Wednesday, November 30, 2005

സോമയോഗം..!

അഥവാ.."സോമന്റെ ഒന്നാം പ്രണയാനുഭവം..!"

സോമൻ പഴയ ഒരു 'കള്ളൻ' ആണ്‌.ചെറു മോഷണങ്ങളിൽ തൽപരനായ കള്ളൻ..!
എന്നു വെച്ചാൽ 'തേങ്ങ','കപ്പ','കുളത്തിലെ മീൻ','പഴുത്ത വാഴക്കുല','പശുക്കിടാവ്‌'..ഇത്യാദി..
'ക്ലപ്റ്റോമാനിയ' എന്നു തികച്ച്‌ പറയാനറിയാത്തത്‌ കൊണ്ട്‌ 'ചൂണ്ടാനുള്ള ഏനക്കേട്‌' എന്നാണ്‌ അദ്ദേഹം സ്വയം ഈ അസുഖത്തെ സൌകര്യപൂർവം വിളിച്ചു പോന്നത്‌..!
എന്ത്‌ കാര്യവും വിചാരിച്ചാലുടനെ നടത്തുക എന്നത്‌ ടിയാന്റെ വേറൊരു പ്രത്യേകത ആണ്‌

നാട്ടിൽ ആരുടെ എന്ത്‌ പോയാലും സംശയലേശമന്യേ കൃഷ്ണൻ പോലീസ്‌ നീട്ടി വിളിക്കും
"സോമോ....!"
പക്ഷെ പല കേസുകളിലും സോമൻ നിരപരാധി ആയിരുന്നു.എന്നാലും "ചത്തത്‌ കീചകനെങ്കിൽ.." എന്ന്‌ ചിന്തിക്കാനായിരുന്നു എല്ലാവർക്കും എളുപ്പം.
അങ്ങനെയിരിക്കെ ഒരു നാൾ സോമൻ പരസ്യമായി മോഷണത്തിൽ നിന്നും 'റിട്ടയർമന്റ്‌' പ്രഖ്യാപിച്ചു..!
സോമന്റെ 'തടി' പരിഗണിച്ച്‌ ആരും അതിൽ അവിശ്വാസം പ്രകടിപ്പിച്ചില്ല..!
കുറെ നാൾ മോഷണ വിവരങ്ങളൊന്നും തന്നെ 'റിപ്പോർട്ട്‌' ചെയ്യപ്പെടാതെ കടന്നു പോയി..!
സോമൻ തന്റെ ഇഷ്ട വിനോദങ്ങളായ 'തീറ്റ','കുളി','വീണ്ടും തീറ്റ' അങ്ങനെ അല്ലറ ചില്ലറ നേരമ്പോക്കുകളുമായി കഴിഞ്ഞു കൂടി..!
അങ്ങനെ ഏതോ ഒരു നേരമ്പോക്കിനിടയിൽ സോമന്‌ പ്രേമം പൊട്ടിമുളച്ചു..സുഗന്ധിയോട്‌..!
സോമ-സുഗന്ധി ബന്ധം 'ബോണ്ട','പരിപ്പുവട','അയലത്തെ മേഴ്സിയുടെ സാരി' മുതലായ പാരിതോഷികങ്ങളിലൂടെ മുന്നേറി..!
ഒരു നാൾ സുഗന്ധി 'പിച്ചിപ്പൂ'വിനോടുള്ള തന്റെ അടങ്ങാത്ത ആസക്തി സോമന്റെ മുന്നിൽ തുറന്നിട്ടു..
സോമൻ 'ഭീമൻ' ആയി..
'പിച്ചിപ്പൂ' എന്ന്‌ മനസിൽ മൂന്ന്‌ തവണ കോറിയിട്ടു..!
*****
*****
'സോമനെ 'പിറന്ന പടി' പാലമരത്തിൽ കെട്ടിയിട്ടിരിക്കുനു..!'
എന്ന വാർത്ത കേട്ടാണ്‌ ഒരു നാൾ നാടുണർന്നത്‌..!
'പാലമരം', 'കെട്ട്‌' ഇതൊക്കെ ദഹിക്കാം...പക്ഷെ...എവിടെയോ ഏന്തോ ഒരു ഇത്‌.!
സംഭവം ശരി തന്നെയായിരുന്നു..
കാണുമ്പോൾ തേക്കിലയിൽ നാണം മറച്ച്‌, നാട്ടാർക്ക്‌ മുൻപിൽ ബന്ധിതനായിരുന്നു കഥാനായകൻ..!
കൂടി നിന്നവരുടെ 'അയ്യേ, നാണക്കേട്‌' എന്ന മൊഴികൾക്കിടയ്ക്ക്‌ സുഗന്ധിയുടെ പരിചിത സ്വരവും കേട്ട്‌ 'യൂ റ്റൂ ബ്രൂട്ടസ്‌..!' എന്ന ഭാവത്തോടെ, അതിലേറെ നിസ്സഹായതയോടെ സോമൻ നിന്നു..!!!
അതിരാവിലെ ശരീരമാസകലം എണ്ണയും തേച്ച്‌,തോർത്ത്‌ മുണ്ട്‌ മാത്രമുടുത്ത്‌ അമ്പലക്കുളത്തിൽ കുളിക്കാൻ പോകാറുള്ള സോമൻ, ഒന്നും പിന്നത്തേക്ക്‌ നീട്ടിവെക്കാറില്ലാത്ത സോമൻ, കുളിക്ക്‌മുൻപ്‌ സ്ഥലത്തെ 'കെ.ഡി' കമലാക്ഷിയുടെ വീട്ടിൽ 'പിച്ചിപ്പൂ' പറിക്കാൻ കയറിയതും, 'കെ.ഡി മകൻ' ലീവിനെത്തിയ പട്ടാളം മണിയൻ 'ശങ്ക' തീർക്കാൻ ഇറങ്ങിയപ്പോൾ ശരീരമാസകലം എണ്ണ തേച്ച രൂപത്തെ കണ്ടതും, 'കൃത്യ നിർവഹണത്തിനായി എണ്ണ തേച്ചിറങ്ങിയ കള്ളൻ' എന്ന്‌ ഞെട്ടലോടെ തിരിച്ചറിഞ്ഞതും, അതു കണ്ട്‌ സോമൻ ഓടാൻ ശ്രമിച്ചതും ,റൊസാച്ചെടിയിൽ കുരുങ്ങിയ ഒറ്റത്തോർത്തെടുക്കാൻ വീണ്ടും തിരിഞ്ഞതും, പട്ടാളത്തിന്റെ 'കരാള ഹസ്ത'ത്തിലകപ്പെട്ടതും...
എല്ലാം ചരിത്രം...!

(പിൻ കുറിപ്പ്‌-->സമർപ്പണം: 'സ്ത്രീ ജന്മം പുണ്യ ജന്മം' എന്നു നീട്ടി പാടി, കാമുകിയുടെ ആഗ്രഹപൂർത്തിക്കായി
'രണ്ടും, മൂന്നും' കൽപ്പിച്ചിറങ്ങുന്ന പാവം കാമുകന്മാർക്ക്‌..!)

Posted by Varnameghangal @ 10:19 AM
5 comments

------------------------------------------

Monday, November 28, 2005

മഴ..!

മഴ..!
എന്റെ നാടിന്‌ മേൽ പെയ്തിറങ്ങുമ്പോൾ അവൾ സുന്ദരി ആകുന്നു..!
കറുത്ത മേഘങ്ങപടലങ്ങളെ വകഞ്ഞ്‌ മാറ്റി..
നനുത്ത ചെറുകാറ്റിനെ തോളിലേറ്റി..
അവൾ അണിഞ്ഞൊരുങ്ങി വരുമ്പോൾ, വരണ്ട മൺ തരികൾക്ക്‌ കുളിരിന്റെ സംഗീതമാണ്‌..,
സുഖമുള്ള നിദ്രയുടെ ആലസ്യമാണ്‌..!
കോള്‌ കൊണ്ട്‌ നിൽക്കവേ..വിതുമ്പാൻ തുളുമ്പി നിൽക്കുന്ന പെണ്ണഴക്‌..!
ചാറിത്തുടങ്ങിയാൽ..അടി വെച്ചു കളിക്കുന്ന കുഞ്ഞിന്റെ ആർദ്രത..!
പെയ്തിറങ്ങുമ്പോഴോ..സംഭ്രമം ജനിപ്പിക്കുന്ന വന്യത..!
മഴ...
അവർണനീയമായ അനുഭൂതി..!

Posted by Varnameghangal @ 11:47 AM
8 comments

------------------------------------------

Saturday, November 26, 2005

വഴിത്താരകളിലൂടെ..!

ഒറ്റയ്ക്ക്‌ നടക്കാറില്ലായിരുന്നു ഞാൻ..!

പിച്ച വെച്ചു തുടങ്ങിയപ്പോൾ..
തട്ടിവീഴാതെ താങ്ങായി നിൽക്കാൻ..
പൈതൃകത്തിന്റെ, പരിലാളനയുടെ കൈത്താങ്ങുണ്ടായിരുന്നു..!

കൌമാരമെത്തിയപ്പോൾ,
കുഞ്ഞിളം കൈകളിൽ വിരൽ കോർത്ത്‌ പിടിക്കാൻ
കഥ പറഞ്ഞും കളിച്ചും നീങ്ങാൻ,
ഒത്തിരി കൂട്ടുകാരുണ്ടായിരുന്നു..!

യൌവ്വനത്തിലോ..
തണൽ വഴികൾ താണ്ടാൻ..
തളിരിളം കൈകളാൽ കുളിരേകി നീങ്ങാൻ..
എന്റെ സുമുഖിയാം സഖിയുണ്ടായിരുന്നു..!

ഇന്നും ഒറ്റയ്ക്ക്‌ നടക്കാറില്ല ഞാൻ..
ഒരു വാക്കും മിണ്ടാതെ, എനിക്ക്‌ ചെവികളും തന്ന്‌..
പദമിടറിപ്പോയാൽ താങ്ങായി നിൽക്കാൻ..
വിരലുകളുടെ ബന്ധനത്തിൽ അവനുണ്ട്‌..!

എന്റെ സന്തത സഹചാരി...!

Posted by Varnameghangal @ 9:19 AM
9 comments

------------------------------------------

Wednesday, November 23, 2005

അഭിജ്ഞാന ക്ഷുരകുന്തളം..!

എന്റെ നാട്ടിൽ ഒരു 'ബാർബർ' ഉണ്ട്‌..!
ആദ്യമായും അവസാനമായുമാണ്‌ ഈ പോസ്റ്റിൽ ഞാൻ മുകളിൽ പറഞ്ഞ പദം ഉപയോഗിച്ചത്‌,
എന്ത്കൊണ്ടെന്നു പിറകെ മനസിലാകും...

എന്റെ അപ്പൂപ്പൻ മരണം വരെ ഒരു 'ഫ്യൂഡൽ'(കടപ്പാട്‌:കമ്മ്യൂണിസം) ശീലക്കാരനായിരുന്നു..!
മല മമ്മദിന്റടുത്ത്‌ വരും..മമ്മദ്‌ മലയുടെയടുത്തോ..??
പ്രസ്തുത ഫ്യൂഡലൻ പിള്ളയ്ക്ക്‌ കേശവൃത്തി ചെയ്ത്‌ കൊടുത്തിരുന്നത്‌ ഒരു ചെല്ലപ്പനായിരുന്നു.
ചെല്ലപ്പൻ വിനീത വിധേയൻ..!
'ക്രിക്ക്‌..ക്രിക്ക്‌......ക്രിക്ക്‌,ക്രിക്ക്‌' ശബ്ദത്തിനൊപ്പം 'ഓ..' എന്ന വിധേയത്വ ശബ്ദവും ഇടവിട്ട്‌ കേൾക്കാം.
'ക്ഷുരകൻ ചെല്ലപ്പൻ' എന്ന് അപ്പൂപ്പൻ വിളിക്കുമ്പോൾ അതിലൊരു 'ഇത്‌' തോന്നാറുണ്ടായിരുന്നു...ഏത്‌..?

പക്ഷെ തൊഴിൽ കൂട്ടി വിളിച്ചാ അന്ത കാലത്തെ ശീലം..!
അതിൽ ചെല്ലപ്പന്‌ യാതൊരുവിധ മാനക്കേടും ഇല്ല കേട്ടോ..
അതുകൊണ്ട്‌ തന്നെ എനിയ്ക്ക്‌ തൊന്നിയ ആ ഇത്‌ ഞാനങ്ങ്‌ ബോധപൂർവം മറന്നു..
അങ്ങനെയിരിക്കെ അപ്പൂപ്പൻ മരിച്ചു..!
ചെല്ലപ്പനെ കുറെ നാൾ കണ്ടില്ല..
ഫ്യുഡൽ തല ഒരെണ്ണം നഷ്ടമായതിൽ മനം നൊന്ത്‌ പണി നിർത്തിയോ എന്നും സംശയിച്ചു..!

മൌനത്തിനും, ഊഹാപോഹങ്ങൾക്കും വിരാമം..
അദ്ദേഹം വീണ്ടും അവതരിച്ചു..
കക്ഷത്തിലെ മുഷിഞ്ഞ തുണിയിലെ തുരുമ്പിച്ച 'വെട്ട്‌ യന്ത്രങ്ങൾക്ക്‌ ' പകരം നല്ല പുതുപുത്തൻ സാധനങ്ങൾ..!
'വീട്ടിലെത്തി വെട്ട്‌',എന്ന ഉപയോഗം 'വേണമെങ്കിലെത്തി വെട്ട്‌' എന്നായി..!
സാമ്രാജ്യത്തിന്‌ പേര്‌ മാത്രം ആയിട്ടില്ല..
അതും വേണ്ടേ..?

ഒരു നാൾ അതിരാവിലെ 'തൈക്കിളവിമാരും','യങ്ങ്‌ വല്ല്യപ്പന്മാരുമൊക്കെ' ചറു..പിറാ ന്ന് ഓടുന്നത്‌ കണ്ട്‌ കാര്യം തിരക്കി
"ചെല്ലപ്പന്റെ കടയ്ക്ക്‌ പേരിടീൽ, നല്ല പേരിന്‌ ഒരു പവൻ സമ്മാനം..!"
തിരുവന്തോരം ശൈലിയിൽ ഞാനൊന്നു ഞെട്ടീ....
"തള്ളേ...!"

സംഭവം ശരി തന്നെ..!
'പേരിടീൽ കർമ'ത്തിന്‌ സമയമായപ്പോഴേക്കും പേരുകളുടെ ഒരു പെരുമഴ തന്നെയായിരുന്നു..
'ചെല്ല ഷോപ്പ്‌','ചെല്ലപ്പൻ ഷോപ്പ്‌',അങ്ങനെ പല തരം...!
പക്ഷെ ചെല്ലപ്പന്‌ ഇതൊന്നും പിടിച്ചില്ല.
ആരോ ചോദിച്ചു, "ക്ഷൌരമല്ലേ പണി? അതുമായി ബന്ധമുള്ള പേർ` വല്ലതും പോരെ..?" എന്ന്‌
ചെല്ലപ്പൻ 'പുലി' ആയി, ഒരുപാട്‌ തലകൾ കീഴടക്കിയ അദ്ദേഹം സ്വാഭിമാനത്താൽ ജ്വലിച്ചു..!
"ഈ പണിയെ വെറും 'ക്ഷൌരം' അന്നു വിളിച്ചാക്ഷേപിക്കുന്നവൻ ആരായാലും അവന്റെ തലയിൽ ഒരു രോമം പോലുമുണ്ടാകില്ല തിരികെ പോകുമ്പോൾ..!"
ഞാൻ ആരാഞ്ഞു, "പണി 'കേശനിവാരണം' ആകുമ്പോൾ കടയുടെ പേര്‌ ആംഗലേയീകരിച്ചാലോ..? "
ചെല്ലപ്പൻ ഹാപ്പി..!
അങ്ങനെ പേര്‌ ഉറപ്പിച്ചു..!
"ചേൽ-ഈ-പാൻ'സ്‌ ബ്യൂട്ടി വേൾഡ്‌"......!!
പോരട്ടേ പവൻ ഒരെണ്ണം...!!

"ദീപസ്തംഭം മഹാശ്ചര്യം..
നമുക്കും കിട്ടണം പണം..!"

Posted by Varnameghangal @ 10:27 AM
4 comments

------------------------------------------

നോം ഇങ്ങ്ട്‌ പോന്നു..!
നോം ഇങ്ങ്ട്‌ പോന്നു..!
ആ ഏഭ്യൻ 'റെഡിഫ്‌' മാതൃ ഭാഷാ പിന്മൊഴി അനുവദിക്കില്ലത്രേ..!
ഇങ്ങ്ട്‌ വന്നപ്പൊഴോ..
ഈ ദുഷ്ടൻ 'പിൻ തറ'(ബാക്ഗ്രൌൻഡ്‌) മാറ്റാൻ സമ്മതിക്കില്ലത്രേ..!
ദെന്താ ഇപ്പോ ചെയ്ക ശിവനേ..
വെള്ളരിക്കാപ്പട്ടണം തന്നെ..!


നോം ആ ഏഭ്യന്റെ അടുത്ത്‌ കിടന്ന നമ്മുടെ അവസാനത്തെ 'തൂണ്‌' ഇങ്ങട്‌ കൊണ്ടു പോന്നു..
ഇവിടെ കിടക്കട്ടെ ഇനി മുതൽ..!
അത്ര തന്നെ..!!

Posted by Varnameghangal @ 10:23 AM
9 comments

------------------------------------------

  View Profile

Links
Malayalam Font
Malayalam Editor
Inspiring
Always Yours
Mazhanoolukal
"ടോപ്പ്‌ സൈറ്റ്‌."

Previous Posts
നോക്കുകുത്തി..!
നിഴലിനോടൊപ്പം.
മഴക്കാലമില്ലാതെ.
കൊറ്റന്‍ വളവ്‌.
കാശി.
നീയില്ലയെങ്കിലും..
ഒരു കാലവര്‍ഷ കണ്‍ഫഷന്‍..!
ലങ്കപ്പന്‍
മഴപ്പക്ഷികള്‍.
പാഞ്ചാലിപ്പാച്ചു.


Archives
October 2005
November 2005
December 2005
January 2006
February 2006
March 2006
April 2006
May 2006
June 2006
July 2006
August 2006
November 2006
February 2007
March 2007
September 2008
January 2013