|
Wednesday, July 12, 2006
ലങ്കപ്പന്‍
സമ്പന്നരും, ദരിദ്രരും, ഇടത്തട്ടുകാരും ഇടതിങ്ങിപ്പാര്‍ക്കുന്ന നാട്ടിലേക്ക് ഒരു നാള്‍ പൊടുന്നനേ ലങ്കപ്പന്‍ വേച്ച് വേച്ച് കടന്നു വന്നു. ഇടതു കൈ നെഞ്ചോട് ചേര്‍ത്ത് പറ്റിച്ച്, കാറ്റിലാടിപ്പറക്കുന്ന കുപ്പായക്കയ്യില്‍ മറു കരം സങ്കല്‍പ്പിച്ച്, പച്ചപ്പ് കലര്‍ന്ന കാക്കി പാന്റ് സിന്റെ അവശിഷ്ട ഭാഗങ്ങളില്‍ നാണം മറച്ച്, ആരെയും നോക്കാതെ, ഗതകാലം വിണ്ടു കീറപ്പെട്ട മരവിച്ച മിഴികളോടെ. ഒത്ത ശരീരമായിരുന്നു ലങ്കപ്പന്. ഉദ്ദേശ്ശം ആറടിയ്ക്കടുക്കെ പൊക്കവും, അതിനൊത്ത വണ്ണവും. എങ്കിലും ചുമല്‍ കൊണ്ട് മുന്നോട്ട് വളഞ്ഞ്, മുറിവും, ചോരയും,അഴുക്കും പാളികള്‍ തീര്‍ത്ത് പെരുപ്പമേറിയ വലതു കാല്‍ മണ്ണില്‍ നിരക്കി വലിച്ച്, താഴേയ്ക്ക് നോക്കി നിര്‍വികാരമായ നടത്ത. ഉറച്ച ശരീരവും, ഒറ്റക്കൈയ്യിലെ കെട്ടു പിണഞ്ഞ ഞരമ്പുകളും, വടിവൊത്ത ചുമലുകളും, വികൃത മുഖമെങ്കിലും പ്രൌഢമാര്‍ന്ന നെറ്റിത്തടവും, എല്ലാം പൊരുത്തക്കേടുകളുടെ ഒരു കൂമ്പാരം തന്നെയായിരുന്നു.
ലങ്കപ്പന്‍ എവിടെ നിന്നു വന്നെന്നോ, ഏതു ദേശക്കാരനെന്നോ, ഏതു ഭാഷക്കാരനെന്നോ യാതൊന്നും ആര്‍ക്കും അറിയുവാനായില്ല. ലങ്കപ്പന്‍ എന്ന പേര് തന്നെ പറഞ്ഞറിവു മാത്രം. എന്തെങ്കിലും ചോദിച്ചാലും കോടി വികൃതമായിപ്പോയ ചുണ്ടുകളില്‍ വാക്കുകളുണരില്ലായിരുന്നു. സംസാര ശേഷിയില്ലാത്തവനാകാം, എല്ലാവരും കരുതി. ചോദിച്ച് വശം കെട്ടവര്‍ ചിലര്‍ കയ്യോങ്ങിയും, കാലുയര്‍ത്തിയും താഢിക്കാനാഞ്ഞു. അപ്പോഴും നിര്‍വികാരത തുളുമ്പുന്ന മിഴികളുമായി ലങ്കപ്പന്‍ ഒഴിഞ്ഞു മാറി, വേച്ച് നടന്നു. തിരിച്ചറിവുകള്‍ പലതും നഷ്ടപ്പെട്ടു പോയ മനസിന്, വാക്കുകള്‍ കൂടി വരണ്ടുണങ്ങിപ്പോയപ്പോള്‍ പിടിച്ചു നില്‍ക്കാനായിട്ടുണ്ടാവില്ല.
ക്രമേണ, ലങ്കപ്പന്‍ ഒരു സ്ഥിരം കാഴ്ചയായി മാറി. വീട്ടുകള്‍ക്കും, കടകള്‍ക്കും വെളിയില്‍ ദൂരെ മാറി നിന്ന് അസ്പഷ്ടമായി 'ചാ', 'മ്പസ്സാ' എന്നും പറയുമായിരുന്നത് 'ചായ കുടിക്കാന്‍ അമ്പത് പൈസ ..' എന്നായിരുന്നെന്ന് മനസിലാക്കാന്‍ നാളുകളേറെയെടുത്തു. ഇത് മാത്രമായിരുന്നു ലങ്കപ്പന്റെ ഏക ആശയ വിനിമയം. വീടിന് വെളിയില്‍ വിലപിടിപ്പുള്ള എന്ത് തന്നെ കണ്ടാലും അതിലൊന്നും നോട്ടം പതിപ്പിക്കാതെ, പതിവു ജല്‍പനം നടത്തി, കിട്ടിയാലും ഇല്ലെകിലും യാതൊരു ഭാവഭേദവുമില്ല്ലാതെ തിരിച്ച് നടക്കുന്ന കാഴ്ച നൊമ്പരമുണര്‍ത്തിയിരുന്നു. നാണുവിന്റെ ചായക്കടയില്‍ നിന്നും ചിരട്ടയിലായിരുന്നു ലങ്കപ്പന് ചായ് കൊടുത്തിരുന്നത്, അതും മറ്റ് എല്ലാവരെയും പോലെ പണം കൊടുത്തിട്ട് കൂടി. കുടിച്ച ചിരട്ട കഴുകി തിരികെ കൊടുക്കാന്‍ അയാള്‍ ഒരിക്കലും മറന്നിരുന്നില്ലത്രേ.
പൊരുത്തക്കേടുകള്‍ കണ്ടെത്താന്‍ വ്യഗ്രതപ്പെടുന്ന മനസിന് കാണും തോറും മരീചികയായി വളര്‍ന്നുകൊണ്ടിരുന്നു ലങ്കപ്പന്റെ അവസ്ഥാന്തരങ്ങള്‍ തിരഞ്ഞു പിടിക്കാന്‍ വെമ്പല്‍. വടക്കേ ഇന്ത്യയില്‍ എവിടെയോ ദേശമെന്നും, ദിക്കറിയാതെ ഇവിടെ വന്നു പെട്ടു എന്നും ആരൊക്കെയോ ഊഹങ്ങള്‍ പറഞ്ഞു. പട്ടാളക്കാരനായിരുന്നെന്നും, ഏതോ യുദ്ധമുഖം സമ്മാനിച്ചതാണ് വൈരൂപ്യവും;വൈകല്യവുമെന്നും, നഷ്ടപരിഹാരത്തുക വസൂലാക്കിയ വേണ്ടപ്പെട്ടവര്‍ പൂച്ചയെ ചന്തയില്‍ കളയുന്ന ലാഘവത്തോടെ ഈ ചുറ്റുപാടിലെവിടെയോ കൊണ്ടു വന്ന് ഉപേക്ഷിച്ചു പോയതാണെന്നും കേട്ടു. പിന്നീട് എല്ലാവരും ലങ്കപ്പന്റെ മുഖത്തേയ്ക്ക് നോക്കുവാന്‍ തുടങ്ങി, കേട്ടറിഞ്ഞ കഥകളുടെ നേരു തിരയാനെന്ന വണ്ണം. പക്ഷെ കണ്ണുകളോടിടയാത്ത നിര്‍വികാര മിഴികള്‍ക്ക് ഉത്തരം നല്‍കുവാന്‍ ശേഷിയില്ലായിരുന്നു. സഹികെട്ട ചിലര്‍ തടഞ്ഞ് നിര്‍ത്തി ചോദിക്കുക തന്നെ ചെയ്തു. ചെറുതായൊന്നുയര്‍ന്ന മുഖം പെട്ടന്ന് തന്നെ താഴ്ന്നു, ഞെട്ടലില്‍ ചെറുതായി വിറ കൊണ്ടുവോ വളഞ്ഞ ശരീരം ..? അറിയില്ല. മറുപടികള്‍ മരിച്ച മരവിച്ച മുഖവുമായി ലങ്കപ്പന്‍ നടന്നു മറഞ്ഞു.
പൊരുളുകള്‍ തിരഞ്ഞ് ശീലമില്ലെങ്കിലും, ലങ്കപ്പന്‍ എന്ന സമസ്യ ഇടയ്ക്കിടെ ഉള്ളിലെവിടെയോ നൊമ്പരങ്ങളിലൂടെ ദൈന്യതയുടെ ചിത്രം കോറിയിട്ടു. പൊരുത്തക്കേടുകള്‍ക്കുത്തരം കണ്ടെത്തണമെന്ന തോന്നല്‍ ഉള്ളിലുറച്ചു.
പക്ഷെ പിന്നീട് ലങ്കപ്പനെ കണ്ടതേയില്ല. ഊഹങ്ങള്‍ക്കും, ഉത്തരങ്ങള്‍ക്കും അതീതമായ ചിന്തയായി തന്നെ ലങ്കപ്പന്‍ അവശേഷിച്ചു. ആരെയും ദ്രോഹിക്കാത്ത പെരുമാറ്റവും, ചിരിയും കരച്ചിലും ഒന്നും തെളിയാത്ത മുഖവും എല്ലാം...
കുറെ നാളുകള്‍ക്ക് ശേഷം പത്രത്തില്‍, ഏതോ അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ച വാര്‍ത്ത കണ്ടു.ശാരീരിക വിവരണങ്ങള്‍ ലങ്കപ്പനിലേയ്ക്ക് വിരല്‍ ചൂണ്ടി.പക്ഷെ അവസാനത്തെ വരികള്‍ മനസിനെ പിടിച്ച് നിര്‍ത്തി 'നിര്‍ത്തിയിട്ടിരുന്ന ട്രെയിനിനു നേര്‍ക്ക് ആരെയോ കണ്ടിട്ടെന്ന വണ്ണം ഓടിയടുത്തപ്പോള്‍, മറു പാളത്തില്‍ കൂടി വന്ന ട്രെയിന്‍ തട്ടി ...' ആരെ കണ്ടിട്ടാകാം അയാള്‍ ട്രെയിനിനു നേര്‍ക്ക് ഓടിയടുത്തത്..? തിരിച്ചറിവുകള്‍ നഷ്ടപ്പെട്ട മനസിന് സ്നേഹം മാത്രം തിരിച്ചറിയുവാനായോ..? വലിച്ചെറിഞ്ഞ് പോയ വേണ്ടപ്പെട്ടവര്‍ ഇന്നും മനസിന്റെ വേദനയാണെന്നോ..? അവരെയാരെയെങ്കിലും മിന്നായം പോലെ കണ്ടുവെന്നോ..? ലങ്കപ്പനെന്ന സമസ്യക്ക് ഉത്തരമായോ..? ഇല്ലെങ്കിലും അയാളെപ്പറ്റി കേട്ട കഥകളില്‍ തന്നെ വീണ്ടും ഞാന്‍ കടിച്ചു തൂങ്ങി. പിന്നെ, ലങ്കപ്പന്‍ എന്ന, പൊരുള്‍ തിരയാനാകാഞ്ഞ ചോദ്യം മനസിന്റെ ഉള്‍ക്കോണിലെങ്ങോ അടച്ചു മൂടി...!!
Posted by Varnameghangal @ 9:36 AM
------------------------------------------
9 Comments:
Home
|
|
View Profile
Previous Posts
മഴപ്പക്ഷികള്‍.
പാഞ്ചാലിപ്പാച്ചു.
അസ്തമയം കാത്ത്..!
ഒരു രക്തസാക്ഷിയുടെ ഹൃദയ വേദനകള്‍.
പ്രണയനാളുകള്‍ക്കപ്പുറം...!
മഴ നിലയ്ക്കുമ്പോൾ.
വേഷങ്ങളഴിക്കാതെ.
സിന്ധി മത്തായി..!
ഈരടികളില്ലാതെ...!
ചീരന്റെ കളർ സ്വപ്നങ്ങൾ..!
|
ലങ്കപ്പന് എന്ന സമസ്യ എന്റെ മനസ്സിനേയും ചൂഴ്ന്ന് തിന്നുന്നു. നല്ല രചന. അസ്സലായി എഴുത്ത്. അഭിനന്ദനങ്ങള്‍.
വര്‍ണമേഘങ്ങളേ : വളരെ നന്നായി എഴുതിയിരിക്കുന്നു. ലങ്കപ്പന്റെ രൂപവും, കാലു വലിച്ചിഴച്ചുള്ള ആ നടപ്പും എല്ലാം കണ്മുന്‍പില്‍ കണ്ടപോലെ.
ച മ്പസ - മനസ്സു നോവുന്നു.
ലങ്കപ്പന്‍ പോസ്റ്റിങ്ങ് ..റ്റച്ചിങ്ങ്!
'നിര്‍ത്തിയിട്ടിരുന്ന ട്രെയിനിനു നേര്‍ക്ക് ആരെയോ കണ്ടിട്ടെന്ന വണ്ണം ഓടിയടുത്തപ്പോള്‍, മറു പാളത്തില്‍ കൂടി വന്ന ട്രെയിന്‍ തട്ടി ...'
:(
നാട്ടുകാര്‍ പുള്ളിയെ ശ്രീലങ്കയില്‍ യുദ്ധത്തിനു പോയ പട്ടാളക്കാരനായി അങ്കീകരിച്ചോ, ആ പേരില്‍ നിന്നു അങ്ങനെ തോന്നും, ലങ്കപ്പന്‍.
കഷ്ടതകളും, നഷ്ടങ്ങളും അനുഭവിച്ചു വിക്രിതമായ ഒരു മനുഷ്യജന്മത്തെ വര്‍ണ്ണം മനോഹരമായി വരച്ചു കാണിച്ചു. പലപ്പോഴും പലരും പറഞ്ഞിട്ടുള്ളതുപോലെ, അപാര റേയ്ഞ്ച്... :)
രസകരങളായ വായനകള്‍ നോക്കി നടന്നു ഇന്നൽപ്പനേരം.
പക്ഷേ കറങിത്തിരിഞെത്തിച്ചേര്‍ന്നത് മറ്റൊരു നൊമ്പരത്തിലേയ്ക്ക്...
‘പിന്നെ, ലങ്കപ്പന്‍ എന്ന, പൊരുള്‍ തിരയാനാകാഞ്ഞ ചോദ്യം മനസിന്റെ ഉള്‍ക്കോണിലെങ്ങോ അടച്ചു മൂടി...!!
’
അതെ, അടച്ചു മൂടി നടക്കാം നമുക്ക്.
പേരു കേട്ടപ്പോള്‍ നര്‍മ്മമാകും എന്ന് കരുതിയാണ് തുടങ്ങിയത്.
മനസ്സില്‍ ഒരു വേദന സമ്മാനിച്ചു ഈ പോസ്റ്റ്.
ചിരട്ടയില്‍ ചായ..നമുക്കിനിയും മാറാനുണ്ട് ഏറെ അല്ലേ...
നന്നായിരിക്കുന്നു വര്‍ണ്ണം.
വര്‍ണ്ണം വളരെ നന്നായിരിയ്ക്കുന്നു...
വാക്കുകള്‍ കൊണ്ട് ഒരു ദയനീയ ചിത്രം... കഥ വായിച്ച് ‘വേദനിയ്ക്കുന്നു’ എന്നു എഴുതിയാലും ഇതേ പോലെ ഒരാളെ നേരില്‍ കണ്ടാല്‍ ഞാന്‍ മുഖം തിരിച്ചു നടക്കുകയേ ഉള്ളൂ... മുഖംമൂടിയാണോ? ആര്‍ക്കറിയാം...
ഉമ്മണന്‍ എന്ന എന്റെ നാട്ടുകാരന്‍ മുതല്‍ കോച്ചേരിന്‍ എന്ന ജപ്പാങ്കാരനെ വരെ ലങ്കപ്പന്‍ ഓര്‍മ്മിപ്പിക്കുന്നു..മേഘമേ.സാരമില്ല
ഒരു സിനിമ കാണുന്നതുപോലെ തോന്നി.....
വായിച്ചുതീര്‍ന്നിട്ടും ലങ്കപ്പന്‍ മന്സ്സില്‍നിന്നും മറയുന്നില്ല.....ര്‍