Friday, May 19, 2006

ഒരു രക്തസാക്ഷിയുടെ ഹൃദയ വേദനകള്‍.

"സമാരാധ്യനും, സാത്വികനും സര്‍വോപരി ദിവംഗതനുമായ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അവര്‍കള്‍,....."
ആശംസാ പ്രസംഗത്തിന്‌ ഇടിച്ച്‌ കയറിയ കണ്ണപ്പനെന്ന ഡിക്ക്‌ പുലി, വേദിയില്‍ പച്ച ജീവനോടിരുന്നുറങ്ങുന്ന പ .പ്ര യെ നോക്കി പതിവു വിവരക്കേടുകളുമായി ആഞ്ഞറഞ്ഞ്‌ തുടങ്ങി.
ദിവംഗതനായ പ. പ്ര കണ്ണുരുട്ടുന്നതോ, കേള്‍ക്കാനിരിക്കുന്ന പൊതുജനക്കൂട്ടം ടിപ്പര്‍ ലോറി കാരിയര്‍ പൊക്കും പോലെ വായും പൊളിച്ച്‌ തല മുകളിലേക്കുയര്‍ത്തുന്നതോ യാതൊന്നും, വരാതിരുന്ന്‌ വെള്ളം വന്ന മുനിസിപ്പാലിറ്റി പൈപ്പ്‌ പോലെ തടയിടാനാകാത്ത വാക്കുകള്‍ പ്രവഹിപ്പിച്ച പുലി ഗൌനിച്ചില്ല.

കണ്ണപ്പകുമാരന്‌ അങ്ങനെ സ്ഥിരമായ ഒരു രാഷ്ട്രീയ സംഹിതയൊന്നുമില്ല. ഏത്‌ ചാക്കിലേക്കും സ്വയം കയറി ഇരുന്ന്‌ 'എന്നാല്‍ പോകാം' എന്ന്‌ പറഞ്ഞ്‌ കളയും, ഇഫ്‌ ചില്ലറ പ്രൊവൈഡഡ്‌. പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ ആരൊക്കെയോ ആര്‍ക്കൊക്കെയോ എന്തൊക്കെയോ കൊടുക്കുന്നുണ്ടെന്നറിഞ്ഞ്‌ ഓടിയെത്തി ഡിക്കില്‍ ചേര്‍ന്നതാണ്‌ കണ്ണപ്പന്‍. എന്താണെടാ ഈ ഡിക്ക്‌ എന്ന്‌ ആരെങ്കിലും ചോദിച്ചാല്‍ 'മുരളീധരന്റെ ഡി യും, കരുണാകരന്റെ ക യും' എന്നാണ്‌ മറുപടി. ഇനി 'മുരളീധരനെവിടെ ഡി?' എന്ന സംശയം ഉള്ളില്‍ തന്നെ ഒതുക്കിയാല്‍, അക്ഷരശുദ്ധി തൊട്ടു തീണ്ടാത്ത തെറിയഭിഷേകത്തില്‍ നിന്നും ബുദ്ധിപൂര്‍വം ഒഴിവാകാം.
അക്ഷരങ്ങളെ പണ്ടേ വെറുപ്പായതിനാല്‍ പത്ര വായന, എഴുത്ത്‌ ഇതൊന്നും കണ്ണപ്പന്‌ ആകര്‍ഷണീയമായി തോന്നിയിരുന്നില്ല. 'നല്ല തടിയുണ്ടല്ലോ വല്ല പണിയും ചെയ്ത്‌ ജീവിക്കെടാ' എന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ 'ഞാന്‍ സര്‍ക്കാര്‍ ജീവനക്കാരനാണ്‌' എന്നാകും മറുപടി. ഭരിക്കുന്ന പാര്‍ട്ടി ഏതായാലും കണ്ണപ്പന്‍ ബൈ ഡീഫാള്‍ട്ട്‌ ഇങ്ക്ലൂഡഡ്‌ എന്ന പതിവ്‌ അറിയാവുന്നവര്‍ നേരത്തെ പറഞ്ഞ അസംസ്കൃത പദാര്‍ത്ഥങ്ങളില്‍ നിന്നും വീണ്ടും വെട്ടിയൊഴിഞ്ഞുകൊണ്ടിരുന്നു.
ഇങ്ങനൊക്കെയാണേലും പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക്‌ വേണ്ടി മരിക്കും കണ്ണപ്പന്‍.
അങ്ങനെ ഒരിക്കല്‍ അന്നത്തെ പിടിവള്ളിയായ ഇടതു പക്ഷത്തിന്‌ വേണ്ടി മരിച്ചതിന്റെ പേരില്‍ കണ്ണപ്പന്‌ ശവപ്പന്‍ എന്നൊരു പേരും കൂടി വീണു. കണ്ണൂരില്‍ പാര്‍ട്ടി വളരുന്നുണ്ടോ എന്നറിയാന്‍ തെക്കു നിന്നും ഓടിപ്പിടച്ച്‌ വന്ന കണ്ണപ്പന്‍, ദുരിതാശ്വാസം കിട്ടാത്ത അഭയാര്‍ത്ഥികളെപ്പോലെ പേരിനെങ്കിലും ഒരു രക്തസാക്ഷിക്കായി വരണ്ടുണങ്ങി കാത്തിരിക്കുന്ന സഖാക്കളെ കണ്ടു.
ചോര തിളച്ച കണ്ണപ്പന്‍ തല്‍ക്കാലം രക്തസാക്ഷിയായി അഭിനയിക്കാമെന്നേറ്റു. പാര്‍ട്ടി പതാക പുതപ്പിച്ച അഭിനയ കലയിലെ ഭരത്‌ ശവം കണ്ണടച്ച്‌ കിടന്നു. സംഭവം മണത്തറിഞ്ഞ എതിര്‍ കക്ഷികള്‍ ദുഖ ബാന്‍ഡ്‌ മേളത്തോടു കൂടി, ടൌണ്‍ പ്രദക്ഷിണം നടത്തി പട്ടടയില്‍ കൊണ്ട്‌ വെച്ച്‌ തീകൊടുത്തെന്നും, മൂട്ടില്‍ തീ പിടിച്ച രക്തസാക്ഷി അനേകം ജനങ്ങളെ സാക്ഷികളാക്കി ഉരുണ്ട്‌ പിരണ്ടെണീറ്റോടിയെന്നും, കലി പൂണ്ട പൊതുജനം പെറുക്കിയെറിഞ്ഞ കല്ലുകളില്‍ ഒന്ന്‌ കൊണ്ട്‌ മുറിഞ്ഞ്‌ പോയതാണ്‌ വലത്തെ ചെവിയുടെ ഒരംശം എന്നും, അതില്‍ പിന്നെ സ്വദേശ പ്രവര്‍ത്തനങ്ങളില്‍ മാത്രം ഒതിങ്ങിക്കൂടിയെന്നും ഒക്കെ കേട്ടറിയുന്നു. തഴക്കം വന്ന പൊളിട്രിക്സ്‌ പ്രവര്‍ത്തകനെപ്പോലെ തല വെട്ടിച്ച്‌ പുലി പറയും 'എല്ലാം വളച്ചൊടിക്കപ്പെട്ട വസ്തു വകകള്‍'. വസ്തുതകള്‍ എന്നായിരിക്കാം ഉദ്ദേശിച്ചത്‌, ഉല്‍പ്രേക്ഷ അലങ്കാരം മനസിലുറപ്പിച്ച്‌ കേള്‍വിക്കാര്‍ പിന്‍ വാങ്ങും.

അങ്ങനെ ശവപ്പന്‍ കത്തിക്കത്തി കയറുകയാണ്‌. മുന്നിലിരിക്കുന്ന ശ്രോതാക്കളെ ഉമിനീരില്‍ അഭിഷേകം ചെയ്ത്‌, സകലമാന എതിരാളികളെയും വാക്കുകളുടെ അമേദ്യം വാരിയെറിഞ്ഞ്‌ നിര്‍ദ്ദാക്ഷിണ്യം അരിഞ്ഞ്‌ തള്ളി. ഡിക്ക്‌ സ്ഥാനാര്‍ഥിയുടെ പ്രചരണാര്‍ത്ഥം കൂടിയ പൊതു യോഗത്തില്‍ ഇടത്‌ പക്ഷത്തെ വാനോളം പുകഴ്ത്തി പ്രസ്തുത പുലി. പിന്നെ, കൂട്ടുകുടുംബത്തില്‍ നിന്നും രണ്ടര സെന്റും കൊടുത്ത്‌ പുറത്തെറിയപ്പെട്ട പെങ്ങളുടെയും ഭര്‍ത്താവിന്റെയും വീറുറ്റ പായാരങ്ങള്‍ പോലെ കോണ്‍ഗ്രസ്സെന്ന കരിംകാലിയെ കണ്ണടച്ച്‌ തെറിയഭിഷേകം നടത്തി. ടിപ്പര്‍ ലോറിയുടെ കാരിയറുകള്‍ വീണ്ടും പൊങ്ങുന്നതും, പലരും ചാടിയെഴുന്നേല്‍ക്കുന്നതും കണ്ണപ്പന്‍ കണ്ടില്ല. ലക്ഷ്യമാണ്‌ പ്രധാനം, മാര്‍ഗ്ഗമല്ല. ദിവംഗതനായ പ. പ്ര ചാടി വന്ന്‌ വായ്‌ പൊത്താന്‍ ശ്രമിച്ചിട്ടും വീറോടെ 'ഇല്ല എനിക്ക്‌ പറയണം... ഞാന്‍ പറയും' എന്ന മട്ടില്‍ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകര്‍ കഴുതകളാണെന്ന്‌ വരെ വെച്ചടിച്ചു. ചാടിയെഴുന്നേറ്റ്‌ ബഹളം വെയ്ക്കുന്ന പ്രവര്‍ത്തകര്‍ ആഹ്ലാദപൂരിതര്‍ എന്നും, ഓടിയടുത്തവര്‍ ആരാധനയില്‍ തന്നെ എടുത്തുയര്‍ത്തുന്നവര്‍ എന്നും ധരിച്ച പുലി അഭിഷേകം അനസ്യൂതം തുടര്‍ന്നു.
അതുവരെ, വനിതാ ബീച്ച്‌ വോളിബോളിലെ ബോളെന്ന പോലെ വല്ലപ്പോഴും മാത്രം ശ്രദ്ധ കിട്ടിയിരുന്ന കണ്ണപ്പന്‍ പൊടുന്നനെ അതേ ബോള്‍ പോലെ പൊങ്ങിയും താണും എല്ലാവരുടെയും ശ്രധയാകര്‍ഷിച്ചു...

പിന്നെ കാറ്റു പോയ ബോള്‍ കണക്കെ സര്‍ക്കാരാശുപത്രിയില്‍ ഇരുമ്പു കട്ടിലില്‍ പ്രതിഷ്ഠിക്കപ്പെട്ട കണ്ണപ്പന്‍, രാവിലെ പത്രം വായിക്കാത്തതിന്റെ വൈഷമ്യത്താലും,'ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങളും സഹായിക്കും' എന്ന മുരളീ വചനത്തിന്റെ ഉള്‍ പൊരുളുകളാലും, പുലി വേഷം അഴിച്ച്‌ വെച്ച്‌ പറഞ്ഞു
'എല്ലാം അച്ഛന്റെയും മോന്റെയും ലീലാവിഭൂഷിതങ്ങള്‍..'.
ലീലാവിഭൂഷിതങ്ങളിലെ ഉല്‍പ്രേക്ഷയെ വീണ്ടും കണ്ടറിഞ്ഞ്‌, നാഴികയ്ക്ക്‌ നാല്‍പത്‌ വെട്ടം അഭിപ്രായം മാറ്റുന്ന വന്ദ്യ വയോധികനും മകനും മനസില്‍ നൂറ്‌ നന്ദിയും പറഞ്ഞ്‌ പാവം നാട്ടാര്‍ പൊടിയും തട്ടി സ്ഥലം വിട്ടു.
കണ്ണപ്പനോ... വീണ്ടും രക്തസാക്ഷി...!!

Posted by Varnameghangal @ 11:55 AM
9 comments

------------------------------------------

Tuesday, May 09, 2006

പ്രണയനാളുകള്‍ക്കപ്പുറം...!

ചക്രവാളം ശാന്തമായിരുന്നു.
കടലിന്റെ കാണാത്ത ചുഴികളില്‍ താണു പോകുന്ന പകലോന്റെ കണ്‍കളില്‍ പിന്‍ വിളികള്‍ തേടുന്ന ദൈന്യ ഭാവം.
കിളികള്‍ പറന്നിരുന്നില്ല, കൂടണയാന്‍ തിരക്കിട്ടുമില്ല.
പകലിന്റെ മറവു മൂലകളില്‍ എങ്ങു നിന്നോ മൃദുല വിഷാദം പുരണ്ട ചെറു കാറ്റിറങ്ങി വന്നു. മുടിയിഴകളില്‍ തൊട്ട്‌, ആര്‍ദ്രതകള്‍ തേടിപ്പിടിച്ച്‌, മനസിലേക്കിറങ്ങി നിന്നു.
എന്റെ കനവിന്റെ കൂട്ടില്‍ ഓര്‍മകള്‍ തിക്കി തിരക്കി, ചിറകടിയൊച്ചയില്‍ ഉള്ളുണര്‍ന്നു പോയി. ഏതോ തലങ്ങളില്‍ വിരി വെച്ചുറങ്ങുന്ന പ്രണയവും; നോവും, മിഴികളില്‍ നനവിന്റെ വര കോറിയിട്ടു. നനവു പാളികള്‍ക്ക്‌ പിന്നില്‍ അവ്യക്ത മിഴികള്‍ നിന്നെ തേടുന്നതും, നിരാശയില്‍ ഉള്‍വലിഞ്ഞുരുകുന്നതും ഞാനറിഞ്ഞു. ഇവിടെ, സായന്തനമറിയുന്നവര്‍ക്കായിട്ട ബഞ്ചുകളിലൊന്നില്‍ ഇരിക്കുമ്പോള്‍, കണ്ണുകള്‍ പിടഞ്ഞു കൊണ്ടിരുന്നു, പ്രതീക്ഷകളുടെ നേര്‍ത്ത പടലങ്ങളില്‍ മുറുകെപ്പിടിച്ച്‌..!

അപക്വമായ കലാലയ നാളുകള്‍ പ്രണയം പൊതിഞ്ഞ്‌ സമ്മാനിച്ചതായിരുന്നു നിന്നെ. ചുറ്റും ആരാധനയില്‍ വിടര്‍ന്ന കണ്ണുകളേറെയായിരുന്നു. അതുകൊണ്ട്‌ തന്നെ നിന്നെ കണ്ടില്ലെന്നു നടിച്ചു. പക്ഷെ, എപ്പോഴോ അറിയാതെയെങ്കിലും കൈ നീട്ടി ഞാന്‍. തീവ്രമല്ലെങ്കിലും, പ്രണയിച്ചു തുടങ്ങി നാം. അനേകം കമിതാക്കള്‍ക്കിടയില്‍ നമ്മളും പിച്ച വെച്ചു, പിന്നെ പിണങ്ങിയും ഇണങ്ങിയും നാളുകള്‍ പ്രണയിച്ചു തീര്‍ത്തു.
പുതുമകളുടെ ലോകത്തില്‍ കണ്‍ മിഴിച്ചു പോയ ഞാന്‍ പുതു നാമ്പുകള്‍ തേടുമ്പോള്‍ നിന്റെ നിറ മിഴികള്‍ കണ്ടില്ലെന്നു നടിച്ചു. പക്ഷെ നിന്റെ പ്രണയം അചഞ്ചലമെന്നറിഞ്ഞപ്പോള്‍ വൈകിപ്പോയിരുന്നു.പലവുരു തട്ടിയെറിഞ്ഞ്‌, വീണ്ടും പെറുക്കിയെടുത്ത മണ്‍ പാളികള്‍ക്ക്‌ രൂപം നഷ്ടമായിരുന്നു. വീണ്ടും കൂട്ടിയിണക്കാന്‍ കഴിഞ്ഞില്ല. ഇരുവരും വേണമെന്നു കരുതിയിട്ടു കൂടി, സാഹചര്യങ്ങള്‍ അതിനനുവദിച്ചുമില്ല.

അന്നും ചക്രവാളം ശാന്തമായിരുന്നു...!
കിളിക്കൂടും;കിളിക്കൂട്ടും നഷ്ടപ്പെട്ട തണല്‍ മരങ്ങള്‍ നിഴല്‍ നീട്ടി വിരിച്ച പാതയില്‍, എന്റെ കരളിന്റെ കനവുകള്‍ പറിച്ചെടുത്ത്‌, 'ഇനി കാണില്ല' യെന്ന്‌ പറഞ്ഞ്‌, എന്റെ മിഴികള്‍ക്കും എത്തിപ്പിടിക്കാനാകാത്ത ദൂരത്തേക്ക്‌ നീ നടന്നു മറഞ്ഞു..!
ഞാനോ, വൈകിയെങ്കിലും പ്രണയിച്ച്‌ തുടങ്ങിയപ്പോഴേയ്ക്കും, ഹൃദയം പറിച്ചെറിയപ്പെട്ട ഉള്‍ നോവ്‌ താങ്ങി നിശ്ചലം നിന്നു. നഷ്ടബോധത്തിന്റെ കാരമുള്ളാല്‍ ഹൃദയം മുറിഞ്ഞു. പിന്നെ, വിതച്ചവന്‍ കൊയ്യുമെന്ന ചൊല്ല്‌ നിനച്ച്‌, കണ്ണില്‍ കലക്കവും; കരളില്‍ കദനവും നിറച്ച്‌ യാത്ര തുടര്‍ന്നു.
ദേശാന്തരങ്ങള്‍ തേടുമ്പോള്‍, നിന്റെ ഓര്‍മകള്‍ കടന്നെത്താതിരിക്കട്ടെ എന്നാശിച്ചു. പക്ഷെ ഓര്‍ക്കുവാനേ കഴിഞ്ഞുള്ളൂ, എന്നും എപ്പൊഴും...!

അനേക നാളത്തെ അജ്ഞാത വാസത്തിന്‌ ഇടവേളയിട്ട്‌, ഇന്ന്‌ ഞാന്‍ മടങ്ങിയെത്തി.
ഇവിടെ, ഈ വിളുമ്പില്‍ ഏകയായ്‌ നീ പലപ്പൊഴുമുണ്ടായിരുന്നെന്ന് പഴയ സഹപാഠിയില്‍ നിന്നറിഞ്ഞു.
ഒരു വേളയെങ്കിലും കാണാന്‍ കൊതിച്ചു.
ഇനി, പകലറുതികള്‍ വീണുറയുവോളം, പകലോന്‍ ചിരിച്ചു കൊണ്ടെത്തുവോളം..
ഇവിടെ ഞാനുമുണ്ടാകും ...
എവിടെയോ, എന്നോ കൈ വിട്ടു പോയ എന്റെ മുത്ത്‌ തേടി, കണ്ണില്‍; കെടാത്ത പ്രതീക്ഷയുടെ കൂടു കൂട്ടി...!!

(സമര്‍പ്പണം: ചുടു ഞരമ്പുകളില്‍ തീഷ്ണ യൌവ്വനം ചുര മാന്തുമ്പോള്‍, നേരമ്പോക്കിന്റെ നിറവില്‍ ബന്ധങ്ങളുടെ ആഴവും പരപ്പും അറിയാതെ പോയവര്‍ക്ക്‌..!)

Posted by Varnameghangal @ 11:39 AM
15 comments

------------------------------------------

  View Profile

Links
Malayalam Font
Malayalam Editor
Inspiring
Always Yours
Mazhanoolukal
"ടോപ്പ്‌ സൈറ്റ്‌."

Previous Posts
നോക്കുകുത്തി..!
നിഴലിനോടൊപ്പം.
മഴക്കാലമില്ലാതെ.
കൊറ്റന്‍ വളവ്‌.
കാശി.
നീയില്ലയെങ്കിലും..
ഒരു കാലവര്‍ഷ കണ്‍ഫഷന്‍..!
ലങ്കപ്പന്‍
മഴപ്പക്ഷികള്‍.
പാഞ്ചാലിപ്പാച്ചു.


Archives
October 2005
November 2005
December 2005
January 2006
February 2006
March 2006
April 2006
May 2006
June 2006
July 2006
August 2006
November 2006
February 2007
March 2007
September 2008
January 2013