപ്പോല്‍ കുറുകിയിരുന്നു. പിന്നെ നാം മാത്രമായ ലോകത്ത്‌ കിനാക്കള്‍ നെയ്യുമ്പോഴും ജീവിതം കരുപ്പിടിപ്പിക്കാന്‍ വെമ്പലായിരുന്നു.
എണ്ണപ്പാടങ്ങളില്‍ പൊന്ന്‌ വിളയുമെന്നോര്‍ത്ത്‌ അറബി നാട്ടില്‍ പറന്നിറങ്ങുമ്പോള്‍, അങ്ങകലെ എന്റെ സ്നേഹത്തിരകള്‍ ശേഷിപ്പിച്ച പതകളില്‍ കനവു നട്ട്‌ പൊടുന്നനേ ഒറ്റപ്പെട്ടുപോയ നീയായിരുന്നു മനം നിറയെ.
എങ്കിലും ആശ്വസിച്ചു, നാളുകള്‍ക്കുള്ളില്‍ നിന്നെയും കൂട്ടാമെന്ന്‌. നിമിഷങ്ങള്‍ കൂട്ടി വെച്ചു ഞാന്‍, എന്റെ സമ്പാദ്യങ്ങള്‍ക്കൊപ്പം. പിന്നെ, ഈന്തപ്പനകള്‍ നിറഞ്ഞ വഴിത്താരകളില്‍ വെറുതേ കണ്ണ്‌ നട്ടു... വെറുതെ..

എന്റെ കിനാവിന്റെ കണ്ണികള്‍ അടര്‍ന്നുപോയിട്ട്‌ ഇപ്പോള്‍ നാളുകളേറെയായിരിക്കുന്നു. വര്‍ഗ വിദ്വേഷത്തിന്റെ കൊടും വിഷം തുപ്പുന്ന തോക്കുകളുമായി അവര്‍ അതെല്ലാം നിര്‍ദ്ദാക്ഷിണ്യം അടിച്ചു തകര്‍ത്തു.എന്റെ സ്വാതന്ത്ര്യം അടര്‍ത്തിമാറ്റിയവര്‍ വിശുദ്ധയുദ്ധത്തെ പുകഴ്ത്തുന്നു. കറുത്ത ശീലയാല്‍ മുഖം മൂടിയവര്‍, എന്റെ സന്തോഷങ്ങള്‍ക്ക്‌ മേലേ കനത്ത കാരിക്കറുപ്പിന്റെ മൂടുപടം നിര്‍ദ്ദയം നീട്ടിയെറിഞ്ഞു.
അതിലൂടെ പ്രകാശത്തിന്റെയോ, പ്രതീക്ഷയുടെയോ കണികകള്‍ കടന്നു വരില്ലായിരുന്നു. തളര്‍ന്നുപോയി ഞാന്‍.
ഞാനിവിടെയാണ്‌...
പേരറിയാ നാടിന്റെ പ്രതലപാളികള്‍ക്കടിയില്‍..
വെളിച്ചമെത്താത്ത, വര്‍ണങ്ങളില്ലാത്ത അറയില്‍..
ജിഹാദ്‌ എന്നുറക്കെ പുലമ്പുന്ന മനുഷ്യ രൂപികള്‍ എന്റെ നാളുകള്‍ക്ക്‌ വില പറയുന്നു.
ജിഹാദിനെതിരെ ഞാനെന്തു ചെയ്തു..?
നിസ്സഹായതയില്‍, ജീവനു വേണ്ടി കേഴുമ്പോള്‍, മരിക്കാതെ മരിക്കുന്നു ഞാന്‍.
ഇവിടെ തോക്കുകള്‍ ചിരിക്കുന്നു, ക്രൂര വിനോദം പുരണ്ട പടുചിരി.
അതൊരു നാള്‍ വീണ്ടും ചിരിക്കും,..
അതുമല്ലെങ്കില്‍ വാള്‍മുനകള്‍ നാവു നീട്ടും..
എന്റെ കബന്ധം ചുടുമണല്‍ പുല്‍കും..
അറിയാമെനിയ്ക്ക്‌.

ജനമെന്തെന്നറിയാത്ത ജനനേതാക്കള്‍ക്ക്‌ അപലപിക്കാന്‍, ഞെട്ടിത്തരിക്കാന്‍ ഒരു ടെലിവിഷന്‍ വാര്‍ത്ത ..
പ്രചാര കണക്കെണ്ണുന്ന പത്ര വര്‍ഗ്ഗങ്ങള്‍ക്ക്‌, നാലു നാള്‍ തലക്കെട്ട്‌...
തച്ചും തകര്‍ന്നും പോയ റോഡിനും കലുങ്കിനും, വീരമൃത്യു പൂകിയ എന്റെ നാമം..
ദൃഷ്ടികോണില്‍ നിന്നും അകറ്റി നിര്‍ത്താനാശിച്ച ഉറ്റവര്‍ക്ക്‌, നഷ്ടപരിഹാരത്തിന്റെ തിളക്കം മറച്ച കനമുള്ള ദുഖം...
ജീവിതം തീരുവോളം പ്രണയിക്കാനാശിച്ചവള്‍ക്കോ...
വിട്ടുപിരിയാത്ത വൈധവ്യ ദുഖം..!!

ഇനിയൊരു തിരിച്ചുപോക്കില്ല.
അറവുമാടിന്റെ ദയനീയത, കഴുത്ത്‌ വെട്ടുന്നവന്‍ നോക്കാറില്ലല്ലോ..
കാത്ത്‌ കിടക്കന്നു ഞാന്‍......!!

Posted by Varnameghangal @ 12:39 PM

------------------------------------------

5 Comments:
Blogger myexperimentsandme said...

മണിയപ്പനേയും സൂര്യനാരായണേയും മറ്റും ഓര്‍മ്മ വരുന്നു.......

നന്നായി എഴുതിയിരിക്കുന്നു മേഘമേ...

ഒറ്റയിരുപ്പിനു വായിച്ചു.... മേഘങ്ങളുടെ കൃതികള്‍ വായിച്ചു തുടങ്ങുമ്പോള്‍ ഒരു അത്യന്താധുനികന്‍ ഫീല്‍ ചെയ്യുമെങ്കിലും ഉടന്‍ തന്നെ അതു മാറും. നന്നായി മനസ്സിലാക്കാന്‍ പറ്റും... (എന്റെ നിരീക്ഷണം മാത്രം കേട്ടോ- തലയില്‍ കുറെയേറെ സ്ഥലത്ത് എയറായതുകാരണം, വലിയ ബുദ്ധിമുട്ടില്ലാതെ മനസ്സിലാക്കാന്‍ പറ്റിയാല്‍ ഞാന്‍ ഹാപ്പി).

നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍...

12:48 PM  

Blogger അരവിന്ദ് :: aravind said...

കഥ വളരെ നന്നായി വര്‍ണ്ണം..
നല്ല ഒരു തീം. അതിമനോഹരമായി എഴുതിയിരിക്കുകയും ചെയ്യുന്നു.
നേരത്തെ വായിച്ചു. ഇപ്പോളാണ് കമന്റാന്‍ സമയം കിട്ട്യേ.

[അസ്തമനം ആണോ അതോ അസ്തമയം ആണോ?]

ഇറാക്കിലേക്ക് ബിസിനസ്സ് ട്രിപ്പിന് ഒരു ഓഫര്‍ കിട്ടിയ ചങ്ങാതി, വേണ്ടാ പറ്റില്ലാ എന്ന് പറഞ്ഞു.
മണിക്കൂറിന് ആയിരങ്ങളായിരുന്നു കൂലി. അതും ഡോളറില്‍.

മണ്ടന്‍,ഞാനാണേല്‍ എടുത്തേനേ എന്ന് ഞാനന്ന് വീമ്പടിച്ചു.
പിന്നാലോചിച്ചപ്പോള്‍ ....
ജീവന് വിലപറയുന്ന കാലം.

5:37 PM  

Blogger ബിന്ദു said...

വളരെ നന്നായി എഴുതിയിട്ടുണ്ട്‌.
:)

6:06 PM  

Blogger Visala Manaskan said...

'എന്റെ കിനാവിന്റെ കണ്ണികള്‍ അടര്‍ന്നുപോയിട്ട്‌ ഇപ്പോള്‍ നാളുകളേറെയായിരിക്കുന്നു'

എന്തൊരു എഴുത്താ വര്‍ണ്ണമേ..!
ഗംഭീര പോസ്റ്റ്.

12:53 PM  

Blogger മനൂ‍ .:|:. Manoo said...

'നിനക്കും എനിയ്ക്കുമിടയില്‍ സമുദ്രമുണ്ട്‌, മണലാരണ്യങ്ങളുണ്ട്‌, പിന്നെ തിമിര്‍ത്ത്‌ പെയ്തിറങ്ങി ഇടയ്ക്കെപ്പൊഴോ മുറിഞ്ഞു പോയ പ്രണയമഴയുടെ ബാക്കി പത്രങ്ങളും.'

മനോഹരം!!!

..........................

ഇന്നു വായിച്ചവയിലേറെയും, എന്തോ, ദു:ഖത്തിന്റെ ലവണരസം പുരണ്ടവയായിപ്പോയി...

അരവിന്ദന്‍ പറഞ്ഞതുപോലെ, ജീവനുവിലപറയുന്ന ഈ കാലത്ത്‌, മധുരസ്മരണകളും വേദനകളായാണു മാറുന്നത്‌...
നഷ്ടപ്പെട്ടുപോകുന്ന ജീവിതങ്ങളില്‍ അവയ്ക്ക്‌, മുറിവിന്റെ ആഴങ്ങളിലൂടെ ചുട്ടുപഴുത്ത ലോഹക്കമ്പികള്‍ ആഴ്ത്താനേകഴിയൂ...

5:20 PM  

Post a Comment

Home

  View Profile



Previous Posts
ഒരു രക്തസാക്ഷിയുടെ ഹൃദയ വേദനകള്‍.
പ്രണയനാളുകള്‍ക്കപ്പുറം...!
മഴ നിലയ്ക്കുമ്പോൾ.
വേഷങ്ങളഴിക്കാതെ.
സിന്ധി മത്തായി..!
ഈരടികളില്ലാതെ...!
ചീരന്റെ കളർ സ്വപ്നങ്ങൾ..!
മഴയിൽ... നനയാതെ..!
ഞാനറിയാതെ..!
അയൺ മാൻ..!