|
Monday, February 27, 2006
നിഴലുകളില്ലാതെ..!
ധാരാളം ചിരിമുഖങ്ങൾ കണ്ടു... അവയിലൊരുപാട് പാഴ് ചിരികളുണ്ടായിരുന്നോ..? വേർതിരിയ്ക്കുവാനാകുന്നില്ല..! ഓർമകളിൽ മിന്നി മറയുന്ന അനേകം നിറക്കൂട്ടുകളിൽ എന്റെ ഛായയുമുണ്ടാകാം.. ബന്ധങ്ങൾ... കേവലം നിറക്കൂട്ടുകൾ.. മിഴിനീരിറ്റു വീണ് പടർന്ന് പോയേക്കാം... പിന്നീട് മങ്ങിപ്പോയേക്കാം, ഒരു വേള വെയിലേറ്റ് ഉറച്ച് പോയീടിലും... കാലപ്പഴക്കത്തിൽ പൊടിഞ്ഞ് പോയേക്കാം.. അനുഭവങ്ങൾ വെളിച്ചം പകരുന്നു..! എന്റെ നിറക്കൂട്ടുകളിൽ തീവ്ര വർണം വീണ രക്തബന്ധങ്ങളുണ്ട്.. പക്ഷെ അവയും മങ്ങിപ്പോയിരിക്കുന്നു... തിരിച്ചറിയാനാവാത്ത വിധം..! ഒരുപാട് പരതി... സ്നേഹത്തിന്റെ ശാശ്വത വർണം മാത്രം കണ്ടു കിട്ടിയില്ല..! വെളിച്ചം മാറാല വീഴ്ത്തിയ പിൻ താളുകളിൽ അനേകം രൂപങ്ങൾ.. എല്ലാം കണ്ട് പഴകിയവ.. നരച്ച നിഴലുകൾ..!
അന്ന് ഞാൻ- കൂട്ടുകുടുംബമെന്ന വൻ വൃക്ഷത്തിന്റെ പെരും തടി, ശാഘകളെ ചേർത്തിണക്കുന്ന ദീർഘകായം..! എന്റെ രാവും പകലും ശബ്ദ മുഖരിതം, ആഘോഷവേളകൾ ആനന്ദപൂർണം, എന്തിനും ഏതിനും രക്തബന്ധങ്ങളുടെ കൂട്ടായ്മ..! അനേകം മുറികളുള്ള തറവാടിന്റെ അറകൾ പോലും വർണാഭം. സഹോദരിമാർ, മരുമക്കൾ, മക്കൾ... എന്റെ ശാഖകൾ പടർന്നിരുന്നു. എനിയ്ക്കൊറ്റ വാക്ക്, ഒറ്റ നോട്ടം.. എല്ലം അറിയുവാൻ മനസുകൾ അനവധി..! എനിയ്ക്കെത്ര ഭൂമി, എത്ര സമ്പാദ്യം.. എല്ലാം അളക്കുവാൻ കണ്ണുകൾ അനവധി..! കൈ താണ് പോയാൽ താങ്ങൻ ചുമലുകൾ.. മനസൊന്നിടിഞ്ഞാൽ ഉണർത്താൻ കൂട്ടുകാർ..! ജീവിക്കുകയായിരുന്നു..!!!
ഇന്ന് ഞാൻ- കണ്ണികൾ വേർപെട്ട, ബന്ധങ്ങളുടെ ചങ്ങലയിലെ അവസാന ശേഷിപ്പ്..! ആഢ്യത്തവും; ആഡംബരതയും ആറാട്ടു തിമിർത്തിരുന്ന നായർ തറവാട്ടിലെ നിറം മങ്ങിയ നിഴലിന്റെ കാവൽക്കാരൻ. ഒപ്പം നടക്കുമെന്നുറപ്പേകിയവർ... വാക്കുകൾ കടമിട്ട് തിരിച്ചു പോയി.. കൂടെ ചിരിച്ചവർ കണ്ണെത്താ വാതായനങ്ങളിൽ മാഞ്ഞ് പോയി..! പടിയിറങ്ങിയവർ എന്റെ കരളിനെ ഭാഗം വെച്ചെടുത്തു, എന്റെ ചിരികളെ വിലപറഞ്ഞെടുത്തു..! കൈത്താങ്ങിനെൻ നിഴൽ മാത്രമാക്കി നിറപ്പൊട്ടുകൾ മറഞ്ഞു പോയി.. ശാഘകൾ കരിഞ്ഞു വീണു.. ഇനി കിളിർക്കാതിരിക്കാൻ..! ഞാനെന്ന പടുമരം തപമേറ്റ് വരണ്ടുണങ്ങി... മഴയേറ്റ് വിണ്ട് കീറി.. മനസോ .... മുള്ളുകൾ പെയ്ത് വരഞ്ഞു കീറി..!! ഇനിയെന്ത്..? ശരശയ്യ മേൽ... എന്റെ മൂക കാലം..!!
Posted by Varnameghangal @ 11:00 AM
6 comments
------------------------------------------
Tuesday, February 21, 2006
അരവിന്ദന്റെ 'സത്യാ'ന്വേഷണങ്ങൾ...!
അരവിന്ദൻ ഒരു പുലി ആയിരുന്നു..! കോളേജിലെ പുലിത്തരങ്ങൾ കൂടിയപ്പോൾ പലരും അദ്ദേഹത്തെ ഭയ-ഭക്തി-ബഹുമാനപുരസരം 'മുഴുവിന്ദൻ' എന്നും വിളിച്ചു പോന്നു..! രണ്ടാം വർഷ പ്രീ ഡിഗ്രി എന്ന സർവജ്ഞപീഠം പാതി കയറിക്കഴിഞ്ഞ ആളാണ് താനെന്ന അഹന്ത അരവിന്ദനെ ആക്രാന്ദ പുളകിതനാക്കി.. അതിന്റെ അനുരണനമെന്നോണം എന്തു കാര്യത്തിനും സംശയലേശമന്യേ അരവിന്ദൻ ചാടി വീഴുമായിരുന്നു, എല്ലാവരെക്കാളും മുന്നേ..! അരവിന്ദന് എല്ലാം എളുപ്പമാണ്, എന്ത് കേട്ടാലും 'ഇത്രേ ഉള്ളോ.. ഇപ്പ ശരിയാക്കാം' എന്ന് പപ്പു ശൈലിയിൽ തട്ടി ഒറ്റ ഇറക്കമാണ്... രണ്ടിലൊന്നറിഞ്ഞേ പിന്മാറ്റമുള്ളൂ. അരവിന്ദന്റെ സാമർത്ഥ്യക്കൂടുതൽ കൊണ്ടോ, ഇറങ്ങിയ കാര്യത്തിന്റെ കഠിന്യം കൊണ്ടോ എന്തോ ഉദ്ദിഷ്ട കാര്യത്തിന്റെ ഉപകാരസ്മരണ പലരിൽ നിന്നും ടിയാന് കിട്ടാറില്ലായിരുന്നു... ഉദ്ദിഷ്ട കാര്യം സാധിച്ചിട്ട് വേണ്ടേ സ്മരണ..? എന്ന് ചോദിക്കരുത്, ഉത്തരം റെഡി.. 'മനുഷ്യൻ പോക്കാണുണ്ണീ നായല്ലോ നന്ദിവാൻ.!' ചുരിദാർ,പാവാട-ബ്ലൌസ് മുതലായ നാരീ വേഷങ്ങൾക്ക് മുന്നിൽ രോമാഞ്ചകഞ്ചുകിതനായി ലോകത്തിന്റെ അർഥമില്ലായ്മയെക്കുറിച്ചും,മറ്റുള്ള ആൺ പരിഷകളുടെ കഴിവുകേടിനെക്കുറിച്ചും, അതിലെല്ലാമുപരി തന്റെ സദ്ഗുണസമ്പന്ന വീരചരിതങ്ങളെപ്പറ്റിയും മുഴുവിന്ദൻ മുഴുനീളം കത്തിക്കയറുമായിരുന്നു..! ഇടവേളസമയങ്ങളിലും,ഉച്ചഭക്ഷണ വേളയിലും തങ്ങൾക്ക് കരഗതമാകുന്ന ചോക്ലേറ്റ് പീസുകളും,വേഷാലങ്കാര പീസുകളും ഒക്കെ ഓർത്ത് യഥർത്ഥ പീസുകൾ ഇതെല്ലാം ആരാധനാർത്ഥം വെള്ളം തൊടാതെ വിഴുങ്ങിപ്പോന്നു..! അതുകൊണ്ട് തന്നെ അദ്ദേഹം സ്ത്രീസമ്മതനായി സസുഖം വാണു പോന്നു.
ഒരിക്കൽ അരവിന്ദനടങ്ങുന്ന ഞങ്ങളുടെ ബാച്ച് ഊട്ടിയ്ക്ക് ടൂറിട്ടു. ആൺ-പെൺ അംഗങ്ങളുള്ളതിനാൽ ഇന്ദിര ടീച്ചറും, സത്യവാൻ സാറുമായിരുന്നു കൂട്ടു വന്നത്. സത്യവാൻ സാർ ഗാന്ധിയൻ,ശുദ്ധൻ,സൌമ്യൻ,ശാന്ത ശീലൻ... വാക്കുകൾ കൊണ്ട് പോലും വിദ്യാർത്ഥികളെ നോവിക്കാത്തയാൾ..! യാത്ര അതിരസകമായിരുന്നു..! ഞങ്ങൾ ആൺ സംഘമെല്ലാം പിറകിലത്തെ സീറ്റുകളിൽ അൽപം വലിയും;സ്വൽപം കുടിയും അതിലേറെ ഓളവുമായി കൂടി.അരവിന്ദനടങ്ങുന്ന പെൺ സംഘം മുൻ സീറ്റുകളിൽ കൈ നോട്ടവും,തിരുവാതിരപ്പാട്ടും,ഡഗൻസും,കടല കൈമാറലും,പൊതികളിൽ കയ്യിട്ടു വാരലും ഒക്കെയായി തകർത്തു വാരി..! അരവിന്ദന്റെ കയ്യിലെ വലിയ ബാഗ് ഇടയ്ക്കിടെ തുറന്നടയുന്നതും,ദുർലഭമായ ഭക്ഷണ സാമഗ്രികൾ വളയിട്ട കൈകളിലിരുന്ന് പിറകിലേക്ക് നോക്കി 'നിനക്കൊന്നും യോഗമില്ലെഡാ മക്കളേ..' എന്ന മട്ടിൽ ചിരിക്കുന്നതും, കൊടുക്കലും;കൈമാറലും;കൂടെക്കഴിക്കലും അരങ്ങു തകർക്കുന്നതും കണ്ടു. അതിരാവിലെ ഊട്ടിയിലെത്തി..! എല്ലാവരെയും ബസിൽ തന്നെയിരുത്തി റൂം ശരിയാക്കാൻ പോയ അദ്ധ്യാപക ജോഡികളിൽ ഇന്ദിര ടീച്ചർ തിരികെയെത്തി ഇറങ്ങാൻ വിസിലൂതി..! കൂടു തുറന്നുവിട്ട കോഴിക്കുഞ്ഞുങ്ങളെപ്പോലെ എല്ലാവരും ചാടിയിറങ്ങി, കോമൺ ബാത് റൂമുകളെന്ന ശങ്ക നിർവഹണ കേന്ദ്രം ലക്ഷ്യമാക്കി ശങ്കന്മാരും;ശങ്കികളും ചീറിയടുത്തു...! ഡോർമിറ്ററിയും അതിന് ശേഷം ടോയ്‌ലെറ്റുകളുടെ നിരയുമായി എൽ ഷേപ്പിലായിരുന്നു പാത. അതിലൂടെ മറ്റു കുതിരകളെ പിന്നിലാക്കി കുതിയ്ക്കുന്ന അശ്വ രാജന്റെ കരുത്തോടെ,അതിലേറെ ആക്രാന്ദത്തോടെ തള്ളി മാറ്റിയും;വകഞ്ഞ് നീക്കിയും മുഴുവിന്ദൻ കുതിച്ചോടി മുന്നിലെത്തി..! മറ്റുള്ളവർ എത്തിയപ്പോഴേയ്ക്കും അശ്വമുഖ്യൻ ആദ്യം കണ്ട വാതിലിൽ പിടുത്തമിട്ടു കഴിഞ്ഞിരുന്നു. 'ഈ പുണ്യ ഭൂവിൽ ഞാനാദ്യം.....' എന്ന മട്ടിൽ മറ്റുള്ളവരെ നോക്കി, അധികം പ്രതിരോധമില്ലാത്ത വാതിൽ മുഴുവിന്ദൻ മലർക്കെ തുറന്നു.... അതിനുള്ളിൽ ത്രിശങ്കു സ്വർഗത്തിലായ സത്യവാൻ സാറിന്റെ നരച്ച മീശ ഉയർന്നു വിറച്ചു... കിടക്കപ്പായയിൽ നിധി കണ്ട് പ്രജ്ഞയറ്റവനെപ്പോലെ കണ്ണുകൾ തള്ളിയ അരവിന്ദൻ ഒട്ടും സംശയിക്കാതെ വെച്ചടിച്ചു.. 'ഗുഡ് മോർണിങ്ങ് സർ..!' കുറ്റിയില്ലാത്ത ടോയ്‌ലെറ്റിൽ നിന്നും പിന്നെ ഒരു അലർച്ച മാത്രം.. 'അടയ്ക്കെടാ പട്ടീ വാതിൽ...!' ഒപ്പം വേർതിരിച്ചെടുക്കാനാകാത്ത ഭാഷായുടെ പെരുമഴയും....! ചുറ്റും തന്റെ ആരാധികമാരുടെ ആർത്തു ചിരി... ഇനി കയറേണ്ട ആവശ്യമില്ലെന്ന ചിന്തയോടെ അരവിന്ദനുറപ്പിച്ചു... സാറും പുലി തന്നെ...!!
തിരികെയുള്ള യാത്രയിൽ സൂചി വീണാലറിയുന്ന നിശബ്ദത .... ബസിൽ രണ്ട് പുലികളുള്ളത് കൊണ്ടാകാം ...!!!
Posted by Varnameghangal @ 8:09 AM
11 comments
------------------------------------------
Tuesday, February 14, 2006
നീ പെയ്യുവോളം..!
രാവേറെയായി..! ചെറുകാറ്റുണ്ടായിരുന്നു.., രോമകൂപങ്ങളിലാകെ സുഖമുള്ള തണുപ്പ് വിതറി കടന്നു പോകുന്ന കുഞ്ഞിളം കാറ്റ്..! നിശബ്ദമാണ് രാവ്..ചെറുകാറ്റിലുണരുന്ന ദല മർമ്മരങ്ങളില്ലെങ്കിൽ... വിജനമാണ് രാവ്..ചിരി തൂകി നിൽക്കുന്ന പൂർണേന്ദുവില്ലെങ്കിൽ..! നിദ്രാടനം മനസിന് മടുത്തിട്ടുണ്ടാകാം... വാതായനങ്ങളാൽ കണ്ണുകളും... മുറ്റത്തേക്കിറങ്ങി... വെറുതേ നടക്കുവാൻ ഓർമകളുടെ ഒറ്റയടിപ്പാതയുണ്ട്... തിരികെ പോരുവാൻ തോന്നാത്ത വിധം...! അവയിൽ പ്രണയത്തിന്റെ നിറം തിരഞ്ഞ് പിടിക്കൻ മനസിന്റെ വെമ്പൽ... ആർദ്ര വേദനകളുടെ കൂട്ടം തിരഞ്ഞു പോകാൻ ഹൃദയത്തിന്റെ തള്ളൽ... ഒക്കെ ഞാനറിയുന്നുണ്ടായിരുന്നു...! ഏടുകൾ നിറഞ്ഞ പ്രണയകാലങ്ങൾ, അന്തരം നിറഞ്ഞ പ്രണയനാളുകൾ.. ഞാനൊരു മാത്ര നിന്നു..
അവയിലാദ്യം നീയുണ്ടായിരുന്നു..! ഒരു ചാറ്റൽ മഴ പോലെ.. ഏറെ നാൾ കാത്ത്, പൊടുന്നനേ വന്നെത്തി മറയുന്ന ചാറ്റൽ മഴ പോലെ...! നിന്നെയും നിന്റെ പാട്ടിനെയും ഞാനൊരു പോലെ പ്രണയിച്ചിരുന്നു, നിന്റെ പാട്ടുകൾ എനിയ്ക്കായി മാത്രമെന്നും, നീ ഏകയായി നടക്കാറുള്ളത് എന്റെ കൂട്ടിനായെന്നും ചിന്തിച്ചു ഞാൻ...! അന്തർമുഖനെങ്കിലും ഇഷ്ടം തുറന്നു പറഞ്ഞു... നീയെതിർത്തില്ല... ഇല്ലെന്നു പറഞ്ഞില്ല... മൌനമായിരുന്നു നമ്മുടെ പ്രണയം.. ഒരു വാക്കും ഉരിയാടാതെ.. കണ്ണുകളുടെ നൂൽപ്പാലം.......കനവിലേയ്ക്ക്...!! ഉൾഭയമായിരുന്നിരിയ്ക്കാം ഇരുവർക്കും. ഒരുമാത്രയെങ്കിലും മൌനം മടുത്തിരുന്നോ നമുക്ക്....??അറിയില്ല...! എങ്കിലും...ഒന്ന് മാത്രമറിയാം.. അതേ മൌനത്തിൽ തന്നെ നാമകന്നു പോയി... ഒന്നും മിണ്ടാതെ... യാത്ര ചോദിയ്ക്കാതെ..! കലാലയ നാളുകളിലേയ്ക്ക് പറിച്ചു നടപ്പെട്ടപ്പോഴും, കൈയ്യെത്തും ദൂരത്തിരുന്നിട്ടും... നാമകന്നു പോയി.......!! മൌനം മാത്രമല്ല പ്രണയം... ഞാനറിഞ്ഞു..!
പിന്നെയെപ്പൊഴോ അനുവാദമില്ലാതെ നീ കടന്നെത്തി.. പെയ്ത് തിമിർക്കുന്ന മഴ പോലെ.. നനയാനാഗ്രഹിച്ചില്ല ഞാൻ, ഈറനാകാതെ നിൽക്കാൻ ശ്രമിച്ചു. പക്ഷെ നീ പെയ്ത് തോർന്നിരുന്നില്ല... എനിയ്ക്കായി പെയ്തുകൊണ്ടേയിരുന്നു... ഞാൻ നടക്കുവോളം..! പിന്നെയെപ്പൊഴോ നിന്റെ ആവേഗമെനിയ്ക്ക് പരിചിതമായി. ഞാനിറങ്ങി.. നനഞ്ഞു..!! എങ്കിലും പലപ്പോഴായ് തിരികെ കയറി. നിന്റെ ചിരികളിൽ വിഷാദ മേഘങ്ങൾ, നിന്റെ കണ്ണുകളിൽ പിന്നെയും പ്രതീക്ഷയുടെ പെയ്യൽ... നിരസിക്കാനായില്ല. പിന്നീട് നടന്നു തുടങ്ങിയപ്പോഴേയ്ക്കും വൈകിയിരുന്നു... ഒരുമിച്ചുള്ള പാത മുറിഞ്ഞ് പോയിരുന്നു.. മുറിയ്ക്കുവാൻ നിർബന്ധിതരായിരുന്നു..! തോരാതെ തരമില്ലായിരുന്നു നിനക്ക്... എന്റെ ദേഹിയിൽ പകർന്നിട്ട നനവുകൾ ബാക്കിയാക്കി, നീയെപ്പൊഴോ തോർന്നു പോയി... എങ്ങോ മറഞ്ഞു പോയി..! പ്രണയം വേദനയാകുന്നു... ഞാനറിഞ്ഞു..!
കാണുവാൻ കൊതിച്ചതും, കാണേണ്ടി വന്നതും നീയെന്ന കാൽപനികത മാത്രമോ..? നീയെന്ന ചെറു മഴ.. എന്റെ മണ്ണിന്റെ ഊഷരത ബാക്കിയാക്കി മറഞ്ഞു പോയി..! നീയെന്ന പെരു മഴ.. എന്റെ മണ്ണിന്റെ ഊർവരത കാണാതെ പെയ്തു പോയി..!
എന്റെ മഴയെ തിരഞ്ഞ് ഇനിയും അലയില്ലെന്നു നിനച്ചു, എന്റെ ഭൂവിൽ നീ വീണു കുളിർക്കുന്ന നാളിനായ് കാത്തിരുന്നു..!
ഒടുവിൽ നീയെത്തി... മണ്ണും മനവുമറിഞ്ഞ്.. എന്റെ മഴ...! ചെറുമഴയ്ക്കും, പെരു മഴയ്ക്കും മീതേ... എന്റെ മണ്ണിന്റെ മണമറിഞ്ഞവൾ.. എന്റെ മഴ... എന്റെ ജീവിത സഖി... എന്റെ പെണ്ണ്..!!!
(ഒരു സമർപ്പണം കടമെടുക്കുന്നു: 'ഞാൻ സ്നേഹിച്ച പെണ്ണിന്, എന്നെ സ്നേഹിച്ച പെണ്ണിന്... എന്റെ പെണ്ണിന്..!)
Posted by Varnameghangal @ 7:54 AM
10 comments
------------------------------------------
Tuesday, February 07, 2006
ശലഭ ജന്മങ്ങൾ..!
ചിത കത്തിയമരുന്നു, ചുടലയിൽ ചിതലിച്ചൊരാത്മാവ് ചുട്ടൊടുങ്ങീടുന്നു ചിതറിപ്പൊടിഞ്ഞൊരാ ചെറുഞ്ഞരമ്പെല്ലാം ചിരകാലമെത്താത്ത ചിത്രം വരയ്ക്കുന്നു
*************** അവൾ മാത്രമായിരുന്നകതാരിലെല്ലാം അനുരാഗമായിരുന്നാത്മാവു തമ്മിൽ അകലങ്ങളില്ലാത്ത കനവു തമ്മിൽ അടരില്ല നാമെന്ന പടു വാക്കുകൾ..
വരണമാല്യത്തിൻ മണമുള്ള രാവുകൾ വഴിയുന്നനസ്യൂതമാഹ്ലാദ നാളുകൾ വരലക്ഷ്മി നമ്മേയനുഗ്രഹിച്ചു.. വരളാതിരിക്കട്ടെ വർണ ഭൂവും..!
ധനമൊന്നു പോലതാ കുന്നു കൂടി ധാർഷ്ഠ്യബോധങ്ങൾക്ക് നാവു കൂടി. ധാരാളമായിച്ചിലവഴിച്ചു ധർമബോധങ്ങളെ വിറ്റഴിച്ചു
സത്വരം സന്തോഷമസ്തമിച്ചു സവിധത്തിലല്ലൽ നിറഞ്ഞു നിന്നു സരളയാമങ്ങൾ പുകഞ്ഞു നീറി സ്വയമൊടുങ്ങാനുള്ള ചിന്തയേറി...
ഓർക്കുവാനൊന്നുമേ ബാക്കിയില്ല ഓമലാളുണ്ടെന്ന ചിന്ത പോലും ഓടിക്കിതച്ചു നീ വീണു പോയി ഓർമകൾ മാത്രമോ ബാക്കിയായി
*************** മരവിച്ചു പോയൊരീ മനുജന്മമിന്നിതാ മരണത്തിലൂടെയും മറുജന്മമേറുന്നു മറവികൾ മൂടാത്ത മണ്ണിലെന്നും മാൻ മിഴിയാൾ മാത്രമേകയായി
കണ്ണുനീരൊഴിയാത്ത കണ്മണിക്കിന്നിതാ.. കണ്ണുകൾക്കന്യമാം കാന്ത രൂപം കരിയുന്ന കണ്ണുകൾ കാണുന്നതില്ല.. കരയുന്ന കണ്ണിലെ കദനഭാവം..!!
Posted by Varnameghangal @ 3:00 PM
9 comments
------------------------------------------
|
|
View Profile
Links
Malayalam Font
Malayalam Editor
Inspiring
Always Yours
Mazhanoolukal
"à´àµà´ªàµà´ªàµâ à´¸àµà´±àµà´±àµâ."
Previous Posts
നോക്കുകുത്തി..!
നിഴലിനോടൊപ്പം.
മഴക്കാലമില്ലാതെ.
കൊറ്റന്‍ വളവ്.
കാശി.
നീയില്ലയെങ്കിലും..
ഒരു കാലവര്‍ഷ കണ്‍ഫഷന്‍..!
ലങ്കപ്പന്‍
മഴപ്പക്ഷികള്‍.
പാഞ്ചാലിപ്പാച്ചു.
Archives
October 2005
November 2005
December 2005
January 2006
February 2006
March 2006
April 2006
May 2006
June 2006
July 2006
August 2006
November 2006
February 2007
March 2007
September 2008
January 2013
|