|
Thursday, September 18, 2008
നിഴലിനോടൊപ്പം.
ഇരുട്ടില്‍, തിളക്കമറ്റ് പോയ നക്ഷത്രങ്ങള്‍ക്ക് ചോട്ടില്‍ കമല നിന്നു. മിഴിയറ്റമെത്താത്ത മേഘപാളികള്‍ക്കപ്പുറം അവയുണ്ടാകാം. പിശറന്‍ കാറ്റില്‍, കൊഴിഞ്ഞു വീണ പുല്‍നാമ്പുകളുടെ തേങ്ങല്‍. ചക്രവാളങ്ങള്‍ തോറും ചേക്കേറാന്‍ കൂടുകളില്ലാത്ത കിളിരോദനങ്ങള്‍. പെയ്തൊഴിഞ്ഞ മഴ ചൊരിഞ്ഞിട്ട കൊടും തണുപ്പില്‍ ജീവ രക്തമുറയുന്നു.... രാവിറങ്ങി വരുന്ന രൗദ്രത. ഇടവിട്ട് മിന്നി മറയുന്ന മിന്നല്‍പ്പിണരുകള്‍ക്കിപ്പുറം കറുപ്പ് രാശി പടര്‍ന്ന കവിള്‍ത്തടങ്ങളില്‍ കനത്ത മരവിപ്പ് മാത്രം.നിര്‍വികാരതയുടെ പുറം തോടിനപ്പുറം താനെന്ന മനുഷ്യന്‍ മറഞ്ഞ് നില്‍ക്കുന്നു, കമല കണ്ടു. ചിരി വിടരാത്ത ഓര്‍മ്മത്താളുകളില്‍ തന്റെ ഗതകാലം വിഷണ്ണ മിഴികളോടെ നില്‍ക്കുന്നു, കമല അറിഞ്ഞു.
ആസ്പത്രി വാരാന്തയില്‍ വാവിട്ട് കരഞ്ഞ് പിറന്നു വീണ നാളുകളില്‍, അമ്മിഞ്ഞപാലിന്റെ മാധുര്യം വറ്റിയ ദിനരാത്രങ്ങളില്‍, കൂട്ടിനെത്താന്‍ മിഴി നനയിക്കുന്ന കാഴ്ചയുണ്ടായിരുന്നു. ഒരു നേരം അന്നമെത്തിക്കാന്‍ രക്തം വിയര്‍പ്പാക്കുന്ന അമ്മയുടെ. അത് .. അഛനില്ലാത്ത ബാല്യം. പിന്നെ, പിച്ച വെച്ച ബാല്യത്തിന്റെ നിഷകളങ്കതകള്‍ക്ക് കൂട്ട് വരാതെ പൊടുന്നനേ എങ്ങോ മറഞ്ഞകന്ന അമ്മ എന്ന ദൈന്യ രൂപം മുള്ള് കൊള്ളിക്കുന്ന വേദനയായി. പേയ് കിനാക്കള്‍ പേടിപ്പെടുത്തിയ രാമഴക്കാലങ്ങളില്‍ പൈപ്പ് വെള്ളത്തിന്റെ ശേഷിപ്പുകള്‍ നുണഞ്ഞിറക്കി കണ്‍ തുറന്നിരുന്നു. അത് .. തന്റെ അനാഥ ബാല്യം..!
കണ്ണുകള്‍ നിറച്ച്, തനിച്ചാക്കി കടന്ന് പോയ ബാല്യവും കൗമാരവും, ബാക്കിയിട്ടത് വിരസയാമങ്ങളുടെ മരവിപ്പ് മാത്രമായപ്പോള്‍, ഓര്‍ക്കാനേറെയൊന്നുമില്ലാത്ത ഗത കാലങ്ങളെ ചവിട്ടി നീക്കി നടന്നു പോകാന്‍ മനസ്സ് പറഞ്ഞു.പുലരികള്‍ തേടിയുള്ള യാത്രയില്‍, ദിക്കറിയാത്ത ഒറ്റയാള്‍ പ്രയാണത്തിനിടയിലെവിടെയോ അവനെ കണ്ടുമുട്ടി. തന്നെപ്പോലെ, നീക്കിയിരിപ്പുകള്‍ക്ക് മനസ് കൊടുക്കാത്തവന്‍. അവന്റെയൊപ്പം പാറമടകളില്‍ പണിയ്ക്ക് പോയി. മനസ് ഉറച്ച് പോയതിനാല്‍ കൈ വെള്ളകളും അനുസരിയ്ക്കാന്‍ പഠിച്ചു. ചുട്ട് പോള്ളുന്ന ഭാരം തലയ്ക്കും ശീലമായി. പകല്‍ കൂട്ടുകാരന്‍ പതിയെ രാക്കൂട്ടുകാരനുമായി. കൂടും കൂട്ടി ജീവിതം തളിര്‍ക്കാന്‍ ആദ്യമായി ആശിച്ചു പോയി. പക്ഷെ, തന്റെ മോഹങ്ങള്‍ക്ക് മേല്‍ കൂര്‍ത്ത് മൂര്‍ത്ത കല്‍ ചീളുകള്‍ വാരി വിതറി, പൊടുന്നനേ എങ്ങോ മറഞ്ഞു പോയ അവന്റെ ശേഷിപ്പുകള്‍ തെല്ലൊരു കാലം തളര്‍ത്തിയിട്ടു. ഏങ്കിലും പിടിച്ച് നില്‍ക്കാന്‍, എല്ലാം മറക്കാന്‍ മനസിനെ അതിയായി ശീലിപ്പിച്ചെടുത്തു, പിന്നെ വീണ്ടും ഒറ്റയടിപ്പാതകള്‍ മാത്രം ഇടവിട്ട് തെളിയുന്ന കിനാവുകള്‍ക്ക് കൂട്ടിരുന്നു.
ഒരിയ്ക്കല്‍ ക്രമം തെറ്റി തെറിച്ച് വീണ കല്‍ പാളികള്‍ സമ്മാനിച്ച മുറിപ്പാടുകളുമായി ചെറു കൂരയില്‍ തനിച്ചായപ്പോള്‍, കൈത്താങ്ങേകി തലോടാന്‍, വിയര്‍പ്പിന്റെ വില നല്‍കി വിശപ്പാറ്റാന്‍ അവള്‍ വന്നു. നടക്കുവാനും നടത്തുവാനും കൂടെ നിന്നു. തളര്‍ന്നു വീഴവേ കൈത്താങ്ങ് തന്നു.പിന്നെയെപ്പൊഴും ഒരുമിച്ചായി യാത്ര.പകലന്തിയോളം പണിയെടുത്ത്, പകലോന്‍ മടങ്ങവേ തിരികെ നടക്കാന്‍, പുലരികളില്‍ ഒറ്റയടിപ്പാതയുടെ വിരസതകളില്ലാതെ കൂട്ട് വന്നു.ഇരുട്ടില്‍, ഇടമുറിയാത്ത രാമഴക്കാലങ്ങളില്‍, ഒറ്റ വിരിപ്പിന്റെ ഞെരുക്കങ്ങള്‍ പങ്കിട്ട് ഉറങ്ങാതെ കിടക്കുമ്പോള്‍, തന്നെപ്പോലെ രാവിരുട്ടുകള്‍ മാത്രം നിറഞ്ഞ അവളുടെ പില്‍ക്കാലങ്ങളുടെ ചുടു നിശ്വാസം കവിളില്‍ ഏറ്റു വാങ്ങി. തിരികെ കൊടുക്കുവാന്‍ മറ്റൊന്നുമില്ലാത്തവര്‍, ചുടുനിശ്വാസങ്ങള്‍ പങ്കിട്ടെടുത്തു.മനസുകളുടെ ഇഴയടുപ്പം, ശരീരങ്ങളില്ലാതെയാക്കി. അകലങ്ങളില്ലാതെയായപ്പോള്‍ വികാരങ്ങളും അടുത്തു പോയി. മോഹങ്ങളില്ലാതെയാകാന്‍ മനസുകള്‍ അനുവദിച്ചിരുന്നില്ല. തിരികെ നേടിയതൊക്കെയും പാഴ്ക്കിനാക്കള്‍ മാത്രമായപ്പോള്‍ സമൂഹ വിലക്കുകള്‍ കാറ്റില്‍ പറത്തി വിട്ടു.പരിഹാസങ്ങളെ പാഴ് വാക്കുകളാക്കി ചവിട്ടിയരച്ചു. ഞങ്ങള്‍ എന്ന പദം ഉറക്കെ പറയാന്‍ ശീലിച്ചെടുത്തു. അബലയ്ക്ക് ആണ്‍തുണ വേണമെന്ന് പറഞ്ഞവരെ തേടിപ്പിടിയ്ക്കാന്‍, തള്ളിപ്പറയാന്‍ മനസ്സ് തിര തള്ളി. കൂട്ട് വന്ന കൈകള്‍ പിടിച്ച് കൂടുതല്‍ ദൂരങ്ങള്‍ താണ്ടാന്‍ വെമ്പലായി. ഒടുവില്‍ തനിയ്ക്കും പുലരികളുണ്ടെന്ന തോന്നല്‍ ചിരിയ്ക്കാന്‍ ശീലിപ്പിച്ചു. തനിച്ചല്ല താനെന്ന തിരിച്ചറിവില്‍ വിരസ യാമങ്ങളെ ഒഴുക്കി വിട്ടു.
ഇന്നലെ, ദിക്കും ദിനവുമറിയാതെ ആര്‍ത്തലച്ച് കടന്ന് വന്ന പെരുമഴ, കണ്ണും കരളും തിരിച്ചറിയാനാകാത്ത രൗദ്രതയോടെ കൊള്ളിമീന്‍ സമേതയായി പടികടന്നെത്തുമ്പോള്‍ താനും അവളും ഉറക്കത്തിലായിരുന്നു. പുറത്തെങ്ങോ മരണ താളത്തിന്റെ മണിയൊച്ച മുഴങ്ങുന്നതറിയാനായില്ല. മരണ വേഗം പൂണ്ട മലവെള്ളപ്പാച്ചിലില്‍ തങ്ങളും, ചെറു കൂരയും കേവലം പുല്‍ നാമ്പുകളായി. തെല്ലിട ചിന്തിയ്ക്കാന്‍ പോലുമാകാതെ കൊടും ഭയത്തിന്റെ കൂരിരുട്ടിലേയ്ക്ക് എടുത്തെറിയപ്പെടുമ്പോള്‍, ചെമ്മണ്ണും, ചളി വെള്ളവും നിറഞ്ഞ് കലങ്ങിയ മിഴികള്‍ അവളെ തിരഞ്ഞു കൊണ്ടേയിരുന്നു. ഒടുവില്‍ പിടിവള്ളിയായ വാക മരച്ചോട്ടില്‍ എല്ലുകള്‍ നുറുങ്ങിയ വേദനയില്‍, കണ്ണടച്ച് കിടക്കുമ്പോഴും, അവളുടെ വിളിയൊച്ച മാത്രം തിരഞ്ഞിരുന്നു. പക്ഷെ, തന്റെ പുലരികള്‍ പെരുമഴയില്‍ ഒലിച്ച് പോയെന്ന നേര് ഉള്ളുലച്ച് കളഞ്ഞു. ഇനിയെന്ത്..? അറിയില്ല..
ഇന്നും മഴക്കാറുണ്ട്, കൊടുങ്കാറ്റിന്റെ വരവുണ്ടാകാം, മിന്നല്‍പ്പിണരുകള്‍ മണ്ണ് കീറിപ്പിളര്‍ന്നിടാം,രാമഴയ്ക്കും രോഷം തുടരാം, ഈ ഇരവ് മൂലയില്‍ തന്റെ മുന്നില്‍ വിധിയുടെ കളിയാട്ടമുണ്ടാകാം. കമല ചിരിച്ചു, നിര്‍വികാരത പുറം ചട്ടയിട്ട മരവിച്ച മനസ്സോടെ, പിന്നെ...കലങ്ങി ചുവന്ന കണ്ണുകളില്‍ കൂരിരുട്ടിനോടും പകയോടെ, അവളിറങ്ങി നടന്നു, ചേറും, മലവെള്ളവും പുണര്‍ന്നിഴയുന്ന രാവിറമ്പിലേയ്ക്ക്.. ഇനിയും പുലരികള്‍ വേണ്ടെന്ന കരളുറപ്പോടെ..!
Posted by Varnameghangal @ 11:58 AM
------------------------------------------
10 Comments:
Home
|
|
View Profile
Previous Posts
മഴക്കാലമില്ലാതെ.
കൊറ്റന്‍ വളവ്.
കാശി.
നീയില്ലയെങ്കിലും..
ഒരു കാലവര്‍ഷ കണ്‍ഫഷന്‍..!
ലങ്കപ്പന്‍
മഴപ്പക്ഷികള്‍.
പാഞ്ചാലിപ്പാച്ചു.
അസ്തമയം കാത്ത്..!
ഒരു രക്തസാക്ഷിയുടെ ഹൃദയ വേദനകള്‍.
|
ദേവന്‍, വിശാലന്‍, വക്കാരി, പെരിങ്ങ്, സൂ, കലേഷ്, അരവിന്ദന്‍, ശ്രീജിത്ത്, കുഞ്ഞന്‍സ്, തുളസി, മഴനൂലന്‍, നളന്‍, ചന്ദ്രക്കാരന്‍, തഥാഗതന്‍,രേഷ്മ.. തുടങ്ങി എല്ലാവര്‍ക്കും സ്നേഹാന്വേഷണങ്ങള്‍.
ഹായ്, വര്ണ്ണമേഘങ്ങളെയും കാത്ത് വീണ്ടും...
നല്ല തിരിച്ചുവരവ്.. തുടരൂ..
ഓ.ടോ: ഇപ്പോഴും ഓര്ക്കുന്നു എന്നറിഞ്ഞതില് ഒത്തിരി സന്തോഷം
ഇത്രയും നീണ്ട ഇടവേള വേണോ വര്‍ണ്ണമേഘമേ?
ശോകമാണെങ്കിലും കഥ നന്നായിരിക്കുന്നു.
ആശംസകള്‍
കഥ നന്നായിരിയ്ക്കുന്നു
:)
കഥ നന്നായി. കഥയ്ക്ക് നല്ല ഒതുക്കം.
കുഞ്ഞന്‍ -- ഇവിടെ തന്നെ ഉണ്ടായിരുന്നു. മറക്കില്ല.
കുറുമാന്‍ -- സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ ഉരുത്തിരിഞ്ഞ് വന്ന ഒരു ജാലസ്മികതയുടെ ഒരു ആകസ്മികതയിലെ ആന്ദോളനങ്ങളുടല്ലോ.. അതാണ് ഈ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം.
ശ്രീ, ബോധപ്പായി -- :)
സിമി -- നന്ദി.
നല്ല ആഖ്യാനം.
ഏവൂരാന്റെ എന്‍-106 ല്‍ കമന്റ് കണ്ടു.
ഞാനും ഏവൂരുകാരനാണ്.
വീട്ടുപേര് പള്ളത്ത്.
നമ്മള്‍ തമ്മില്‍ അറിയുമൊ?
Dear Varnameghangal
Happy onam to you. we are a group of students from cochin who are currently building a web
portal on kerala. in which we wish to include a kerala blog roll with links to blogs
maintained by malayali's or blogs on kerala.
you could find our site here: http://enchantingkerala.org
the site is currently being constructed and will be finished by 1st of Oct 2009.
we wish to include your blog located here
http://varnameghangal.blogspot.com/
we'll also have a feed fetcher which updates the recently updated blogs from among the
listed blogs thus generating traffic to your recently posted entries.
If you are interested in listing your site in our blog roll; kindly include a link to our
site in your blog in the prescribed format and send us a reply to
enchantingkerala.org@gmail.com and we'll add your blog immediatly.
pls use the following format to link to us
Kerala
Write Back To me Over here bijoy20313@gmail.com
hoping to hear from you soon.
warm regards
Biby Cletus
Good