Friday, March 31, 2006

വേഷങ്ങളഴിക്കാതെ.

നാട്യങ്ങളേറെ തിമിർക്കുന്ന നഗരത്തിരക്കിനും മേൽ തലയുയർത്തി നിൽക്കുന്ന നക്ഷത്ര ഹോട്ടലിന്റെ അത്യാഢംബര സ്യൂട്ടിൽ ഞാനിപ്പോൾ ഏകൻ.

അനസ്യൂതം ജയ്‌ വിളിച്ചും ഹാരമണിയിച്ചും പൃഷ്ഠമുറപ്പിക്കാനിടം കൊതിച്ചെത്തിയവർ, ഒത്തുതീർപ്പും കുതികാൽ വെട്ടും കുളം കലക്കും കുശുമ്പും കുന്നായ്മയുമായെത്തിയ രാഷ്ട്രീയ സഹചാരികൾ, മുഖദാവിലെത്താൻ ഊഴം കാത്ത്‌ പകലിനെയും കണ്ണടച്ചിരുട്ടാക്കാൻ പ്രലോഭനങ്ങൾ കുത്തിനിറച്ച ഭാണ്ഡങ്ങളേന്തി പതുങ്ങിയെത്തിയ രാത്രിഞ്ചരന്മാർ, അധികാര മേലാൾപ്പടയെ നാവും ചലനങ്ങളും ബന്ധിച്ച്‌ കാൽക്കീഴിലാക്കാൻ സൂത്രവാക്യങ്ങളുറപ്പിച്ച ഉപജാപ സംഘങ്ങൾ, അന്തരാത്മാവിന്റെ ആഴങ്ങളോളമെത്തി വേരുറപ്പിക്കാൻ കെൽപുള്ള വിദേശമദ്യ ചഷകങ്ങൾ, ജനങ്ങളെ കുപ്പിയിലിറക്കി കുതിരപ്പവൻ നേടാൻ; മടിയേതുമില്ലാതെ മടിക്കുത്തഴിച്ചിട്ട്‌ കൊതിയുള്ള പദവിപ്പേരുകൾ കാതുകളിൽ സീൽക്കാരമായ്‌ ചൊരിഞ്ഞിട്ട നവയുഗ രാഷ്ട്രീയ സിംഹിണികൾ.. ആരുമില്ല ഇപ്പോൾ.അരങ്ങൊഴിഞ്ഞപ്പോൾ സൂത്രധാരൻ ഏകൻ.

ഉറങ്ങുവാനാകുന്നില്ല ..
നാളെ പുലരുമ്പോൾ വീണ്ടും തുടങ്ങേണ്ടുന്ന മുഖം മൂടി നാടകമല്ല ഉള്ളിൽ, നേടുവാനൊട്ടൊന്നുമിനിയില്ലാത്ത പദവികളുമല്ല മനസിൽ.പകലന്തിയോളം പരിദേവനങ്ങൾക്കു മുന്നിൽ തുറക്കാതെ, ഇവിടെ ഇരുട്ടിൽ മാത്രം തുറന്നിട്ട കാതുകളിൽ മറ്റെന്തോ മുഴങ്ങുന്നു...
അറിയുന്നു ഞാൻ...!

അങ്ങ്‌ താഴെ,അടിത്തറകൾക്കും അടിയിൽ കുഞ്ഞു രോദനം മുഴങ്ങുന്നു,
അനേക വർഷങ്ങൾക്ക്‌ മുൻപ്‌ നഗരരാവിന്റെ പിറകിൽ നാറ്റം വമിക്കുന്ന ഓടയ്ക്ക്‌ ചേർന്ന്‌ നിരയൊത്ത തകരപ്പാളികളിലൊന്നിനുള്ളിൽ വാവിട്ട്‌ കരഞ്ഞ്‌ പിറന്നു വീണ ഞാനെന്ന അഴുക്കുചാൽ കുമിളയുടെ രൂപത്തിൽ നിന്നുമാകാം.
ഒരു കുഞ്ഞു കരിമ്പൂച്ചക്കുട്ടിയുടെ രൂപമായിരുന്നത്രേ എനിയ്ക്കന്ന്‌.
മുൻസിപ്പാലിറ്റി തൊഴിലാളിയായി ജീവിതാവസാനം വരെ അഴുക്കുകൾ വാരി അതേ അഴുക്കുകളുടെ വിഷഫണങ്ങളാൽ കാൻസർ ബാധിതനായി മരിച്ചു പോയ അച്ഛന്‌ ശേഷം, അതേ പണിയ്ക്കിറങ്ങി ഞാനൊരു കരയെത്തും മുൻപേ പൊലിഞ്ഞു പോയ അമ്മ പറഞ്ഞറിയാം.

പിന്നീട്‌, രക്ഷാധികാരിയായ അമ്മാവന്റെ ശിക്ഷണത്തിൽ വേലിക്കെട്ടുകൾ എന്നെ വല്ലാതെ അലോസരപ്പെടുത്തി. നിയന്ത്രണങ്ങളില്ലാത്ത ലോകമായിരുന്നെനിയ്ക്കിഷ്ടം.അക്ഷരങ്ങളെ അന്നും വേറുപ്പായിരുന്നെനിയ്ക്ക്‌.സ്കൂളിൽ കയറാതെ വഴിവക്കിൽ പതുങ്ങിയിരുന്ന്‌, പഠിയ്ക്കാനും സുഖിയ്ക്കാനും ജനിച്ച സമ്പന്ന പുത്രന്മാരെ കരിങ്കല്ല് കാട്ടി ഭീഷണിപ്പെടുത്തി അനാമത്ത്‌ ചിലവുകൾക്കുള്ള ചില്ലറകളൊപ്പിക്കുമ്പോൾ, നിനയാത്ത നേരത്ത്‌ എവിടെ നിന്നോ ചാടി വീണ്‌ രക്തം നുണഞ്ഞ്‌ തിരികെയോടുന്ന കടിയൻ നായയുടെ രൂപമായിരുന്നത്രേ എനിയ്ക്ക്‌.

കലാലയ ജീവിതത്തിന്റെ കരകാട്ടങ്ങൾ എന്നെ ആകർഷിച്ചിരുന്നില്ല.എന്റെ വളർച്ചയുടെ വർഷങ്ങൾ അതിനുള്ളിൽ തളച്ചിടാൻ ആശയൊട്ടുമില്ലായിരുന്നു.എങ്കിലും അതിനുള്ളിലെ രസമുകുളങ്ങൾ ഞാനിടയ്ക്കിടെ ആസ്വദിച്ചിരുന്നു. നാളുകളുടെ ഇടവേളയിട്ട്‌ ഞാൻ മതിൽ ചാടിയെത്തിയാൽ ക്യാമ്പസിൽ പൂക്കൾ വിരിയുമായിരുന്നു, പല ആകൃതികളിൽ പടർന്ന്‌ വീഴുന്ന രക്തവർണപ്പൂക്കൾ..!
പലപ്പോഴായി ചിന്നം വിളിച്ച്‌ കടന്നെത്തി, ശാന്ത ജീവിതം നിർദാക്ഷിണ്യം ചവുട്ടി മെതിച്ച്‌ താറുമാറാക്കുന്ന ഒറ്റയാന്റെ രൂപമായിരുന്നു എനിയ്ക്കന്ന്‌.

കുടുംബ ബന്ധങ്ങളുടെ മതിലകങ്ങൾക്കുള്ളിൽ നിന്നും പുറത്തെറിയപ്പെട്ട എനിയ്ക്ക്‌ അരവയർ നിറയ്ക്കാൻ മാർഗങ്ങളില്ലാതെയായി. എന്റെ ശരീരവും അദ്ധ്വാനവും മറ്റൊരുവന്‌ തീറെഴുതാൻ താൽപര്യമില്ലായിരുന്നു. സ്വയം എളുപ്പ വഴികൾ കണ്ടെത്തി.... കയ്യൂക്കിന്റെയും,കൊള്ളയുടെയും വഴികൾ.
പിന്നെയെപ്പോഴോ ലഹരിയും;വഴി വിട്ട നേരമ്പോക്കുകളും ഇടവേളയിട്ട യാമങ്ങളിൽ, ഇതൊന്നും നിത്യവൃത്തിക്കായ്‌ ശാശ്വത മാർഗങ്ങളല്ലെന്നു കണ്ട സായന്തനങ്ങളിൽ എന്റെ ജീവിതം ജനസേവനമെന്നറിഞ്ഞു.കൂട്ടിപ്പറഞ്ഞും, കൂട്ടിക്കൊടുത്തും,കുളിപ്പിച്ചെടുത്തും, കള്ളന്‌ കഞ്ഞി വെച്ചും, പുറം തടവിക്കൊടുത്തും, മുന്തിയ വീട്ടമ്മമാരുടെ വിടു പണി ചെയ്തും, മേലാളന്മാർ ചവച്ചു തുപ്പിയ അവശിഷ്ടങ്ങൾ പെറുക്കിയെടുത്ത്‌ സ്ഥാനമാനങ്ങൾ നേടിയ കാലത്ത്‌ കഴുതപ്പുലിയുടെ രൂപമായിരുന്നത്രേ എനിയ്ക്ക്‌..!

പിന്നീട്‌ അവരൊക്കെ വരച്ചിട്ട വഴികളിലൂടെ വല്ലപ്പൊഴും നടന്നും,ഇടയ്ക്കിടെ സ്വയം വെട്ടിത്തെളിച്ചും കടന്നു കയറി അക്ഷൌഹിണികൾക്കും നാഥനായി ഞാൻ. ഇടവിട്ട്‌ മാറിമറിയുന്ന എന്റെ പാഴ്‌ വാക്കുകൾ നെഞ്ചേറ്റി ജയ്‌ വിളിക്കാൻ ചാവേറുകളനവധി...
അമരക്കാരന്റെ കയ്യിലെ ഇടം വലം മറിയുന്ന വൻ തുഴ എത്രയാഴങ്ങളിലെത്തുമെന്നവർക്കറിയില്ലല്ലോ.
എന്റെ വാക്കുകളിൽ, ആഹ്വാനങ്ങളിൽ അവർ ജ്വലിച്ചു, കർമ നിരതരായി. രാഷ്ട്രീയമറിയാത്ത കുഞ്ഞു കിടാങ്ങൾ സമര മുഖങ്ങളിൽ എങ്ങുമെത്താതെ പൊലിഞ്ഞു പോയി. രക്തസാക്ഷികൾ പിറന്നുകൊണ്ടേയിരുന്നു, ഞാനടക്കമുള്ളവർക്ക്‌ ഉന്നതിയിലേക്കുള്ള ചവിട്ടുപടികളായി.
അന്നും ഇന്നും എനിയ്ക്ക്‌ രുധിരം നുണഞ്ഞിറക്കുന്ന സൂത്രശാലിയായ കുറുക്കന്റെ ഭാവഹാവാദികൾ...
കയ്യിൽ കരിങ്കല്ലും,കത്തിയും
ആയുധമല്ല ... മറിച്ച്‌ ഇന്നത്തെ എതിരാളിയെ, കൂട്ടാളിയാക്കാനുതകുന്ന, തെളിവുകളെന്ന മാരകായുധങ്ങൾ.. അത്‌ ഞാൻ നേരവും കാലവും നോക്കി പ്രയോഗിക്കുന്നു...
ആയുധം മാറിയാലും, ആളുകൾ മാറിയാലും, അക്ഷൌഹിണികൾ മാറിയാലും എന്റെ പോരിനെന്നും ഒരേ രീതി, ഒരേ ആവേഗം.

ഇനിയുറങ്ങാൻ നേരമില്ല. നേരം വെളുക്കുന്നു. ഇന്നിന്റെ സ്ഥിതിവിവരങ്ങൾക്കനുസൃതം എന്റെ ഇന്നത്തെ കാൽ വെയ്പ്പ്‌.
കോലം തുള്ളാൻ എന്റെ അക്ഷൌഹിണികളും......!!

Posted by Varnameghangal @ 2:44 PM
9 comments

------------------------------------------

Thursday, March 23, 2006

സിന്ധി മത്തായി..!

ന്റുപ്പുപ്പാക്കൊരു സിന്ധിയുണ്ടാർന്നു....!
എന്ന്‌ പറഞ്ഞ്‌ തുടങ്ങാൻ മത്തായിയ്ക്ക്‌ അഥവാ സിന്ധി മത്തായിക്ക്‌ കോണ്ടെക്സ്റ്റുകൾ ആവശ്യമില്ലായിരുന്നു.
പരമ്പരാഗത പശു എണേബിൾഡ്‌ സർവീസ്‌ തൊഴിലാളികളായിരുന്നു മത്തായി കുലം.അതിന്റെ ശേഷിപ്പായി കിട്ടിയ ഒരു സിന്ധിയടക്കം അഞ്ചെട്ടെണ്ണത്തിനെ മത്തായി സ്വന്തം കെട്ടിയോൾ നാട്ടാരുടെ ശ്രീവിദ്യയായ സാറാമ്മയെ (സാറാമ്മയുടെ പിൻ ബലമാണത്രെ മത്തായിയുടെ വിജയം..!)നോക്കുന്നതിനേക്കാൾ(നാട്ടിലെ നയനാനന്ദ പുളകിതന്മാർ പ്രായഭേദമന്യേ അതിലും വൃത്തിയായി നോക്കുമായിരുന്നു എന്നും കേൾവി) വൃത്തിയായി പരിപാലിച്ചിരിന്നു.
ഭൂലോകത്തിലെ കണ്ട കുടച്ചാണി ജന്തുക്കളിൽ വെച്ച്‌ ശ്രേഷ്ഠയും,ഉന്നത കുല ജാതയും തന്റെ സിന്ധിയാണെന്ന്‌ മത്തായി ഇടയ്ക്കിടെ അലാറം വെച്ച്‌ ഓർക്കുകയും അത്‌ കണ്ണിൽ കാണുന്നവരെയൊക്കെ അറിയുക്കുകയും ചെയ്തിരുന്നു. ദിവസം ഇരുപത്തിനാല്‌ ലിറ്റർ പാൽ ചുരത്തുന്ന സിന്ധിയുടെ സിദ്ധിയെപ്പറ്റി മത്തായിക്ക്‌ സംശയം ലവലേശമില്ലായിരുന്നു.അതിൽ വെള്ളം ചേർക്കാതെ, അത്‌ വെള്ളത്തിലേക്ക്‌ ചേർത്ത്‌ മുപ്പത്തി നാലും നാൽപ്പത്തി നാലും ഒക്കെയാക്കി വിൽക്കുകയായിരുന്നു മത്തായിയുടെ സ്വയം തൊഴിൽ, അത്‌ വാങ്ങി ഉപയോഗിക്കുന്നവന്‌ സ്വയം തൊഴിയും...!
അക്കാലത്ത്‌ മറ്റെങ്ങും പാൽ കിട്ടാനില്ലാഞ്ഞതിനാൽ മത്തായിയുടെ സിദ്ധിയും,സിന്ധിയുടെ സിദ്ധിയും കൂടിച്ചേർന്നുള്ള ശുഭ്ര വർണ ദ്രവം ഗ്ലാസ്സ്‌ കണക്കിന്‌ കോരിയൊഴിച്ച്‌ നാട്ടാർ ചായയിലും,പാലിലും ചാടി നീന്തിത്തുടിച്ചു.
മത്തായിപ്പാൽ കിട്ടിയാലുടനെ ചായക്കടക്കാരൻ കേശവൻ നാനാവിധ എച്ചിലുകളാൽ ചിത്രവർണ രൂപിയായ തന്റെ വലത്‌ ചൂണ്ടു വിരൽ കടയോളം മുക്കി നിവർത്തി വൃഥാ നോക്കി ആണ്ടവനോട്‌ പറയുമായിരുന്നു
'പാല്‌ കാട്ടിത്തരണേ കൃഷ്ണാ.....!'

പൊതുജനത്തെ മലവെള്ളപ്പാലിൽ മുക്കിയെടുത്ത കാശെണ്ണിയടുക്കുമ്പോൾ മത്തായി ഇടതടവില്ലാതെ പറയും
'ഈശ്വരൻ സിന്ധിയുടെ രൂപത്തിലാ...!'
ഈ സ്റ്റേറ്റ്‌ മെന്റിൽ മുളച്ചതും കിളിച്ചതും കണ്ടെത്തിയ കലുങ്ക്‌ മേൽ കാമുകന്മാർ, പാലുമായി സാറാമ്മയെ കാണാത്തതിന്റെ നിരാശയിലും,ഇടം വലം നോക്കാതെ കലുങ്കെത്തുമ്പോൾ കാർക്കിച്ച്‌ തുപ്പി പാലുമായി കടയിലേക്ക്‌ പോകുന്ന മത്തായിയെ കണ്ണിൽ പിടിക്കാത്തതിന്റെ വീർപ്പുമുട്ടലാലും ഇപ്രകാരം കമന്റുമായിരുന്നു
'ഈശ്വരൻ നിന്റെ മുന്നിൽ സിന്ധിയായി തെളിയുമ്പോൾ അതിന്റെ നേരെ കാർക്കിച്ച്‌ തുപ്പരുതു മത്തായീ....'
മത്തായി കേട്ട ഭാവമില്ലാതെ ഒറ്റ വരയിലൂടെ മുന്നോട്ട്‌ ഗമിക്കും, നോട്ടം തെറ്റി തുള്ളി പാലെങ്ങാൻ നിലത്ത്‌ വീണാൽ... അത്‌ കോമ്പൻസേറ്റ്‌ ചെയ്യാൻ അടുത്തെങ്ങും വേറെ വെള്ളം കിട്ടില്ലല്ലോ...!

പശുക്കളിൽ സിന്ധിയെ മാത്രം മത്തായി എന്നും കുളിപ്പിക്കുമായിരുന്നു, അതും പഞ്ചായത്ത്‌ കുളം തീറെഴുതിയെടുക്കാറുള്ള ഒറ്റക്കൊമ്പൻ മണിയനോടും അവന്റെ പാപ്പാൻ കുടിയനെന്ന അപരനാമത്തിലുള്ള ശങ്കരനോടും മത്സരിച്ച്‌ ജയിച്ച്‌...!ശങ്കരൻ ലോകത്തിൽ ഒരേ ഒരു ദ്രാവകം മാത്രമേ കുടിക്കാത്തതായുള്ളൂ... മത്തായിയുടെ സംസ്കരണ ശാലയിലെ സിന്ധിപ്പാൽ...!!
മത്തായി അതിന്റെ ഈർഷ്യ കുട്ടകത്തിൽ വീണ ചക്ക പോൽ ചാഞ്ഞ്‌ കുളിക്കുന്ന മണിയന്റെ പുറത്തിട്ട്‌ തൊഴിച്ചു നീക്കിയും,സിന്ധിയെ ഉള്ള ഗ്യാപ്പിൽ തള്ളി കയറ്റിയും തീർത്തുകൊണ്ടിരുന്നു...!
ആഴമുള്ള ഭാഗത്തേക്ക്‌ നീങ്ങാതെ കിട്ടിയ ഗ്യാപ്പിൽ കുശാലായി കുളിയും പാസ്സാക്കി സിന്ധി സുഖിച്ച്‌ കയറിപ്പോരും... സിന്ധി ആരാ മോൾ.......!

ഒരിക്കൽ മത്തായി പതിവു പോലെ സിന്ധി സമേതനായി കുളക്കരയിലെത്തി.
നാട്ടിൽ പുതുതായെത്തിയ ആരോടോ നാലു കാലിൽ നിന്ന്‌ കാലുകൾക്കിനിയും ആവശ്യമുണ്ടെന്ന മട്ടിൽ കുളത്തിലേക്ക്‌ ചൂണ്ടി 'ഞാൻ മണിയൻ... ആ കുളത്തിൽ കിടക്കുന്ന കുടിയന്റെ പാപ്പാൻ....'
എന്ന്‌ തട്ടിവിടുന്ന കുടിയൻ ശങ്കരനെ നോക്കി കാർക്കിച്ച്‌ തുപ്പി മത്തായി തന്റെ സിന്ധിയെ കുളത്തിലേക്ക്‌ തള്ളിയിറക്കി.
തേച്ച്‌ കുളിപ്പിക്കേണ്ടയാൾ കരയിൽ ടൂ വീലർ ലൈസൻസ്‌ പരീക്ഷാർത്ഥി 8 എടുക്കുന്നത്‌ പോലെ നടന്നും വയുവിൽ പിടിച്ചുയർന്നും തത്രപ്പെടുന്നതിന്റെ അമർഷം ഉള്ളിലൊതുക്കി മണിയൻ സ്വയം വെള്ളമൊഴിച്ച്‌ കുളിച്ചു കൊണ്ടിരുന്നു.
ഇടയ്ക്ക്‌ പാളി നോക്കിയപ്പോൾ ശരപഞ്ജരത്തിലെ കുതിരയും ജയനും കണക്ക്‌ സിന്ധിയെയും, ഇടിഞ്ഞ്‌ തൂങ്ങിയ മാംസള മസിലും തൂക്കി ചകിരിയിട്ട്‌ തേച്ച്‌ കോടുക്കുന്ന മത്തായിയെയും കണ്ട്‌ ദീർഘനിശ്വാസം തുമ്പിക്കൈ വഴി വെള്ളത്തിനടിയിലേക്ക്‌ വിട്ട്‌ പതപ്പിച്ച്‌ മണിയൻ അലസനായി കിടന്നു.
ഇടയ്ക്ക്‌ തനിക്കിട്ട്‌ കിട്ടിയ മത്തായി പാദ സ്പർശവും മണിയൻ കണ്ടില്ലെന്നു നടിച്ചു....!
കുളിച്ച്‌ കയറിയ സിന്ധി മുൻ കാൽ കരയിലും പിൻ കാലുകൾ വെള്ളത്തിലും വിട്ട്‌, വെറുതെ കിടക്കുന്ന മണിയനെ ജയഭാരതി ബാലൻ കെ നായരെയെന്ന പോലെ നോക്കി....
മണിയൻ സംഭരിച്ച്‌ വെച്ചിരുന്ന സകല ക്ഷമയും ക്ഷണ നേരത്തിൽ വെള്ളത്തിലലിഞ്ഞു പോയി...
ഓടി കരയിലേക്ക്‌ കയറി സിന്ധിയെ പിൻ കാലിൽ തൂക്കി കുളത്തിന്‌ നടുവിലേക്ക്‌ ഒറ്റ ഏറ്‌....!!
നിലയില്ലാക്കയത്തിൽ മുങ്ങിയ സിന്ധി കൃത്യം ഒരു മിനിറ്റിന്റെ ഇടവേളയിട്ട്‌ രണ്ട്‌ പ്രാവശ്യം കൂടി കരയിൽ ഓടാനൊരുങ്ങി നിൽക്കുന്ന മത്തായിയെ നോക്കിയ ശേഷം താഴ്ന്നു പോയി...!
അടുത്തത്‌ തന്റെ ഊഴമാണെന്നറിഞ്ഞ മത്തായി ഉരിയാൻ മുട്ടി നിൽക്കുന്ന ഉടുമുണ്ടും ചേർത്ത്‌ പിടിച്ച്‌ ഞൊടിയിടയിൽ അപ്രത്യക്ഷനായി....!
പിന്നീട്‌ തന്റെ പാൽ-ഇറിഗേഷൻ ബിസിനസ്‌ മുന്നറിയിപ്പില്ലാതെ നിർത്തലാക്കിയ ശേഷം മത്തായി ആരോടെന്നില്ലാതെ പറഞ്ഞു...
'ഈശ്വരൻ ഇപ്പോ മണിയന്റെ രൂപത്തിലാ.....!!'

Posted by Varnameghangal @ 3:04 PM
3 comments

------------------------------------------

Thursday, March 16, 2006

ഈരടികളില്ലാതെ...!

ഒരു ഞായറാഴ്ച വൈകുന്നേരം..!
ചുമതലകൾ അടിച്ചേൽപ്പിക്കപ്പെടാത്ത സായന്തനം...
മധ്യാഹ്നവേളയിൽ, പതഞ്ഞും നുരഞ്ഞും അതിർത്തികളില്ലാതെ കുതിച്ചിറങ്ങി മനവും ശരീരവും കുളിർപ്പിച്ച ബിയറിന്റെ ഗന്ധം ഇപ്പോൾ നിശ്വാസവായുവിൽ വമിഞ്ഞുയരുന്നു...!
പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തവന്റെ നിസ്സംഗത.. മട്ടുപ്പാവിൽ ഒറ്റയ്ക്ക്‌ നിന്നപ്പോൾ കുളിരുന്ന കാറ്റിൽ മുടിയിഴകളുണർന്നപ്പോൾ മനസിലെവിടെയോ സുഖാനുഭൂതികളുടെ തിരയിളക്കം..!
അതിൽ പ്രണയം തിരയാനാണ്‌ എന്നും മനസിന്റെ വെമ്പൽ..
ഓർമിക്കാൻ, ഓമനിക്കാൻ പ്രണയത്തിനുമുപരി ഒരുപാടുണ്ട്‌...
പക്ഷെ ഒന്നും കാണാറില്ല, ഒരു വേള കണ്ടെന്നാലും ഉള്ളുടക്കാറില്ല, തെന്നി നീങ്ങാനാണ്‌ വെമ്പൽ... പ്രണയവും, പരിദേവനങ്ങളും പുൽകും വരെ...!
എങ്കിലും ഇന്ന് ഞാൻ വഴിമാറി നടക്കാനിഷ്ടപ്പെടുന്നു...
അന്നും,ഇന്നും,എന്നും എന്റെ ആദ്യാഭിനിവേശം പാട്ടിനോടാണ്‌.
വിഷാദങ്ങളുടെ,പ്രണയത്തിന്റെ ഒക്കെ സ്വരങ്ങൾ അമൃത വർഷമാണെനിക്ക്‌..!
ഒറ്റയ്ക്കാകുമ്പോൾ ഇഷ്ടമുള്ള പാട്ടു കേട്ടിരിക്കാൻ, സുഖങ്ങൾ തിരയാൻ ത്വരയേറുന്ന മനസിന്റെ ആഹ്വാനം...
എന്റെ കുഞ്ഞു പാട്ടുപെട്ടി ഇഷ്ടഗാനങ്ങൾ തുറന്നിടുന്നു...!

സായാഹ്ന സൂര്യനെ നോക്കി മങ്ങിത്തുടങ്ങിയ വെളിച്ചത്തിൽ ഇളം കാറ്റിനൊപ്പം കൂട്ടുകൂടവേ കരളിന്റെ ക്യാൻ വാസിൽ വർണങ്ങൾ മിന്നി മറയുന്നു, വീണു പടരുന്നു....!!
'മാനസനിളയിൽ... പൊന്നോളങ്ങൾ...'
തൊട്ട്‌ തലോടി ഓടിക്കളിക്കുന്ന തളിർ കാറ്റിനേക്കാൾ സുഖകരം... കണ്ണുകളടച്ചു, കാതുകൾ അതിനായി മാത്രം പൂട്ടിയിട്ടു...
പ്രണയാർദ്ര ചിന്തകൾക്ക്‌ പകരം മനസൊരു മാത്ര വഴി മാറി നീങ്ങി... ഒരു മിന്നൽ പോലെ കൺ മുന്നിലേക്കോടിയെത്തി മറഞ്ഞവർ നിമിഷാർദ്ധ നേരത്തിൽ ഓർമകളിൽ പുനർജ്ജനിച്ചു......

അവയിലെവിടെയോ നിന്റെ രൂപം കാണുവാനാകുന്നു...
കൈകളുടെ ചലനം മിഴികൾക്കറിയാത്ത വഴി വെട്ടി തെളിക്കുമ്പോൾ,അത്യാകർഷകമായ ഭൂവും നിറങ്ങളും കിനാവിൽ മാത്രം നിറച്ച്‌,കാഴ്ചയില്ലാത്തവന്റെ നിരാശ തെല്ലും തൊട്ടു തീണ്ടാതെ,മരവിച്ചു പോയ കൺ കോണുകളിൽ ജീവിത പ്രതീക്ഷയുടെ ചെറു തിളക്കം സൂക്ഷിച്ചു വെച്ച്‌,ഉള്ളിലെ താളലയങ്ങൾ പല്ലവികളാകുമ്പോൾ സ്വയം മറന്ന് പാടി നീങ്ങുന്ന നിന്റെ രൂപം...!
തീപ്പെട്ടിക്കൂടിന്മേൽ നെടുകെ വരിഞ്ഞ റബ്ബർ ബാൻഡിനിടയിൽ കുറുകെ കുരുക്കിയ ഈർക്കിലിൽ വിരലുകളാൽ അനക്കി താളമിട്ട്‌, ബസ്‌ സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന ബസുകൾക്കുള്ളിലേയ്ക്ക്‌ പരസഹായമില്ലാതെ പിടിച്ച്‌ കയറി,താഴേയ്ക്ക്‌ കുനിഞ്ഞ്‌ ചെരിഞ്ഞ തല ചെറുതായനക്കി നീ പാടുമ്പോൾ സഹതാപമായിരുന്നില്ലെനിയ്ക്ക്‌... മറിച്ച്‌, നിന്റെ നാവിൽ പിറവിയെടുക്കുന്ന പാട്ടുകളുടെ ഒഴുക്കിൽ പെട്ടലിഞ്ഞ്‌ കാതുകൾ അതിനായി മാത്രം തുറന്നിട്ട അവസ്ഥ... അത്‌ അനിർവചനീയം...!
ഭാവഭേദങ്ങളേതുമില്ലാതെ
'മാനസനിളയിൽ...'
എന്ന്‌ നീ പാടിത്തുടങ്ങുമ്പോൾ പലപ്പൊഴും ഞാനോർത്തിരുന്നു
'യേശുദാസ്‌ ഇത്ര മധുരമായി പാടിയിരുന്നോ...?'
പാടിത്തീരും വരെ പ്രായഭേദമന്യേ ലയിച്ചിരുന്ന യാത്രക്കാരിൽ ഭൂരിപക്ഷവും, പാട്ട്‌ നിർത്തി നീയടുത്ത്‌ ചെന്നാൽ നിന്നെപ്പോലെ അന്ധന്മാരാകുന്നത്‌ കാണുവാൻ ഞാനിഷ്ടപ്പെട്ടിരുന്നില്ല.അതുകൊണ്ട്‌ തന്നെ, കോളേജിലേയ്ക്കുള്ള യാത്രയിൽ ഉച്ച ഭക്ഷണത്തിനായി അച്ഛൻ കനിഞ്ഞേകിയ പത്ത്‌ രൂപയെ പകുക്കാൻ ശങ്കയേതുമില്ലായിരുന്നെനിയ്ക്ക്‌.
ക്രമേണ നിന്റെ പാട്ടുകൾ എന്റെ ദിവസങ്ങളുടെ ഭാഗമായിത്തുടങ്ങി,എന്റെ ചേതനയുടെ പൂവിളികളായിത്തുടങ്ങി..!
ശോകം പുരണ്ട ആർദ്ര ഗാനങ്ങളും,പ്രണയം പുരണ്ട വശ്യ ഗാനങ്ങളും എല്ലാം എന്റെ ഇഷ്ടങ്ങളുമായി ഇണങ്ങിപ്പോകുന്നവ..!
നീയെത്തുവോളം കാത്ത്‌,ക്ലാസ്സിൽ താമസിച്ചെത്തി പുറത്ത്‌ നിൽക്കേണ്ടി വന്നാലും ഞാൻ ആഹ്ലാദിച്ചിരുന്നു...കാതുകളുടെ ഉള്ളറകളിലെങ്ങോ നിന്റെ പാട്ടിന്റെ വറ്റുകളുണ്ടായിരുന്നതിനാൽ....!!!!

എന്റെ ഓർമകളെ തല്ലിക്കെടുത്തി ഉള്ളിലെവിടെയോ ഒരു കൊള്ളിയാൻ ആഞ്ഞ്‌ പതിച്ചതു പോലെ... ഞാൻ ഞെട്ടിയുണർന്നു, കാതിലേയ്ക്ക്‌ ഇമ്പമെത്തിച്ചിരുന്ന വയറുകൾ വലിച്ചെറിഞ്ഞു...
പിന്നെയറിഞ്ഞു...
തലങ്ങളെ പ്രകമ്പനം കൊള്ളിച്ച്‌ അഞ്ഞു പതിച്ച കൊള്ളിമീൻ പാളിക്ക്‌, ഒരു നാൾ പാട്ട്‌ നിർത്തിയിറങ്ങി പാത മുറിച്ച്‌ കടന്ന നിന്റെ മേൽ മരണ വേഗം പൂണ്ട്‌ ആഞ്ഞിടിച്ച്‌ എങ്ങോ പാഞ്ഞു പോയ വാഹനത്തിന്റെ അതേ ച്ഛായയുണ്ടെന്ന്‌.....!!
ഞാൻ താഴേക്കിറങ്ങി... ലഹരിയുടെ ചഷകം വീണ്ടും നിറയ്ക്കാൻ...സുഖാനുഭൂതികളെ വേദനയിലാറാടിച്ചൊടുക്കുന്ന ഓർമകളുടെ നീരാളിപ്പിടുത്തം പൊട്ടിച്ചെറിയാൻ..!!!

Posted by Varnameghangal @ 12:59 PM
5 comments

------------------------------------------

Friday, March 10, 2006

ചീരന്റെ കളർ സ്വപ്നങ്ങൾ..!

ചീരൻ സ്വപ്നങ്ങൾ കാണാറുണ്ടായിരുന്നു..
കളറിലും ബ്ലാക്‌ ആന്റ്‌ വൈറ്റിലും...!
കളറിൽ സുന്ദരിയായൊരു ഭാര്യയും, അതി സുന്ദരന്മാരായ രണ്ട്‌ കുഞ്ഞുങ്ങളും,സമ്പൽ സമൃദ്ധമായ ലോകവും ഒക്കെയുണ്ടായിരുന്നു..!
ബ്ലാക്‌ ആന്റ്‌ വൈറ്റിലാകട്ടെ അവന്റെ അച്ഛനും അവനും മാത്രം..!
അച്ഛൻ ആജ്ഞാപിക്കുന്നു, അവൻ അനുസരിക്കുന്നു...
അച്ഛൻ കോപിക്കുന്നു, അവൻ ചൂളി നിൽക്കുന്നു...
അച്ഛൻ ഗർജ്ജിക്കുന്നു, അവൻ ഓടി മറയുന്നു....
അങ്ങനെയങ്ങനെ....

ഊരിലെ വിരലിലെണ്ണാവുന്ന ആണുങ്ങളിൽ മൂപ്പന്റെ മകനായ താനും വല്ലപ്പോഴും പെട്ടു പോകാറുണ്ടെന്ന്‌ ചീരൻ അവശതയോടെയും, അതിലേറെ ആത്മ നിന്ദയോടും സ്മരിക്കാറുണ്ടായിരുന്നു..!
അച്ഛനും ചൂരൽ വടിയുമില്ലായിരുന്നെങ്കിൽ ഒരു പക്ഷെ താനൊരു ഒത്ത ആണായിത്തീർന്നേനെ എന്നും നഷ്ടബോധത്തോടെ അവനോർക്കാറുണ്ടായിരുന്നു.എങ്കിലും തന്റെ കാടിനേക്കാൾ ഊറ്റത്തിൽ വളർന്ന്‌ പന്തലിച്ച മീശ മേൽ തൊടുമ്പോൾ, ഞാനും ആണാണ്‌ എന്ന വസ്തുത അവൻ തന്റെ ബോധമനസിലേക്ക്‌ ആഞ്ഞടിച്ചുറപ്പിച്ചു കൊണ്ടേയിരുന്നു...!

ഒരുനാൾ, അടുത്ത ഊരിലെ മൂപ്പ സന്താനമായ ചോതിയുമായുള്ള ചീരന്റെ പൊട കൊട മൂപ്പൻ തെല്ലുറക്കെ തന്നെ സഭയിൽ അനൌൺസ്‌ ചെയ്തു..!
ചീരൻ ഞെട്ടി.. അതിൻ മേലുള്ള പ്രതിഷേധവും അതിന്റെയും മേലെയുള്ള നിസ്സഹായതയും മൂലം ഉടലെടുത്ത ആക്രമണോൽസുകത താനിരുന്ന മരക്കുറ്റിയിൽ ആഞ്ഞാഞ്ഞിടിച്ചാണ്‌ അവസാനിപ്പിച്ചത്‌...!
ഊരിലെ എണ്ണം പറഞ്ഞ സുന്ദരികളിലൊരുവളായ കന്നിയിൽ തനിക്കുണ്ടായിരുന്ന അഭിനിവേശവും അവൾ കടന്നു വന്നിരുന്ന കളർ സ്വപ്നങ്ങളും ചീരൻ നിമിഷ നേരം കൊണ്ട്‌ മറന്നു... മറക്കേണ്ടി വന്നു..!

പിന്നീട്‌, ചോതിയെപ്പറ്റി മൾട്ടി കളർ സ്വപ്നങ്ങൾ കാണാൻ വൃഥാ ശ്രമിച്ച്‌ വശായതിന്റെ അനന്തരം വീണ്ടും അച്ഛനും വടിയും താനും നിറഞ്ഞ, നീണ്ട ഉറക്കങ്ങളിൽ മാത്രം കടന്നു വരികയും വിട്ടൊഴിയാത്തതുമായ ഇരു വർണ്ണ സ്വപ്നങ്ങളിൽ തന്നെ ദീർഘനിശ്വാസ സമ്മേതനായി ചീരൻ കടിച്ചു തൂങ്ങി..!

ഊരുകൾ തമ്മിൽ ബന്ധിച്ച ചടങ്ങുകൾക്ക്‌ ശേഷം ആദ്യ രാത്രിയിൽ, പിറ്റേന്ന്‌ അതിരാവിലെ എഴുന്നേറ്റ്‌ സെക്രട്ടേറിയേറ്റ്‌ പടിക്കൽ കുത്തിയിരിപ്പ്‌ സമരത്തിന്‌ പോകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ചോതി വാചാലയായതും, അന്നേ രാത്രിയുടെ മഹത്വബോധം ലവ ലേശമില്ലാതെ ഗവർണ്മന്റെന്ന കരിങ്കാലിയെ കേട്ടാൽ കാതോടിയൊളിക്കുന്ന തെറിയും പറഞ്ഞ്‌; സ്വന്തം സംരക്ഷണ സമിതി സമ്മാനമായി തന്ന ഇരുമ്പ്‌ കട്ടിലിലേയ്ക്ക്‌ ചാഞ്ഞ്‌ വീണുറങ്ങിയതും ഒക്കെ ആവറേജ്‌ ആദിവാസിയായ ചീരനിൽ ആത്മ നൊമ്പരമുണർത്തി..!
എങ്കിലും ശുഭാപ്തിവിശ്വാസം തെല്ലും നഷ്ടപ്പെടുത്താതെ തന്റെ സ്ഥിരം പുൽ ശയ്യയിൽ കളർ സ്വപ്നങ്ങൾക്ക്‌ കൊതി പൂണ്ട്‌ കണ്ണുകളടച്ചു കിടന്നു ചീരൻ..!!

പിറ്റേന്ന്‌, കാട്ടു കോഴി കൂവിയിട്ടും മടി പൂണ്ട്‌ കിടന്ന്‌ പിന്നെയുമുറങ്ങി പിന്നെയുണർന്നപ്പോൾ വാമഭാഗത്തെ കാണാത്തതിലുള്ള വൈഷമ്യം അവൾ എന്തോ വലിയ കാര്യങ്ങൾ ചെയ്യുന്നവൾ എന്ന തോന്നലിൽ അവൻ മുക്കി കളഞ്ഞു...
പിന്നെ പതിയെ എഴുന്നേറ്റ്‌ ചോല ലക്ഷ്യമാക്കി നടന്നു... തന്റെ വലിയ കാര്യങ്ങൾ ചെയ്തു തീർക്കാൻ...!
അവൾ കുടിയിലുണ്ടാകുക തന്നെ അപൂർവ്വം. അഥവാ ഉണ്ടായാൽ തന്നെ തനിയ്ക്ക്‌ മനസിലാകാത്ത ഭാഷകളിൽ എന്തൊക്കെയോ ആരോടൊക്കെയോ സംസാരിക്കുന്നതും തന്റെ ഇഷ്ടാനിഷ്ടങ്ങളിൽ തെല്ലും താൽപര്യമില്ലാതെ കണ്ണിൽ കാണുന്ന ചപ്പും പുല്ലും സമയം പോലെ വെച്ചുണ്ടാക്കുന്നതും ചീരൻ തന്റെ രണ്ടാം ഘട്ട നിസ്സഹായതയോടെ കണ്ടു നിന്നു..!പലകുറി സമര മുഖത്തേക്കിറങ്ങാൻ നിർബന്ധിച്ചിട്ടും താൻ വിട്ടൊഴിഞ്ഞതിന്റെ ദേഷ്യത്താൽ നികൃഷ്ട ജീവിയെന്ന പോൽ അവൾ നോക്കിയ നോട്ടവും,കാടായ കാടെല്ലാം കയ്യേറി കുടി കെട്ടാനുള്ള അവരുടെ പദ്ധതികളും,കയ്യിൽ കിട്ടുന്ന ആയുധങ്ങളാൽ പോലീസെന്ന ഏമാന്മാരെ തച്ചുടയ്ക്കാനുള്ള രൂപരേഖയും,എപ്പൊഴും സമര രീതികൾ വിശദീകരിച്ച്‌ തരുന്ന ഏതോ നായികാ-നായകന്മാരും ഒക്കെ കൂടി 'ഇതല്ല തന്റെ ലോകം' എന്നും 'ഇവിടെ താനാരുമല്ല' എന്നും ചീരനിൽ തോന്നലുളവാക്കി..!

തന്റെ കളർ സ്വപ്നങ്ങൾ വീണ്ടും പഴയ നരച്ച നിറങ്ങളിലേയ്ക്ക്‌ വഴുതി വീണു പോകുന്നത്‌ ചീരനറിഞ്ഞു... ഇക്കുറി താനും ഭാര്യയും അവളുടെ സമിതി പ്രവർത്തനങ്ങളും...!
ആദിവാസികളുടെ ക്ഷേമത്തിനും സുഖ സൌകര്യങ്ങൾക്കും വേണ്ടി അക്ഷീണം പട പൊരുതുന്ന ഝാൻസിമൂപ്പത്തിയാണ്‌ തന്റെ ജീവിത സഖിയെന്ന സത്യം വീണ്ടും ആവറേജിൽ താഴ്ന്നു പോയ ചീരൻ ഞെട്ടലോടെ തിരിച്ചറിഞ്ഞു..!
ജീവിതത്തിന്റെ ഒരു പകുതി അച്ഛന്‌ വിധേയനായി കളഞ്ഞു കുളിച്ച താൻ, വിവാഹ ജീവിതത്തെ പറ്റി ധാരാളം കളർ സ്വപ്നങ്ങൾ കണ്ടിരുന്ന താൻ,മറുപകുതിയും കാട്ടിലെ കയ്പ്പ്‌ കിഴങ്ങിന്റെ പരുവത്തിൽ ജീവിച്ച്‌ തീർക്കേണ്ട താൻ....
ചീരന്റെ ഉള്ള്‌ വേദനയിൽ വിണ്ട്‌ കീറി...!!

പിറ്റേന്ന്‌ സർവസന്നാഹങ്ങളുമായി പോലീസിനെ ആക്രമിച്ച സമിതി പ്രവർത്തകർ അതിരു വിട്ടപ്പോൾ ഗത്യന്തരമില്ലാതെ, ആകാശത്തിലെ പറവകളെ പറക്കാൻ വിട്ട്‌ , നേർക്ക്‌ നേർ നിറയൊഴിക്കേണ്ടി വന്ന കാക്കിയണിഞ്ഞ ഏമാന്മാരുടെ അസ്സൽ വെടിയുണ്ടകളുടെ മുന്നിലേക്ക്‌ നെഞ്ചും വിരിച്ച്‌ എവിടെ നിന്നോ ഓടിക്കയറി ചീരൻ...
തന്റെ സാഫല്യമാകാത്ത കളർ സ്വപ്നങ്ങളുടെ ഭാരവും പേറി...
ഒന്നിനും കൊള്ളാത്തവനെന്ന് തന്നെ വിശേഷിപ്പിച്ച ചോതിയടങ്ങുന്ന സമര നിരയ്ക്ക്‌ ആളിക്കത്തുവാൻ രക്ത സാക്ഷിയെ സമ്മാനിച്ച്‌....
അടുത്ത ജന്മത്തിൽ ആണായി പിറക്കുമെന്നും, കന്നിയെ നേടുമെന്നും, കളർ സ്വപ്നങ്ങൾ മാത്രം കാണുമെന്നും കരളുറപ്പിച്ച്‌...!!

Posted by Varnameghangal @ 2:55 PM
19 comments

------------------------------------------

Wednesday, March 08, 2006

മഴയിൽ... നനയാതെ..!

നാമാദ്യം കണ്ടു..!
കണ്ട നാൾ മുതൽ പരിചിതരായി,പരിചയം വളർന്നു,പരിമിതികളില്ലാതെ..
നിന്നോട്‌ മിണ്ടുവാൻ; കാണുവാൻ ഉപാധികൾ തിരഞ്ഞില്ല ഞാൻ, നീയും ..!
കണ്ടു ... അറിഞ്ഞു..!
സുഹൃത്തുക്കളായി നാം..!
എന്റെ സാമീപ്യം നീയാസ്വദിച്ചു,ഞാൻ തിരിച്ചും.

വിശേഷണങ്ങൾക്കപ്പുറമായിരുന്നു നമ്മുടെ ബന്ധം.വാക്കുകളിൽ കെട്ടിയിടാൻ നാമാഗ്രഹിച്ചിരുന്നുമില്ല.ഒരു പേരുമില്ലാത്ത,ഒരു രൂപവുമില്ലാത്ത,ഒരേ താളത്തിലുള്ള ഇഴയടുപ്പം... അത്‌ നമ്മുടെ സ്വകാര്യം..!
നിനക്കായി മാത്രം ഞാൻ പാട്ടെഴുതി..
എനിയ്ക്കായി മാത്രം നീ പാട്ട്‌ പാടി..
ഞാൻ ചിരിക്കവേ നിൻ കരൾ നിറഞ്ഞു..
നീ കരയവേ എൻ കൺ നിറഞ്ഞു..!
മഴയിറ്റ്‌ വീണ, മണ്ണിന്റെ മണമുള്ള രാവുകളിൽ നിന്റെ സ്വരം സാമീപ്യമായി.. സുഖമുള്ള തെന്നലായി, എഴുതുവാൻ പ്രേരണയായി..!
എന്റെ കൽപനകൾ വരികളായി, നിന്റെ മുന്നിൽ വർണങ്ങളായി..
നിന്റെ വിമർശനം കരളിങ്കലെവിടെയോ വര കീറി ഞാൻ കാത്തു വെച്ചു, ഇനിയുമെഴുതുമ്പോൾ ഒത്തു നോക്കാൻ...!
നീ പാടവേ ഞാൻ കേട്ടിരുന്നു, നിന്റെ സ്വര ചക്രവാളത്തിലലിഞ്ഞു ചേർന്നു.പാടിത്തീരവേ നിന്റെ കണ്ണിലെ ആകാംഷ എന്റെ അഭിനന്ദനങ്ങളാൽ തിളക്കമായി... ചിലപ്പോൾ എന്റെ തിരുത്തലുകളാൽ സംതൃപ്തമായി..!
എന്റെ ശീലക്കേടുകൾ നിന്റെ നയനങ്ങൾക്ക്‌ മുന്നിൽ നാണിച്ചു നിന്നു... മറ്റെങ്ങുമില്ലാത്ത പോലെ...!
സൌഹൃദം നമ്മെ നറുനിലാവൊഴുകുന്ന നാൾവഴികളിലെത്തിച്ചു, നാം ഇണങ്ങി.. പിണങ്ങി... പരിഭവം പറഞ്ഞു തീർത്തു, പിന്നെയോ അതിതീവ്രമായി വീണ്ടുമടുത്തു.

ഒരിയ്ക്കൽ നിദ്രാടനത്തിനിടയിൽ നിന്നെ ഞാനെന്റെ വാമ ഭാഗത്ത്‌ കണ്ടു..
നിദ്ര വിട്ടിട്ടും, നാളുകൾ കഴിഞ്ഞിട്ടും കിനാവിലെ വർണങ്ങൾ മാഞ്ഞു പോയില്ല...
പിന്നെയെപ്പൊഴും നീയരികിൽ വരുമ്പോൾ ഉള്ളിലെവിടെയോ കുളിരുണരുന്നതും,അനിർവചനീയമായ സുഖമുള്ള അസ്വസ്ത്ഥതയിൽ ഹൃദയം തുടി കൊള്ളുന്നതും ഞാനറിഞ്ഞു. ഞാൻ നിന്റെ കണ്ണുകളുടെ ആഴങ്ങളിലേയ്ക്കിറങ്ങാൻ തുടങ്ങി, നിന്റെ ഭാവങ്ങളെ വേർതിരിച്ചെടുക്കാൻ..!
ക്ലാസ്സിൽ നിന്റെ ഇടത്‌ ഭാഗത്ത്‌ പിറകിലായിരുന്നു എന്റെ സ്ഥാനം.
മറ്റാരിലുമുള്ള നിന്റെ നോട്ടം എന്നിൽ കൂടിയും ഒരു വൃത്താകാരമായി നിന്നിൽ തന്നെയെത്തുന്നതും,അതു കണ്ട്‌ ഞാൻ പുഞ്ചിരിക്കുമ്പോൾ മയക്കത്തിൽ നിന്നും ഞെട്ടിയുണർന്ന പോൽ നീ തിരികെ ചിരിക്കുന്നതും,തമാശകൾ കേട്ട്‌ നീ ചിരിക്കവേ ചിരികൾക്കിടയിലും നയനങ്ങളെന്നെ തേടുന്നതും,അസുഖത്താൽ ഞാനെത്താതിരുന്നപ്പോൾ ദിനങ്ങൾ ദീനമായിരുന്നെന്ന്‌ നീ പറഞ്ഞതും ഒക്കെ എന്റെ കിനാവിനെ എന്നിൽ തന്നെ അടിയുറപ്പിച്ചു..!
എങ്കിലും നമ്മുടെ സൌഹൃദം നിന്റെ സ്വരമാധുരി പോലെ അനസ്യൂതം തുടർന്നു.
അടുത്തായിരിക്കെ,വെറും സൌഹൃദം... അകലങ്ങളിൽ ,പ്രണയത്തിന്റെ നനുത്ത വർണങ്ങളാൽ രൂപപ്പെട്ട നറു വികാരം...
അതൊരു നിർ വൃതിയായിരുന്നു...!!

എന്നിട്ടുമെന്തേ മമതയുടെ ലോകം നാമന്യോന്യം തുറന്നിട്ടില്ല..?
മൂടുപടങ്ങളില്ലാത്ത സൌഹൃദത്തിന്റെ പുലർ കാലങ്ങൾ മറകൾ നിറഞ്ഞ പ്രണയത്തിന്റെ സായന്തനങ്ങളെക്കാൾ സുഖകരം എന്നറിഞ്ഞ്‌ കൊണ്ടോ..?
ചുറ്റുപാടുകളുടെ അന്തരം കാഠിന്യമെന്നറിഞ്ഞു കൊണ്ടോ..?
അറിയില്ലെനിയ്ക്ക്‌..!!
ഒടുവിൽ പിരിയുമ്പോൾ എന്റെ ഓട്ടോഗ്രാഫിൽ 'നിനക്കായി മാത്രം...!' എന്ന്‌ നീ കോറിയിട്ടതും നിന്നെപ്പറ്റി മാത്രമോ..?

ഇന്ന്‌ നമുക്ക്‌ തമ്മിൽ ദൂരങ്ങളനവധി... താണ്ടാനാവുന്നതും ആകാത്തതും...!
നാമെന്ന വികാരം നീയും ഞാനുമായി പകുത്തു പോയി.
പുതു ജീവിതങ്ങൾ തുടങ്ങിയ നമുക്കിരുവർക്കും ഇനിയൊരിക്കലും തിരിച്ചു പോക്കില്ല...
എങ്കിലും സൌഹൃദമെന്നോ പ്രണയമെന്നോ വേർതിരിച്ചറിയാനാകാതെ പോയ നമ്മുടെ ബന്ധം... അതിന്റെ നഷ്ട നിർ വൃതികൾ... അതിൽ ഞാൻ നനയുവാനാഗ്രഹിക്കുന്നു....
ഇടയ്ക്കിടെ...!!!

Posted by Varnameghangal @ 2:06 PM
7 comments

------------------------------------------

Monday, March 06, 2006

ഞാനറിയാതെ..!

ഞാനറിയാതെയായിരുന്നു എന്റെ ജനനം...!
എന്റെ അച്ഛനുമറിയാതെ...
അദ്ദേഹത്തിന്‌ അറിയുവാനുള്ള താൽപര്യമില്ലായിരുന്നിരിയ്ക്കാം..!
അമ്മയ്ക്ക്‌ പക്ഷെ അറിയാതെ പറ്റില്ലല്ലോ..
അമ്മ ആദ്യം അച്ഛനെയറിഞ്ഞു..
പിന്നെ സ്വയമറിഞ്ഞു..
പിന്നീട്‌ ജീവിതമറിഞ്ഞു...
ഇപ്പോൾ എന്നെയും അറിയുന്നു..!
എന്റെ അറിവുകൾക്കും കാഴ്ചകൾക്കും ഏകാന്തതയുടെ മൂടുപടമുണ്ടായിരുന്നു. ഒട്ടൊരു മാത്ര നേരം പരതി നോക്കിയാലും മറുപുറം കാണാത്ത അദൃശ്യത..!
ഞാനതിൽ നടന്നു, തളർന്നു.. എങ്കിലും പഴുതുകൾ തേടിയലഞ്ഞില്ല...!
അവ്യക്തമായ അറിവിൽ, വരകളിൽ ഇട വിട്ട്‌ മായുന്ന മുഖങ്ങളിൽ ദയയിറ്റ്‌ വീഴും കടാക്ഷങ്ങൾക്കിപ്പുറം ഞാനെന്ന പേക്കോലം...!
അമ്മേയെന്നുറക്കെ വിളിക്കാൻ..
ചിരി തെളിയാത്ത കണ്ണിലെ മമതയുടെ കൂടേറാൻ...
എന്റെ അപക്വ മനസിലും ആശയുണ്ടെന്നറിയുന്നു ഞാൻ...!
സുനിമഷങ്ങൾ തേടിയലഞ്ഞ അഭയാർത്ഥി മനസിന്റെ ഒടുങ്ങാത്ത ദാഹം കറുത്ത മുള്ളുകൾ ചൊരിഞ്ഞടക്കിയ ഉടയോന്റെ ക്രൂര വിനോദങ്ങൾ ...
അറിയുവാനാകില്ലെനിയ്ക്ക്‌..!
മാംസ ദാഹം മാത്രമുള്ള അച്ഛനെന്ന ആസുരക്കോലം ,
മാംസപിണ്ഠം മാത്രമായ ഞാനെന്ന മനുഷ്യക്കോലം...
പ്രണയിനി മനസും, പ്രസവിച്ച വയറും വേദന വിങ്ങി വിറയ്ക്കുന്നു... അറിയാമെനിയ്ക്ക്‌..!
സമപ്രായമുള്ളവർ ജീവിതം വീഞ്ഞെന്നു കാണുമ്പോൾ, ഞാനെന്തേ നുണഞ്ഞിറക്കൻ മടിയ്ക്കുന്നു..?
അറിയില്ലെനിക്ക്‌..!
എന്റെയും,അവരുടെയും ശരീരങ്ങൾ തുല്യം..
എന്റെ ചിന്തകൾ തുല്യമാവത്തതെന്തേ..?
അറിയാനാകുന്നില്ല...മൂടുപടങ്ങൾക്ക്‌ മൂർച്ഛയേറുന്നു..!
ഇന്നും ഞാനറിയാതെയാണെന്റെ ജീവിതം..
കാലുകൾ ബന്ധനം വിട്ടോടാൻ കൊതിക്കുന്നു...
കണ്ണുകൾ ജാലക സീമകൾ കടക്കാൻ കൊതിക്കുന്നു...
മനസോ.....
വളരാൻ കൊതിക്കുന്നു... എന്റെ പ്രായത്തിനൊപ്പം..!!

Posted by Varnameghangal @ 11:40 AM
6 comments

------------------------------------------

Thursday, March 02, 2006

അയൺ മാൻ..!

ഈശ്വരൻ ചില നേരത്ത്‌ വേണ്ടാതീനം കാണിക്കും..!
അതിന്റെ തെളിവാണ്‌ വിനയൻ..!
ഇരുമ്പ്‌ വിനയൻ..!!

വിനയൻ ഈശ്വരന്റെ വേണ്ടാതീനമോ മറ്റാരുടെയെങ്കിലും വേണ്ടാതീനമോ എന്നതല്ല തർക്ക വിഷയം..
'നിന്റെ പേരും കയ്യിലിരിപ്പും തമ്മിൽ..' എന്ന വിഷയം ആരെങ്കിലും തുടങ്ങി വെച്ചാലുടനെ തന്നെ വിനയൻ വളരെ ലളിതവും സരളവുമായ ഈ ഒറ്റ മറുപടിയിലൂടെ സകലമാന ഉൽപത്തികളെയും പൂഴിക്കടകനടിച്ച്‌ വീഴ്ത്തുമായിരുന്നു...

'നാമം-കർമം എന്നിവയുടെ ആന്ദോളനത്തിന്റെ ഉന്മൂലനത്തിലുണ്ടാവുന്ന സമ്മോഹനത്തിന്റെ ആ ഉൽകൃഷ്ടതയും,വിജൃംഭിതയും കൂടിച്ചേർന്നുണ്ടാവുന്ന ഒരു പ്രഹേളികയുണ്ടല്ലോ...അതിന്റെ ഒരു ഇത്‌... അത്‌ തന്നെ..!'

കയ്യിലിരിപ്പും, നാക്കിട്ടലപ്പും, ചങ്കുറപ്പും അങ്ങനെ എല്ലാം തികഞ്ഞ ഒരു കോമാളിഗാത്രനായിരുന്നു നമ്മുടെ കഥനായകനെന്ന അതീവ ധൈര്യശാലി..!

ഇരുട്ടുറഞ്ഞതും;ഇരട്ടക്കൊലപാതകം നടന്നതുമായ പാടവരമ്പിലൂടെ പാതിരാപ്പടം കഴിഞ്ഞ്‌ പാട്ടും പാടി സൈക്കിൾ ചവിട്ടുമെന്നും,പകൽ നേരത്ത്‌ മുല്ലപ്പൂ കല്ല്യാണിയുടെ വീടെന്ന പോലെ രാത്രി കാലങ്ങളിൽ നാട്ടുകാരടുക്കൻ മടിക്കുന്ന യക്ഷിപ്പാലയുടെ ചുവട്ടിൽ ചാക്ക്‌ വിരിച്ചുറങ്ങുമെന്നും(വിനയൻ സ്ഥിരമായി ഉറങ്ങുന്ന ചാക്കായതിനാലും, ജനിച്ചിന്നേരം വരെ തുള്ളി വെള്ളം കാണാത്തതിനാലും രൂപപ്പെട്ട സുഗന്ധ രാവുകൾ യക്ഷിയെ ഐസ്ക്രീം കണ്ട കുഞ്ഞാലിക്കുട്ടിയെന്നോണം ഞെട്ടിച്ചു എന്നും വെർഷൻ ..!),പേയ്‌ പിടിച്ച നായയെ പുറം കാലിനടിച്ച്‌ കൊന്നുവെന്നും,സ്വ രക്തം കൊണ്ട്‌ മാത്രം തിലകം ചാർത്തിയേ സത്യം ചെയ്യാറുള്ളൂ എന്നും,മോഷണത്തിനിടയിൽ എലിക്കെണിയിൽ കാല്‌ പോയ കള്ളനെ വിനയക്കെണിയിലാക്കി ബന്ധിച്ചെന്നും,മാത്തന്റെ കെട്ടഴിഞ്ഞോടിയ പോത്തിനെ ഉടുമുണ്ടഴിച്ച്‌ ചുറ്റി ബന്ധിച്ചെന്നും ഒക്കെ വിനയ ഭാഷ്യം..!
'ഇതിനൊക്കെ സാക്ഷികളുണ്ടോ' എന്ന ചോദ്യം വിനയനെ ഇടയ്ക്കിടെ ബധിരനും,മൂകനുമൊക്കെയാക്കിക്കൊണ്ടിരുന്നു..!

'കാരിരുമ്പൊത്ത ഞാൻ ഭയങ്കരൻ'
എന്നദ്ദേഹം ദിവസവും ഇരുപത്‌ പ്രാവ്ശ്യം വീതം ആത്മഗതിക്കുമായിരുന്നു...
ആത്മവിശ്വാസം കൂട്ടാൻ..!!
ഇതെല്ലാം കൊണ്ട്‌ തന്നെ ഇരുമ്പ്‌ വിനയൻ എന്ന അപര നാമം അദ്ദേഹം അഹങ്കാരമേതുമില്ലാതെ; ഉച്ചയുറക്കത്തിൽ പ്രധാനമന്ത്രി പദം കിട്ടിയ മന്മോഹൻ സിങ്ങിനെപ്പോലെ സവിനയം സ്വീകരിച്ചു പോന്നു..!
എന്നിരുന്നാലും ഇരുമ്പൻ മിതസ്വഭാവക്കാരെ കണ്ടാൽ രക്തം തിളക്കുകയും,അതിന്റെ ചൂടിൽ 'ആവണക്കെണ്ണയിൽ ആസനം കഴുകുന്നവർ' എന്ന്‌ പുച്ഛ പുരസരം പുഞ്ചിരിച്ച്‌ മൊഴിയുകയും ചെയ്തിരുന്നു..!

ആയിടെ നാഷണൽ ഹൈവേയെന്ന രാജപഥത്തിൽ പാണ്ടി രഥമിടിച്ച്‌ പരുക്കേറ്റ്‌ വീണ, നേരത്തെ പറഞ്ഞ ആവണക്കെണ്ണ ഗണത്തിൽ പെട്ട കുമാരനെ ഗവണ്മെന്റാസ്പത്രിയെന്ന സർവരാജ്യ കൂട്ടിപ്പിരട്ടലിലേക്ക്‌ ആനയിക്കാൻ വിനയൻ നെഞ്ചും വിരിച്ച്‌ പിന്നിലുണ്ടായിരുന്നു.
'വിട്ടോ ഞാനുണ്ട്‌..!' എന്ന വിനയാശരീരി കേട്ട ഓട്ടോ സുഗതൻ പച്ച വണ്ടിയെപ്പോലും കടത്തി വെട്ടി വിജയശ്രീലാളിതനായി ലക്ഷ്യത്തിലെത്തിച്ചെന്നും അറിയാൻ കഴിഞ്ഞു..!
ദേഹമാസകലം ചോരയിൽ മുങ്ങി അബോധാവസ്ഥയിലായ കുമാരനെ ഡ്രെസ്സിങ്ങിന്‌ ശേഷം വാർഡിലേക്കെടുക്കൻ ആസ്പത്രി വാർഡന്മാരുടെ തസ്തിക ഒഴിവ്‌ കാരണം ഏറെയാരുമില്ലായിരുന്നു.
ഈ ഘട്ടത്തിൽ ഓടിക്കിതച്ചെത്തിയ വിനയനെക്കൂടി വിളിച്ചു സുഗതൻ, ഒരു കൈ സഹായത്തിന്‌..!
സീൻ ഒന്ന്‌..!
------------
ഒരുതരത്തിൽ വാർഡിലെത്തിച്ച ശേഷം, വെള്ളരി പ്രാവൊരുവൾ കുമാര ശയ്യയിൽ സാനിയാ മിർസയുടെ ടെന്നീസ്‌ വേഷം മാതിരി എന്തോ ഒന്ന്‌ നികത്തി വിരിക്കാൻ പാട്‌ പെടുന്നു...!
പെട്ടന്ന്‌ പിന്നിൽ 'പ്‌ ധോം' എന്നൊരൊച്ച...!!
സീൻ രണ്ട്‌..!
------------
അബോധാവസ്ഥ വിട്ടുണർന്ന രക്താഭിഷിതനായ കുമാരൻ സ്ട്രെച്ചറിൽ എഴുന്നേറ്റിരുന്ന്‌ തന്റെ ഒപ്പം വന്നവരെ കാണാത്ത വൈക്ലബ്യത്താലും, തനിക്കായൊരുക്കിയ കിടക്കയ്ക്ക്‌ ചുറ്റും വെള്ള വസ്ത്ര ധാരികളും മറ്റും കൂടി നിന്ന്‌ ഇരുമ്പ്‌ വിനയനെ ശുശ്രൂഷിക്കുന്ന കാഴ്ചയാൽ കുതുകിയായും,ചോര കണ്ട്‌ തല കറങ്ങി വീണ കാരിരുമ്പാണതെന്ന തിരിച്ചറിവാലും അവശനില മറന്ന്‌ ചോദിച്ചു..
'വിനയനെങ്ങനുണ്ട്‌..?'

പിന്നെടൊരിക്കലും വിനയൻ കുമാരന്റെ വീടിന്റെ പതിനെട്ടയലത്ത്‌ പോലും പോയിട്ടില്ല...
പാണ്ടി ലോറിയിടിച്ച്‌ വീണ കുമാരന്റെ മുന്നിൽ തല കറങ്ങി പ്രജ്ഞയറ്റ്‌ വീണ്‌ പേരും, പെരുമയും ആസ്പത്രിക്കിടക്കയിൽ കളഞ്ഞ്‌ കുളിച്ച തന്നെ നോക്കി ഇപ്പൊഴും ശയ്യാവലംബിയായ കുമാരന്റെ ഭാര്യയെങ്ങാനും ചോദിച്ചാലോ..
'വിനയനെങ്ങനുണ്ട്‌..?'

Posted by Varnameghangal @ 5:12 PM
7 comments

------------------------------------------

  View Profile

Links
Malayalam Font
Malayalam Editor
Inspiring
Always Yours
Mazhanoolukal
"ടോപ്പ്‌ സൈറ്റ്‌."

Previous Posts
നോക്കുകുത്തി..!
നിഴലിനോടൊപ്പം.
മഴക്കാലമില്ലാതെ.
കൊറ്റന്‍ വളവ്‌.
കാശി.
നീയില്ലയെങ്കിലും..
ഒരു കാലവര്‍ഷ കണ്‍ഫഷന്‍..!
ലങ്കപ്പന്‍
മഴപ്പക്ഷികള്‍.
പാഞ്ചാലിപ്പാച്ചു.


Archives
October 2005
November 2005
December 2005
January 2006
February 2006
March 2006
April 2006
May 2006
June 2006
July 2006
August 2006
November 2006
February 2007
March 2007
September 2008
January 2013