|
Tuesday, January 31, 2006
ഒരു അനിയൻ വീരഗാഥ..!
പത്ത് മുപ്പത്തഞ്ച് കഴിഞ്ഞ അനിയൻ എന്ന കൊച്ചനിയൻ അൽപം അംഗവൈകല്യമുള്ള ആളാണ്..! അനിയന്റെ ഭാഷയിൽ 'കാലിന് ഒരു ചെറിയ ശേഷിക്കുറവ് പോലൊരു തോന്നൽ.. അത്രേ ഉള്ളൂ..!' സ്വയം നടക്കാറില്ലെങ്കിലും ഒരു കിടിലൻ ബാർ അറ്റാച്ച്ഡ്(വിളിക്കേണ്ടവന് വിളി, വലിക്കേണ്ടവന് വലി, പൂസാകണോ..? സോഡയും അനുസാരികളും സന്ധ്യാ നേരത്ത് ലൈറ്റ് ഓഫ് ചെയ്ത തിണ്ണ ബാറും റെഡി.. ഒപ്പം ഒരു നോട്ടീസും: ബാർ കൊടുക്കുന്നതായിരിക്കും, മദ്യം സ്വയം കൊണ്ടു വരുക..!) സ്റ്റേഷനറി(സോപ്പ്, ചീപ്പ്, കണ്ണാടി...)ടെലഫോൺ ബൂത്ത് യാതൊരു കുഴപ്പവും കൂടാതെ അദ്ദേഹം നടത്തുമായിരുന്നു...! ആരെങ്കിലും 'ദെന്താ പറ്റിയത് ?' എന്ന് ചോദിച്ചാൽ... അനിയൻ പിന്നെ ജ്യേഷ്ഠൻ...!! വഴിയോരക്കാഴ്ച്ചകൾക്കായ്(നാരീ സുഖം നയന മാർഗേ..!) വാതിലിനോട് ചേർത്തിട്ടിരിക്കുന്ന മരക്കസേരയിൽ, സുവർണസിംഹാസിതനായ വിക്രമാദിത്യനെപ്പോലെ ഞെളിഞ്ഞിരുന്ന് പറയും.. 'ബൈക്കോടിച്ച് പോകുമ്പോൾ ബെൻസിടിച്ചു..,........., ...' സ്വതവേ ചെറുകഥാകൃത്തയ അനിയൻ പേരക്കാ പറിക്കാൻ പെരപ്പുറത്ത് കയറിയപ്പോൽ തെന്നി വീണതാണെന്ന സത്യ്ം അറിവുള്ളവർ 'അനത്തല്ലേഡാ അനിയാ...' എന്നർഥം വരുന്ന ഒരു ചിരിയും ചിരിച്ച് സ്ഥലം വിടും..! ബൂത്തിൽ വിളിക്കാനെത്തുന്നവർക്ക് ബാക്കി എത്രയായാലും മിഠായി രൂപത്തിൽ കൊടുക്കുന്ന അനിയൻ ഏതോ കിളവിത്തള്ളയ്ക്ക് ബാലൻസ് കൊടുത്തെന്നും, മലയാളഭാഷാനിഘണ്ടു വീണ്ടും പുതുക്കേണ്ടീ വന്നെന്നും, ബിസ്കറ്റ് വാങ്ങാനെത്തിയവൻ 'ഇത് പുതിയതാണോടാ?' എന്ന് ചോദിച്ചപ്പോൾ 'ഡേറ്റ് ഓഫ് ബർത്ത് അതിനല്ലേ പ്രിന്റ് ചെയ്തിരിക്കുന്നത്?' എന്ന് അനിയൻ തിരിച്ച് ചോദിച്ചെന്നും,വയലിനുമായി കടയിലെത്തിയ ആളോട് 'കിടിലൻ തബലയാണല്ലോ..!' എന്ന് അഭിപ്രായം പറഞ്ഞെന്നും,'ബ്രെഷ് ഉണ്ടോഡാ?' എന്ന ചോദ്യത്തിന് ബ്രെഡെന്നു കരുതി'എടുത്ത് വെച്ചാൽ പഴയതാകും; പിന്നെ ജാമൊട്ടില്ല താനും..!' എന്ന് മറുപടി പറഞ്ഞെന്നും,മൊസ്കിറ്റോ കോയിൽ ചോദിച്ചായാളിന് മസ്കറ്റിന്റെ കോഡ് പറഞ്ഞുകൊടുത്തെന്നും,ബിയറുമായി വന്നവൻ അനുസാരി ചോദിച്ചപോൾ സോഡ കൊടുത്തെന്നും 'കൂമ്പ് വാടാതിരിക്കട്ടെ..!' എന്നുപദേശിച്ചെന്നും,അനിയനെ കണ്ടാണ് കുഞ്ഞിക്കൂനൻ എന്ന പടം ഇറങ്ങിയതെന്നും, ഒക്കെ പലരും പറയുന്നു... അപവാദങ്ങൾ..!! അനിയൻ ചിരിച്ച് തള്ളും..!
അനിയന് പെൺ വർഗത്തോടുള്ള താൽപര്യം കുപ്രസിദ്ധമാണ്..! കൊസറക്കൊള്ളി ചുറ്റിക്കളികളുള്ള പെൺപിള്ളേർ അനിയനെ ചിരിച്ച് കാണിച്ച് മണിക്കൂറുകളോളം പേർസണൾ ക്യാബിനിലെ ഫോൺ ഉപയോഗിച്ചു പോന്നു.. ഈ സമയത്ത് ആര് വന്നാലും അനിയൻ അതു വരെ നവ വരൻ വധുവിനെ ആദ്യ രാത്രിയിൽ നോക്കുന്നത് പോലുള്ള നോട്ടം ഉപേക്ഷിച്ച് സീരിയസ്സായി ക്യാബിനിലേക്ക് ചൂണ്ടി 'ഐ. എസ്. ഡി വിളിച്ചോണ്ടിരിക്കുവാ...' എന്ന് മൊഴിയും..! ഒരു ദിവസം പതിവു പോലെ ഐ. എസ്. ഡി വിളിയ്ക്കിടയിൽ സ്ഥലത്തെ പ്രധാന കുടിയൻ മണിയൻ(ഫിറ്റായിക്കഴിഞ്ഞാൽ മണിയൻ എവിടുന്നേലും ഒരു കവളൻ മടൽ തപ്പി പിടിയ്ക്കും, പിന്നെ അതും വീശി വിഹരിയ്ക്കും.. അതു കൊണ്ട് തന്നെ അദ്ദേഹത്തെ മടൽ വിഹാരി വാജ് പേയി എന്നും വിളിച്ചിരുന്നു..!) മടൽ സമേതനായി ബൂത്തിലെത്തി വളരെ വ്യക്തമായി പറഞ്ഞു.. 'പുസ്പ.. പുസ്പ..പുസ്പാംഗ... കോപ്പ്.. ബാബുവിനെ ഒന്ന് വിളിയ്ക്കണം... വിരോധമുണ്ടോ..? ഉണ്ടെങ്കിൽ പറയണം.. ങാ..!' അനിയൻ വിനയാന്വിതനായി പതിവ് മൊഴിഞ്ഞു.. 'ഐ. എസ്. ഡി വിളിച്ചോണ്ടിരിക്കുവാ...' നിരാശനായ മണിയൻ 'ഓ.. നമ്മള് പാവം, ലോക്കലാ..' എന്നും പറഞ്ഞ് അവിടെ തന്നെ കുത്തിയിരുന്നു. കുറെ നേരം ക്ഷമയുടെയും, സഹനത്തിന്റെയുമൊക്കെ നെല്ലിപ്പലക കണ്ട മണിയൻ കഷ്ടപ്പെട്ട് കണ്ണുകൾ അനിയനിൽ തന്നെ കേന്ദ്രീകരിച്ചപ്പോൾ 'അത്യാവിശ്യമായി ആങ്ങളയെ വിളിക്കുകയാ പാവം' എന്ന് പറഞ്ഞ് കണ്ണുകൾ കേന്ദ്രത്തിൽ നിന്നും വലിച്ചു..!
അര മണിക്കൂറായിട്ടും അത്യാവിശ്യ വിളി കഴിയാത്തതിൽ ദേഷ്യം പൂണ്ട മണീയൻ ക്യാബിൻ തുറന്ന് നോക്കുകയും, അകത്ത് നിന്ന് പരുങ്ങുന്ന സ്വന്തം മകളെക്കാണുകയും, ഒറ്റ മോളാണല്ലോ.. ആങ്ങളമാരില്ലല്ലോ..അതും പുറം രാജ്യത്തിൽ എന്ന് തിരിച്ചറിയുകയും...എല്ലാം പെട്ടന്ന് നടന്നു..! കുടിയ രക്തം കുടിയ താപത്താൽ ജ്വലിച്ചു... ഓടിപ്പോയ മകളെയൊട്ട് കയ്യിൽ കിട്ടിയതുമില്ല... ഇവിടൊരുത്തൻ ആക്കുന്ന ചിരിയും ചിരിച്ച് ഇരിക്കുകയും ചെയ്യുന്നു...! 'എഡാ അത്യാവശ്യ ഐ.എസ്.ഡീ മോനേ....' എന്നും നീട്ടി വിളിച്ച് കയ്യിലിരുന്ന കവളൻ മടൽ ഒറ്റ വീശ്..! അനിയന്റെ മുൻ നിര പല്ലുകൾ നാലെണ്ണം മണിയൻ കൊറിയ്ക്കിടയിൽ നിലത്തിട്ട നിലക്കടലക്കൂട്ടത്തിൽ കിടന്ന് തിളങ്ങി..!
പിറ്റേന്ന് മുതൽ ബൂത്തിലെത്തുന്ന പെൺകുട്ടികളോട്, ഫുട്പാത്തിൽ നിന്നും പത്തിന് മൂന്നായി വാങ്ങി നാലഞ്ച് കഴുകിയ അണ്ടർവെയർ പോലെയായ വായ തുറന്ന് അനിയൻ പറയും...
'ആങ്ങള,ഭർത്താവ്,അച്ഛൻ ഇവരിലാരെങ്കിലും വിദേശത്തുണ്ടോ..? ഉണ്ടെങ്കിൽ മാത്രം വിളിയ്ക്കാം....!!!'
എന്നിട്ട് ഒരാത്മഗതവും... 'ഇനി കളയാൻ പല്ലുകളൊന്നുമില്ല...!!!'
Posted by Varnameghangal @ 9:46 AM
13 comments
------------------------------------------
Tuesday, January 24, 2006
മോഷ്ടാവ്..!
അങ്ങകലെ.. കനവുകൾക്കുമെത്തിപ്പെടാനാകാത്ത ദൂരത്ത് പകലിന്റെ നാളം പൊലിഞ്ഞു തീരുന്നു...! പകലോൻ മറയുന്ന സീമകൾ ദൃഷ്ടിപഥങ്ങളോട് മത്സരിച്ച് ജയിക്കുന്നു..! രാവെത്തുകയായിരുന്നു.. പതിയെ പതിയെ... പകലിനെ പടുകുഴിയിലേക്ക് തള്ളിയിട്ട്, തിരക്കിന്റെ തീരങ്ങളെ കുടിയൊഴിപ്പിച്ച്,തിരകൾക്ക് മീതേ കരിമ്പടം പുതപ്പിച്ച്,ഇന്നിനെ ഇന്നലെകളിലേക്ക് നയിച്ച്...! തീരം വിജനമായി...!! എന്റെ വിശ്രമ വേളകൾ നാളെയെത്താമെന്ന വാക്കോടെ സൂര്യന്റെയൊപ്പം താഴ്ന്നു പോയി...! ഞാനും എഴുന്നേറ്റു... പതിയെ മുറിയിലേക്ക് നടക്കുമ്പോൾ മനസ് ശാന്തമായിരുന്നു.. നേടുവാൻ ഏറെയൊന്നുമില്ല, നഷ്ടപ്പെടാൻ അത്ര പോലും... അതുകൊണ്ട് തന്നെ അശാന്തിയുടെ തീരങ്ങളിൽ ഇരിയ്ക്കാറുമില്ലായിരുന്നു..! ജോലി തുടങ്ങുവാൻ സമയമായി.. കൊണ്ട്‌പോകാൻ വാഹനങ്ങളില്ല, യാതയയയ്ക്കാൻ കൂടെയാരുമില്ല... വേഷം ധരിച്ച് വേഗം പടിയിറങ്ങി... താമസിച്ചുവോ ഞാൻ...? തെരുവ് വിളക്കുകളെ വെറുപ്പാണെനിയ്ക്ക്, വെളിച്ചം ചോദിച്ചില്ലല്ലോ ഞാൻ..! അതിവേഗം അതിദൂരം താണ്ടാൻ മുക്രയിട്ട് പാഞ്ഞ് പോകുന്ന വലിയ വാഹനങ്ങൾ,തള്ളു വണ്ടിയുമായി തിരികെ പോകുന്ന വഴിക്കച്ചവടക്കാർ,സാന്നിധ്യമറിയിച്ച് പൊടിപറത്തിയോടുന്ന പോലീസ് വാഹനങ്ങൾ,ഇരുട്ടിന്റെ അവ്യക്തതകളിലേക്ക് മിന്നി മറയുന്ന ആൺ പെൺ രൂപങ്ങൾ... തിരക്കിന്റെ മറ്റൊരു മുഖം..!! എല്ലാം പതിവ് കാഴ്ചകൾ..!
മതിൽ ചാടി ഞാനെന്റെ കർമ കാണ്ഠത്തിലെത്തി..! ഒച്ചയുണ്ടാക്കാതെ നടക്കാൻ നല്ല വശമാണെനിയ്ക്ക്... അതിനി ഒച്ചയുണ്ടാക്കണമെന്ന് നിനച്ചാലും പാദങ്ങൾ പതുങ്ങിയേ പോകൂ... ശീലങ്ങൾ, ശീലക്കേടുകൾ..!!
പതിവ് പോലെ താഴെ നിന്നും മുകളിലേയ്ക്ക്, പിന്നെ തിരിച്ച് മുകളിൽ നിന്നും താഴേയ്ക്ക്... ഓടിന്റെ വിടവിലൂടെ...! ഇരുട്ടിൽ ഒന്നും കാണുന്നില്ല.. സുഖാലസ്യങ്ങളുടെ സീൽക്കാര ശബ്ദത്തിനൊപ്പം എന്റെ വിളിപ്പേരും പലയാവർത്തി മുഴങ്ങിക്കേൾക്കുന്നു... ചുടു വിയർപ്പിന്റെ മണത്തിനൊപ്പം..! ഊഹിച്ചു ഞാൻ... കാഴ്ചകളിലേയ്ക്കുള്ള കണ്ണുകളുടെ തിരത്തള്ളലിനെ കാലുകളുടെ വേഗത്താൽ നിയന്ത്രിച്ച് കർമനിരതനായി ഞാൻ...! ചെറു ഭാണ്ഠം നിറച്ച് തിരികെയിറങ്ങുമ്പോഴും പഴയ ശബ്ദങ്ങൾ സജീവമായിരുന്നു...!
തിരികെയെത്താനുള്ള വ്യഗ്രതയുണ്ടെങ്കിലും പാദങ്ങൾ പതറില്ലായിരുന്നു... അവയും മനസ് പോലെ ശാന്തം.. എങ്കിലും തിരികെ മതിൽ കടക്കും മുൻപ് അവയൊന്ന് പതറിയോ..?? പറമ്പിലെ ഇരുട്ട് മൂലയിൽ കുഞ്ഞു രോദനം മുഴങ്ങുന്നു... ഇരുട്ടിലും അവന്റെ കണ്ണിലെ തിളക്കം തെളിഞ്ഞു കാണാം... അകത്ത്, അന്നമെത്തിയ്ക്കുവാൻ അമ്മ വിയർപ്പൊഴുക്കുന്നു...! അവർ മടങ്ങിയെത്താത്തതാണവന്റെ വേദന.. വയർ വിശക്കുന്നതാണവന്റെ വേദന..! ഓർക്കാറില്ലാത്ത എന്റെ ബാല്യം ഇരുട്ടിൽ കുഞ്ഞിളം പല്ല് കാട്ടി ചിരിക്കുന്നു..!
തിരികെ നടന്നു.. പറയാതെടുത്ത പലവകയ്ക്കൊപ്പം ഒന്ന് കൂടിയെടുത്തു കൊണ്ട്...!!!
Posted by Varnameghangal @ 7:55 AM
7 comments
------------------------------------------
Thursday, January 19, 2006
ഹീര..!
ഹീര സുന്ദരി ആയിരുന്നു... തൊങ്ങലുകൾ പിടിപ്പിച്ച ദാവണിയുമണിഞ്ഞ്,നീല കണ്ണുകളിൽ ഒത്തിരി പ്രകാശമൊളിപ്പിച്ച്,നിഷ്കളങ്കമായി ചിരിച്ച് നടക്കുന്ന ഒരു കൊച്ച് സുന്ദരി..! ചെറിയ കൂടയിൽ പൂക്കൾ നിറച്ച്,മുന്നിൽ വന്ന് നാടൻ ഹിന്ദിയിൽ 'പൂ വേണോ സാബ്..?' എന്നവൾ ചോദിയ്ക്കുമ്പോൾ നിരസിക്കാൻ കഴിയുമായിരുന്നില്ല..! ജീവിക്കുവാൻ വേണ്ടി ചെറു പ്രായത്തിൽ തന്നെ ജോലിക്കാരിയാകേണ്ടി വന്നതിന്റെ യാതൊരു വൈഷമ്യവും ഉണ്ടായിരുന്നില്ല. എല്ലാ സായാഹ്നങ്ങളിലും അവളെ കാണാമായിരുന്നു.. ഓടി നടന്ന് ജോലി ചെയ്യുക എന്ന പ്രയോഗം അവളുടെ കാര്യത്തിൽ ശരിയായിരുന്നു.. നിറഞ്ഞ കൂട സായാഹ്നമിരുളുന്നതോടെ ഒഴിയും..! സൂര്യൻ മടങ്ങുന്നതിനൊപ്പം അവളും മടങ്ങും..! ആ ചുറുചുറുക്ക് കാണുമ്പോൾ സന്തോഷം തോന്നുമായിരുന്നു..!
കുറെ നാൾ അവളെ കണ്ടില്ല. വളരെ പെട്ടന്ന് നിർവചിക്കാനാകാത്ത ശൂന്യത രൂപപ്പെട്ട പോലെ..! എന്റെ ആരുമല്ലായിരുന്നല്ലോ അവൾ.. പിന്നെയെന്തേ ഉള്ള് നൊന്തതും,കണ്ണ് നിറഞ്ഞതും..?? അറിയില്ല... അറിയാൻ ശ്രമിച്ചു... ഇത്രയുമറിഞ്ഞു...
ഒരു നാൾ പതിവ് കച്ചവടം കഴിഞ്ഞെത്തിയ അവൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു,ഒപ്പം പനിയ്ക്കുകയും..! ദിവസങ്ങൾ കഴിയും തോറും അസുഖം മൂർച്ഛിക്കയല്ലാതെ കുറയുന്നില്ല.. മരുന്ന് കൊടുത്തിട്ട് വേണ്ടേ കുറയാൻ..?? ദൈവ ഭയം(??) കൂടുതലുള്ള അച്ഛനുമമ്മയും അവളെ ആദ്ധ്യാദ്മിക ഗുരുവിന്റെ അടുത്തെത്തിച്ചു.. പ്രേത ഭയത്തോടെ..! ജീവനുള്ള ദൈവം എല്ലാം കണ്ണടച്ചിരുന്നറിഞ്ഞു.. പിന്നെ മൊഴിഞ്ഞു.. 'ബാധ തന്നെ..!' വളരെ വലിയ തുകയുടെ ദക്ഷിണയ്ക്ക് മുന്നിൽ മനം നിറഞ്ഞ യോഗി ചികിത്സയാരംഭിച്ചു..! മണിക്കൂറുകൾ നീണ്ട ചികിത്സയ്ക്ക് ശേഷം ശരീരമാസകലം രക്തത്തിൽ കുളിച്ച് മയക്കത്തിലായ രോഗിയെ രക്ഷകർത്താക്കൾക്ക് കൈമാറിയിട്ട്, 'ബാധ ഒഴിഞ്ഞ് കൊണ്ടിരിക്കുന്നു' എന്ന് പറഞ്ഞത്രേ...!! ബാധ ഒഴിഞ്ഞില്ല.. അവൾ കൺ തുറന്നുമില്ല...!!!
Posted by Varnameghangal @ 4:18 PM
10 comments
------------------------------------------
Wednesday, January 11, 2006
പാഠം ഒന്ന്-പരീക്ഷ..!
എൽ.കേ.ജി എന്ന, പേരിൽ താഴ്ന്നതും കർമത്തിൽ ഉയർന്നതുമായ വിദ്യാരംഭത്തിന് മകനെയും കൂട്ടിയെത്തിയതായിരുന്നു ഞാൻ..! നടന്നു കയറുക എന്ന പേരിൽ നടത്തുന്ന ഉദ്യോഗ പരീക്ഷയുടെ തിരക്കുണ്ടായിരുന്നു അവിടെ.. പിച്ച വെച്ചു തുടങ്ങിയ ഉദ്യോഗാർത്ഥികളും,പിന്നീട് പിച്ച യെടുക്കേണ്ടുന്ന രക്ഷകർത്താക്കളും...! അഭിമുഖ സംഭാഷണത്തിന് ക്ഷണിക്കപ്പെട്ട മുറിയിലേക്ക് നോക്കി നടക്കാനിരിയ്ക്കുന്നതെന്തെന്നറിയാത്ത കുട്ടികളെയും കൂട്ടി രക്ഷകർത്താക്കൾ സമയം നിശ്വസിച്ച് തീർക്കുന്നു... ഞങ്ങളുടെ ഊഴമെത്തി... കയറി...!
നിങ്ങൾ ഫ്ലൈറ്റിൽ യാത്ര ചെയ്യാറുണ്ടോ..? ഉണ്ടെങ്കിൽ മാസത്തിലെത്ര? ടേബിളിനപ്പുറത്ത്, എന്തും ചോദിച്ച് കളയും എന്ന മട്ടിലിരിക്കുന്ന മാന്യ മഹാ മൂവർ സംഘത്തിലെ കോർപറേറ്റ് മഹിളാമണിയുടെ വക ചോദ്യം..! ഇല്ല എന്ന ഉത്തരത്തിന് മുന്നിൽ ആറ് കണ്ണൂകൾ ആത്മവിശ്വാസം തച്ചുടയ്ക്കുന്ന അവജ്ഞയുടെ മറയെടുത്തു വെച്ചു..!
'ഇനി കുട്ടിയുടെ ഊഴം, പ്രായോഗിക ബുദ്ധി പരീക്ഷണം.. ഉട്ടോപ്യയുടെ തലസ്ഥാനം ബുറാണ്ടയും,ബുറാണ്ടയുടെ തലസ്ഥാനം ലുട്ടാച്ചിയുമാണെങ്കിൽ ഉട്ടോപ്യയും ലുട്ടാച്ചിയും തമ്മിലുള്ള ബന്ധമെന്ത്..?' ചോദ്യവും,ഭേദ്യവും ഒരുമിച്ച് നടത്തുന്ന പോലീസ് ഭാവത്തോടെ അടുത്ത ആളിന്റെ ചോദ്യം... 'ഉട്ടൊ... ലുട്ടാ.. അവൻ കുറെ ശ്രമിച്ചു നോക്കി.. നിസ്സഹായൻ..!' പ്രായോഗിക ബുദ്ധി പോരാ.. സർട്ടിഫിക്കേറ്റ്..!
'ഈയിടെ ഇന്ത്യ സന്ദർശിച്ച ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രിയുടെ പേര്..?' അത് തെറ്റില്ലാതെ പറയാൻ നിങ്ങൾക്ക് പറ്റുമോ എന്ന് ചോദിക്കാനാഞ്ഞു, പിന്നെ വിഴുങ്ങി..! 'ജനറൽ നോളെജും പോരാ...' വീണ്ടും പരസ്യ സർട്ടിഫിക്കേറ്റ്..!
എന്റെ കുട്ടി പരുങ്ങിയ ഭാവത്തോടെ പതറി നോക്കി.. ഇല്ല.. അച്ഛനെന്ന അവന്റെ താങ്ങ് വടി നിസ്സഹായൻ , അതവർ ഫ്ലൈറ്റിൽ യാത്ര ചെയ്യാത്ത നിർഗുണ പരബ്രഹ്മമാക്കി എഴുതിത്തള്ളിയല്ലോ..! 'എൽ.പീ.ജി എന്നാൽ എന്ത്..?' എൽ.കേ.ജി യിൽ ചെരുന്ന കുട്ടിയോട് തന്നെ ചോദിയ്കണം..! അവന്റെ ധൈര്യമാകെ ചോർന്നുപോയത് പോലെ.. ചെറുതായി വിറയ്ക്കുവാനും തുടങ്ങി..! 'കുട്ടിയ്ക്ക് വിപദി ധൈര്യം പോരാ'.. അവലോകനം..! 'ഇനി സ്വന്തം വീടിനെയും,നാടിനെയും പറ്റി വിവരിക്കൂ..' അടുത്ത കടമ്പ.. തട്ടിയും,മുട്ടിയും,തടഞ്ഞ് വീണും,നിരങ്ങി നീങ്ങിയും അവൻ ആംഗലേയ ലോകം സഞ്ചരിച്ച് തീർത്തു..! 'കുട്ടിയ്ക്ക് പുറത്ത് പോകാം, പേരന്റിനോട് സംസാരിക്കട്ടെ..!' എന്ന് മുഴുവൻ കേൾക്കും മുൻപ് അവൻ ഓടി വെളിയിലിറങ്ങി..! പാവം... ബാത് റൂം തിരക്കി ഓടിപ്പോയതാകാം..! 'ലുക്ക് മിസ്റ്റർ......... .....' ഗീതോപദേശം കഴിഞ്ഞു..! കുട്ടിയെ എങ്ങനെ വളർത്തണം എന്നത് മുതൽ,ബിസിനസ് എങ്ങനെ നടത്താം എന്ന് വരെ..! 'കുട്ടിയ്ക്കും നിങ്ങൾക്കും ഞങ്ങളുടെ സ്റ്റാൻഡേർഡുമായി കോപ്പ് ചെയ്യാനാകില്ല... സോ....' ഞാൻ മനസിലോർത്തു..അത് തന്നെ.... 'കോപ്പ്..!'. ഇറങ്ങും മുൻപ് ഞാനൊന്ന് ചോദിച്ചു.. 'ഐ.എ.എസ് ഉദ്യോഗാർഥികൾ പോലും പരുങ്ങുന്ന ചോദ്യങ്ങളും ചോദിച്ച്,പറഞ്ഞാലും പറഞ്ഞില്ലെങ്കിലും പതിനായിരങ്ങൾ ഡൊണേഷൻ വാങ്ങിക്കൂട്ടി,കുട്ടികളെ കച്ചവടം നടത്തിയാൽ എന്ത് നൽകാനാകും നിങ്ങൾക്ക്..?' 'കിടയറ്റ സൌകര്യങ്ങൾ നൽകും ഞങ്ങൾ..!' എന്ന് ഉത്തരം.. വൻ കിട സൌകര്യങ്ങൾക്ക് പകരം, നൽകേണ്ട ഒന്ന് നിങ്ങളെപ്പോലുള്ള അഭിനവ സംസ്കാര പരിഷ്കർത്താക്കൾ മറന്നു പോയി.. വിദ്യ...! എന്ന് പറഞ്ഞ് അവന്റെ കൈയ്യും പിടിച്ച് ഇറങ്ങി നടന്നു.. .. വിദ്യയെ കച്ചവടമാക്കാത്ത ആലയങ്ങളും തേടി..!!
Posted by Varnameghangal @ 2:28 PM
10 comments
------------------------------------------
Wednesday, January 04, 2006
അവസ്ഥാന്തരങ്ങൾ..!
നഗരം കൃസ്തുമസ് തിരക്കിലായിരുന്നു.! കാഴ്കൾ കണ്ടും,കാണിച്ചും,കൈയെത്തിപ്പിടിച്ചും.. കീശ നിറഞ്ഞവരുടെ കൂടിയാട്ടം..! ഉള്ളവൻ ഉള്ളതിനൊക്കെയും വാങ്ങിക്കൂട്ടുന്നു, ആശിച്ചതെല്ലാം നേടിയ ആഡംബര പുത്രർ ആഗ്രഹപൂർത്തിയാൽ ആനന്ദപുളകിതർ..! തിളങ്ങുകയാണ് ഭൂമി... വാണിഭക്കാരന്റെ പൊടിക്കൈകളാൽ.. വാങ്ങിപ്പിക്കുന്നവന്റെ വീഴ്ത്തുന്ന ചിരികളാൽ.. അതിലുപരി, വാങ്ങുന്നവന്റെ കണ്ണിലെ നൈമിഷികമായ തിളക്കങ്ങളാൽ..! ഡിക്കിയും,കാരിയറും നിറഞ്ഞൊഴുകുന്ന വാഹനങ്ങൾ.. പിൻ സീറ്റിൽ നിന്നും വെളിയിലേക്ക് നീളുന്ന തലകളിൽ പട്ടിക്കുട്ടിയും,മനുഷ്യക്കുട്ടിയും ..! തിരക്കിന്റെ നടപ്പാതയിൽ ഞാനും നടന്നു.. നിലാവത്തെ കോഴിയെപ്പോലെ..! ആരുടെയും കണ്ണുകൾ ഭൂമിയിൽ പതിക്കുന്നില്ല, എല്ലാം അങ്ങ് മുകളിലാണ്.. അല്ലെങ്കിലും അലങ്കാരങ്ങൾ തൂക്കുവാനാണ് എല്ലാവർക്കും താൽപര്യം.. ദൂരക്കാഴ്ചയ്ക്ക് വേണ്ടിയാകാം..! അതുകൊണ്ടാകാം വഴിയരികിൽ നിലത്തിരുന്ന് ചെറു നക്ഷത്രങ്ങൾ വിൽക്കുന്ന അവനെ ആരും കാണാതെ പോയത്... അതോ കാണേണ്ടെന്ന് കരുതിയതോ..?? അക്ഷമയുടെ ഹോണടികൾക്കും,ആഡംബരത്തിന്റെ ആരവങ്ങൾക്കുമൊക്കെ മേലെയെത്താൻ അവൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു..കുഞ്ഞു സ്വനപേടകങ്ങൾ ആവുന്നത്ര വികസിപ്പിച്ച്..! എന്നാലും കണ്ണുകളും കാതുകളും തിളക്കങ്ങളിലേയ്ക്കും,പരസ്യങ്ങളിലേയ്ക്കുമേ നീളൂ.. സ്വാഭാവികം..! ഇടയ്ക്കിടെ ഒരുവൻ വന്ന് സംസാരിക്കുന്നുണ്ടായിരുന്നു.. കലങ്ങി ചുവന്ന കണ്ണുകളും,തിന്ന് കളയാനുള്ള ഭാവവുമായി.. അധിപൻ-വിധേയൻ..! ഊഹിച്ചു ഞാൻ..! ഉടയോന്റെ മുന്നിൽ പരുങ്ങുന്ന അവൻ സ്വതന്ത്രനായാൽ പെട്ടന്ന് തന്നെ വീറെടുത്ത് കിണഞ്ഞ് പരിശ്രമിക്കുന്നത് കാണാമായിരുന്നു... ... ഒരു നക്ഷത്രമെങ്കിലും വിൽക്കാൻ.. ഒരിയ്ക്കലെങ്കിലും തലയുയർത്താൻ...! ഇടയ്ക്കിടെ കാഴ്ചകളിലേയ്ക്ക് നീണ്ടാലും മനസും,മിഴികളും ഉൾവിളിയെന്നോണം തിരികെ വിളിച്ച്,എല്ലാം മറവിയാലാഴ്ത്തിയെന്നോണം വീണ്ടും സന്നദ്ധൻ..! നേരമൊത്തിരി ഇരുട്ടി... തൊട്ട് മുൻപിൽ തിരക്കിൽ പെട്ട് നിർത്തിയിട്ട കാറുിന്റെ പിൻ സീറ്റിൽ ആഘോഷത്തിമിർപ്പിന്റെ ക്ഷീണത്തിൽ കുഞ്ഞു തലയിണയും ചേർത്ത് പിടിച്ച്,വയറും മനസും നിറഞ്ഞ ആലസ്യത്തിൽ സുഖമായുറങ്ങുന്ന കുട്ടിയെ കണ്ടു.. വെളിയിൽ സമപ്രായാക്കാരനായ അവൻ അപ്പോഴും തൊണ്ട പൊട്ടി വിളിക്കുന്നുണ്ടായിരുന്നു.. "സാർ നല്ല ഒന്നാന്തരം നക്ഷത്രങ്ങൾ...,....,...."
Posted by Varnameghangal @ 5:16 PM
7 comments
------------------------------------------
|
|
View Profile
Links
Malayalam Font
Malayalam Editor
Inspiring
Always Yours
Mazhanoolukal
"à´àµà´ªàµà´ªàµâ à´¸àµà´±àµà´±àµâ."
Previous Posts
നോക്കുകുത്തി..!
നിഴലിനോടൊപ്പം.
മഴക്കാലമില്ലാതെ.
കൊറ്റന്‍ വളവ്.
കാശി.
നീയില്ലയെങ്കിലും..
ഒരു കാലവര്‍ഷ കണ്‍ഫഷന്‍..!
ലങ്കപ്പന്‍
മഴപ്പക്ഷികള്‍.
പാഞ്ചാലിപ്പാച്ചു.
Archives
October 2005
November 2005
December 2005
January 2006
February 2006
March 2006
April 2006
May 2006
June 2006
July 2006
August 2006
November 2006
February 2007
March 2007
September 2008
January 2013
|