|
Tuesday, April 18, 2006
മഴ നിലയ്ക്കുമ്പോൾ.
രാത്രിമഴ പെയ്ത് തോർന്നിരുന്നില്ല. പാളിവീണ് പടർന്നു പോകുന്ന രാമഴയുടെ ബാക്കിപത്രങ്ങൾ..! അങ്ങകലെ, ഒളിച്ചുകളിക്കുന്ന മിന്നൽപിണരുകൾക്കപ്പുറം മഴമേഘങ്ങളുടെ കലാശക്കൊട്ട്. അത്രയൊന്നും ഗോചരമല്ലാതെ,ചെറുകാറ്റിനൊപ്പം മേനിയിലേക്ക് പാറി വീണ്, തെല്ല് നോവിച്ച്,പിന്നെയെങ്ങോ ഉൾവലിഞ്ഞുപോകുന്ന മഴനീർത്തുള്ളികൾ. അനന്തു ഇറങ്ങി നടന്നു. ഇടതു കയ്യിലെ പേപ്പർ കവർ നനഞ്ഞു തുടങ്ങുന്നത് അവനറിഞ്ഞില്ല. ഉള്ളിൽ ചൂടേറുന്നതും,കണ്ണിൽ കലക്കങ്ങളേറുന്നതും അറിയുവാനാകുന്നു. ഇരു തലങ്ങളിൽ സുഖവും ദു:ഖവും ഒരു പോലെ തെളിയുന്ന പ്രതലങ്ങളിൽ മരവിപ്പ് പടരാൻ തുടങ്ങുന്നു.
അവയിലെവിടെയോ വെള്ളാരങ്കണ്ണുകളും,സ്വർണത്തലമുടിയും,നനുത്ത ചിരിയുമായി അവളെത്തുന്നതറിഞ്ഞു. റോസ് നിറം തന്നെയായിരുന്നു ജർമൻ കാരിയായ റോസിന്. കുമരകം കാണുവാനെത്തിയ അവൾക്ക് താൻ ഗൈഡാകുമ്പോൾ ഭാഷ പ്രതിബന്ധമായിരുന്നു. ആംഗ്യങ്ങളും മുറിവാക്കുകളും ആശ്രയമായിരുന്ന ആദ്യ നാളുകൾക്കൊടുവിൽ ലളിതവും,ഒഴുക്കുള്ളതുമായ ഒരു ഭാഷ രൂപപ്പെട്ടു,ഹൃദയത്തിന്റെ..! എന്തിനും ഏതിനും തന്റെ സാമീപ്യത്തിൽ അവൾ ആഹ്ലാദിച്ചിരുന്നു. പിന്നെയെപ്പൊഴോ സൌഹൃദം വളർന്നപ്പോൾ പരസ്പരം അതിർ വരമ്പുകളില്ലാതെയായി. ചിന്തകൾ പലപ്പൊഴും ഒരേ ബിന്ദുവിൽ തന്നെ എത്തിപ്പെട്ടു. മനസുകളുടെ തുടരൊഴുക്ക്-അത് ക്രമേണ ശരീരങ്ങളിലേയ്ക്ക് വ്യാപിച്ചപ്പൊഴും തൃപ്തരായിരുന്നു. മെല്ലെ മെല്ലെ അവൾ തന്റെ ജീവന്റെ ഭാഗമായി മാറി. ഒടുവിൽ ഇനിയുമെത്തുമെന്ന വാക്കിൽ അവളകന്നു പോയപ്പോൾ ഉള്ളിലെവിടെയോ ഒരു കനൽ അവശേഷിച്ചു,ഇടയ്ക്കിടെ ചുട്ടു പൊള്ളിക്കാൻ..! അതിന്റെ ചൂടിൽ വിയർത്തൊഴുകുമ്പൊഴും ഇനി കാണുമെന്നും,മനസും;ശരീരവും ത്വരകളകറ്റുമെന്നും വെറുതെ പ്രതീക്ഷിച്ചു. പക്ഷെ പ്രതീക്ഷകൾ പുകവലയങ്ങളായി പറന്നുപോയി. ഉള്ളിലെ പുസ്തകത്താളുകൾ അടയ്ക്കുവാനായില്ല.
പിന്നെ ഈ നഗരത്തിരക്കിന്റെ കൊടും പടർപ്പുകളിലേയ്ക്ക് പറിച്ചു നടപ്പെട്ടപ്പോൾ ജീവിതം പതിയെ ഒഴുകാൻ തുടങ്ങിയിരുന്നു. അവളെ ഓർക്കുന്ന ഇടവേളകൾ നേർത്തു വന്നു. സായാഹ്നങ്ങൾ ലഹരികളിലൂടെ ഓടിപ്പൊയ്ക്കൊണ്ടിരുന്നു. അവയിൽ മാംസ ലഹരി തേടിയിറങ്ങിയ സായന്തനത്തിൽ, നഗര കൌതുകങ്ങളുടെ പിറകിൽ നാറുന്ന ലോകത്തിലെത്തിപ്പെട്ടു. ഒറ്റമുറി കൂരകൾക്കിടയിലൂടെ,ഇടനിലക്കാരൻ തെളിച്ച വഴിയിലൂടെ നടക്കുമ്പോൾ ഉള്ളിൽ വല്ലാത്ത തുടിപ്പ്. കുളിമുറിയോളം പോലും വലിപ്പമില്ലാത്ത കുടുസ്സു കൂരയ്ക്ക് മുന്നിലെത്തി നാടൻ ഭാഷയിൽ എന്തോ വിളിച്ചു പറഞ്ഞിട്ട് അവൻ തിരികെപ്പോയി. വാതിൽ തുറന്ന വെളുത്തു മെല്ലിച്ച ഉത്തരേന്ദ്യൻ വനിതയെ പതിവു ദാഹത്തോടെ തന്നെ നോക്കി. തെല്ലും കൂസാതെ അകത്തേയ്ക്ക് ക്ഷണിച്ച് അവൾ ഒതുങ്ങി നിന്നു. അകത്തേക്ക് കയറുമ്പോൾ ശ്രദ്ധിച്ചു, ഭംഗിയുള്ള മുഖം. എങ്കിലും എവിടെയോ ദുഖച്ഛവി പടർന്ന കണ്ണുകൾ..! കണ്ണുകൾ കണ്ണിലിടയാതെ പിൻ വലിച്ച് അവൾ കാട്ടിത്തന്ന ഇരുമ്പ് കട്ടിലിലിരുന്നു. കാലുകൾ നിലത്ത് കുത്താൻ ഇടയില്ലാത്ത തറയിൽ എന്തോ ചുരുട്ടിയിട്ടിരിക്കുന്നത് കണ്ടു. കണ്ണുകളാൽ ഇടുങ്ങിയ ലോകത്തെ അളക്കാൻ തുടങ്ങി. അത് അവളിലെത്തിപ്പെട്ടപ്പോൾ ശരീര വടിവുകളുടെ നിറവിൽ ഉള്ളിൽ വീണ്ടും തുടിപ്പുകളുണർന്നു. ഒറ്റപ്പാളി ഷീറ്റിന്, പറിഞ്ഞു തൂങ്ങിയ ഓടാമ്പൽ വലിച്ചിടുമ്പോൾ നാടൻ ഹിന്ദിയിൽ അവൾ പറഞ്ഞു "സാബ്, പെട്ടന്നു തീർത്തിട്ടു വേണം മകനെ ആസ്പത്രിയിലെത്തിക്കാൻ" വല്ലാതെ വിറയ്ക്കുന്ന,ചുരുണ്ടുകൂടിയ രൂപത്തെ ഒന്ന് നോക്കി,കയ്യിലെ നോട്ടുകൾ മുഴുവൻ കട്ടിലിലിട്ട് പെട്ടെന്നിറങ്ങിപ്പോകുമ്പോൾ ഇച്ഛാഭംഗത്തെ മനസിലടക്കിപ്പിടിച്ചു. പിന്നെ അവളുടെ മുഖം കടന്നു വരുന്ന രാവുറക്കത്തെ മദ്യത്തിലാഴ്ത്തി അലിയിച്ചു തീർത്തു...!
ഇപ്പോൾ,തെല്ലു മുൻപ് ഇറങ്ങിപ്പോന്ന ആസ്പത്രി വരാന്തയും അവനും തമ്മിൽ ദൂരമേറിയിരിക്കുന്നു. രാമഴ തോർന്നു തുടങ്ങി. ഇടതു കയ്യിലെ നനഞ്ഞു കുതിർന്ന പേപ്പർ കവറിൽ പണ്ടെന്നോ റോസ് തനിക്കായിട്ടു പോയ മാരക രോഗത്തിന്റെ കണ്ടെത്തലുകളുടെ അക്ഷരത്തെളിവുകൾ..! ഉള്ളിൽ, നിമിഷാർത്ഥനേരത്തെ തിരിച്ചറിവിൽ ഒരു മകന് അമ്മയെ തിരിച്ചു നൽകിയതിന്റെ കുളിരുറവകൾ... മരവിപ്പ് കടന്നെത്തുമ്പൊഴും ഉള്ളറകൾ ശാന്തം. അനന്തു നടന്നുകൊണ്ടിരുന്നു....!
Posted by Varnameghangal @ 5:50 PM
13 comments
------------------------------------------
|
|
View Profile
Links
Malayalam Font
Malayalam Editor
Inspiring
Always Yours
Mazhanoolukal
"à´àµà´ªàµà´ªàµâ à´¸àµà´±àµà´±àµâ."
Previous Posts
നോക്കുകുത്തി..!
നിഴലിനോടൊപ്പം.
മഴക്കാലമില്ലാതെ.
കൊറ്റന്‍ വളവ്.
കാശി.
നീയില്ലയെങ്കിലും..
ഒരു കാലവര്‍ഷ കണ്‍ഫഷന്‍..!
ലങ്കപ്പന്‍
മഴപ്പക്ഷികള്‍.
പാഞ്ചാലിപ്പാച്ചു.
Archives
October 2005
November 2005
December 2005
January 2006
February 2006
March 2006
April 2006
May 2006
June 2006
July 2006
August 2006
November 2006
February 2007
March 2007
September 2008
January 2013
|