|
Monday, November 20, 2006
കാശി.
വഴി വിളക്കുകള്‍ പ്രകാശം പൊഴിക്കാത്ത പാതയിലൂടെ കാശി നടന്നു. അന്തി മാനത്തിന്റെ ചോട്ടില്‍ മഴക്കിടാങ്ങളുടെ നടന വേഗത്തിന്റെ കോപ്പ് കൂട്ട്. ദുര്‍ഗന്ധം വമിക്കുന്ന മറവു മൂലകളില്‍ രാത്രിഞ്ചരന്മാരുടെ നിഴലനക്കം. പകല്‍ വെളിച്ചത്തെ പറിച്ചെറിഞ്ഞ്, രൌദ്ര ഭാവം പൂണ്ട രാത്രിയുടെ മണിമുഴക്കം. പതറിപ്പോകുന്ന പാദവേഗത്തില്‍, ഇടിഞ്ഞ് തൂങ്ങിയ മിഴിപ്പാതയില്‍, ദിക്കറിയാതെ കാശി നടന്നു. ലോകത്തിന്റെ കറുത്ത നിറം കാശിയെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. കാഴ്ച മങ്ങുന്ന കൂരിരുട്ടില്‍ നിഴലുകള്‍ക്ക് കനം വെയ്ക്കുന്നു. പേരറിയാത്ത, പൊരുളറിയാത്ത ബന്ധങ്ങള്‍. പുറമേ നിന്നും പല്ലിളിക്കുന്ന വികൃത ലോകത്തിന്റെ ഗര്‍വ്വിനു മുന്നില്‍ കാശിയുടെ കണ്ണുകള്‍ തോറ്റു പോയി.
ഇരുട്ടില്‍ പിറന്നു വീണപ്പോള്‍, തകര രൂപം പൂണ്ട മേലാകാശം കണ്ടു കരഞ്ഞ കാശി, പിന്നീട് കരായാതിരിക്കാന്‍ ശീലിച്ചു. പെറ്റമ്മയെ കടലെടുത്തപ്പോഴും, പറക്ക മുറ്റാത്ത പ്രായത്തില്‍ പണിയെടുക്കേണ്ടി വന്നപ്പോഴും കരഞ്ഞില്ല. അലറി തിമിര്‍ക്കുന്ന കടലാഴങ്ങളിലെവിടെയോ സൂര്യതേജസ്സാര്‍ന്ന മുത്തുകളുണ്ടെന്നും, അവയെല്ലാം കൈ വെള്ളയില്‍ കോരിയെടുത്ത് ചിരിച്ചുല്ലസിക്കുമെന്നും കാശി കിനാവു കണ്ടിരുന്നു. എപ്പോഴൊ താങ്ങായി നീണ്ടു വന്ന കരങ്ങള്‍ക്ക് മനം മടുപ്പിക്കുന്ന ഗന്ധമുണ്ടായിരുന്നു. മാന്യ പുംഗവര്‍ തൊടാനറയ്ക്കുന്ന വിളിപ്പേരില്‍ അയാള്‍ക്കൊരു കൂട്ടായി കാശിയും കൂടി. കാശി എന്ന വിളിപ്പേര്‍ മറവിയില്‍ മാഞ്ഞ് പോയി. 'തോട്ടി' എന്ന് ചിരിച്ചും ചിരിക്കാതെയും പലരും വിളിച്ചു. വൈരങ്ങള്‍ പെറുക്കുന്നവനെന്ന ആര്‍ഭാട നാമത്തില്‍ അവന്‍ തന്നെ അതെല്ലാം മുക്കിക്കളഞ്ഞു. പിന്നെ പതിവു കിനാവുകളില്‍ മുഴുകി. മുത്തുകള്‍, വൈരങ്ങള്‍...
പലനിറത്തില്‍ ഭക്ഷിച്ച് ഒരേ നിറത്തില്‍ കാഷ്ഠിക്കുന്ന മനുഷ്യന്റെ ഉച്ഛിഷ്ഠങ്ങള്‍, വൈരങ്ങള്‍ പെറുക്കുവാന്‍ കാത്ത കൈവെള്ളയാല്‍ കാശി ചുമന്നു. മറ്റൊരു മനുഷ്യക്കൂട്ടില്ലാതെ, പകലന്തിയോളം ദുര്‍ഗന്ധ ലോകത്തും രാവേറവേ കിനാവുകളിലും കുടിയേറി പാര്‍ത്തു. വിയര്‍പ്പിന്റെ വില കണക്കെണ്ണി വാങ്ങി ചിരിയോടെ നടക്കാന്‍ ശീലിച്ചു. ഓരോ ദിവസവും ഓരോ തെരുവുകള്‍. ഒരേ തൊഴില്‍, ഒരേ പണിയായുധങ്ങള്‍, ഒരേ ഗന്ധം..! മടുപ്പ് തോന്നിയിരുന്നില്ല. ദൈവം കരുതി വെച്ചതെല്ലാം കൈ നീട്ടി വാങ്ങുന്നവന്‍ എന്ന് വിനയത്തോടെ ഓര്‍ത്തു. പിന്നെ അന്നന്നത്തെ അപ്പം വയര്‍ നിറയെ കഴിച്ചും, എണ്ണമില്ലാ കിനാവുകള്‍ മനം നിറയെ നിറച്ചും മരച്ചുവടുകളില്‍ കിടന്നുറങ്ങി. കൂലിയില്‍ നീക്കിയിരുപ്പുകള്‍ വന്നപ്പോള്‍ പുറമ്പോക്കില്‍ ചെറു കൂര കെട്ടി, മഴയും, മഞ്ഞും, വെയിലുമേല്‍ക്കാതെ കിടന്നു.
ഒന്നിലും കണ്ണുടക്കത്ത പ്രകൃതമായിരുന്നെങ്കിലും, പുറമ്പോക്കിനരുകിലെ സമ്പന്ന മാളിക എന്തിനോ ദൃഷ്ടിയില്‍ പതിഞ്ഞു. തുറന്നിട്ട ജാലകപ്പഴുതിനപ്പുറം നിര്‍വികാരതയുടെ സുന്ദരീ രൂപം. പ്രൌഢവും, അതി സുന്ദരവുമെങ്കിലും വിടര്‍ന്ന കണ്ണുകളിലെ നിസ്സംഗത വീണ്ടും വീണ്ടും ആകര്‍ഷിച്ചു കൊണ്ടിരുന്നു. ശൂന്യതയില്‍ കണ്ണ് നട്ടുള്ള നില്‍പ്പിലും, കാറ്റിലാടി പറക്കുന്ന മുടി നാരുകളിലും മനോഹാരിത തുളുമ്പി നിന്നു. പിന്നെ അത് ഒരു പതിവ് കാഴ്ചയായി മാറി. സായാഹ്നങ്ങളില്‍ അവിടേയ്ക്ക് നോക്കാതിരിക്കന്‍ കാശിക്കായില്ല. എങ്കിലും അനന്താകാശത്തിലെ പൂര്‍ണേന്ദു കണ്ട് കണ്‍ കുളിര്‍ന്നാലും സമീപത്ത് പോലും എത്തുവാനാകാത്തവന്റെ അന്തരം, അതൊരുപാട് കാതങ്ങളെന്ന് കാശി ഓര്‍ത്ത് കൊണ്ടിരുന്നു. പിന്നെയെപ്പൊഴും ദിന ചര്യകളിലെ വഴികളുടെ തുടക്കം ആ വീടിന് മുന്നില്‍ നിന്നുമായി മാറി. കേവലം കുതൂഹലമെന്ന് വിവരിക്കാവുന്ന ചിന്തകള്‍ വീണ്ടും വീണ്ടും ആ വഴി തന്നെ നയിച്ച് കൊണ്ടിരുന്നു.
ചിലപ്പോഴൊക്കെ അത്യാഡംബര വാഹനങ്ങളുടെ നിരയും, മദ്യ ചഷകങ്ങളുടെ പൊട്ടിച്ചിരിയും, ആര്‍ത്തട്ടഹസിച്ച് ചിരിക്കുന്ന സമ്പന്നതയുടെ ധാര്‍ഷ്ട്യവും കാശി കണ്ടു. ഭര്‍ത്താവും കൂട്ടുകാരുമാകാം, നിനച്ചു. പിന്നെയൊരിക്കല്‍ പാതിരാവില്‍ വേദനയില്‍ നീറുന്ന സ്ത്രീ ശബ്ദവും കേട്ടു. ഉറങ്ങാനായില്ല, കണ്‍ തുറന്ന്, കാതോര്‍ത്ത് അടഞ്ഞ ജാലകപ്പാളികളില്‍ മിഴി നട്ടിരുന്നു.
പിന്നെയുള്ള നാളുകളില്‍ ജാലകങ്ങള്‍ തുറന്നില്ല, പൂര്‍ണേന്ദു തെളിഞ്ഞുമില്ല. ഒരോ രാവിലും, ഓരോ പകലിലും ഒരു നോക്കിനായി കണ്ണുകള്‍ തുടിച്ചു. പിന്നെയെന്നും അടഞ്ഞ വാതിലില്‍ തട്ടി നിന്ന കണ്ണുകള്‍ തിരികെയെടുത്തായി യാത്രകളുടെ തുടക്കം. കുറെയേറെ നാളുകള്‍ മനുഷ്യ വാസമില്ലാത്ത മാളികയില്‍ ഇരുട്ട് മാത്രം കാവലായി. കാശി എല്ലാം മറന്നു.
പൊടുന്നനേ ഒരു നാള്‍ അവിടെ പുതിയ ഉടമസ്ഥര്‍ വന്നു. അന്നൊന്നുമില്ലാതിരുന്ന കളിയും ചിരിയും ജാലകങ്ങളും കടന്ന് പുറമേയെത്തി പടര്‍ന്നു പോയി. ഒരിക്കല്‍ തന്റെ തൊഴിലിനായി അവിടെയും പോകേണ്ടി വന്നു. പതിവ് പോലെ, ചുണ്ടില്‍ ബീഡിയും, മൂളിപ്പാട്ടും നിറച്ച് സംഭരണികള്‍ തുറന്നു. അറപ്പ് തോന്നുവാന്‍ യാതൊന്നുമില്ലാത്തതിനാല്‍ നിസ്സംശയം പണി തുടങ്ങി. വിയര്‍പ്പ് പൊടിയുമ്പോഴും തകരപ്പാട്ടകള്‍ നിറഞ്ഞും ഒഴിഞ്ഞുമിരുന്നു. ഇടയ്ക്കെപ്പൊഴോ, നിറഞ്ഞ കോരിയില്‍ എന്തോ വെളുത്ത് കണ്ടപ്പോള്‍ കൌതുകം തോന്നി. അതൊരു തലയോട്ടിയാണെന്ന തിറിച്ചറിവില്‍ കാശി വിറച്ചു പോയി. കൈ വിട്ട ധൈര്യം തിരികെയെടുത്ത്, വീണ്ടും നോക്കിയപ്പോള്‍, ഇടത് കാതിന്റെ കുഴിയില്‍ കുരുങ്ങിക്കിടന്ന ചുവന്ന കല്ലുകള്‍ പതിപ്പിച്ച താലി കണ്ടു. ഒരിക്കല്‍ അന്തിമാനത്തിന്റെ ചുവപ്പിനും മേലേ ജാലകപ്പഴുതിന്നുമപ്പുറം തിളങ്ങിച്ചിരിച്ച അതേ ചിരിയോടെ. ഒരു നിമിഷം ഞെട്ടി വിറ പൂണ്ട ശരീരം മരിച്ച് മരവിച്ച് പോയി.
പ്രജ്ഞ വീണ്ടെടുത്ത് സ്ഥലകാല ബോധമില്ലാതെ തിരികെ നടക്കുമ്പോള്‍, ലോകം ചിരിക്കുന്നതായും, പല്ലിളിക്കുന്നതായും കാശിക്ക് തോന്നി...
കാശി നടന്നു കൊണ്ടേയിരുന്നു, മിഴിയറ്റമെത്താത്ത ദൂരങ്ങളിലേയ്ക്ക്, വഴി വിളക്കുകള്‍ പ്രകാശം പൊഴിക്കാത്ത പാതയിലൂടെ....!
Posted by Varnameghangal @ 1:37 PM
------------------------------------------
18 Comments:
Home
|
|
View Profile
Previous Posts
നീയില്ലയെങ്കിലും..
ഒരു കാലവര്‍ഷ കണ്‍ഫഷന്‍..!
ലങ്കപ്പന്‍
മഴപ്പക്ഷികള്‍.
പാഞ്ചാലിപ്പാച്ചു.
അസ്തമയം കാത്ത്..!
ഒരു രക്തസാക്ഷിയുടെ ഹൃദയ വേദനകള്‍.
പ്രണയനാളുകള്‍ക്കപ്പുറം...!
മഴ നിലയ്ക്കുമ്പോൾ.
വേഷങ്ങളഴിക്കാതെ.
|
Manoharam!!
വര്‍ണ്ണമേഘങ്ങള്‍...
പ്രമേയത്തിനു പുതുമയില്ലെങ്കിലും താങ്കളുടെ വാക്കുകള്‍ പുതുമയുള്ളതാണ്....തുടര്‍ന്നെഴുതൂ...
വാക്കുകളുടെ ഇന്ദ്രജാലക്കാരാ,
നന്നായിരിക്കുന്നു.
കുറെ നാളുകള്‍ക്കുശേഷമാണല്ലോ...
ഒത്തിരി ഇഷ്ടമായി ഈ വേറിട്ട ശൈലി
കുറേ ആയല്ലോ കാണാതെ.
പതിവുപോലെ കഥ നന്നായി. :)
നല്ല കഥ,താങ്കളുടെ ശൈലി അതു മനോഹരമാക്കി.
കാശി ഇനിയെന്ത് ചെയ്യും എന്ത് ചെയ്യും എന്ത് ചെയ്യും?
മേഘങ്ങളേ ,കറുപ്പിലും വെളുപ്പിലും ചാരനിറത്തിലുമുള്ള ഈ കാത്തിരിപ്പ് ഡിസൈന്‍ വളരെ ഇഷ്ടമായി.
qw_er_ty
അപരിചിതാ: നന്ദി
------------------
മുരളി: നന്ദി, എഴുതാം
-----------------------
ആദി: വനവാസമായിരുന്നു. സോഫ്റ്റ് വെയര്‍ വനവാസം. മേലാളന്മാര്‍ പണിയും തന്ന് കല്‍പിച്ചു, നോം അങ്ങട് അനുസരിച്ചു.
-----------------------
മിന്നാമിനുങ്ങ്: സന്തോഷം തൊന്നുന്നു.
-----------------
സു: മറവിലായിരുന്നെങ്കിലും പോസ്റ്റുകള്‍ പലതും വയിച്ചിരുന്നു.
----------------
വല്ല്യമ്മായി: നന്ദി
---------
രേഷ്മ: കാശി നടന്നുകൊണ്ടേയിരിക്കുന്നു...
ഡിസൈന്‍ മഴനൂലുകളുടെ സംഭാവനയാണ്. ഞാന്‍ വട്ട പൂജ്യം.
വര്‍ണ്ണം, തിരിച്ചുവരവ് തകര്‍പ്പന്‍. സോഫ്ട്‍വേയര്‍ വനവാസം ഉപേക്ഷിച്ചു ഇവിടെ സജീവമാകൂ
നന്നായിരിയ്ക്കുന്നു...പ്രത്യോകിച്ച് ശൈലി..
വല്ലാത്തൊരു ട്വിസ്റ്റ് തന്ന് കഥ മനോഹരമാക്കിയിരിക്കുന്നു..കേട്ടിട്ടുള്ള പാട്ട്‍ കേട്ടിട്ടില്ലാത്ത ഒരു ഈണത്തില്‍ പാടി കേട്ട അനുഭവം..
നന്നായിരിക്കുന്നു.
-പാര്‍വതി.
കവിത പോലെ എഴുതിയിരിക്കുന്നു. നല്ല ഭാഷ.
ഇഷ്ടപ്പെട്ടു.
നല്ല കഥ
ഒരിടവേളക്കു ശേഷമുള്ള തിരിച്ചു വരവു ഗംഭീരമായി
അന്നന്നത്തെ അപ്പം വയര്‍ നിറയെ കഴിച്ചും, എണ്ണമില്ലാ കിനാവുകള്‍ മനം നിറയെ നിറച്ചും മരച്ചുവടുകളില്‍ കിടന്നുറങ്ങി...
പച്ചയായ ജീവിതം പച്ചയായി വരച്ചുകാട്ടുന്നു.. നല്ല രചന.
കൃഷ് |krish
ടെമ്പ്ലേറ്റ് ഗംഭീരം!!
ഒത്തിരി നാളുകള്‍ക്കു ശേഷം... ഇവിടെ തന്നെ ഉണ്ട് എന്നറിഞ്ഞതില്‍ സന്തോഷം.. നാന്നായിരിക്കുന്നു..
great..