Monday, March 26, 2007

മഴക്കാലമില്ലാതെ.

മഴയ്ക്കൊപ്പമായിരുന്നു നീ കടന്നു വന്നത്‌. ആദ്യം പുതുമഴയായും, പിന്നെ സൗഹൃദത്തിന്റെ ചാറ്റല്‍ മഴയായും നീ എന്നിലേയ്ക്കെത്തി. ഒടുവില്‍, തിരിച്ചറിവില്ലാതെ പോയ എന്റെ കനവില്‍ കലക്കങ്ങള്‍ കോറിയിട്ട്‌, നിന്റെ ഓര്‍മത്തളിരുകളുടെ സുഖ ശീതളിമയില്‍ എന്നെ തനിയെ വിട്ട്‌,എങ്ങോ പെയ്തൊഴിഞ്ഞു പോയി . അറിഞ്ഞിട്ടും അറിയാതെ പോയ വികാരങ്ങളുടെ തുടര്‍ മഴയ്ക്കായി കണ്ണ്‌ നട്ടിരുന്നു, ഏറെ നാള്‍... പക്ഷെ, സുഖമുള്ള നോവുകള്‍ ചൊരിഞ്ഞിട്ട്‌ മഴയ്ക്കൊപ്പം നീ നടന്ന്‌ മറഞ്ഞ വഴിത്താരകള്‍ വിജനമായിരുന്നു, നിന്റെ നിഴലുകളില്ലാതെ. ഇങ്ങകലെ, എന്റെ സായന്തനങ്ങള്‍ വിരസമായിരുന്നു, നിന്റെ പാട്ടുകളില്ലാതെ.

മഴ ചാറി നിന്ന സന്ധ്യയില്‍, കോളെജിനടുത്തുള്ള അമ്പല മുറ്റത്തെ ഇറയത്ത്‌ ഈറന്‍ പടര്‍ന്ന വേഷത്തിലും ചെറു ചിരിയോടെ ആദ്യമായി നിന്നെ കണ്ടു. കൈയ്യെത്തും ദൂരത്ത്‌, കാതര ഹൃദയത്തിന്റെ തുടിപ്പിന്‌ മഴത്താളങ്ങളേക്കാള്‍ ചുറുചുറുക്ക്‌. ഇടയ്ക്കെപ്പൊഴോ പാളി വീഴുന്ന നിന്റെ നോട്ടങ്ങളില്‍ അപരിചിതത്വം അലിഞ്ഞില്ലാതെയാകുന്നു. ഇഷ്ടം തോന്നുന്ന മുഖഭാവങ്ങള്‍. ഇനിയെന്നും ആ നോട്ടങ്ങള്‍ എന്നെ തേടി വരുമെന്നറിഞ്ഞിരുന്നോ....?
.....ഞാനറിഞ്ഞിരുന്നില്ല..!

മഴ തിമിര്‍ത്ത്‌ പെയ്ത നാളില്‍, കലാലയ മുറ്റത്ത്‌ കാണുമ്പോള്‍ മിഴികളെ മറച്ച കുടക്കീറില്‍ നിന്നും നിന്റെ മിഴികള്‍ വേറിട്ട്‌ നിന്നു. പിന്നെ കൂട്ടുകാരായപ്പോഴും , കളി പറയുമ്പോഴും മിഴികളില്‍ എന്നും ഞാന്‍ നിറഞ്ഞിരുന്നോ..? മറ്റാര്‍ക്കുമില്ലാതെ എനിയ്ക്കായ്‌ മാത്രം പാടിയപ്പോള്‍ നിന്റെ ഹൃദയവും തുളുമ്പിയെന്നോ?. 'അറിയുന്നില്ലാത്മാനുരാഗം...' എന്ന്‌ നീ മനോഹരമായി പാടിയതും, അഭിനന്ദനം ചിരിയിലൊതുക്കിയ എന്നെ പരിഭവിത്തില്‍ നോക്കിയതും, പിന്നെയെപ്പൊഴും എന്റെ ഇഷ്ടങ്ങള്‍ക്കൊപ്പിച്ച്‌ പാടിയതും എന്തിനായിരുന്നു...?കാണാതിരുന്നാല്‍ അസ്വസ്ഥയായിരുന്നതും, കാണുമ്പോള്‍ കണ്‍ വിടര്‍ത്തുന്നതും, എന്റെ പിറന്നാളുകള്‍ നീ ആഘോഷമാക്കിയിരുന്നതും, എന്റെ കവിതകള്‍ നിന്റെ ഈണത്തില്‍ പാടിയിരുന്നതും, എന്നോടിഷ്ടം തോന്നിയ പെണ്‍കുട്ടിയുമായി വഴക്ക്‌ കൂടിയതും, ഞാന്‍ പിണങ്ങിയാല്‍ മിഴികള്‍ തുളുമ്പിപ്പോയിരുന്നതും, എന്റെ വേഷങ്ങളെ വിമര്‍ശിച്ചിരുന്നതും, എനിക്കിഷ്ടമുള്ള വേഷങ്ങള്‍ നീ അനുദിനം അണിഞ്ഞിരുന്നതും, നിന്റെ എല്ലാ നോട്ടങ്ങളും എന്നില്‍ കൂടി പാളി വീണ്‌ കടന്ന്‌ പോയിരുന്നതും, രാഷ്ട്രീയ വഴക്കുകളില്‍ ഞാന്‍ തല്ല്‌ കൂടിയപ്പോള്‍ നീ ഭയന്ന് കരഞ്ഞതും, നിനക്ക്‌ കിട്ടുന്ന മധുരങ്ങള്‍ എത്ര ചെറുതായാലും എനിക്ക്‌ വേണ്ടി കരുതി വെച്ചിരുന്നതും, സ്നേഹത്തില്‍ പൊതിഞ്ഞതും എന്നാല്‍ ഒന്നും തുറന്നിടാത്തതുമായ ആശംസാ കാര്‍ഡുകള്‍ എപ്പോഴും തന്നിരുന്നതും, എന്റെ ഹോം വര്‍ക്കുകള്‍ സ്വയം ചെയ്തിരുന്നതും, എന്തും ഏതും എനിക്കായ്‌ കരുതാന്‍ മടിയില്ലാതിരുന്നതും...എല്ലാം...എന്നോടുള്ള ഇഷ്ടം കൊണ്ടോ..?
.....ഞാനറിഞ്ഞിരുന്നില്ല..!

മഴക്കാറ്‌ കൊണ്ട സായഹ്ന വേളയില്‍, ക്ലാസ്സ്‌ മുറികള്‍ വിജനമായ നാളില്‍, പിരിയാറാകവേ, എന്റെ ഓര്‍മ്മത്താളുകളില്‍ കണ്ണീരിലാറ്റിയ വരികള്‍ കോറിയിട്ടതും, അത്‌ തിരികെ തരുമ്പോള്‍ എന്റെ കണ്ണില്‍ നോക്കാതെ നിന്നതും ഉള്ളം തേങ്ങിപ്പോയതിനാലോ..?
.....ഞാനറിഞ്ഞിരുന്നില്ല..!

മഴ തോര്‍ന്ന പുലരിയില്‍, നിന്റെ മടക്ക യാത്രയില്‍, മനസ്സ്‌ തുറക്കാത്ത മേഘപാളികള്‍ക്കും താഴെ, വാകപ്പൂക്കളുടെ കൂട്ടില്‍ നാമിരുന്നു. തണുത്ത്‌ വിറച്ചിരുന്ന നിന്റെ കൈ വിരലുകള്‍ക്ക്‌ എന്റെ ചൂടറിയാന്‍ വെമ്പലുണ്ടായിരുന്നുവോ? പിന്നീട്‌ നേരം തെറ്റി കടന്നു വന്ന തീവണ്ടിയില്‍ മറഞ്ഞ്‌ മാഞ്ഞകലുന്ന ഇരുമ്പ്‌ വാതിലിനരികല്‍ മിഴിപൂട്ടാതെ, നോക്കി നില്‍ക്കുമ്പോള്‍ എന്റെ പിന്‍ വിളി തേടിയിരുന്നുവോ? മറഞ്ഞകന്നിട്ടും ദിനം തോറും തേടിയെത്തിയ വിളികളിലും എന്റെ ചിരി മാത്രം നീ തിരഞ്ഞുവെന്നോ..?
.....ഞാനറിഞ്ഞിരുന്നില്ല..!

ഇപ്പോള്‍, വിരസ യാമങ്ങളുടെ നരച്ച നിറങ്ങള്‍ നോക്കി, പണിത്തിരക്കിലും, പട്ടണത്തിരക്കിലും മടുത്ത്‌, ഏകനായിപ്പോകുന്ന സായാഹ്നങ്ങളില്‍ നിന്റെ പാട്ട്‌ കേള്‍ക്കാന്‍ കൊതിയ്ക്കുന്നുവോ..? തിരികെയെത്താത്ത ഇഷ്ട കാലങ്ങളുടെ ഓര്‍മ്മക്കൂട്ടില്‍ നീ മാത്രമെന്നറിയുന്നുവോ? എന്നോ, എപ്പോഴോ നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നുവെന്നോ..? മരിയ്ക്കുവോളം ഓര്‍മ്മ വെയ്ക്കാന്‍ മാത്രം സ്നേഹവായ്പുകള്‍ ചൊരിഞ്ഞിട്ട്‌ ഒരുപാടകലേയ്ക്ക്‌ നീ നടന്ന്‌ പോയെന്നോ...?
.....ഞാനറിയുന്നു...!!

പിന്‍ കുറിപ്പ്‌:
--------------
സമര്‍പ്പണം: രാവെന്നോ, പകലെന്നോ തിരിച്ചറിയാത്ത സന്ധ്യ പോലെ, നിര്‍വചിയ്ക്കാനാകാത്ത വികാരങ്ങളായി പൊടുന്നനേ പെയ്തൊഴിഞ്ഞ ബന്ധങ്ങളില്‍ ബന്ധിതരായാര്‍ക്ക്‌. എല്ലാവര്‍ക്കുമുണ്ടാകാം ഇതു പോലെ, ഒരു കൂട്ടുകാരി, അല്ലെങ്കില്‍ ഒരു കൂട്ടുകാരന്‍..!

Posted by Varnameghangal @ 9:52 AM

------------------------------------------

13 Comments:
Blogger ശ്രീ said...

നല്ല രചന... ശാ‍ശ്വതമല്ലാത്ത പുത്തന്‍‌ യുഗത്തിലെ സ്നേഹ ബന്ധങ്ങളുടെ നേര്‍‌ക്കാഴ്ച...
അഭിനന്ദനങ്ങള്‍‌...

11:14 AM  

Blogger സു | Su said...

ഇങ്ങനെ സ്നേഹം കാണിക്കുന്ന ആരെങ്കിലും ഉണ്ടാകാം.

അങ്ങോട്ട് കാണിക്കുന്നുമുണ്ടാവാം.

തിരിച്ചറിയപ്പെടാതെ പോകുന്നുമുണ്ടാവാം.

കണ്ടില്ലെന്ന് നടിക്കേണ്ടി വരുന്നുമുണ്ടാകാം.

എന്നാലും സ്നേഹം സ്നേഹം തന്നെ.

2:38 PM  

Blogger G.MANU said...

nalla ezhuthu...pls continue

1:59 PM  

Blogger bodhappayi said...

വേറുതേ ഇരികുമ്പോള്‍ ഓര്‍ക്കാന്‍ കുറച്ചു പഴയകാലം.

5:45 PM  

Blogger Magu said...

:)) like the rain that stopped all of a sudden, certain things disappear from our life

4:53 AM  

Blogger ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

Varna mekhanagal onum kanaan patunnilla keto. full black and white alle? :)

8:31 PM  

Blogger d said...

പെയ്തൊഴിഞ്ഞുപോയ മഴപോലെ, പിരിഞ്ഞു പോയ കൂട്ടുകാരി..
നഷ്ടപ്രണയത്തിന്‍ വേദന ഭംഗിയായി ആവിഷ്കരിച്ചിരിക്കുന്നു..
good post!

6:33 PM  

Blogger ശ്രീ said...

This comment has been removed by the author.

10:29 AM  

Blogger കരീം മാഷ്‌ said...

കവിത പോലൊരു ഗദ്യം
നന്നായി ഇഷ്ടപ്പെട്ടു.
കണ്‍ഗ്രാജ്സ്.

9:52 AM  

Blogger ഗൗരിനാഥന്‍ said...

ഇങ്ങനെ ഒരു കൂട്ടുകാരനോ, കൂട്ടുകാരിയോ ഇല്ല്യാതെ കോളേജ് കാലം കടന്നു പോയവര്‍ ഉണ്ടാവില്ല്യ...കവിത പോലെ മനോഹരമായി എഴുതി.

1:52 AM  

Blogger jayanEvoor said...

മനോഹരമായ ഓര്‍മ്മക്കുറിപ്പ്.....
പ്രീഡിഗ്രികാലം ഓര്‍മ്മയില്‍ വന്നു!
നഖക്ഷതങ്ങളും, എന്നെന്നും കണ്ണേട്ടന്റെ...യും ഒക്കെ കണ്ട് അതിലെയൊക്കെ പാട്ടുകള്‍ മൂളി നറ്റന്ന കാലം...
റ്റി.കെ.എം.എം കോളേജും, കവല അമ്പലവും, ഏവൂരമ്പലവും രാമപുരത്തമ്പലവും പട്ടുപാവാടഞൊറികളും എല്ലാം..

നന്ദി!

7:19 PM  

Anonymous Anonymous said...

ente kadha pole thonnunnu

10:14 AM  

Blogger റാണിപ്രിയ said...

Manassilayi..
Manassilaayi..
Super ezhuthu...Ketto

9:15 PM  

Post a Comment

Home

  View Profile



Previous Posts
കൊറ്റന്‍ വളവ്‌.
കാശി.
നീയില്ലയെങ്കിലും..
ഒരു കാലവര്‍ഷ കണ്‍ഫഷന്‍..!
ലങ്കപ്പന്‍
മഴപ്പക്ഷികള്‍.
പാഞ്ചാലിപ്പാച്ചു.
അസ്തമയം കാത്ത്‌..!
ഒരു രക്തസാക്ഷിയുടെ ഹൃദയ വേദനകള്‍.
പ്രണയനാളുകള്‍ക്കപ്പുറം...!