Tuesday, June 27, 2006

മഴപ്പക്ഷികള്‍.
പൂമുഖവാതിലിനുമപ്പുറം പുതുമഴയുടെ പൂവിളികള്‍.. ചാവടിയില്‍ പാളിവീണ്‌, പലവഴി പിരിഞ്ഞ്‌ പോകുന്ന നീര്‍ മണി മുത്തുകള്‍. ചെറുകാറ്റില്‍ കുളിരുറയുന്ന ഉന്മാദം. വെറുതേ ശൂന്യതയില്‍ കണ്ണെറിയുമ്പോള്‍, മടങ്ങിയെത്താന്‍ മടിക്കുന്ന മിഴികള്‍ക്ക്‌ മുന്നില്‍ വര്‍ദ്ധിതവീര്യം പൂണ്ട ജലച്ചാര്‍ത്തുകളുടെ നടന വേഗം. മധ്യാഹ്ന സൂര്യന്‍ മറഞ്ഞ്‌ നില്‍ക്കുമ്പോള്‍, മത്സരിച്ച്‌ പെയ്യുന്ന മഴക്കുഞ്ഞുങ്ങള്‍ക്ക്‌ ഉന്മാദതാളം. പുതുമഴയേറ്റ്‌ കുളിര്‍ക്കുന്ന മണ്ണിന്റെ രോമാഞ്ചം മഴപ്പാട്ടിലലിഞ്ഞു ചേരുന്നു. മണ്ണ്‌ പ്രണയിച്ച്‌ തുടങ്ങുന്നു..., ഊഷരതയുടെ മടിത്തട്ടിലേയ്ക്ക്‌ കുളിരിന്‍ കിടാങ്ങളെ പ്രസവിച്ചിട്ട മഴമേഘങ്ങളെ..! ഇരുളും; വെളിച്ചവും; മഴയും കലര്‍ന്ന്‌ പരന്ന സായന്തനങ്ങളിലേയ്ക്ക്‌, കണ്ണും കരളും നിറച്ച ഗതകാല വഴിത്താരകളിലേയ്ക്ക്‌, സുഖവും;ദു:ഖവും,പ്രണയവും ഇഴപിരിഞ്ഞ ഹൃദയ താളങ്ങളോടെ കോലായിലെ നിഴല്‍ക്കാടുകള്‍ക്കിടയില്‍ ഞാനേകനാണ്‌. ഹേമന്ത രാവുകള്‍ വറ്റി വരണ്ട നാള്‍ വഴികളില്‍ നിന്റെ ഓര്‍മകള്‍ക്ക്‌ നെഞ്ചിലെ ചൂടും, കനവിലെ കുളിരും നല്‍കി വളര്‍ത്തി ഞാന്‍. എഴുതുവാനറിയില്ലായിരുന്നെനിയ്ക്ക്‌, അല്ലെങ്കില്‍ അറിയുമെന്നറിയില്ലായിരുന്നെനിയ്ക്ക്‌. വലത്‌ കാല്‍ വെച്ച്‌ നീ പടി കടന്ന നാള്‍ മുതല്‍ ഇരുളിന്റെ കാളിമ നിറഞ്ഞ എന്റെ സങ്കല്‍പ്പങ്ങളും തളിര്‍ത്ത്‌ തുടങ്ങി. എന്റെ കാമനയെ നീ അമൃതൂട്ടിയുണര്‍ത്തി, നിന്റെ ചിലങ്കയുടെ താളത്തിനൊപ്പം. നിന്റെ പാദങ്ങള്‍ക്കൊപ്പം എന്റെ വാക്കുകളുണര്‍ന്നു. വരികളെ പ്രണയം പുതപ്പിച്ചു, കണ്ണിമ വെട്ടാതെ അരികെ നീയുള്ളപ്പോള്‍ ഇരുള്‍ മാറി തെളിമ പരന്നതറിഞ്ഞു ഞാന്‍. പിച്ച നടന്ന കാലത്തെങ്ങോ, ഇനി വരില്ലെന്നോതി എന്റെ പൈതൃകത്തിനൊപ്പം പിരിഞ്ഞ്‌ പോയ ശിശിരമൊട്ടാകെ വീണ്ടും വിളിപ്പുറത്ത്‌. കണ്ണുകള്‍ തുറന്നു, കനവുകള്‍ കണ്ടു. അതിലെല്ലാം നിന്നെ നിറച്ചു. പക്ഷെ വര കീറിയവന്‍ വിധിയെന്ന വാക്കും വെറുതേ തന്നിരുന്നു. പ്രണയിച്ച്‌ മനം നിറയും മുന്‍പ്‌, നിന്നെ തിരികെയെടുത്ത്‌ അകലെ നിന്നും അവന്‍ അദൃശ്യനായി ചിരിച്ചു, ഒരിക്കല്‍ എന്നെ അനാഥനാക്കിയ അതേ ചിരി. കരഞ്ഞില്ല ഞാന്‍.. കരയില്ലെന്നുറച്ചു ഞാന്‍. നിരാശയുടെ നരച്ച നിറം പാകിയ സായന്തനങ്ങളില്‍പ്പോലും ലഹരികള്‍ തേടിയലഞ്ഞില്ല, മറിച്ച്‌, നിന്റെ കരുതലുകളേറ്റു വാങ്ങി തളിരിട്ട്‌ തഴച്ച എന്റെ ഭാവനകള്‍ക്ക്‌ കൂട്ടിരുന്നു. അവ തുളുമ്പാന്‍ വെമ്പവേ പകര്‍ന്നെടുത്തു. നീ പിരിഞ്ഞ നാള്‍ മുതല്‍, എഴുതുന്നതെല്ലാം നീ മാത്രമായിരുന്നു. എന്റെ തൂലിക നിന്റെ അദൃശ്യ സാമീപ്യമറിയുന്നുണ്ടായിരുന്നു. അതില്‍ മുഴുകി, കനവിന്റെ അങ്ങോളം ചെന്ന്‌ വാക്കുകളെ ചൂഴ്ന്നെടുക്കാന്‍ അവന്‍ ശീലിച്ചിരുന്നു. അതിന്റെ നിറവില്‍ ഞാനെന്തൊക്കെയോ എഴുതി നിറച്ചു. നഷ്ടപ്പെടലുകളുടെ വേദന, അത്‌ വരികള്‍ക്കും വാക്കുകള്‍ക്കും അപ്പുറം തിരശീലയില്ലാതെ ആടിത്തിമിര്‍ക്കുന്നതുമറിഞ്ഞു. എങ്കിലും, ആശ്വസിച്ചു, കല്‍പ്പനകളുടെ ഇടമുറിയാ പ്രവാഹത്തില്‍ നീ നിറഞ്ഞിരുന്നതിനാല്‍. പിന്നീട്‌, വര്‍ഷങ്ങള്‍ കൊഴിഞ്ഞു വീണപ്പോള്‍ വരികളില്‍ നിന്നും നീ മറഞ്ഞു നിന്നു. എങ്കിലും, മനസിന്റെ കോണില്‍ മാത്രം നിറഞ്ഞു നിന്നു. നിന്റെ ഓര്‍മ്മകള്‍ വാക്കുകളാകാതെ വന്നപ്പോള്‍ തൂലികയെ തഴഞ്ഞു, പിന്നെ നെഞ്ചോടടുക്കാന്‍ നിന്നോര്‍മ്മകള്‍ മാത്രം കരുതി വെച്ച്‌ ദിനങ്ങള്‍ വിരസമായൊഴുക്കി വിട്ടു. എപ്പൊഴോ, എവിടെയോ അച്ചടി മഷി പുരണ്ട എന്റെ സൃഷ്ടികള്‍ അധികമാരും വായിച്ചില്ല, ഒരാളൊഴികെ. ഞാനെഴുത്ത്‌ തുടരുവോളം പ്രോത്സാഹനമാകാന്‍, പിന്നെ തുടരാതെയായപ്പോള്‍ പ്രചോദനമാകാന്‍ ഒക്കെ അവളുണ്ടായിരുന്നു, ഏതോ നാട്ടില്‍ നിന്നും സ്വരമായെങ്കിലും. പേരറിയാത്ത, ഊരറിയാത്ത കൂട്ടുകാരി...! അത്‌ എന്നോ എന്നെ തനിച്ചാക്കി മറഞ്ഞ നീ തന്നെയോ..? കരളില്‍ മരവിപ്പ്‌ ചിതറാതെ കാത്ത പ്രണയിനി തന്നെയോ..? അറിയില്ല... അറിയാന്‍ ശ്രമിച്ചുമില്ല.. ഇപ്പോള്‍ വീണ്ടും വിരലുകള്‍ തുടിയ്ക്കുന്നത്‌ ഞാനറിയുന്നു. വിളികള്‍ക്ക്‌ കാതോര്‍ക്കുന്നതുമറിയുന്നു. മനസുണരുന്നതറിഞ്ഞു... മഴ നീരു വറ്റിയ മണ്ണിന്റെ തുടിപ്പ്‌ പോലെ. എന്റെ അരികിലെ കടലാസുകള്‍ക്കും അതേ അഭിനിവേശം. മഴയെ പുല്‍കാനുള്ള മണ്ണിന്റെ ആവേശം. അവയ്ക്ക്‌ ചിറക്‌ വെച്ച്‌ തുടങ്ങുന്നു, എന്റെ അരികിലേയ്ക്കാകാം, അക്ഷരങ്ങള്‍ക്ക്‌ പെയ്തിറങ്ങാന്‍ നിലവും നിലാവുമൊരുക്കി വെച്ച്‌. ഞാനെഴുതാന്‍ തുടങ്ങുന്നു.. പ്രണയവും, മൃദുല വികാരങ്ങളും പുതഞ്ഞ വാക്കുകളുടെ പെരുമഴയിലേയ്ക്ക്‌.....!

Posted by Varnameghangal @ 3:39 PM
8 comments

------------------------------------------

Monday, June 19, 2006

പാഞ്ചാലിപ്പാച്ചു.

പാസ്പോര്‍ട്ട്‌ വിളി: പാട്ടവിളയില്‍ ചുപ്രന്‍ കണാരന്‍.
നാട്ടിലെ വിളി: പാച്ചു
വയസ്‌: 35-40
സെക്സ്‌: വല്ലപ്പോഴും, മഴയുള്ളപ്പോള്‍.
നിറം: അഴകുള്ള കറുപ്പ്‌
ഹൈറ്റ്‌: ഇച്ചേച്ചി മുക്കിലെ ചുമടു താങ്ങി സമം(അതെന്താ ഇച്ചേച്ചി മുക്കിലെ ചുമടു താങ്ങി ?ആരാ ഇച്ചേച്ചി ?അവരും പാച്ചുവും തമ്മില്‍ ? ചുമടു താങ്ങിയുടെ ഹൈറ്റും പാച്ചു ഹൈറ്റും തമ്മില്‍ മാച്ച്‌ കണ്ടെത്തിയതെങ്ങനെ ? തുടങ്ങിയ ചോദ്യങ്ങള്‍ നേരിട്ട്‌ ചോദിക്കാവുന്നതാണ്‌).
വെയ്റ്റ്‌: ഉത്സവകാലത്ത്‌ 120 അല്ലാത്തപ്പോ 55.
വിദ്യാഭ്യാസം: രണ്ടാം ക്ലാസ്‌ കമ്പ്ലീറ്റ്‌ (കോഴ്സ്‌ സര്‍ട്ടിഫിക്കറ്റ്‌ മാത്രം)
തൊഴില്‍: കയ്യിലിരിപ്പിന്‌ വഴങ്ങുന്നതെന്തും.
കുടുംബം: ???.

ഇത്‌ കണാരന്‍ എന്ന പാച്ചുവിന്റെ സ്റ്റാറ്റിസ്റ്റിക്സ്‌.
പാച്ചു ഒരു വ്യക്തിയോ,പ്രസ്ഥാനമോ,സംഭവമോ ഒന്നുമല്ലായിരുന്നു, മറിച്ച്‌ സ്വവിശേഷണത്തില്‍ ഒരു നടന വിജൃംഭിതന്‍ ആയിരുന്നു.
അതിന്റെ കാരണവും അതീവ നാടകാഭിനയ ഭ്രമമുള്ള പാച്ചു തന്നെ പറയും.
'സ്റ്റേജില്‍ കയറിയാല്‍ പിന്നെ യാതൊന്നുമില്ല, ലോകവും,കാഴ്ചക്കാരും യാതൊന്നും. അഭിനയം ഒരു ഫുള്‍ ബോട്ടിലായി തലയ്ക്ക്‌ പിടിച്ചാല്‍ പിന്നെ നമ്മള്‍ വിജൃംഭിതരാവണം... എന്നാലേ മുഖത്ത്‌ കല തെളിയൂ..!
കൊറസോവ,സത്യജിത്ത്‌(സത്യജിത്ത്‌ റായ്‌ യോ ..?),മണ്ടന്‍ ബ്രാലോ(തള്ളേ മാര്‍ലണ്‍ ബ്രാന്‍ഡോ..) തുടങ്ങിയ മഹാന്മാരൊക്കെ എന്നെപ്പോലെ വിജൃംഭിതരായിരുന്നു..!'
ഈശ്വാരാ.... എന്ന്‌ വിളിച്ചോ...
പാച്ചു വായ്ക്ക്‌ എതിര്‍വാ ഇല്ല.
വേലിപ്പാക്കല്‍ ഷാപ്പില്‍ നിന്നും കലാ ചഷകം 2-3 എണ്ണം ഒറ്റ വലിയ്ക്ക്‌ മോന്തി, ഫാ...വലിപ്പിക്കല്‍ ഷാപ്പ്‌...എന്നും വിളിച്ച്‌ പറഞ്ഞ്‌, ഇടയ്ക്കിടെ ഷാപ്പിനുള്ളില്‍ തന്നെയും,ചിലപ്പോള്‍ നടു റോഡിലും പാച്ചു വിജൃംഭിതനായിക്കൊണ്ടിരുന്നു.

അങ്ങനെയിരിക്കെ നാട്ടിലെ അമ്പലത്തില്‍ ഉത്സവം വന്നു. നേരത്തെ പറഞ്ഞ പ്രകാരം പാച്ചു വെയ്റ്റ്‌ കൂട്ടാന്‍ തയ്യാറെടുത്തു.കാരണം തട്ടിക്കൂട്ട്‌ നാടക സഭയുടെ അക്കൊല്ലത്തെ നാടകത്തിലും പ്രധാന വേഷം പാച്ചു തന്നെ.
നാടകം 'പാഞ്ചാലീ ഹൃദയം'.
വേഷത്തില്‍ അതീവ ശ്രദ്ധാലുവായ പാച്ചു അടിപൊളിയായി ഒരുങ്ങി.
ഷേപ്പൊത്ത ചിരട്ട,ബ്ലൌസ്‌ എന്നിവ കൂന്താനത്ത്‌ കമലാക്ഷി വക.
രണ്ട്‌ സാരി, തിരുപ്പന്‍ എന്നിവ നാട്ടിലെ മുടിച്ചി പത്മിനി വക.
വസ്ത്രാക്ഷേപ സീനിലേക്ക്‌ ബാക്കിയുള്ള സാരികളും തടുത്ത്‌ കൂട്ടി.
പിന്നെ, പാച്ചുവിന്റെ അലര്‍ജി ലിസ്റ്റില്‍ പെട്ടതും, സ്പെഷ്യല്‍ ഒക്കേഷനുകളില്‍ മാത്രം ധരിക്കാറുള്ളതുമായ അണ്ടര്‍വെയര്‍ പുതുപുത്തനൊരെണ്ണം ഉത്സവപ്പറമ്പില്‍ നിന്ന്‌.
ദൈവമാണല്ലോ വേഷം കെട്ടിയ്ക്കുന്നത്‌.... എല്ലാം താല്‍ക്കാലിക വേഷങ്ങള്‍.
മുറുമുറുപ്പോടെ പാച്ചു ഒരുങ്ങി.
'കുപ്പത്തോട്ടില്‍ നിന്നും വന്ന ഷാജിയെത്തിരക്കി ജോര്‍ജ്ജൂട്ടി ലവിടെ നില്‍ക്കുന്നു' എന്നും മറ്റും വെച്ച്‌ കാച്ചുന്ന, മൈക്ക്‌ കണ്ടാല്‍ ചാടി വീഴുന്ന തൊഴിലില്ലാ യുവജനങ്ങളെ തള്ളി മാറ്റി പാച്ചു തന്റെ ഘനഗംഭീര ശബ്ദത്തില്‍ അനൌണ്‍സ്‌മന്റ്‌ നടത്തി.
സ്ത്രീയായാല്‍ പാഞ്ചാലിയുടെ ശുഷ്കാന്തി വേണമെന്ന്‌ കൂടി ഓര്‍മിപ്പിച്ചു.

പാഞ്ചാലീവേഷത്തില്‍ ഇറങ്ങി വന്നപ്പോള്‍ നിലയ്ക്കാത്ത കരഘോഷം.
നാടകം തുടങ്ങി... വിജൃംഭിതനായി മാറിയ പാച്ചു, പാഞ്ചാലീ വേഷത്തില്‍ അരങ്ങ്‌ തകര്‍ത്തു തുടങ്ങി.
വസ്ത്രാക്ഷേപ സീനിനു മുന്‍പ്‌ അഞ്ചു സാരികള്‍ കൂടി ഉടുത്തു. കൂട്ടിക്കെട്ടാന്‍ ഉടമസ്ഥാനുവാദമില്ലാത്തതിനാല്‍ ഒന്നിനു മേലേ ഒന്നെന്ന കണക്കിനുടുത്തു. പിന്നെ അഞ്ചു സാരിയില്‍ വലി നിര്‍ത്താന്‍, വലിക്കാന്‍ പോകുന്ന ലഹരിയിലും, വേലിപ്പാക്കല്‍ ലഹരിയിലും അര്‍മാദിച്ച്‌ തിളയ്ക്കുന്ന ചെമ്പന്‍ ദുശ്ശാസ്സനനെ ശട്ടം കെട്ടി.
സീന്‍ തുടങ്ങി..
ചെമ്പന്‍ വലിയും തുടങ്ങി..
ഒന്ന്‌.. കൃഷ്ണാ..
രണ്ട്‌ .. കൃഷ്ണാ..
അങ്ങനെ അഞ്ചാമത്തേതും വലിച്ചു.
ചെമ്പന്‍ വലി നിര്‍ത്തിയില്ല, ഏതോ ലഹരിയില്‍ തല മുകളിലേക്കുയര്‍ത്തി കണ്ണുകളുമടച്ച്‌ അടുത്ത സാരിയ്ക്കും പിടിത്തമിട്ടു.
വിളി മാറി... ചെമ്പാ...!
അതും പോയി... കൂട്ടത്തില്‍ സാരിയുടെ കൂടെ ചേര്‍ത്ത്‌ കെട്ടിയിരുന്ന ബ്ലൌസും..
പാഞ്ചാലിയുടെ ഹൃദയങ്ങള്‍ ഇടത്ത്‌, വലത്ത്‌ എന്ന ക്രമത്തില്‍ താഴെ വീണു ചിതറി...!
അതു വരെ ഭക്തി പുരസരം 'കൃഷ്ണാ ഒന്നു വേഗം വാ..' എന്ന മട്ടിലിരുന്ന തൈക്കിളവിമാര്‍ വരെ ആഞ്ഞറഞ്ഞു ചിരി തുടങ്ങി..
കെട്ട്‌ വിട്ട പാച്ചു ഒറ്റ പീസിന്റെ വള്ളി കാട്ടി ഗര്‍ജ്ജിച്ചു..
'എന്നാ ഇതൂടഴിക്കെടാ... ****മോനെ...'
ചെമ്പന്‍ വലി ലഹരിയില്‍ തന്നെ ആയിരുന്നു..
അതേ പോസില്‍, കിട്ടിയ ചരടില്‍ പിടിച്ച്‌ ഒറ്റ വലി.....
സ്റ്റേജില്‍ കയറിയാല്‍ യാതൊന്നുമില്ല എന്നുറക്കെ പ്രഖ്യാപിച്ച പാച്ചു അത്‌ അന്വര്‍ത്ഥമാക്കി...
നാടകം ശുഭം...
പാഞ്ചാലീ ഹൃദയവും, പാഞ്ചാലീ ശുഷ്കാന്തിയും കണ്ട്‌ വിജൃംഭിതരായ നാട്ടുകാര്‍ സമാധാനത്തോടെ പോയിക്കിടന്നുറങ്ങി.

പാസ്പോര്‍ട്ട്‌ പേരില്‍ മാത്രം അറിയപ്പെട്ടിരുന്ന പാച്ചു പൊടുന്നനേ ഒരു നാള്‍ അതി പ്രശസ്തനും,അതീവ ശുഷ്കാന്തിയുള്ളവനും, പിന്നെ പാച്ചുവിന്റെ തന്നെ ഭാഷയില്‍ ജഢികാസക്തിയുള്ളവനും ആയി മാറി.
ബഹുമാനപുരസരം നാട്ടുകാര്‍ പാച്ചുവിനെ പാഞ്ചാലിപ്പാച്ചു എന്നു വിളിച്ചു.

അതുകൊണ്ടും തീര്‍ന്നില്ല പാച്ചു പുരാണം.
കണാരന്‍ എന്ന പേര്‌ ക്രമേണ മണ്‍ മറഞ്ഞു പോയി. അവിടെ പാഞ്ചാലിപ്പാച്ചു പ്രതിഷ്ഠിക്കപ്പെട്ടു.
ആറ്റു നോറ്റിരുന്ന്‌ പാച്ചു പെണ്ണു കണ്ടു.
എല്ലാം വീണ്ടും വിജൃംഭിതം.
അയല്‍ നാട്ടില്‍ നിന്നും പെണ്ണ്‌ വീട്ടുകാര്‍ ഭാവി മരുമകന്റെ സ്വഭാവ ഗുണങ്ങള്‍ തിരക്കാന്‍ കവലയിലെത്തി.
ചായപ്പീടികയില്‍, 'കണാരന്‍ ആളെങ്ങനെ?' എന്നു തിരക്കി.
യാതൊരു വിവരവും കിട്ടാത്തതിനാല്‍ വീണ്ടും തിരക്കി.
'ഓ.. പാഞ്ചാലിപ്പാച്ചു...!'
എന്ന്‌ കേട്ടതും, കാരണവന്മാര്‍ പൊടിയും തട്ടി സ്ഥലം വിട്ടു.
കാരണം,
പാഞ്ചാലി അവരുടെ നാടിന്റെ രോമാഞ്ചവും, ശ്രദ്ധാകേന്ദ്രവും, ക്രൌഡ്‌ പുള്ളറും, പുഷറും, വാസവദത്തയുമൊക്കെയായിരുന്നു...!

തന്റെ കുടുംബ ജീവിത കോളത്തില്‍ ക്വസ്റ്റ്യന്‍ മാര്‍ക്ക്‌ തന്നെ എന്ന്‌ തിരിച്ചറിഞ്ഞ്‌ ജീവിതം മടുത്ത പാച്ചു അജ്ഞാതവാസത്തില്‍ ശിഷ്ട കാലം കഴിച്ചു കൂട്ടി.

Posted by Varnameghangal @ 9:46 AM
20 comments

------------------------------------------

Tuesday, June 06, 2006

അസ്തമയം കാത്ത്‌..!

ഇരുട്ടാണിവിടെ, രാവും പകലും.
മിഴികള്‍ തോറ്റുപോകുന്നു, വഴി തെളിക്കുവാനാവാതെ.
ഇവിടെ, നാലു ചുറ്റും ഇരുളിന്റെ ഭിത്തികള്‍, ചുടുകാറ്റിന്റെ ഭൂമി ഗന്ധം.
മറ്റാരുമില്ലിവിടെ, അരിച്ചിറങ്ങുന്ന മണല്‍ച്ചൂടും, ഇരുളും ഞാനുമൊഴികെ. ഭൂഗര്‍ഭ അറയുടെ അടച്ചുമൂടല്‍ ശ്വാസം മുട്ടിയ്ക്കുന്നു, വല്ലാതെ
.

അഴികള്‍ക്കപ്പുറം ലോകമുണ്ടോ..?
അറിയാനാകുന്നില്ല.
അതില്‍ എന്റെ ഉറ്റവളുണ്ടോ..?
അതും അറിയാനാകുന്നില്ല.
നിനക്കും എനിയ്ക്കുമിടയില്‍ സമുദ്രമുണ്ട്‌, മണലാരണ്യങ്ങളുണ്ട്‌, പിന്നെ തിമിര്‍ത്ത്‌ പെയ്തിറങ്ങി ഇടയ്ക്കെപ്പൊഴോ മുറിഞ്ഞു പോയ പ്രണയമഴയുടെ ബാക്കി പത്രങ്ങളും.
ഉറ്റവരെ ധിക്കരിച്ച്‌ എന്റെ നെഞ്ചില്‍ ചാഞ്ഞ്‌ പടിയിറങ്ങുമ്പോള്‍ പ്രണയസാഫല്യത്തിന്റെ കുളിരില്‍ നീ വിറച്ചിരുന്നു. എന്റെ കരുതലിലേയ്ക്ക്‌ ഒതുങ്ങിക്കൂടുമ്പോള്‍ കുഞ്ഞരി പ്രാവിനെപ്പോല്‍ കുറുകിയിരുന്നു. പിന്നെ നാം മാത്രമായ ലോകത്ത്‌ കിനാക്കള്‍ നെയ്യുമ്പോഴും ജീവിതം കരുപ്പിടിപ്പിക്കാന്‍ വെമ്പലായിരുന്നു.
എണ്ണപ്പാടങ്ങളില്‍ പൊന്ന്‌ വിളയുമെന്നോര്‍ത്ത്‌ അറബി നാട്ടില്‍ പറന്നിറങ്ങുമ്പോള്‍, അങ്ങകലെ എന്റെ സ്നേഹത്തിരകള്‍ ശേഷിപ്പിച്ച പതകളില്‍ കനവു നട്ട്‌ പൊടുന്നനേ ഒറ്റപ്പെട്ടുപോയ നീയായിരുന്നു മനം നിറയെ.
എങ്കിലും ആശ്വസിച്ചു, നാളുകള്‍ക്കുള്ളില്‍ നിന്നെയും കൂട്ടാമെന്ന്‌. നിമിഷങ്ങള്‍ കൂട്ടി വെച്ചു ഞാന്‍, എന്റെ സമ്പാദ്യങ്ങള്‍ക്കൊപ്പം. പിന്നെ, ഈന്തപ്പനകള്‍ നിറഞ്ഞ വഴിത്താരകളില്‍ വെറുതേ കണ്ണ്‌ നട്ടു... വെറുതെ..

എന്റെ കിനാവിന്റെ കണ്ണികള്‍ അടര്‍ന്നുപോയിട്ട്‌ ഇപ്പോള്‍ നാളുകളേറെയായിരിക്കുന്നു. വര്‍ഗ വിദ്വേഷത്തിന്റെ കൊടും വിഷം തുപ്പുന്ന തോക്കുകളുമായി അവര്‍ അതെല്ലാം നിര്‍ദ്ദാക്ഷിണ്യം അടിച്ചു തകര്‍ത്തു.എന്റെ സ്വാതന്ത്ര്യം അടര്‍ത്തിമാറ്റിയവര്‍ വിശുദ്ധയുദ്ധത്തെ പുകഴ്ത്തുന്നു. കറുത്ത ശീലയാല്‍ മുഖം മൂടിയവര്‍, എന്റെ സന്തോഷങ്ങള്‍ക്ക്‌ മേലേ കനത്ത കാരിക്കറുപ്പിന്റെ മൂടുപടം നിര്‍ദ്ദയം നീട്ടിയെറിഞ്ഞു.
അതിലൂടെ പ്രകാശത്തിന്റെയോ, പ്രതീക്ഷയുടെയോ കണികകള്‍ കടന്നു വരില്ലായിരുന്നു. തളര്‍ന്നുപോയി ഞാന്‍.
ഞാനിവിടെയാണ്‌...
പേരറിയാ നാടിന്റെ പ്രതലപാളികള്‍ക്കടിയില്‍..
വെളിച്ചമെത്താത്ത, വര്‍ണങ്ങളില്ലാത്ത അറയില്‍..
ജിഹാദ്‌ എന്നുറക്കെ പുലമ്പുന്ന മനുഷ്യ രൂപികള്‍ എന്റെ നാളുകള്‍ക്ക്‌ വില പറയുന്നു.
ജിഹാദിനെതിരെ ഞാനെന്തു ചെയ്തു..?
നിസ്സഹായതയില്‍, ജീവനു വേണ്ടി കേഴുമ്പോള്‍, മരിക്കാതെ മരിക്കുന്നു ഞാന്‍.
ഇവിടെ തോക്കുകള്‍ ചിരിക്കുന്നു, ക്രൂര വിനോദം പുരണ്ട പടുചിരി.
അതൊരു നാള്‍ വീണ്ടും ചിരിക്കും,..
അതുമല്ലെങ്കില്‍ വാള്‍മുനകള്‍ നാവു നീട്ടും..
എന്റെ കബന്ധം ചുടുമണല്‍ പുല്‍കും..
അറിയാമെനിയ്ക്ക്‌.

ജനമെന്തെന്നറിയാത്ത ജനനേതാക്കള്‍ക്ക്‌ അപലപിക്കാന്‍, ഞെട്ടിത്തരിക്കാന്‍ ഒരു ടെലിവിഷന്‍ വാര്‍ത്ത ..
പ്രചാര കണക്കെണ്ണുന്ന പത്ര വര്‍ഗ്ഗങ്ങള്‍ക്ക്‌, നാലു നാള്‍ തലക്കെട്ട്‌...
തച്ചും തകര്‍ന്നും പോയ റോഡിനും കലുങ്കിനും, വീരമൃത്യു പൂകിയ എന്റെ നാമം..
ദൃഷ്ടികോണില്‍ നിന്നും അകറ്റി നിര്‍ത്താനാശിച്ച ഉറ്റവര്‍ക്ക്‌, നഷ്ടപരിഹാരത്തിന്റെ തിളക്കം മറച്ച കനമുള്ള ദുഖം...
ജീവിതം തീരുവോളം പ്രണയിക്കാനാശിച്ചവള്‍ക്കോ...
വിട്ടുപിരിയാത്ത വൈധവ്യ ദുഖം..!!

ഇനിയൊരു തിരിച്ചുപോക്കില്ല.
അറവുമാടിന്റെ ദയനീയത, കഴുത്ത്‌ വെട്ടുന്നവന്‍ നോക്കാറില്ലല്ലോ..
കാത്ത്‌ കിടക്കന്നു ഞാന്‍......!!

Posted by Varnameghangal @ 12:39 PM
5 comments

------------------------------------------

  View Profile

Links
Malayalam Font
Malayalam Editor
Inspiring
Always Yours
Mazhanoolukal
"ടോപ്പ്‌ സൈറ്റ്‌."

Previous Posts
നോക്കുകുത്തി..!
നിഴലിനോടൊപ്പം.
മഴക്കാലമില്ലാതെ.
കൊറ്റന്‍ വളവ്‌.
കാശി.
നീയില്ലയെങ്കിലും..
ഒരു കാലവര്‍ഷ കണ്‍ഫഷന്‍..!
ലങ്കപ്പന്‍
മഴപ്പക്ഷികള്‍.
പാഞ്ചാലിപ്പാച്ചു.


Archives
October 2005
November 2005
December 2005
January 2006
February 2006
March 2006
April 2006
May 2006
June 2006
July 2006
August 2006
November 2006
February 2007
March 2007
September 2008
January 2013