Thursday, July 20, 2006

ഒരു കാലവര്‍ഷ കണ്‍ഫഷന്‍..!

മുന്നറിയിപ്പ്‌: ഈ കഥയിലെ നായകന്‌ കോഴിക്കോട്‌,കണ്ണൂര്‍ ഭാഗങ്ങളിലെ വെള്ളപ്പൊക്കക്കെടുതി നിരീക്ഷിച്ചും പരീക്ഷിച്ചും അറിയാനെത്തിയ ഉന്നത 'തല' സംഘത്തിലെ ഏതെങ്കിലും അംഗത്തിന്റെ ഏതെങ്കിലും അംഗത്തോടെങ്കിലും സാദൃശ്യം തോന്നുന്നെങ്കില്‍ അത്‌ യാദൃശ്ചികമല്ല, മന:പൂര്‍വമാണ്‌.

ഞാന്‍ കിട്ടുണ്ണി.
കെടുതികള്‍ നേരിട്ട്‌ കണ്ട്‌ ബോധ്യപ്പെടാനും അതിന്റെ എസ്റ്റിമേഷന്‍ നടത്താനും കേന്ദ്രം നിയോഗിച്ച ഉന്നതതല സംഘത്തിലെ പ്രമുഖന്‍. അഹങ്കാരം കൊണ്ട്‌ പറയുകയല്ല, എനിയ്ക്ക്‌ അതി ഭയങ്കര കഴിവാണ്‌. ഒറ്റ നോട്ടം കൊണ്ട്‌ ഞാന്‍ എല്ലാം അറിയും. പൊറുതി മുട്ടിക്കുന്ന കെടുതികളുടെ കൂമ്പാരങ്ങള്‍ എനിയ്ക്ക്‌ മുന്നില്‍ വെറും കുന്നിക്കുരുക്കള്‍ മാത്രം. എനിക്ക്‌ പരുന്തിന്റെ കണ്ണുകള്‍. അവ പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറം നിന്ന്‌ പോലും നിരീക്ഷണ യോഗ്യം.

പണിയൊന്നുമില്ലാതെ തെക്ക്‌ വടക്ക്‌ നടക്കുന്ന കാലത്ത്‌ പോലും എന്റെ കണ്ണുകള്‍ക്ക്‌ അതീവ കാഴ്ച ശക്തിയായിരുന്നു. കാഴ്ച ശക്തി ക്രമാതീതമായി കൂടിയപ്പോള്‍ നാട്ടുകാര്‍ കണ്ടു പിടിച്ച്‌ അടിച്ചോടിച്ചു കളഞ്ഞു, വിവരമില്ലാത്തവന്മാര്‍. പിന്നെ ആറാം തമ്പുരാനെപ്പോലെ ഊരുതെണ്ടി ഓട്ടക്കീശയുമായി അലഞ്ഞു തിരിഞ്ഞു. ആ ജെനുസ്സില്‍ പെട്ടവര്‍ക്ക്‌ ഏറ്റവും അനുയോജ്യമായ തൊഴിലായ രാഷ്ട്രീയത്തിന്റെ നടുമുറ്റത്തേയ്ക്ക്‌ എടുത്തു ചാടി. വേണ്ടാതീനങ്ങള്‍ പണ്ടേ കൈമുതലായിരുന്നതിനാല്‍ നല്ല വണ്ണം ശോഭിച്ചു. കൂട്ടിക്കൊടുപ്പിലും, കുതികാല്‍ വെട്ടിലും മാസ്റ്റര്‍ ഡിഗ്രിയുണ്ടാരിരുന്നതിനാല്‍ അങ്കം പലതും ജയിച്ച്‌ ഇവിടെ വരെ എത്തി.

കേരളത്തില്‍ വ്യാപകമായ കാലവര്‍ഷക്കെടുതി. നേരെ വിട്ടോളാന്‍ കേന്ദ്രത്തില്‍ നിന്നും ഉത്തരവ്‌. ഇന്തോനേഷ്യയിലെ ഭൂകമ്പം പഠിക്കാന്‍ മലേഷ്യ വഴി അവിടെ പോയിട്ട്‌ വന്നതേ ഉള്ളൂ. ക്വാലാലമ്പൂരിലെ കാഴ്ചകള്‍ കണ്ട്‌ നടന്ന്‌ സമയം തീര്‍ന്നപ്പോഴാണ്‌ മടങ്ങി വരും വഴി ഫ്ലൈറ്റില്‍ തന്നെയിരുന്ന്‌ ഇന്തോനേഷ്യന്‍ ഭൂകമ്പം താഴോട്ട്‌ നോക്കി പഠിച്ച്‌ കളഞ്ഞത്‌. റിപ്പോര്‍ട്ട്‌ കൊടുത്തപ്പോള്‍ 'കിട്ടുണ്ണിയ്ക്ക്‌ മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യം' എന്നും പറഞ്ഞ്‌ ചീഫ്‌ സെക്രെടറി പുറത്തൊരു തട്ട്‌. ഹോ.. പുളകം കൊണ്ട്‌ ഇരിക്കാന്‍ മേലാത്ത പരുവം. അങ്ങനെ പുളകിതഗാത്രനായി കണ്ണാടിയില്‍ നോക്കിയിരുന്നപ്പോഴാണ്‌ അടുത്ത ഉത്തരവ്‌ വന്നത്‌. ഇനിയിപ്പോ ഡാര്‍ജിലിംഗ്‌ വഴി കേരളത്തിലേക്ക്‌ പോവുക തന്നെ. ജന്മ നാടല്ലേ.. അവിടെന്തോന്ന്‌ കാണാന്‍...!

എന്നാലും മൂന്നാല്‌ സഹ നിരീക്ഷകരെയും കൂട്ടി ഫ്ലൈറ്റ്‌ പിടിച്ചു. നേരെ മൂന്നാര്‍, തേക്കടി വഴി സകലമാന കെടുതികളും നിരീക്ഷിച്ചറിഞ്ഞു. പിന്നെ, പത്തു മണിയ്ക്ക്‌ കോഴിക്കോട്ടെത്തുമെന്നറിയിച്ച പ്രകാരം കിറു കൃത്യമായി രണ്ടു മണിയ്ക്ക്‌ കണ്ണൂരെത്തി. വന്നപാടേ സ്ഥലത്തെ പ്രഥാന പയ്യന്‍സിന്റെ വക സ്വീകരണം, ഫോട്ടോയെടൂപ്പ്‌. വേണ്ടാന്ന്‌ പറയാനാകുമോ..? പിന്നെ ഒന്നാന്തരം ഊണ്‌ വേറൊരു ലോക്കലാന്റെ വക. അത്‌ കഴിഞ്ഞപ്പോള്‍ വിളി വന്നു, ഒന്ന്‌ മയങ്ങാന്‍. 'ന്നാ പിന്നെ..' എല്ലാരോടും പറഞ്ഞ്‌ നീണ്ട്‌ നിവര്‍ന്നു കിടന്നു. എണീറ്റപ്പോള്‍ അഞ്ച്‌ മണി. എന്നാലിനി കെടുതികള്‍ കാണാം എന്നും നിരീച്ച്‌ ഇറങ്ങി. ഇന്ന്‌ തന്നെ തിരിച്ച്‌ പോണേ...!
നെരെ ബേക്കല്‍ കോട്ടയിലെത്തി പ്രകൃതിയുടെ വരവ്‌ വിലയിരുത്തി. പിന്നെ കുറച്ച്‌ ഫോട്ടോകളെടുത്തു, ഞങ്ങളുടേം കോട്ടയുടേം..ഏത്‌..! അവിടന്ന്‌ നേരെ മട്ടലായി കുന്നിന്‍ മുകളില്‍ കയറി ദൂരെ നെല്‍പ്പാടങ്ങള്‍ അടിഞ്ഞ്‌ കിടക്കുന്ന കാഴ്ച കണ്ട്‌ കണ്ണീര്‍ പൊഴിച്ചു. അപ്പോഴാണ്‌ അടുത്ത സ്വീകരണം, വേണ്ടെന്ന്‌ പറയാന്‍ ശീലിച്ചിട്ടില്ല, അതും കഴിഞ്ഞപ്പോള്‍ ക്ഷീണിച്ചു പോയി. പക്ഷെ കര്‍മ്മ നിരതനാവാന്‍, ഉള്ളിരുന്ന്‌ മുതുമുത്തശ്ശന്‍ കള്ളന്‍ കോന്തുണ്ണി ഓര്‍മ്മിപ്പിച്ചു. രാവിലെ പത്തു മുതല്‍, പരാതികളും പായാരങ്ങളും പറയാന്‍ കാത്ത്‌ കെട്ടി നിന്ന നാട്ടാരെപ്പറ്റി ഒരു നിമിഷം ഓര്‍ത്തു. ഇന്റര്‍വ്യൂവിന്‌ തിക്കിത്തിരക്കുന്ന പത്രക്കാരെ അതിലേറെ ഓര്‍ത്തു. എല്ലാ വി ഐ പി കളെയും വിളിച്ചറിയിച്ചു, കൃത്യം 7 മണി സന്ധ്യക്ക്‌ എത്തുമെന്ന്‌.

ഓസിന്‌ കിട്ടിയ ഹെലികോപ്ടറില്‍ ചാടി കയറി, പതിവ്‌ ആകാശനിരീക്ഷണത്തിനിറങ്ങി. ഒരൊറ്റ റൌന്‍ഡ്‌ മതി, എല്ലാം ഓക്കെ.. ഞാനാരുടെയൊക്കെയാ മോന്‍..!
കുറെ സ്ഥലങ്ങളുടെയൊക്കെ മുകളിലൂടെ പോയി. ഒന്നും കാണാന്‍ തലസ്ഥാനത്ത്‌ നിന്നും മൊബൈലില്‍ വിളിച്ച വാമഭാഗം സമ്മതിച്ചില്ല. അവസാനം അതെല്ലാം ഒന്നവസാനിപ്പിച്ച്‌ ഭാരതപ്പുഴയുടെ മുകളിലെത്തിയപ്പോ വീണ്ടും കര്‍മ നിരതനായി. ഒരു കൈ കമ്പിയില്‍ പിടിച്ചു, താഴേയ്ക്ക്‌ നോക്കി. ഹോ, എന്താ ഭംഗി, ഒരു ഫോട്ടൊയെടുത്താല്‍ വീട്ടില്‍ ഫ്രെയിം ചെയ്ത്‌ വെക്കാം. താഴേയ്ക്ക്‌ നോക്കി ക്യാമറ ക്ലിക്കി...
..
പിന്നൊന്നും ഓര്‍മയില്ല...
അല്ല... ഞാനിപ്പോളെവിടാ..?
ഇവിടെ കുറെ കറുകറുത്ത തടിമാടന്മാരൊക്കെ..
ആകപ്പാട്‌ നാറ്റം..
പോത്തിന്റെ ഒരു ചൂര്‌..!
ഏതാപ്പാ ഈ സ്ഥലം...?
ഇത്‌ നിരീക്ഷിക്കാന്‍ കേന്ദ്രം പറഞ്ഞിരുന്നില്ലല്ലോ..
അങ്ങ്‌ താഴെ... മേഘപാളികള്‍ക്കും അടിയില്‍ അവ്യക്തമായി കാണുന്നത്‌ എന്റെ നാടു തന്നെയോ...
അറിയില്ല...!!

Posted by Varnameghangal @ 2:26 PM
12 comments

------------------------------------------

Wednesday, July 12, 2006

ലങ്കപ്പന്‍

സമ്പന്നരും, ദരിദ്രരും, ഇടത്തട്ടുകാരും ഇടതിങ്ങിപ്പാര്‍ക്കുന്ന നാട്ടിലേക്ക്‌ ഒരു നാള്‍ പൊടുന്നനേ ലങ്കപ്പന്‍ വേച്ച്‌ വേച്ച്‌ കടന്നു വന്നു.
ഇടതു കൈ നെഞ്ചോട്‌ ചേര്‍ത്ത്‌ പറ്റിച്ച്‌, കാറ്റിലാടിപ്പറക്കുന്ന കുപ്പായക്കയ്യില്‍ മറു കരം സങ്കല്‍പ്പിച്ച്‌, പച്ചപ്പ്‌ കലര്‍ന്ന കാക്കി പാന്റ്‌ സിന്റെ അവശിഷ്ട ഭാഗങ്ങളില്‍ നാണം മറച്ച്‌, ആരെയും നോക്കാതെ, ഗതകാലം വിണ്ടു കീറപ്പെട്ട മരവിച്ച മിഴികളോടെ.
ഒത്ത ശരീരമായിരുന്നു ലങ്കപ്പന്‌. ഉദ്ദേശ്ശം ആറടിയ്ക്കടുക്കെ പൊക്കവും, അതിനൊത്ത വണ്ണവും. എങ്കിലും ചുമല്‍ കൊണ്ട്‌ മുന്നോട്ട്‌ വളഞ്ഞ്‌, മുറിവും, ചോരയും,അഴുക്കും പാളികള്‍ തീര്‍ത്ത്‌ പെരുപ്പമേറിയ വലതു കാല്‍ മണ്ണില്‍ നിരക്കി വലിച്ച്‌, താഴേയ്ക്ക്‌ നോക്കി നിര്‍വികാരമായ നടത്ത. ഉറച്ച ശരീരവും, ഒറ്റക്കൈയ്യിലെ കെട്ടു പിണഞ്ഞ ഞരമ്പുകളും, വടിവൊത്ത ചുമലുകളും, വികൃത മുഖമെങ്കിലും പ്രൌഢമാര്‍ന്ന നെറ്റിത്തടവും, എല്ലാം പൊരുത്തക്കേടുകളുടെ ഒരു കൂമ്പാരം തന്നെയായിരുന്നു.

ലങ്കപ്പന്‍ എവിടെ നിന്നു വന്നെന്നോ, ഏതു ദേശക്കാരനെന്നോ, ഏതു ഭാഷക്കാരനെന്നോ യാതൊന്നും ആര്‍ക്കും അറിയുവാനായില്ല. ലങ്കപ്പന്‍ എന്ന പേര്‌ തന്നെ പറഞ്ഞറിവു മാത്രം. എന്തെങ്കിലും ചോദിച്ചാലും കോടി വികൃതമായിപ്പോയ ചുണ്ടുകളില്‍ വാക്കുകളുണരില്ലായിരുന്നു. സംസാര ശേഷിയില്ലാത്തവനാകാം, എല്ലാവരും കരുതി. ചോദിച്ച്‌ വശം കെട്ടവര്‍ ചിലര്‍ കയ്യോങ്ങിയും, കാലുയര്‍ത്തിയും താഢിക്കാനാഞ്ഞു. അപ്പോഴും നിര്‍വികാരത തുളുമ്പുന്ന മിഴികളുമായി ലങ്കപ്പന്‍ ഒഴിഞ്ഞു മാറി, വേച്ച്‌ നടന്നു. തിരിച്ചറിവുകള്‍ പലതും നഷ്ടപ്പെട്ടു പോയ മനസിന്‌, വാക്കുകള്‍ കൂടി വരണ്ടുണങ്ങിപ്പോയപ്പോള്‍ പിടിച്ചു നില്‍ക്കാനായിട്ടുണ്ടാവില്ല.

ക്രമേണ, ലങ്കപ്പന്‍ ഒരു സ്ഥിരം കാഴ്ചയായി മാറി. വീട്ടുകള്‍ക്കും, കടകള്‍ക്കും വെളിയില്‍ ദൂരെ മാറി നിന്ന്‌ അസ്പഷ്ടമായി 'ചാ', 'മ്പസ്സാ' എന്നും പറയുമായിരുന്നത്‌ 'ചായ കുടിക്കാന്‍ അമ്പത്‌ പൈസ ..' എന്നായിരുന്നെന്ന്‌ മനസിലാക്കാന്‍ നാളുകളേറെയെടുത്തു. ഇത്‌ മാത്രമായിരുന്നു ലങ്കപ്പന്റെ ഏക ആശയ വിനിമയം. വീടിന്‌ വെളിയില്‍ വിലപിടിപ്പുള്ള എന്ത്‌ തന്നെ കണ്ടാലും അതിലൊന്നും നോട്ടം പതിപ്പിക്കാതെ, പതിവു ജല്‍പനം നടത്തി, കിട്ടിയാലും ഇല്ലെകിലും യാതൊരു ഭാവഭേദവുമില്ല്ലാതെ തിരിച്ച്‌ നടക്കുന്ന കാഴ്ച നൊമ്പരമുണര്‍ത്തിയിരുന്നു. നാണുവിന്റെ ചായക്കടയില്‍ നിന്നും ചിരട്ടയിലായിരുന്നു ലങ്കപ്പന്‌ ചായ്‌ കൊടുത്തിരുന്നത്‌, അതും മറ്റ്‌ എല്ലാവരെയും പോലെ പണം കൊടുത്തിട്ട്‌ കൂടി. കുടിച്ച ചിരട്ട കഴുകി തിരികെ കൊടുക്കാന്‍ അയാള്‍ ഒരിക്കലും മറന്നിരുന്നില്ലത്രേ.

പൊരുത്തക്കേടുകള്‍ കണ്ടെത്താന്‍ വ്യഗ്രതപ്പെടുന്ന മനസിന്‌ കാണും തോറും മരീചികയായി വളര്‍ന്നുകൊണ്ടിരുന്നു ലങ്കപ്പന്റെ അവസ്ഥാന്തരങ്ങള്‍ തിരഞ്ഞു പിടിക്കാന്‍ വെമ്പല്‍. വടക്കേ ഇന്ത്യയില്‍ എവിടെയോ ദേശമെന്നും, ദിക്കറിയാതെ ഇവിടെ വന്നു പെട്ടു എന്നും ആരൊക്കെയോ ഊഹങ്ങള്‍ പറഞ്ഞു. പട്ടാളക്കാരനായിരുന്നെന്നും, ഏതോ യുദ്ധമുഖം സമ്മാനിച്ചതാണ്‌ വൈരൂപ്യവും;വൈകല്യവുമെന്നും, നഷ്ടപരിഹാരത്തുക വസൂലാക്കിയ വേണ്ടപ്പെട്ടവര്‍ പൂച്ചയെ ചന്തയില്‍ കളയുന്ന ലാഘവത്തോടെ ഈ ചുറ്റുപാടിലെവിടെയോ കൊണ്ടു വന്ന് ഉപേക്ഷിച്ചു പോയതാണെന്നും കേട്ടു. പിന്നീട്‌ എല്ലാവരും ലങ്കപ്പന്റെ മുഖത്തേയ്ക്ക്‌ നോക്കുവാന്‍ തുടങ്ങി, കേട്ടറിഞ്ഞ കഥകളുടെ നേരു തിരയാനെന്ന വണ്ണം. പക്ഷെ കണ്ണുകളോടിടയാത്ത നിര്‍വികാര മിഴികള്‍ക്ക്‌ ഉത്തരം നല്‍കുവാന്‍ ശേഷിയില്ലായിരുന്നു. സഹികെട്ട ചിലര്‍ തടഞ്ഞ്‌ നിര്‍ത്തി ചോദിക്കുക തന്നെ ചെയ്തു. ചെറുതായൊന്നുയര്‍ന്ന മുഖം പെട്ടന്ന്‌ തന്നെ താഴ്ന്നു, ഞെട്ടലില്‍ ചെറുതായി വിറ കൊണ്ടുവോ വളഞ്ഞ ശരീരം ..? അറിയില്ല. മറുപടികള്‍ മരിച്ച മരവിച്ച മുഖവുമായി ലങ്കപ്പന്‍ നടന്നു മറഞ്ഞു.

പൊരുളുകള്‍ തിരഞ്ഞ്‌ ശീലമില്ലെങ്കിലും, ലങ്കപ്പന്‍ എന്ന സമസ്യ ഇടയ്ക്കിടെ ഉള്ളിലെവിടെയോ നൊമ്പരങ്ങളിലൂടെ ദൈന്യതയുടെ ചിത്രം കോറിയിട്ടു. പൊരുത്തക്കേടുകള്‍ക്കുത്തരം കണ്ടെത്തണമെന്ന തോന്നല്‍ ഉള്ളിലുറച്ചു.

പക്ഷെ പിന്നീട്‌ ലങ്കപ്പനെ കണ്ടതേയില്ല. ഊഹങ്ങള്‍ക്കും, ഉത്തരങ്ങള്‍ക്കും അതീതമായ ചിന്തയായി തന്നെ ലങ്കപ്പന്‍ അവശേഷിച്ചു. ആരെയും ദ്രോഹിക്കാത്ത പെരുമാറ്റവും, ചിരിയും കരച്ചിലും ഒന്നും തെളിയാത്ത മുഖവും എല്ലാം...

കുറെ നാളുകള്‍ക്ക്‌ ശേഷം പത്രത്തില്‍, ഏതോ അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ച വാര്‍ത്ത കണ്ടു.ശാരീരിക വിവരണങ്ങള്‍ ലങ്കപ്പനിലേയ്ക്ക്‌ വിരല്‍ ചൂണ്ടി.പക്ഷെ അവസാനത്തെ വരികള്‍ മനസിനെ പിടിച്ച്‌ നിര്‍ത്തി
'നിര്‍ത്തിയിട്ടിരുന്ന ട്രെയിനിനു നേര്‍ക്ക്‌ ആരെയോ കണ്ടിട്ടെന്ന വണ്ണം ഓടിയടുത്തപ്പോള്‍, മറു പാളത്തില്‍ കൂടി വന്ന ട്രെയിന്‍ തട്ടി ...'
ആരെ കണ്ടിട്ടാകാം അയാള്‍ ട്രെയിനിനു നേര്‍ക്ക്‌ ഓടിയടുത്തത്‌..? തിരിച്ചറിവുകള്‍ നഷ്ടപ്പെട്ട മനസിന്‌ സ്നേഹം മാത്രം തിരിച്ചറിയുവാനായോ..? വലിച്ചെറിഞ്ഞ്‌ പോയ വേണ്ടപ്പെട്ടവര്‍ ഇന്നും മനസിന്റെ വേദനയാണെന്നോ..? അവരെയാരെയെങ്കിലും മിന്നായം പോലെ കണ്ടുവെന്നോ..?
ലങ്കപ്പനെന്ന സമസ്യക്ക്‌ ഉത്തരമായോ..?
ഇല്ലെങ്കിലും അയാളെപ്പറ്റി കേട്ട കഥകളില്‍ തന്നെ വീണ്ടും ഞാന്‍ കടിച്ചു തൂങ്ങി.
പിന്നെ, ലങ്കപ്പന്‍ എന്ന, പൊരുള്‍ തിരയാനാകാഞ്ഞ ചോദ്യം മനസിന്റെ ഉള്‍ക്കോണിലെങ്ങോ അടച്ചു മൂടി...!!

Posted by Varnameghangal @ 9:36 AM
9 comments

------------------------------------------

  View Profile

Links
Malayalam Font
Malayalam Editor
Inspiring
Always Yours
Mazhanoolukal
"ടോപ്പ്‌ സൈറ്റ്‌."

Previous Posts
നോക്കുകുത്തി..!
നിഴലിനോടൊപ്പം.
മഴക്കാലമില്ലാതെ.
കൊറ്റന്‍ വളവ്‌.
കാശി.
നീയില്ലയെങ്കിലും..
ഒരു കാലവര്‍ഷ കണ്‍ഫഷന്‍..!
ലങ്കപ്പന്‍
മഴപ്പക്ഷികള്‍.
പാഞ്ചാലിപ്പാച്ചു.


Archives
October 2005
November 2005
December 2005
January 2006
February 2006
March 2006
April 2006
May 2006
June 2006
July 2006
August 2006
November 2006
February 2007
March 2007
September 2008
January 2013