|
Thursday, July 20, 2006
ഒരു കാലവര്‍ഷ കണ്‍ഫഷന്‍..!
മുന്നറിയിപ്പ്: ഈ കഥയിലെ നായകന് കോഴിക്കോട്,കണ്ണൂര്‍ ഭാഗങ്ങളിലെ വെള്ളപ്പൊക്കക്കെടുതി നിരീക്ഷിച്ചും പരീക്ഷിച്ചും അറിയാനെത്തിയ ഉന്നത 'തല' സംഘത്തിലെ ഏതെങ്കിലും അംഗത്തിന്റെ ഏതെങ്കിലും അംഗത്തോടെങ്കിലും സാദൃശ്യം തോന്നുന്നെങ്കില്‍ അത് യാദൃശ്ചികമല്ല, മന:പൂര്‍വമാണ്.
ഞാന്‍ കിട്ടുണ്ണി. കെടുതികള്‍ നേരിട്ട് കണ്ട് ബോധ്യപ്പെടാനും അതിന്റെ എസ്റ്റിമേഷന്‍ നടത്താനും കേന്ദ്രം നിയോഗിച്ച ഉന്നതതല സംഘത്തിലെ പ്രമുഖന്‍. അഹങ്കാരം കൊണ്ട് പറയുകയല്ല, എനിയ്ക്ക് അതി ഭയങ്കര കഴിവാണ്. ഒറ്റ നോട്ടം കൊണ്ട് ഞാന്‍ എല്ലാം അറിയും. പൊറുതി മുട്ടിക്കുന്ന കെടുതികളുടെ കൂമ്പാരങ്ങള്‍ എനിയ്ക്ക് മുന്നില്‍ വെറും കുന്നിക്കുരുക്കള്‍ മാത്രം. എനിക്ക് പരുന്തിന്റെ കണ്ണുകള്‍. അവ പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറം നിന്ന് പോലും നിരീക്ഷണ യോഗ്യം.
പണിയൊന്നുമില്ലാതെ തെക്ക് വടക്ക് നടക്കുന്ന കാലത്ത് പോലും എന്റെ കണ്ണുകള്‍ക്ക് അതീവ കാഴ്ച ശക്തിയായിരുന്നു. കാഴ്ച ശക്തി ക്രമാതീതമായി കൂടിയപ്പോള്‍ നാട്ടുകാര്‍ കണ്ടു പിടിച്ച് അടിച്ചോടിച്ചു കളഞ്ഞു, വിവരമില്ലാത്തവന്മാര്‍. പിന്നെ ആറാം തമ്പുരാനെപ്പോലെ ഊരുതെണ്ടി ഓട്ടക്കീശയുമായി അലഞ്ഞു തിരിഞ്ഞു. ആ ജെനുസ്സില്‍ പെട്ടവര്‍ക്ക് ഏറ്റവും അനുയോജ്യമായ തൊഴിലായ രാഷ്ട്രീയത്തിന്റെ നടുമുറ്റത്തേയ്ക്ക് എടുത്തു ചാടി. വേണ്ടാതീനങ്ങള്‍ പണ്ടേ കൈമുതലായിരുന്നതിനാല്‍ നല്ല വണ്ണം ശോഭിച്ചു. കൂട്ടിക്കൊടുപ്പിലും, കുതികാല്‍ വെട്ടിലും മാസ്റ്റര്‍ ഡിഗ്രിയുണ്ടാരിരുന്നതിനാല്‍ അങ്കം പലതും ജയിച്ച് ഇവിടെ വരെ എത്തി.
കേരളത്തില്‍ വ്യാപകമായ കാലവര്‍ഷക്കെടുതി. നേരെ വിട്ടോളാന്‍ കേന്ദ്രത്തില്‍ നിന്നും ഉത്തരവ്. ഇന്തോനേഷ്യയിലെ ഭൂകമ്പം പഠിക്കാന്‍ മലേഷ്യ വഴി അവിടെ പോയിട്ട് വന്നതേ ഉള്ളൂ. ക്വാലാലമ്പൂരിലെ കാഴ്ചകള്‍ കണ്ട് നടന്ന് സമയം തീര്‍ന്നപ്പോഴാണ് മടങ്ങി വരും വഴി ഫ്ലൈറ്റില്‍ തന്നെയിരുന്ന് ഇന്തോനേഷ്യന്‍ ഭൂകമ്പം താഴോട്ട് നോക്കി പഠിച്ച് കളഞ്ഞത്. റിപ്പോര്‍ട്ട് കൊടുത്തപ്പോള്‍ 'കിട്ടുണ്ണിയ്ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യം' എന്നും പറഞ്ഞ് ചീഫ് സെക്രെടറി പുറത്തൊരു തട്ട്. ഹോ.. പുളകം കൊണ്ട് ഇരിക്കാന്‍ മേലാത്ത പരുവം. അങ്ങനെ പുളകിതഗാത്രനായി കണ്ണാടിയില്‍ നോക്കിയിരുന്നപ്പോഴാണ് അടുത്ത ഉത്തരവ് വന്നത്. ഇനിയിപ്പോ ഡാര്‍ജിലിംഗ് വഴി കേരളത്തിലേക്ക് പോവുക തന്നെ. ജന്മ നാടല്ലേ.. അവിടെന്തോന്ന് കാണാന്‍...!
എന്നാലും മൂന്നാല് സഹ നിരീക്ഷകരെയും കൂട്ടി ഫ്ലൈറ്റ് പിടിച്ചു. നേരെ മൂന്നാര്‍, തേക്കടി വഴി സകലമാന കെടുതികളും നിരീക്ഷിച്ചറിഞ്ഞു. പിന്നെ, പത്തു മണിയ്ക്ക് കോഴിക്കോട്ടെത്തുമെന്നറിയിച്ച പ്രകാരം കിറു കൃത്യമായി രണ്ടു മണിയ്ക്ക് കണ്ണൂരെത്തി. വന്നപാടേ സ്ഥലത്തെ പ്രഥാന പയ്യന്‍സിന്റെ വക സ്വീകരണം, ഫോട്ടോയെടൂപ്പ്. വേണ്ടാന്ന് പറയാനാകുമോ..? പിന്നെ ഒന്നാന്തരം ഊണ് വേറൊരു ലോക്കലാന്റെ വക. അത് കഴിഞ്ഞപ്പോള്‍ വിളി വന്നു, ഒന്ന് മയങ്ങാന്‍. 'ന്നാ പിന്നെ..' എല്ലാരോടും പറഞ്ഞ് നീണ്ട് നിവര്‍ന്നു കിടന്നു. എണീറ്റപ്പോള്‍ അഞ്ച് മണി. എന്നാലിനി കെടുതികള്‍ കാണാം എന്നും നിരീച്ച് ഇറങ്ങി. ഇന്ന് തന്നെ തിരിച്ച് പോണേ...! നെരെ ബേക്കല്‍ കോട്ടയിലെത്തി പ്രകൃതിയുടെ വരവ് വിലയിരുത്തി. പിന്നെ കുറച്ച് ഫോട്ടോകളെടുത്തു, ഞങ്ങളുടേം കോട്ടയുടേം..ഏത്..! അവിടന്ന് നേരെ മട്ടലായി കുന്നിന്‍ മുകളില്‍ കയറി ദൂരെ നെല്‍പ്പാടങ്ങള്‍ അടിഞ്ഞ് കിടക്കുന്ന കാഴ്ച കണ്ട് കണ്ണീര്‍ പൊഴിച്ചു. അപ്പോഴാണ് അടുത്ത സ്വീകരണം, വേണ്ടെന്ന് പറയാന്‍ ശീലിച്ചിട്ടില്ല, അതും കഴിഞ്ഞപ്പോള്‍ ക്ഷീണിച്ചു പോയി. പക്ഷെ കര്‍മ്മ നിരതനാവാന്‍, ഉള്ളിരുന്ന് മുതുമുത്തശ്ശന്‍ കള്ളന്‍ കോന്തുണ്ണി ഓര്‍മ്മിപ്പിച്ചു. രാവിലെ പത്തു മുതല്‍, പരാതികളും പായാരങ്ങളും പറയാന്‍ കാത്ത് കെട്ടി നിന്ന നാട്ടാരെപ്പറ്റി ഒരു നിമിഷം ഓര്‍ത്തു. ഇന്റര്‍വ്യൂവിന് തിക്കിത്തിരക്കുന്ന പത്രക്കാരെ അതിലേറെ ഓര്‍ത്തു. എല്ലാ വി ഐ പി കളെയും വിളിച്ചറിയിച്ചു, കൃത്യം 7 മണി സന്ധ്യക്ക് എത്തുമെന്ന്.
ഓസിന് കിട്ടിയ ഹെലികോപ്ടറില്‍ ചാടി കയറി, പതിവ് ആകാശനിരീക്ഷണത്തിനിറങ്ങി. ഒരൊറ്റ റൌന്‍ഡ് മതി, എല്ലാം ഓക്കെ.. ഞാനാരുടെയൊക്കെയാ മോന്‍..! കുറെ സ്ഥലങ്ങളുടെയൊക്കെ മുകളിലൂടെ പോയി. ഒന്നും കാണാന്‍ തലസ്ഥാനത്ത് നിന്നും മൊബൈലില്‍ വിളിച്ച വാമഭാഗം സമ്മതിച്ചില്ല. അവസാനം അതെല്ലാം ഒന്നവസാനിപ്പിച്ച് ഭാരതപ്പുഴയുടെ മുകളിലെത്തിയപ്പോ വീണ്ടും കര്‍മ നിരതനായി. ഒരു കൈ കമ്പിയില്‍ പിടിച്ചു, താഴേയ്ക്ക് നോക്കി. ഹോ, എന്താ ഭംഗി, ഒരു ഫോട്ടൊയെടുത്താല്‍ വീട്ടില്‍ ഫ്രെയിം ചെയ്ത് വെക്കാം. താഴേയ്ക്ക് നോക്കി ക്യാമറ ക്ലിക്കി... .. പിന്നൊന്നും ഓര്‍മയില്ല... അല്ല... ഞാനിപ്പോളെവിടാ..? ഇവിടെ കുറെ കറുകറുത്ത തടിമാടന്മാരൊക്കെ.. ആകപ്പാട് നാറ്റം.. പോത്തിന്റെ ഒരു ചൂര്..! ഏതാപ്പാ ഈ സ്ഥലം...? ഇത് നിരീക്ഷിക്കാന്‍ കേന്ദ്രം പറഞ്ഞിരുന്നില്ലല്ലോ.. അങ്ങ് താഴെ... മേഘപാളികള്‍ക്കും അടിയില്‍ അവ്യക്തമായി കാണുന്നത് എന്റെ നാടു തന്നെയോ... അറിയില്ല...!!
Posted by Varnameghangal @ 2:26 PM
------------------------------------------
12 Comments:
Home
|
|
View Profile
Previous Posts
ലങ്കപ്പന്‍
മഴപ്പക്ഷികള്‍.
പാഞ്ചാലിപ്പാച്ചു.
അസ്തമയം കാത്ത്..!
ഒരു രക്തസാക്ഷിയുടെ ഹൃദയ വേദനകള്‍.
പ്രണയനാളുകള്‍ക്കപ്പുറം...!
മഴ നിലയ്ക്കുമ്പോൾ.
വേഷങ്ങളഴിക്കാതെ.
സിന്ധി മത്തായി..!
ഈരടികളില്ലാതെ...!
|
കിട്ടുണ്ണിയെ ടിവിയില്‍ കണ്ടായിരുന്നു.. ഇപ്പോ ബ്ലോഗില്‍ കണ്ടതില്‍ വളരെ സന്തോഷം
: )
ലങ്കപ്പന്‍, പാഞ്ചാലിപ്പാച്ചു, അരവിന്ദന്‍ മൊതം കഥാപാത്രങ്ങളാണല്ലോ വര്‍ണ്ണം. ഇപ്പൊ ദേ ഇവിടെ പുതിയ പുലി. ചുള്ളന്‍ നേരെ ഹെലികോപ്ടറീന്നു കാലന്റെ കറാച്ചി പോത്തിന്‍പ്പുറത്തു കയറി അല്ലെ... :)
കാലവര്‍ഷക്കെടുതി കാണാന്‍ വരുന്നവരെ നന്നായി കളിയാക്കിയിട്ടുണ്ട്. നന്നായി.
പക്ഷെ ക്ലൈമക്സ് ഇത് ഞാന്‍ പ്രതീക്ഷിച്ചില്ല. അതെന്നെ ഞെട്ടിച്ചു.
ആക്ഷേപഫാസ്യം കയ്യിലെടുത്ത് അമ്മാനമാടുകയാണല്ലോ വര്‍ണ്ണം..
അസ്സലായിട്ടുണ്ട് ! ക്ലൈമാക്സ് ഞാനും പ്രതീക്ഷിച്ചില്ല !
അമ്മ പറഞ്ഞു ഇനി മൂന്നുദിവസം മഴ ഉണ്ടാവില്ല എന്ന്. എന്താ ഇത്ര ഉറപ്പ് എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു കേന്ദ്രത്തില്‍ നിന്ന് കാലവര്‍ഷക്കെടുതിക്കണക്കെടുക്കാന്‍ ആള്‍ക്കാര്‍ വരുന്നുണ്ട് എന്ന്. അവര്‍ അവിടെ നിന്ന് പ്രാര്‍ത്ഥിച്ചിട്ടായിരിക്കും വരുന്നത്. ഇവിടെ നിന്ന് മഴയില്‍പ്പെടരുതല്ലോ. എല്ലാവരും ഇങ്ങനെയൊക്കെയാണ് വര്‍ണം, തല മാത്രമല്ല, വാലുകളും.
അവസാനം പോത്തിന്റെ പുറത്തെത്തി അല്ലേ? പാവം!
കൊള്ളാം വര്‍ണ്ണം..:-)
ഇതിനെക്കുറിച്ച് പത്രത്തില്‍ കണ്ടിരുന്നു..
എവന്മാരെയൊക്കെ കൊണ്ടുപോയാല്‍ കാലന്റെ ആപ്പീസ് പൂട്ടും.
ഹ... ഹാ.. അതു കൊള്ളാം. ഭൂമിയിലെ നരകം കാണാത്തവന്‍.... അല്ലേ? :)
അവസാനം ഇങ്ങിനെയായിരിക്കുമെന്ന് കിട്ടുണ്ണിയെപ്പോലെ ഞാനും പ്രതീക്ഷിച്ചില്ല. വളരെ നല്ല ഒരു ആക്ഷേപഹാസ്യം. പിന്നേം പിന്നേം പറയേണ്ടി വരുന്നു-വര്‍ണ്ണത്തിന്റെ റേഞ്ച് അപാരം!
നന്നായിട്ടുണ്ട്‘ ഞാന്‍ ആരുടെയോക്കെയ മോന്‍‘
വര്‍ണ്ണം, കൊള്ളാം :)
നീ ആരടെയൊക്കെയാ മ്വോന്‍ - ഇതു ഞങ്ങടെയും ഒരു പഴയ ഡയലോഗായിരുന്നു :)
നന്നായിരിക്കുന്നു, വര്‍ണ്ണമേ.
“ഇനിയിപ്പോ ഡാര്‍ജിലിംഗ് വഴി കേരളത്തിലേക്ക് പോവുക തന്നെ. ”
വളരെ രസകരമായി എഴുതിയിരിക്കുന്നു...
ഈ ശൈലി കൊള്ളാം..
(മനസ്സില്‍ കണ്ടു ചിരിച്കു പോയി..)