Monday, February 05, 2007

കൊറ്റന്‍ വളവ്‌.

രാത്രി, കറുത്ത്‌ കാളീ രൂപം പൂണ്ടു. രാഘവന്‍ ഉറങ്ങിയിരുന്നില്ല. ചാറ്റല്‍ മഴയ്ക്കൊപ്പം കൂരിരുട്ടും പെയ്തിറങ്ങിക്കൊണ്ടിരുന്നു. ചെറിയ ജനല്‍ പാളിയ്ക്കപ്പുറം വെള്ളി വെളിച്ചങ്ങള്‍. മഴയ്ക്ക്‌ ശക്തി കൂടുന്നു. ഈയാണ്ട്‌ ധാരാളം മഴയുണ്ടായിരുന്നു. എന്നിട്ടുമെന്തേ രാവെല്ലാം ഇരുട്ടില്‍ മുക്കി വെളിച്ചം അണഞ്ഞ്‌ പോകുന്നു? ജലവൈദ്യുതി എന്നാല്‍ ജലത്തില്‍ നിന്നും വൈദ്യുതിയോ അതോ..? ചോദ്യങ്ങള്‍ ഒരായിരം. നെറ്റിത്തടം നനച്ച മഴത്തുള്ളികള്‍ വടിച്ച്‌ കളഞ്ഞ്‌ രാഘവന്‍ അവിടെ തന്നെ ചടഞ്ഞ്‌ കൂടി. മെഴുക്‌തിരി വാങ്ങാന്‍ മറന്നു. ബീഡി വലി നിര്‍ത്തിയതിനാല്‍ തീപ്പെട്ടിയുമില്ല. മുന്നിലെ കൊടും വളവ്‌ തിരിഞ്ഞ്‌ ചീറിപ്പാഞ്ഞ്‌ പോകുന്ന വാഹനങ്ങളുടെ മിന്നല്‍ വെളിച്ചം കണ്ണില്‍ വീണ്‌ പറന്ന്‌ പോയി, ചില വെളിപാടുകള്‍ പോലെ. ക്ഷണ നേര ദര്‍ശനങ്ങള്‍..! രാഘവന്‍ ചിന്തിച്ചു. ചില വലിയ വാഹനങ്ങള്‍ കടന്ന്‌ പോകുമ്പോള്‍, വിള്ളലുകള്‍ വീണ ഭിത്തികള്‍ക്ക്‌ കുളിരുറയുന്നത്‌ പോലെ. ഒന്ന്‌ വിറ പൂണ്ട്‌ വീണ്ടും പഴയ പടി.

കൊറ്റന്‍ വളവെന്ന ഈ കൊടും വളവിനോട്‌ ചേര്‍ന്ന്‌ ഇതേ സ്ഥലത്ത്‌ ഇത്‌ മൂന്നാമത്തെ വീടാണത്രേ..! മുന്‍പിരുന്ന രണ്ട്‌ വീടുകളും മരണ വേഗം പൂണ്ട്‌ വന്ന്‌, തെന്നിത്തെറിച്ച ബഹുചക്ര വാഹനങ്ങള്‍ കൊണ്ട്‌ പോയത്രേ.., ഒപ്പം കുറേ ജീവിതങ്ങങ്ങളും. അതിന്‌ ശേഷം ഈ വളവിനെ കൊല്ലന്‍ വളവെന്നും ആള്‍ക്കാര്‍ വിളിച്ച്‌ തുടങ്ങിയത്രേ. ഇവിടെ ഭവനവും , ജീവനും വാഴില്ലത്രേ.. അന്ധവിശ്വാസങ്ങള്‍... രാഘവനോടോ..??

കുട്ടിക്കാലം തൊട്ടേ, വെല്ലുവിളികള്‍ രാഘവനിഷ്ടമായിരുന്നു. വിശ്വാസങ്ങളെ പുറം കാലിനടിയ്ക്കാന്‍, മഹാ തന്തോന്നിയായ മുത്തശ്സന്‍ കാട്ടിത്തന്നിരുന്നു. വിശ്വാസങ്ങളെല്ലാം അന്ധമെന്നും, അതില്‍ വീഴുന്നവര്‍ മൂഢരെന്നും മനസില്‍ അടിവരയിട്ട്‌ വെച്ചു. വീടിന്‌ പിറകിലെ യക്ഷിപ്പാലയ്യ്ക്ക്‌(?) ചോട്ടിലെ പൊട്ടക്കിണര്‍ രഹസ്യങ്ങളുടെ കലവറയായിരുന്നു. അതിന്റെ വളയങ്ങള്‍ എണ്ണാന്‍ താന്‍ കാണിച്ച ധൈര്യവും, അതിന്റെ പ്രതിഫലനമെന്ന വണ്ണം വിറച്ച്‌ വിളറി പൂണ്ട മുഖങ്ങളും. ഹോ.. രോമകൂപങ്ങളില്‍ ഇപ്പോഴും ഒരു പുലരിയുണര്‍വ്വ്‌, ആത്മാഭിമാനത്തിന്റെ കൊടും നിറവ്‌.

മുത്തശ്ശന്റെ വലത്‌ കരവും, ടോര്‍ച്ച്‌ ലൈറ്റും, കുറു വടിയും ഭയാനക രാവുകളെ സധൈര്യം നേരിടാന്‍ കൂട്ട്‌ നിന്നു. ഭയമെന്നത്‌ വെറും ഒരു വിശ്വാസം മാത്രം.. അതിലും തനിയ്ക്ക്‌ വിശ്വാസമില്ലല്ലോ. തിരിച്ചറിവുകള്‍ക്ക്‌ മേലുള്ള കറുത്ത്‌ കനത്ത ആവരണം.. ഛേ..!

കേവല വിദ്യാഭ്യാസത്തിന്‌ ശേഷം, എണ്ണപ്പാടങ്ങള്‍ കാശ്‌ വിളയിക്കുമെന്ന്‌ കേട്ട്‌ കടല്‍ താണ്ടി. വിയര്‍പ്പും പൊടി മണലും പുരണ്ട നോട്ടുകള്‍ കൂട്ടമായപ്പോള്‍ മതി എന്ന്‌ തോന്നി. കുടുംബം വേണമെന്ന്‌ തോന്നിയില്ല. മുത്തശ്ശനെപ്പോലെ തന്നെ. വഴിയില്‍ നിന്നും എടുത്ത്‌ വളര്‍ത്തിയതായിരുന്നല്ലോ തന്നെ. മരണം വരെയും പോറ്റി വളര്‍ത്തി. കയ്യില്‍ കാശുമായി നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ജന്മിയാകാന്‍ മോഹം. ആദ്യം കണ്ട പുരയിടം തന്നെ ചോദിച്ചു, കിട്ടി. ഒപ്പ്‌ വെയ്ക്കുമ്പോള്‍ ഉടമസ്ഥന്റെ കൈകള്‍ ഒന്ന്‌ വിറച്ചോ..? ഹേയ്‌ ... സംശയങ്ങള്‍..! നാട്ടുകൂട്ടം കൊറ്റന്‍ വളവിനോട്‌ ചേര്‍ന്ന ഈ നിര്‍ഭാഗ്യ ഭൂമിയുടെ കഥ പറഞ്ഞ്‌ തന്നു. താന്‍ പതറിയില്ല. ചെറിയ കൂരയും കെട്ടി താമസവും തുടങ്ങി. അകത്തേയ്ക്ക്ക്‌ കയറവേ ചില അപശബ്ഡങ്ങള്‍ കേട്ടുവോ..? ബ്രേക്കുകള്‍ തൊണ്ട കീറിക്കരയുന്നു, മരണം മുന്നില്‍ കണ്ട മനുഷ്യന്റെ ഭീദിതമായ നിലവിളി.. ഹേയ്‌... തോന്നലുകള്‍..!
മുത്തശ്ശനെ മനസില്‍ ഓര്‍ത്തു, വലത്‌ കാല്‍ വെച്ച്‌ കയറി.

ഇവിടെ എപ്പോഴും ഇരുട്ടാണ്‌. കൊറ്റന്‍ വളവിന്റെ രൌദ്രതെയോര്‍ത്താകാം രാവേറിയാല്‍ ആരും ഇതു വഴി വരാറില്ല. താനൊട്ട്‌ ആരെയും പ്രതീക്ഷിക്കുന്നുമില്ല. മുത്തശ്ശന്റെ ഓര്‍മകളും, വീരസ്യങ്ങള്‍ നിറഞ്ഞ ഗതകാലവും തന്നെ ഇവിടെയും ഏകനായി കഴിയാന്‍ പ്രേരിപ്പിക്കുന്നു. മഴ നിലച്ചിരിയ്ക്കുന്നു ഇപ്പോള്‍. പക്ഷെ ഇരുട്ടിന്റെ കാഠിന്യം ഒട്ടും കുറഞ്ഞിട്ടില്ലല്ലോ. വാഹനങ്ങള്‍ ഇപ്പോഴും ചീറിപ്പായുന്നുണ്ട്‌, തൊട്ട്‌ മുന്നിലൂടെ. വളവെത്തിയാല്‍ അല്‍പം വേഗം കുറച്ച്‌ കൂടേ ഇവനൊക്കെ..? ധൃതിയുള്ളവരാകാം. കണ്ണുകള്‍ അടയുന്നുണ്ട്‌, ഉറക്കം വരാന്‍ തുടങ്ങി. എന്നാലും ഈ ജനാലയ്ക്കല്‍ നിന്നും എഴുന്നേല്‍ക്കാന്‍ തോന്നുന്നില്ല.

ഹോ... ബ്രേക്കുകള്‍ക്ക്‌ ഇത്രയും അരോചകമായ ഒച്ചയോ..? ഭൂമി കുലുങ്ങുന്നുവോ..? എന്താണത്‌? ദു:സ്വപ്നമാകാം, ഞെട്ടിയുണര്‍ന്നു. അല്ല, ഒരു പടുകൂറ്റന്‍ ചരക്ക്‌ ലോറി മലക്കം മറിഞ്ഞ്‌ വരുന്നുണ്ടല്ലോ.. ഓടുവാനാകുന്നില്ല, കാലുകള്‍ മരവിച്ച്‌ പോയത്‌ പോലെ...

രാഘവന്‍ തെല്ലും അനങ്ങിയില്ല. കുട്ടിക്കരണം മറിഞ്ഞ വാഹനം വീടും തകര്‍ത്ത്‌ തൊട്ടടുത്തെത്തി നിന്നു. തകര്‍ന്ന ഭാഗങ്ങള്‍ തെറിച്ച്‌ വീണ വേദനയിലും രാഘവന്‍ പുഞ്ചിരിച്ചു. വിശ്വാസങ്ങള്‍ക്ക്‌ തന്നെ തൊടാനായില്ലല്ലോ...
പെട്ടന്ന്‌, ഏതോ പഴുതില്‍ തട്ടി നിന്ന വാഹനം ഒന്ന്‌ കൂടി മലക്കം മറിഞ്ഞു...
അതാ.. മുത്തശ്ശന്റെ അതേ വലത്‌ കരം, ടോര്‍ച്ച്‌ ലൈറ്റ്‌, കുറു വടി. ഇനി ഭയം ഇല്ലല്ലോ തനിയ്ക്ക്‌. രാഘവന്‍ യാത്ര തുടങ്ങി, കൂരിരുട്ടിനെയും, അന്ധ വിശ്വാസങ്ങളെയും കൂസാതെ....!

Posted by Varnameghangal @ 12:01 PM
4 comments

------------------------------------------

  View Profile

Links
Malayalam Font
Malayalam Editor
Inspiring
Always Yours
Mazhanoolukal
"ടോപ്പ്‌ സൈറ്റ്‌."

Previous Posts
നോക്കുകുത്തി..!
നിഴലിനോടൊപ്പം.
മഴക്കാലമില്ലാതെ.
കൊറ്റന്‍ വളവ്‌.
കാശി.
നീയില്ലയെങ്കിലും..
ഒരു കാലവര്‍ഷ കണ്‍ഫഷന്‍..!
ലങ്കപ്പന്‍
മഴപ്പക്ഷികള്‍.
പാഞ്ചാലിപ്പാച്ചു.


Archives
October 2005
November 2005
December 2005
January 2006
February 2006
March 2006
April 2006
May 2006
June 2006
July 2006
August 2006
November 2006
February 2007
March 2007
September 2008
January 2013