Thursday, January 24, 2013

നോക്കുകുത്തി..!

രോമകൂപങ്ങളിലൂടെ തണുപ്പിന്റെ തേരോട്ടം. ശീതീകരണം അതിര്‌ വിടുന്നോ? മുകളിലേയ്ക്ക്‌ നോക്കി. എനിയ്ക്ക് മാത്രമായി നിയന്ത്രണം സാധ്യമല്ല, പരാതിപ്പെടാൻ തോന്നുന്നുമില്ല, ചെയ്യ്തിട്ടും കാര്യമില്ല എന്ന തോന്നലിനാൽ..

വെറുതേ കണ്ണാടി ഭിത്തിയിലൂടെ പുറത്തേയ്ക്ക് നോക്കിയിരുന്നു, പടു വേഗം പൂണ്ടൊഴുകുന്ന നഗരത്തിരക്കുകൾ..! നുരച്ച് നീങ്ങുന്ന വാഹങ്ങങ്ങളുടെ ഇരമ്പങ്ങൾ, അവ പുറപ്പെടുവിയ്ക്കുന്ന മടുപ്പുളവാക്കുന്ന പുകപടലങ്ങൾ, തിരക്കിൽ തിരിച്ചറിവുകളില്ലാതെ പായുന്ന നഗര ജീവിതങ്ങൾ..കണ്ണ്‌ തിരികെയെത്താൻ വെമ്പുന്നു.

അക്ഷരങ്ങളെ അതിവേഗം അവതരിപ്പിക്കാനും, അതിലും വേഗം മായ്ച്ച് കളയാനും കഴിവുള്ള കമ്പ്യൂട്ടർ മാത്രം മുന്നിൽ..ആധുനികവല്കരണത്തിന്റെ യന്ത്ര വൈകൃതങ്ങൾ സമ്മാനിച്ച ചൂട് കണ്ണുകളെ പൊള്ളിയ്ക്കുന്നു. ഒരു മരുപ്പച്ച കിട്ടിയെങ്കിൽ, അവ വിലപിയ്ക്കുന്നു..

നാല്‌ ചുവരുകളും, ശീതീകരിച്ച മേല്ക്കൂരയും, ഈ ടേബിളും, കസേരയും ഒപ്പം അതേ കമ്പ്യൂട്ടറും.എന്റെ ലോകം അതിലേയ്ക്ക്‌ ചുരുങ്ങിപ്പോകുന്നു. . പൊരുത്തക്കേടുകളുടെ പടയോട്ടം..!

എന്റെ നാക്കും ഇങ്ക്ളീഷും തമ്മിൽ ജന്മനാ ശീത സമരത്തിലാണ്‌. ഇവിടെയാണെങ്കിൽ എല്ലാവരും ആംഗലേയ പുങ്കവന്മാരും. നാവിൽ നല്ലെണ്ണ തേച്ച മാതിരി നാക്കുരുട്ടുന്ന അരുളപ്പാടുകൾ. വല്ലതും പറയാൻ ശ്രമിച്ചാൽ തന്നെ ‘യെസ്’,‘ഓക്കെ’,‘നോ’..ഇത്രയൊക്കെയേ പറ്റുന്നുള്ളൂ. പിന്നെ വല്ലതും ഉരിയാടാൻ ശ്രമിച്ചാൽ കടും പിടുത്തത്തിന്റെ കഠിന യാതന തന്നെ. വന്ന ദിവസം തന്നെ ഒരു സുന്ദരി ഏതൊക്കെയോ പറഞ്ഞ് ചിരിച്ചു, ഞാനും കൂടെ ചിരിച്ചു, മറ്റെന്ത് ചെയ്യാൻ ?

എല്ലാ ദിനവും അതി രാവിലെ കൂലങ്കഷമായ ചർച്ചകൾ. ഇരുന്ന്‌ ഉറങ്ങി മടുത്ത ആത്മാക്കളെ ഉണർത്തിയെടുക്കാൻ കാപ്പിയും ബിസ്കറ്റും. ടീം മീറ്റിങ്ങ് എന്ന കലാ പരിപാടി. ഏല്ലാവരും വട്ട മേശയ്ക്ക്‌ ചുറ്റും ഇരുന്ന്‌ അവരവരുടെ മനസിൽ തോന്നുന്ന കാര്യങ്ങൾ വിളിച്ച് പറയും. പ്രഹസനങ്ങളുടെ കൂട്ടപൊരിച്ചിൽ. വെളിയിലിറങ്ങി ഇപ്പോ സംസാരിച്ചതെന്തെന്ന്‌ ചോദിച്ചാൽ നിഷ്ക്കളങ്കമായി ‘ആ..’ എന്നൊരു മറുപടിയും. ബഹു വിശേഷം ..!

കൂട്ടിന്‌ ആരെയും കിട്ടുന്നില്ല. മലയാളി മങ്കകളും, വീരന്മാരും ഒക്കെയുണ്ടെങ്കിലും ആരും മാതൃ ഭാഷയെ തിരിഞ്ഞ്‌ നോക്കുന്നില്ല. തിരിച്ചറിയാതിരിക്കാനാകും. അതോ അവരുടെയൊക്കെ സ്റ്റാറ്റസിന്‌ ഞാൻ പോരെന്ന്‌ തോന്നിയിട്ടൊ എന്തൊ. പിന്നെയുള്ള അത്താണി ലഖുഭക്ഷണശാലയാണ്‌. അവിടെയുള്ള നഗരവല്കരണം ചെറിയ കവറുകളിൽ ഇരുന്ന് കൊഞ്ഞനം കാട്ടുന്നു. അംഗവൈകല്യം സംഭവിച്ച ആംഗലേയ ഭക്ഷണങ്ങൾ, അവയെന്റെ രസമുകുളങ്ങളെ തച്ചുടച്ചിരിയ്ക്കുന്നു. പല വർണത്തിലുള്ള ദാഹശമനികൾ നിറച്ച കുപ്പികൾ ആമാശയവും കടന്ന് വായൂ കുമിളകളെ പറത്തി വിട്ടിരിയ്ക്കുന്നു.ഈ അത്യാധുനികതയിൽ പുട്ടും കടലയും പ്രതീക്ഷിച്ച ഞാൻ മൂഠൻ,അപരിഷ്കാരി...

ഇന്ന് ടി ജി ഐ എഫ് ആണത്രേ..വെള്ളിയാഴ്ച്ച ഉച്ച തിരിഞ്ഞാലുള്ള ഉലകം ചുറ്റലും, സർവാണി സദ്യയും, പാട്ടും കൂത്തും,ഒപ്പം മദ്യവും. സ്വദേശി സായിപ്പന്മാരുടെ ഇടയിൽ മദ്യം തൊടാത്ത ഞാൻ മുരിങ്ങക്കൊള്ളി. അവരുടെ ഭാഷയിൽ അൺ ഫിക്സബിൾ ബഗ്..!

ഈ ഊഷര ഭൂവിൽ നിന്നും ഒരു ഒളിച്ചോട്ടം എന്റെ മൻസിന്റെ ഉള്ളറകളിലെങ്ങോ പറ്റിപ്പിടിച്ച് കിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. പക്ഷെ പണിയില്ലെങ്കിലും ദിനചര്യ തെറ്റാതെ വരണം, ഇരിക്കണം, ഉറങ്ങണം.

അവധി ചോദിച്ചിട്ട് മേലധികാരിയ്ക്ക്‌ രസിച്ച മട്ടില്ല. സ്വതവേ തടിച്ച ചുണ്ടുകൾ വക്രിച്ചും, നിറം പൂശിയ കവിളികൾ ഇളക്കിയും അവരൊന്ന് ചിരിച്ചു. നിഷേധത്തിന്റെ കോർപറേറ്റ് പുറം ചട്ട. അവധി തരാതിരിക്കാൻ മാത്രം തിരക്കിലല്ല ഞാൻ. സത്യത്തിൽ തിരക്കെന്തെന്നറിഞ്ഞിട്ട് തന്നെയില്ല.‘ബഞ്ച്’ എന്ന, ടെക്കികളൂടെ അരക്ഷിതമായ വിശ്രമാവസ്ഥ. പണിയില്ലായ്മയുടെ അപര നാമധേയം..! രാവിലെ ഹാജരാകുക, വൈകുന്നേരം ഇരുന്ന് കുഴഞ്ഞ് മറിഞ്ഞ നടുവ് നിവർത്തി ഗർഭിണികളെപ്പോലെ മുടന്തി നടന്നു പോകുക. ഇതാണ്‌ എന്റെ ദിനചര്യ..!

പലപ്പൊഴും ഞാൻ എന്നോട് തന്നെ ചോദിയ്ക്കാറുണ്ട്‌, ഈ ബെഞ്ചിലിരിക്കാനാണോ ഇങ്ങോട്ട് വന്നത്‌. ആസനം വാരിപുതയ്ക്കുന്ന പതുപതുപ്പുള്ള കസേരയിലും ഞാൻ അസ്വസ്ഥനായിരുന്നു. ഇനിയെങ്ങോട്ട് എന്നറിയില്ല. ഈ യാത്രയിൽ ഞാൻ ആഗ്രഹിച്ചതൊന്നും നേടുന്നില്ല, എന്നാലോ മറ്റുള്ളവർ ആഗ്രഹിച്ചതെല്ലാം കൊടുക്കാൻ വിധിക്കപ്പെട്ടവൻ.

ഞാനിറങ്ങുന്നു.. ഈ പരിഷ്കാരങ്ങളുടെ പടയോട്ടഭൂമിയിൽ നിന്നും..എനിക്കാകില്ല ഈ വേഗത്തോട് മല്ലടിച്ച് നില്ക്കാൻ..ഞാനൊരു അപരിഷ്കാരി..എനിയ്ക്ക് പഥ്യം എന്റെ നാടും നാടൻ ജീവിതവും... അവിടെ എന്നെ കാത്ത് എന്റെ ഊർവര ഭൂമിയുണ്ട്, വയലേലകളുണ്ട്. അതിൽ വിളയും, വെള്ളവും, ജൈവ വളവും വിതറി മണ്ണിന്റെ ഗർഭ പാത്രം നിറ്യ്ക്കും. പിന്നെ നിറകതിർ കൊയ്തെടുക്കാൻ കൊടി പാറുന്ന, വെട്ടി നിരത്തുന്ന നിയമങ്ങളില്ലാതെ ഞാൻ തന്നെയിറങ്ങും..

ഞാൻ തന്നെ ഇറങ്ങും..!

Posted by Varnameghangal @ 3:39 PM

------------------------------------------

2 Comments:
Blogger സുധി അറയ്ക്കൽ said...

ഇതിനാണോ ഞാനിങ്ങോട്ട്‌ വന്നത്‌??

12:31 PM  

Blogger റാണിപ്രിയ said...

Ha.. Benchil ninnum irangi.
Ezhuthil nalla bhavi kaanunnu

9:03 PM  

Post a Comment

Home

  View Profile



Previous Posts
നിഴലിനോടൊപ്പം.
മഴക്കാലമില്ലാതെ.
കൊറ്റന്‍ വളവ്‌.
കാശി.
നീയില്ലയെങ്കിലും..
ഒരു കാലവര്‍ഷ കണ്‍ഫഷന്‍..!
ലങ്കപ്പന്‍
മഴപ്പക്ഷികള്‍.
പാഞ്ചാലിപ്പാച്ചു.
അസ്തമയം കാത്ത്‌..!