Tuesday, August 01, 2006

നീയില്ലയെങ്കിലും..

നിനക്കെന്നും മഴയുടെ രൂപമായിരുന്നു.

അറിവിലേയ്ക്ക്‌ ആദ്യാക്ഷരങ്ങങ്ങള്‍ പുതുമഴയായി പെയ്തിറങ്ങവേ, നാവില്‍ കുറിയ്ക്കപ്പെട്ട മലയാണ്മയ്ക്ക്‌ മുന്നില്‍ പതറിപ്പോയിരുന്നു ഞാന്‍. ചിതറിപ്പോയ മിഴിപ്പാതകളില്‍ എവിടെയോ നിന്നെ കണ്ടിരുന്നു. എന്നെപ്പോലെ, പുതുമയുടെ ലോകത്ത്‌ കണ്‍ മിഴിച്ച്‌... നിഷ്കളങ്ക മിഴികളില്‍ അഴക്‌ നിറച്ച്‌. കൌതുകം തോന്നിയെങ്കിലും അടുപ്പങ്ങള്‍ ഇഴ പിരിച്ചറിയാന്‍ അപക്വ മനസിനാകുമായിരുന്നില്ല.
എങ്കിലും ചാറി വീണ്‌ തുള്ളിക്കളിച്ച്‌ കാറ്റിലാടിപ്പറക്കുന്ന മഴക്കുഞ്ഞുങ്ങളുടെ നിഷ്കളങ്കത... കണ്ടറിഞ്ഞിരുന്നു ഞാന്‍.
എന്റെയൊപ്പം കുന്നിക്കുരു തേടിയലയുമ്പൊഴും അതേ ഭാവം, അതേ രൂപം.
ഇഷ്ടപ്പെട്ടുപോയിരുന്നു അന്നേ നിന്നെ.

അറിവിന്റെ പടവുകളിലെല്ലാം നീയും ഒപ്പമുണ്ടായിരുന്നു.
തണല്‍ മരങ്ങള്‍ ഏറെയില്ലാതെ, പുല്‍നാമ്പിനെ പ്രണയിച്ച, വിദ്യാലയത്തിന്റെ നടുമുറ്റങ്ങളില്‍..
നിശബ്ദത നിറഞ്ഞ്‌ വിങ്ങുന്ന കലാലയത്തിന്റെ നീളന്‍ ഇടനാഴികളില്‍..
ഇരുവശങ്ങളിലും വയലേലകളെ പേറി വളഞ്ഞും പുളഞ്ഞും പോകുന്ന നാട്ടു വഴികളില്‍..
ഒക്കെ.

പുഴയോരത്ത്‌, നെല്ലിക്ക പങ്കിട്ട്‌, നിഴലുകള്‍ മങ്ങുന്നതും നോക്കിയിരിക്കുമ്പോള്‍ നിന്റെ കൂട്ട്‌ ഞാനാസ്വദിച്ചിരുന്നു. പിന്നീട്‌, കൈക്കുമ്പിളില്‍ ആവോളം നുകര്‍ന്ന തെളിനീരിനല്ല, നിന്റെ സാമീപ്യത്തിനായിരുന്നു അതി മധുരമെന്നുമറിഞ്ഞു. ഇലഞ്ഞി മരങ്ങള്‍ ഇല പൊഴിച്ച വഴിത്താരകളില്‍ കൈ കോര്‍ത്ത്‌ നടക്കുമ്പോള്‍ നിന്റെ വിരലുകളുടെ കുളിര്‍മ്മ ഉള്ളിലേക്കാവാഹിച്ചു ഞാന്‍. പിന്നെ രാത്രി മയങ്ങുമ്പോള്‍ അതേ കൈവെള്ളയില്‍ മുഖമണച്ചുറങ്ങി. ഒരു മാത്ര പോലും അകലാന്‍ ആശിച്ചില്ല ഞാന്‍. ജന്മങ്ങളുടെ സൌഹൃദം, അതിന്റെ സുഖ ശീതളിമയില്‍ മയങ്ങാന്‍ കൊതിച്ചു.

പിണങ്ങാന്‍ നിനക്ക്‌ മാത്രം അറിയുന്ന സങ്കേതങ്ങള്‍. ചിലപ്പൊഴൊക്കെ പിണങ്ങിയും, പിന്നെ അതിലേറെ ഇണങ്ങിയും നാള്‍ വഴികള്‍ താണ്ടിയപ്പോള്‍ നീയും ഞാനും പ്രണയത്തിന്റെ തോരാമഴയില്‍ നനഞ്ഞുപോയിരുന്നു. അതിന്റെ കുളിരും, കുതൂഹലവുമെല്ലാം പതിയെപ്പതിയെ കനവിലേക്കും ചേക്കേറിയിരുന്നു.
പരസ്പരം തുറന്നിടാത്ത ജാലകങ്ങള്‍, എങ്കിലും കാറ്റിന്റെ ഒഴുക്ക്‌ ഒരേ ദിശയിലായിരുന്നു. അതില്‍ നാം മയങ്ങി, കിന്നാരം ചൊല്ലി, നിലാവുള്ള രാവുകളില്‍ പൂര്‍ണ്ണേന്ദുവില്‍ മുഖം നോക്കി. അറിഞ്ഞിട്ടും അറിയാത്ത വികാരത്തിന്റെ നിറവ്‌, അതെന്റെ വാതായനങ്ങള്‍ക്കും അപ്പുറം നിന്റെ നീള്‍ മിഴികളോളം പരന്നു. കുഞ്ഞ്‌ കാലത്തെ കുസൃതികള്‍ കാറ്റില്‍ പറന്നു പോയി. അവിടേയ്ക്ക്‌ നനുത്ത അസ്വസ്ഥതയുടെ കുരുവികള്‍ ചേക്കേറി. എന്നിട്ടും ചിരികളില്‍ നാം എല്ലാം മറച്ചു, മിഴികളില്‍ മാത്രം പേരറിയാ ചിത്രങ്ങള്‍ നിറഞ്ഞു നിന്നു. ഞാനടുത്തെത്തുമ്പോള്‍ നിന്റെ കണ്ണില്‍ തിളക്കങ്ങള്‍ കൂട്‌ കൂട്ടുന്നതും, അകലുമ്പോള്‍ നിഴല്‍ പരക്കുന്നതും ഞാനറിഞ്ഞു.
പ്രണയിക്കുകയാണ്‌ ഞാന്‍ എന്ന തോന്നല്‍ ഉള്ളിന്റെയുള്ളില്‍ പലയാവര്‍ത്തി സുഖമുള്ള നോവുകളില്‍ കോര്‍ത്തിട്ടു. പിന്നെ നീ സ്വന്തമാകുന്നതും കാത്തിരുന്നു....

പക്ഷെ, ഗുല്‍മോഹര്‍ പുഷ്പങ്ങള്‍ പുഞ്ചിരിക്കാത്ത സായന്തനത്തില്‍, വര്‍ണ്ണമേഘങ്ങള്‍ മിഴി തുറക്കാത്ത വേളയില്‍, വ്യഥിത നൊമ്പരങ്ങളുടെ കൂട്ടില്‍ എന്നെ തനിച്ചാക്കി നീ എങ്ങോ വിട പറഞ്ഞകന്നു. എന്തിനെന്നും, എവിടേയ്ക്കെന്നും ആരാഞ്ഞില്ല ഞാന്‍. വാക്കുകളില്‍ കനത്ത മൌനം കറുത്ത ചായം പൂശിയതു പോലെ. നീ മറന്നിട്ട പ്രണയത്തിന്റെ മണ്‍ തരികളിലൂടെ ഞാന്‍ തിരികെ നടന്നു. ഇരുളും ഏകാന്തതയും കണ്‍ തുറിക്കവേ മൂകനായ്‌ കരഞ്ഞു. മനസിലെ മണ്‍കൂടിനുള്ളില്‍ തിരിയൊരുക്കി വെച്ചിട്ടും, കണ്‍ ചിമ്മാതെ കാത്തിട്ടും കരിന്തിരി മാത്രം ബാക്കിയായി. എന്റെ മിഴികള്‍ക്കും എത്തിപ്പിടിക്കനാകാത്ത വണ്ണം, ആര്‍ദ്ര വികാരങ്ങളുടെ തെളിയൊഴുക്കെല്ലാം ഇടമുറിച്ചെറിഞ്ഞ്‌, ഒരു നാള്‍ പൊടുന്നനേ മറഞ്ഞത്‌ എന്റെ സ്വപ്നങ്ങളായിരുന്നു എന്ന തിരിച്ചറിവ്‌ മുറിപ്പാടുകളായി. നീ എന്തിനെന്നെ വിട്ടകന്നെന്നും, എവിടേയ്ക്ക്‌ മറഞ്ഞെന്നും തിരയാനാഗ്രഹിച്ചില്ല ഞാന്‍. ഇന്നിനെ ഇന്നലകളില്‍ മുക്കി, അതിലൂടെ ബഹുദൂരം നടന്ന്‌, നീ ചൊരിഞ്ഞ പ്രണയത്തിന്റെ ശേഷിപ്പുകള്‍ നെഞ്ചിലേറ്റി, ഞാനും നടക്കുന്നു...
ഒരു നാള്‍ നീ തിരികെ വന്നെത്തുമെന്നുറച്ച്‌.....!!

(സമര്‍പ്പണം: അകലാനാകാത്ത വണ്ണം അടുത്തിട്ടും, മുറിച്ചെറിയപ്പെട്ട കിനാവുകളുടെ കണ്ണീര്‌ താങ്ങി, പിന്നെയും കരളില്‍ കിനാവ്‌ കൂട്ടി, കനവിനും പ്രിയപ്പെട്ടയാളിന്റെ വിളിയൊച്ച കാതോര്‍ത്തിരുന്നവര്‍ക്ക്‌.)

Posted by Varnameghangal @ 9:24 AM

------------------------------------------

26 Comments:
Anonymous Anonymous said...

അപ്പോള്‍ എനിക്കുള്ളതല്ല.

9:43 AM  

Blogger Sreejith K. said...

വര്‍ണ്ണമേ, ഇത് മഞ്ഞക്കിളിയില്‍ വരേണ്ട ഒരു പോസ്റ്റ് ആയിരുന്നു. ഒരു നല്ല കൃതി മഞ്ഞക്കിളി യൂനിയന് മിസ്സായി. പോസ്റ്റ് ഇഷ്ടമായി. പക്ഷെ ഒരു സംശയം, ഗുല്‍മോഹര്‍ പുഷ്പങ്ങള്‍ എന്താ സാധനം?

9:52 AM  

Blogger Kalesh Kumar said...

നെഞ്ചില്‍ കൊത്തിവലിക്കാതെ വര്‍ണ്ണമേഘങ്ങളേ...
നീ‍റുന്നു...

11:34 AM  

Blogger കുറുമാന്‍ said...

നന്നായി എഴുതിയിരിക്കുന്നു......

നിരാശാ കാമുകന്മാരെ,
സ്ത്രീ അപലയാണ്, ചപലയാണ്, ചപ്ലാം കട്ടയാണ്, ദുര്‍ബ്ബലയാണ്, ക്ഷമയുടെ നെല്ലിപടിയാണ് എന്നെല്ലാം പറയുന്നവര്‍ ഒന്നോര്‍ക്കുക......കാര്യം കാണാന്‍ അവര്‍ മിടുക്കരാണ്.....മോഹിപ്പിക്കാനും, പറ്റിക്കാനും, അവര്‍ സമര്‍ത്ഥരുമാണ്

11:49 AM  

Blogger രാജേഷ് പയനിങ്ങൽ said...

ഹൊ...ശരിക്കും ഒന്നു കൊണ്ടു....വളരെ നന്നായിരിക്കുന്നു...

12:17 PM  

Blogger പരസ്പരം said...

വര്‍ണ്ണമേഘങ്ങളേ,നന്നായിരിക്കുന്നു. പതിവുപോലെ നൊംബരങ്ങള്‍ നിറഞ്ഞ എഴുത്ത്. ആ സമര്‍പ്പണത്തില്‍ വര്‍ണ്ണവും ഉള്‍പ്പെടുന്നില്ലേ? കുറുമാനേ..സ്ത്രീയെ മാത്രം ഇങ്ങനെ കുറ്റപ്പെടുത്തണോ? സാഹചര്യങ്ങള്‍ മനുഷ്യരെ പലതിലേക്കും അടുപ്പിക്കുകയും അകറ്റുകയും ചെയ്യുന്നു.

12:20 PM  

Blogger മുല്ലപ്പൂ said...

വര്‍ണ്ണമെഘങ്ങളില്‍ ഒന്ന് അലിഞ്ഞു അതു മഴയായ് കുളിരായ് ഒര്‍മയായ് നൊമ്പരമായ്...

‘പറയാതെ പോകുന്ന പ്രണയങ്ങളിലാകുമൊ ഇങ്ങനെ ഒരു പര്യവസാനം ???’

12:28 PM  

Blogger bodhappayi said...

സ്കൂളില്‍ പഠിക്കുമ്പോള്‍ പത്തു പൈസയുടെ ചുകന്നുരുണ്ട മുട്ടായി കൊടുത്തും പരീക്ഷയുള്ള ദിവസങ്ങളില്‍ കാലത്തിരുന്നു ടെണ്‍ഷനടിച്ചു പഠിച്ചും പങ്കിട്ട പ്രണയങ്ങള്‍, നല്ല വര്‍ണ്ണന...

12:53 PM  

Blogger വര്‍ണ്ണമേഘങ്ങള്‍ said...

തുളസി:
മുന്‍ കൂര്‍ ജാമ്യമാപേക്ഷ തള്ളിയിരിക്കുന്നു.
-----------
ശ്രീജിത്ത്‌:
മഞ്ഞക്കിളിയിലേക്ക്‌ നീ തന്നെ എടുത്തോ. നോ ഒബ്ജെക്ഷന്‍.
ഗുല്‍മോഹര്‍ എന്നത്‌ വാകപ്പൂക്കളുടെ ഒരു ഗ്ലോറിഫൈഡ്‌ വിളിയാണ്‌.
-----------
കലേഷ്‌
അപ്പോ സമര്‍പ്പണത്തില്‍ പെടും അല്ലേ..?
-----------
കുറുമാന്‍
നന്ദി.
എന്തിനും ഏതിനും കാരണങ്ങള്‍ കാണാം. നാമടങ്ങുന്ന ആണ്‍ വര്‍ഗ്ഗവും ഈപ്പറഞ്ഞതിന്‌ ഒട്ടും പിന്നിലല്ല.
-----------
ആര്‍ദ്രം
നന്ദി.
-----------
പരസ്പരം
സമര്‍പ്പണത്തില്‍ പെടുന്നു. ഞാന്‍ മൂലം വേദനിക്കുന്നവരും അതില്‍ പെടുന്നു.
-----------
മുല്ലപ്പൂ
പറയാതെ പോകുന്ന പ്രണയങ്ങളില്‍ നഷ്ടദുഖത്തിനുപരി, ഉള്ളില്‍ നിറഞ്ഞ്‌ വിങ്ങിയിട്ടൂം പ്രകടിപ്പിക്കാനാകാതെ പോയവയുടെ തിരത്തള്ളലുകളാണ്‌ ശേഷിക്കുക. പറഞ്ഞതിലോ... പറഞ്ഞറിയിക്കാനാകാത്ത വിരഹ ദുഖവും.

12:58 PM  

Blogger വല്യമ്മായി said...

ഞാന്‍ പഠിച്ച സ്കൂളിലും ഒരു പാടു വാകമരങ്ങള്‍ ഉണ്ടായിരുന്നു.

3:05 PM  

Blogger മനൂ‍ .:|:. Manoo said...

മഴയുടെ താളങ്ങളും, ഗുല്‍മോഹറിന്റെ കടുംചുവപ്പുകളും നെഞ്ചിലേറ്റിയിരുന്ന ഒരു കാലം എല്ലാവര്‍ക്കുമുണ്ടാകുമെന്നു തോന്നുന്നു.
ഒരു പക്ഷേ അതിനാലാവാം നഷ്ടപ്പെട്ട പ്രണയത്തിന്റെ ശേഷിപ്പുകള്‍ വായിയ്ക്കുമ്പോള്‍ പിന്നില്‍, ഏറെ അകലായ്‌ നഷ്ടപ്പെട്ടുപോയ ഒരു ഒറ്റയടിപ്പാത എന്റെ മനസ്സിലും തെളിയുന്നത്‌

3:45 PM  

Blogger അരവിന്ദ് :: aravind said...

നന്നായിരിക്കുന്നു വര്‍ണ്ണം...നന്നായി എഴുതിയിരിക്കുന്നു.

“ഇന്നിനെ ഇന്നലകളില്‍ മുക്കി, അതിലൂടെ ബഹുദൂരം നടന്ന്‌, നീ ചൊരിഞ്ഞ പ്രണയത്തിന്റെ ശേഷിപ്പുകള്‍ നെഞ്ചിലേറ്റി, ഞാനും നടക്കുന്നു...“

ആ വാചകത്തിലെന്തോ ഒരു പോരായ്മ തോന്നി.

3:54 PM  

Blogger ഇടിവാള്‍ said...

ഗെഡി.. ഇതു വായിച്ച് ഞാന്‍ ഒരു പത്തു വര്‍ഷം റീവൈന്‍ഡ് അടിച്ചു, എന്റെ മെമ്മറികള്‍..

കുറുജി: സ്ത്രീ അബലയും, ചപലയുമൊന്നുമല്ല...
തബല കളാണ് ! കൊട്ടേണ്ട സ്ഥലത്തു കൊട്ടിയാല്‍ മതി ;)

4:04 PM  

Blogger ബിന്ദു said...

നന്നായി എഴുതിയിരിക്കുന്നു. കൂടുതല്‍ പറഞ്ഞാല്‍ ചിലപ്പോള്‍ സമര്‍പ്പണം എനിക്കാണെന്നു പറയും വര്‍ണ്ണമേഘം. അതുകൊണ്ടു ഇത്രേം മതി. :)

7:40 PM  

Blogger വളയം said...

പ്രണയത്തിന്റെ വര്‍ണനൂലുകള്‍ ഇഴചേര്‍ത്തു നെയ്തൊരു സ്വപ്നകമ്പളത്തിന്റെ കിന്നരികളില്‍നിന്നിറ്റി വീഴുന്നു മിഴിനീര്‍ത്തുള്ളികള്‍..

10:32 PM  

Blogger സ്നേഹിതന്‍ said...

പെയ്തൊഴിയാത്ത പ്രണയ വര്‍ണ്ണമേഘങ്ങള്‍ വീണ്ടും വരട്ടെ.

4:40 AM  

Blogger Adithyan said...

വര്‍ണ്ണം, വളരെ നന്നായിരിയ്ക്കുന്നു...
പല വരികളുമായി താദാത്മ്യം പ്രാപിയ്ക്കാന്‍ കഴിഞ്ഞു. ഒരു മഴ നനഞ്ഞ കുളിര്‍മ്മ..

...പിന്നീട്‌, കൈക്കുമ്പിളില്‍ ആവോളം നുകര്‍ന്ന തെളിനീരിനല്ല, നിന്റെ സാമീപ്യത്തിനായിരുന്നു അതി മധുരമെന്നുമറിഞ്ഞു. ...

5:09 AM  

Blogger ബാബു said...

പ്രണയനഷ്ടവര്‍ണ്ണനം നന്നായി, അല്‍പം വര്‍ണ്ണം കൂടിപ്പോയെങ്കിലും.

6:32 AM  

Blogger വര്‍ണ്ണമേഘങ്ങള്‍ said...

കുട്ടപ്പാ:
അപ്പോ അന്നേ പ്രണയം ഉണ്ടായിരുന്നു അല്ലേ..?
സമര്‍പ്പണത്തിലേക്ക്‌ ഒരു മെമ്പര്‍ഷിപ്പ്‌ വേണോ..?
--------------
വല്ല്യമ്മായി:
അതിന്റെ തണലുകളില്‍ ഇരുന്നിട്ടുണ്ടോ..?
--------------
മഴനൂല്‍:
മഴയുടെ താളങ്ങളും, ഗുല്‍മോഹറിന്റെ ചുവപ്പും ഒന്നും കാണാതെ പോകുവാനാകില്ല പ്രണയമഴയില്‍ നനഞ്ഞവര്‍ക്ക്‌. നീ അത്‌ ധാരാളം നനഞ്ഞവനല്ലേ.. അതുകൊണ്ടാകാം ആ ഒറ്റയടിപ്പാത ഉള്ളില്‍ തെളിയുന്നതും.
--------------
അരവിന്ദ്‌:
നന്ദി.
ശരിയാണ്‌ ആ വരിയില്‍ പൊരുത്തക്കേടുണ്ട്‌. 'നടന്നു' പ്രയോഗം കൂടിപ്പോയി. തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനുള്ള മനസിന്‌ അഭിനന്ദനങ്ങള്‍. അങ്ങനെ പറഞ്ഞാലേ തിരുത്താനാവൂ. 'എന്തുവാഡാ എഴുതി വെച്ചിരിക്കുന്നത്‌..?' എന്ന് സധൈര്യം ചോദിയ്ക്കാം.
--------------
ഇടിവാള്‍:
ഒരു തിരിച്ചു പോക്ക്‌.
കുറൂജിയ്ക്കുള്ള ഉപദേശം കൊള്ളാം.
--------------
ബിന്ദു:
ശരി... സമര്‍പ്പണത്തില്‍ ബിന്ദു പെടില്ല. 'ബി' യില്‍ പേര്‌ തുടങ്ങുന്ന ആരും തന്നെ പെടില്ല.
--------------
വളയം:
നന്ദി.
--------------
സ്നേഹിതന്‍:
പെയ്തൊഴിയാത്തെ മേഘങ്ങള്‍ ഒരുപാടുണ്ട്‌.
--------------
ആദി:
നന്ദി ചുള്ളാ
--------------
ബാബു:
പ്രണയ നഷ്ടങ്ങള്‍ക്ക്‌ വര്‍ണ്ണമില്ല ബാബൂ..
നരച്ച നിറമാണ്‌. നിഴലുകള്‍ പടര്‍ന്ന നരച്ച നിറം.

9:03 AM  

Blogger വേണു venu said...

ഞാനും നടക്കുന്നു...
ഒരു നാള്‍ നീ തിരികെ വന്നെത്തുമെന്നുറച്ച്‌.....!!
ഇല്ല.ഒരിക്കലും തിരിച്ചു വരില്ല.കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യ ഭാവനയ്ക്ക്യ്,ഒരഭിനന്ദനവും അര്‍ഹിക്കുന്നില്ല വര്‍ണ്ണം.
താങ്കള്‍ അനുമോദനങള്‍ അര്‍ഹിക്കുന്നു.

10:42 PM  

Blogger വര്‍ണ്ണമേഘങ്ങള്‍ said...

This comment has been removed by a blog administrator.

8:43 AM  

Blogger Magu said...

പരസ്പരം തുറന്നിടാത്ത ജാലകങ്ങള്‍, എങ്കില്ലും കാറ്റിന്റെ ഒഴുക്ക്‌ ഒരേ ദിശയിലായിരുന്നു. അതില്‍ നാം മയങ്ങി, കിന്നാരം ചൊല്ലി, നിലാവുള്ള രാവുകളില്‍ പൂര്‍ണ്ണേന്ദുവില്‍ മുഖം നോക്കി. അറിഞ്ഞിട്ടും അറിയാത്ത വികാരത്തിന്റെ നിറവ്‌, ...
നന്നായിരിക്കുന്നു!..

9:43 PM  

Blogger sebinzdreams said...

hai..nice work

12:20 PM  

Blogger Nechoor said...

Very good.... we expect more from you/////

5:42 PM  

Blogger Nechoor said...

Really good... continue.....

5:43 PM  

Blogger പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

Raamazhakkalangal is very deep and touching. Also your page is having a mood of 'Pathos'...???
Why dear...?

http://mynaagan.blogspot.com

4:37 PM  

Post a Comment

Home

  View Profile



Previous Posts
ഒരു കാലവര്‍ഷ കണ്‍ഫഷന്‍..!
ലങ്കപ്പന്‍
മഴപ്പക്ഷികള്‍.
പാഞ്ചാലിപ്പാച്ചു.
അസ്തമയം കാത്ത്‌..!
ഒരു രക്തസാക്ഷിയുടെ ഹൃദയ വേദനകള്‍.
പ്രണയനാളുകള്‍ക്കപ്പുറം...!
മഴ നിലയ്ക്കുമ്പോൾ.
വേഷങ്ങളഴിക്കാതെ.
സിന്ധി മത്തായി..!