Tuesday, August 01, 2006

നീയില്ലയെങ്കിലും..

നിനക്കെന്നും മഴയുടെ രൂപമായിരുന്നു.

അറിവിലേയ്ക്ക്‌ ആദ്യാക്ഷരങ്ങങ്ങള്‍ പുതുമഴയായി പെയ്തിറങ്ങവേ, നാവില്‍ കുറിയ്ക്കപ്പെട്ട മലയാണ്മയ്ക്ക്‌ മുന്നില്‍ പതറിപ്പോയിരുന്നു ഞാന്‍. ചിതറിപ്പോയ മിഴിപ്പാതകളില്‍ എവിടെയോ നിന്നെ കണ്ടിരുന്നു. എന്നെപ്പോലെ, പുതുമയുടെ ലോകത്ത്‌ കണ്‍ മിഴിച്ച്‌... നിഷ്കളങ്ക മിഴികളില്‍ അഴക്‌ നിറച്ച്‌. കൌതുകം തോന്നിയെങ്കിലും അടുപ്പങ്ങള്‍ ഇഴ പിരിച്ചറിയാന്‍ അപക്വ മനസിനാകുമായിരുന്നില്ല.
എങ്കിലും ചാറി വീണ്‌ തുള്ളിക്കളിച്ച്‌ കാറ്റിലാടിപ്പറക്കുന്ന മഴക്കുഞ്ഞുങ്ങളുടെ നിഷ്കളങ്കത... കണ്ടറിഞ്ഞിരുന്നു ഞാന്‍.
എന്റെയൊപ്പം കുന്നിക്കുരു തേടിയലയുമ്പൊഴും അതേ ഭാവം, അതേ രൂപം.
ഇഷ്ടപ്പെട്ടുപോയിരുന്നു അന്നേ നിന്നെ.

അറിവിന്റെ പടവുകളിലെല്ലാം നീയും ഒപ്പമുണ്ടായിരുന്നു.
തണല്‍ മരങ്ങള്‍ ഏറെയില്ലാതെ, പുല്‍നാമ്പിനെ പ്രണയിച്ച, വിദ്യാലയത്തിന്റെ നടുമുറ്റങ്ങളില്‍..
നിശബ്ദത നിറഞ്ഞ്‌ വിങ്ങുന്ന കലാലയത്തിന്റെ നീളന്‍ ഇടനാഴികളില്‍..
ഇരുവശങ്ങളിലും വയലേലകളെ പേറി വളഞ്ഞും പുളഞ്ഞും പോകുന്ന നാട്ടു വഴികളില്‍..
ഒക്കെ.

പുഴയോരത്ത്‌, നെല്ലിക്ക പങ്കിട്ട്‌, നിഴലുകള്‍ മങ്ങുന്നതും നോക്കിയിരിക്കുമ്പോള്‍ നിന്റെ കൂട്ട്‌ ഞാനാസ്വദിച്ചിരുന്നു. പിന്നീട്‌, കൈക്കുമ്പിളില്‍ ആവോളം നുകര്‍ന്ന തെളിനീരിനല്ല, നിന്റെ സാമീപ്യത്തിനായിരുന്നു അതി മധുരമെന്നുമറിഞ്ഞു. ഇലഞ്ഞി മരങ്ങള്‍ ഇല പൊഴിച്ച വഴിത്താരകളില്‍ കൈ കോര്‍ത്ത്‌ നടക്കുമ്പോള്‍ നിന്റെ വിരലുകളുടെ കുളിര്‍മ്മ ഉള്ളിലേക്കാവാഹിച്ചു ഞാന്‍. പിന്നെ രാത്രി മയങ്ങുമ്പോള്‍ അതേ കൈവെള്ളയില്‍ മുഖമണച്ചുറങ്ങി. ഒരു മാത്ര പോലും അകലാന്‍ ആശിച്ചില്ല ഞാന്‍. ജന്മങ്ങളുടെ സൌഹൃദം, അതിന്റെ സുഖ ശീതളിമയില്‍ മയങ്ങാന്‍ കൊതിച്ചു.

പിണങ്ങാന്‍ നിനക്ക്‌ മാത്രം അറിയുന്ന സങ്കേതങ്ങള്‍. ചിലപ്പൊഴൊക്കെ പിണങ്ങിയും, പിന്നെ അതിലേറെ ഇണങ്ങിയും നാള്‍ വഴികള്‍ താണ്ടിയപ്പോള്‍ നീയും ഞാനും പ്രണയത്തിന്റെ തോരാമഴയില്‍ നനഞ്ഞുപോയിരുന്നു. അതിന്റെ കുളിരും, കുതൂഹലവുമെല്ലാം പതിയെപ്പതിയെ കനവിലേക്കും ചേക്കേറിയിരുന്നു.
പരസ്പരം തുറന്നിടാത്ത ജാലകങ്ങള്‍, എങ്കിലും കാറ്റിന്റെ ഒഴുക്ക്‌ ഒരേ ദിശയിലായിരുന്നു. അതില്‍ നാം മയങ്ങി, കിന്നാരം ചൊല്ലി, നിലാവുള്ള രാവുകളില്‍ പൂര്‍ണ്ണേന്ദുവില്‍ മുഖം നോക്കി. അറിഞ്ഞിട്ടും അറിയാത്ത വികാരത്തിന്റെ നിറവ്‌, അതെന്റെ വാതായനങ്ങള്‍ക്കും അപ്പുറം നിന്റെ നീള്‍ മിഴികളോളം പരന്നു. കുഞ്ഞ്‌ കാലത്തെ കുസൃതികള്‍ കാറ്റില്‍ പറന്നു പോയി. അവിടേയ്ക്ക്‌ നനുത്ത അസ്വസ്ഥതയുടെ കുരുവികള്‍ ചേക്കേറി. എന്നിട്ടും ചിരികളില്‍ നാം എല്ലാം മറച്ചു, മിഴികളില്‍ മാത്രം പേരറിയാ ചിത്രങ്ങള്‍ നിറഞ്ഞു നിന്നു. ഞാനടുത്തെത്തുമ്പോള്‍ നിന്റെ കണ്ണില്‍ തിളക്കങ്ങള്‍ കൂട്‌ കൂട്ടുന്നതും, അകലുമ്പോള്‍ നിഴല്‍ പരക്കുന്നതും ഞാനറിഞ്ഞു.
പ്രണയിക്കുകയാണ്‌ ഞാന്‍ എന്ന തോന്നല്‍ ഉള്ളിന്റെയുള്ളില്‍ പലയാവര്‍ത്തി സുഖമുള്ള നോവുകളില്‍ കോര്‍ത്തിട്ടു. പിന്നെ നീ സ്വന്തമാകുന്നതും കാത്തിരുന്നു....

പക്ഷെ, ഗുല്‍മോഹര്‍ പുഷ്പങ്ങള്‍ പുഞ്ചിരിക്കാത്ത സായന്തനത്തില്‍, വര്‍ണ്ണമേഘങ്ങള്‍ മിഴി തുറക്കാത്ത വേളയില്‍, വ്യഥിത നൊമ്പരങ്ങളുടെ കൂട്ടില്‍ എന്നെ തനിച്ചാക്കി നീ എങ്ങോ വിട പറഞ്ഞകന്നു. എന്തിനെന്നും, എവിടേയ്ക്കെന്നും ആരാഞ്ഞില്ല ഞാന്‍. വാക്കുകളില്‍ കനത്ത മൌനം കറുത്ത ചായം പൂശിയതു പോലെ. നീ മറന്നിട്ട പ്രണയത്തിന്റെ മണ്‍ തരികളിലൂടെ ഞാന്‍ തിരികെ നടന്നു. ഇരുളും ഏകാന്തതയും കണ്‍ തുറിക്കവേ മൂകനായ്‌ കരഞ്ഞു. മനസിലെ മണ്‍കൂടിനുള്ളില്‍ തിരിയൊരുക്കി വെച്ചിട്ടും, കണ്‍ ചിമ്മാതെ കാത്തിട്ടും കരിന്തിരി മാത്രം ബാക്കിയായി. എന്റെ മിഴികള്‍ക്കും എത്തിപ്പിടിക്കനാകാത്ത വണ്ണം, ആര്‍ദ്ര വികാരങ്ങളുടെ തെളിയൊഴുക്കെല്ലാം ഇടമുറിച്ചെറിഞ്ഞ്‌, ഒരു നാള്‍ പൊടുന്നനേ മറഞ്ഞത്‌ എന്റെ സ്വപ്നങ്ങളായിരുന്നു എന്ന തിരിച്ചറിവ്‌ മുറിപ്പാടുകളായി. നീ എന്തിനെന്നെ വിട്ടകന്നെന്നും, എവിടേയ്ക്ക്‌ മറഞ്ഞെന്നും തിരയാനാഗ്രഹിച്ചില്ല ഞാന്‍. ഇന്നിനെ ഇന്നലകളില്‍ മുക്കി, അതിലൂടെ ബഹുദൂരം നടന്ന്‌, നീ ചൊരിഞ്ഞ പ്രണയത്തിന്റെ ശേഷിപ്പുകള്‍ നെഞ്ചിലേറ്റി, ഞാനും നടക്കുന്നു...
ഒരു നാള്‍ നീ തിരികെ വന്നെത്തുമെന്നുറച്ച്‌.....!!

(സമര്‍പ്പണം: അകലാനാകാത്ത വണ്ണം അടുത്തിട്ടും, മുറിച്ചെറിയപ്പെട്ട കിനാവുകളുടെ കണ്ണീര്‌ താങ്ങി, പിന്നെയും കരളില്‍ കിനാവ്‌ കൂട്ടി, കനവിനും പ്രിയപ്പെട്ടയാളിന്റെ വിളിയൊച്ച കാതോര്‍ത്തിരുന്നവര്‍ക്ക്‌.)

Posted by Varnameghangal @ 9:24 AM
26 comments

------------------------------------------

  View Profile

Links
Malayalam Font
Malayalam Editor
Inspiring
Always Yours
Mazhanoolukal
"ടോപ്പ്‌ സൈറ്റ്‌."

Previous Posts
നോക്കുകുത്തി..!
നിഴലിനോടൊപ്പം.
മഴക്കാലമില്ലാതെ.
കൊറ്റന്‍ വളവ്‌.
കാശി.
നീയില്ലയെങ്കിലും..
ഒരു കാലവര്‍ഷ കണ്‍ഫഷന്‍..!
ലങ്കപ്പന്‍
മഴപ്പക്ഷികള്‍.
പാഞ്ചാലിപ്പാച്ചു.


Archives
October 2005
November 2005
December 2005
January 2006
February 2006
March 2006
April 2006
May 2006
June 2006
July 2006
August 2006
November 2006
February 2007
March 2007
September 2008
January 2013