Friday, December 23, 2005

പടുമരം..വേരുകളില്ലാതെ..!

ഞാനിവിടെയാണ്‌..!
നാല്‌ ചുവരുകൾക്കുള്ളീൽ..!
കണ്ണുകൾക്ക്‌ ചുവരുകളെ തുളയ്ക്കുവാനായെങ്കിൽ..
ആശിച്ചു പോകുന്നു..!
എന്റെ ജാലകക്കാഴ്ചകൾ കനത്ത ഭിത്തികളിൽ തട്ടി ചിതറിപ്പോകുന്നു..
എന്റെ നിശാസവായുവിൽ ഇന്ധന ഗന്ധം നിറഞ്ഞിരിയ്ക്കുന്നു..!
മണ്ണിന്റെ കുളിർമയ്ക്കും എനിയ്ക്കുമിടയിൽ അനേകം കോൺക്രീറ്റ്‌ പാളികൾ.!
നിളയും,നിലാവും,കാറ്റും,കുളിരും..
എല്ലാമെനിയ്ക്കന്യം..!
മടുത്തു പോകുന്നു...!

അവരെന്റെ ലോകം നിർജ്ജീവമാക്കി,
എന്റെ തോപ്പുകൾ വെട്ടിനിരത്തി,
എന്റെ പുൽനാമ്പുകളെ അരിഞ്ഞു വീഴ്ത്തി..
വയലേലകളിൽ കൊടികൾ കുത്തി,തിനയും വിളയുമില്ലാത്ത മരുഭൂമിയാക്കി..
കിളികൾ പറന്നു പോയി,അറകളൊഴിഞ്ഞു പോയി,അന്നപൂർണേശ്വരി പടിയിറങ്ങി..
മഴമേഘമെല്ലാം മടി പൂണ്ടു നിന്നു,മണ്ണിന്റെ മണം മാഞ്ഞുപോയി,ഊഷരത മാത്രം ബാക്കിയായി..!
സമൃദ്ധിയുടെ ഓണം ഓർമയായി,കൂട്ടൂ വന്നവർ കുശലങ്ങൾ മാത്രമായി..
തെക്കിനിയിൽ ഞാനും ഓർമകളും തനിച്ചായി..!
പുതു തലമുറ എന്നെ പരിഹസിച്ചു..., നിധി കാക്കുന്ന ഭൂതമെന്ന്‌.!
എന്റെ മണ്ണും,പാടങ്ങളും,വിളവെടൂപ്പും,കൃഷിയിറക്കും,
കൊയ്ത്തുപാട്ടും,കിളിപ്പാട്ടും എല്ലാമെനിയ്ക്ക്‌ നിധി തന്നെയായിരുന്നു.
കാക്കുവാനായില്ലെനിയ്ക്ക്‌..!

ഇതെന്റെ കുടിയേറ്റ നാളുകൾ..!
ഓടിക്കളിക്കാത്ത കൊച്ചു മക്കൾക്കൊപ്പം,ആധുനികതയിൽ കോമാളിയായി,കമ്പ്യൂട്ടർ കളികൾക്ക്‌ സാക്ഷിയായി,സായന്തനങ്ങളിൽ ഏകനായി,വാതിലിനുമപ്പുറം വിളികൾക്ക്‌ കാതോർത്ത്‌,തിരികെയെത്തുന്ന മക്കളെ കാത്ത്‌...
ഞാനിവിടെയാണ്‌...!!

Posted by Varnameghangal @ 3:44 PM
11 comments

------------------------------------------

Monday, December 19, 2005

ടെലിവിഷം പരിപാടികൾ..!

കുട്ടപ്പൻ ഒരു ആവറേജ്‌ മലയാളി ടീവി പ്രേക്ഷകനാണ്‌..!
ആവറേജ്‌ എന്ന്‌ പറഞ്ഞത്‌ ടിയാന്‌ ജന-അപ്രിയ-പരിപാടികളിൽ ഉള്ള നോട്ടക്കുറവു കൊണ്ടാണ്‌ (ടെലിവിഷൻ ക്വോഷ്യന്റ്‌: ടി.ക്യൂ < 6)
ഭാര്യ വീട്ടിലില്ലാത്ത തക്കം നോക്കി റിമോട്ട്‌ എടുത്തതാണ്‌ കുട്ടപ്പൻ.അവളൊണ്ടേൽ ടി.വി യിൽ മെഗാ ഉള്ളിടത്തോളം റിമോട്ട്‌ കിട്ടില്ലെന്നു കുട്ടപ്പനറിയാം..!
'ചോറ്‌ വിളമ്പെടീ..'
'സ്ത്രീ കഴിയട്ടെ..'
...
'കഴിഞ്ഞല്ലോ..ഇനി കഴിയ്ക്കാം'
'ഓർമ തീരട്ടെ..!'
കുട്ടപ്പന്‌ സംശയം
'ശപിച്ചതാണോ..??'
...
'ഇനി കഴിച്ചാലോ..?'
'ജ്വാലയായ്‌ തീരണം..!'
'അതെന്നെക്കൊണ്ട്‌ ചെയ്യിക്കരുത്‌..!'
എന്ന ഗർജ്ജനത്തിലേ രാത്രി ഭക്ഷണം കിട്ടൂ..!

സ്വസ്ഥമായി കിടന്നും,ഇരുന്നും,നിന്നും ടി.വീ കണ്ടുകളയാം എന്നായിരുന്നു തീരുമാനം..
റിമോട്ട്‌ ഞെക്കി..
ചാനൽ 1.
----------
ഫോർഗ്രൌൻഡിൽ ലേറ്റസ്റ്റ്‌ ഫാഷൻ വളകൾ..!
ബാക്ഗ്രൌൻഡിൽ അതിനൊത്ത സാരി..!
വിഷയം 'എന്റെ പാചാകാന്വേഷണ പരീക്ഷണങ്ങൾ'..!
കൈകൾ പൊക്കി ..'എസ്കേപ്പ്‌'..!
ചാനൽ 2.
----------
'ങാ തോമാച്ചാ എന്തുണ്ട്‌ വിഷേഷങ്ങൾ?'
തോമാച്ചൻ ഉത്തരം പറയാൻ നാക്കെടുക്കും മുൻപ്‌ 'ങാ വർഗീസേ എന്തുണ്ട്‌ ?'
പ്രേക്ഷക സമ്പർക്ക പരിപാടി..(തോമാച്ചൻ പറഞ്ഞ പുളിച്ച തെറി എഡിറ്റഡ്‌)!
പൊതു ജനം കഴുതകൾ എന്നു പറയുന്നത്‌ വെറുതെയല്ല..!
ചാനൽ 3.
----------
'ഗോപലൻ സാർ എന്റു ചെയ്യുന്നു?'സർവാഭരണ വിഭൂഷിതയിൽ നിന്നും കിളിമൊഴി
'ഞാൻ ഷിപ്പിലാണ്‌ (പ്രാഥമിക കർമം എന്നായിരിക്കാം വ്യംഗ്യം)' എന്ന മറുപടി ടെലഫോൺ വഴി..!
പിന്നെ ഇഷ്ടഗാനം ചോദിച്ചിട്ട്‌ പറഞ്ഞതില്ലാതെ വരുമ്പോൾ ജാള്യതയില്ലതെ 'അയ്യൂ, അതില്ല വേരെ പരയൂ' എന്നും അവസാനം 'ജനിച്ചതാർക്കു വേണ്ടീ...' എന്ന പാട്ടും സമർപ്പിച്ച്‌ 'സന്തോഷമായോ ഗോപാലൻ സാർ..?' എന്നു ചോദിയ്ക്കുന്ന നിങ്ങളുടെ മാത്രം ചോയിസ്‌..!
കുട്ടപ്പന്റ്‌ ചോയിസ്‌ പോയി..!
ചാനൽ 4.
----------
'അച്ഛന്റെ പേര്‌..?'
'ഒരു ക്ലൂ തരാമോ..?തരില്ലേ..?'
പരിപാടി, 'കാട്ടുമാക്കാൻ ഫാഷൻസ്‌ ഫാമിലി 'കിസ്സ്‌' പ്രോഗ്രാം'
കുട്ടപ്പൻ ക്ലൂലെസ്സ്‌..!
അഞ്ചാറ്‌ മുടിയും വലിച്ച്‌ പറിച്ച്‌ കുട്ടപ്പൻ എഴുന്നേറ്റു..!
....
....
കുട്ടപ്പനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു..!!
കുറ്റം....കൊല..!!
ജയിലിൽ കിടക്കുമ്പൊഴും താൻ ആരെയാണ്‌ കൊന്നതെന്ന്‌ കുട്ടപ്പന്‌ അജ്ഞാതം..
പിറ്റേന്നു രവിലെ ഏതോ പോലീസുകാരൻ കുട്ടപ്പന്‌ അന്നത്തെ പത്രം കൊടുത്തു..
പത്ര വാർത്ത...
"റോഡരികിലൂടെ നടന്നു പോയ യുവാവിനെ പൂർവ വൈരാഗ്യത്തിന്റെ പേരിൽ ടെലിവിഷൻ കൊണ്ട്‌ തലയ്ക്കെറിഞ്ഞ്‌ കൊന്ന കുറ്റത്തിന്‌ കുട്ടപ്പൻ എന്ന ആൾ അറസ്റ്റിൽ...! "

(പിൻ കുറിപ്പ്‌: സമർപ്പണം-->മലയാളം ചാനൽ കോപ്രായങ്ങളിൽ മനം നൊന്ത്‌ അന്തവും കുന്തവും അറിയാതെ വീർപ്പടക്കി കഴിയുന്ന ഒത്തിരി പ്രേക്ഷക വൃന്തങ്ങൾക്ക്‌..!)

Posted by Varnameghangal @ 2:12 PM
9 comments

------------------------------------------

Friday, December 16, 2005

ബൈനറി സൃഷ്ടികൾ..!

ഇന്നെങ്കിലും..
ഇപ്പൊഴെങ്കിലും..!
ഉള്ളിലുയർന്ന ഓർമപ്പെടുത്തലിൽ നിന്നെന്നോണം പേനയും,പേപ്പറുമെടുത്ത്‌ എഴുതാനിരുന്നു..!
ത്രെഡ്‌,സർഗചേതനയുടെ അനർഗള പ്രവാഹം,പേറ്റു നോവ്‌,വീർപ്പു മുട്ടലുകൾ,ദീർഘ നിശ്വാസം എന്നൊക്കെ പലരും പേരിട്ട്‌ വിളിക്കുന്ന സൃഷ്ടിയുടെ പെരുമ്പറമുഴക്കങ്ങളൊന്നുമില്ല..
ഉള്ളറകളെല്ലാം സ്വച്ഛം..ശാന്തം ..!
പക്ഷെ അതിനും മേലേ അനിർവചനീയമായ അസ്വസ്ഥത ഉടലെടുക്കുന്നത്‌ ഞാനറിഞ്ഞു..
ഉള്ളിലുള്ളത്‌ പൊന്നോ,പവിഴമോ,മുത്തോ..യാതൊന്നുമല്ല..
പടു വാക്കുകളുടെ,പാഴ്‌ വിചാരങ്ങളുടെ കൂട്ടം..
എന്നിരുന്നാലും,ഒരിയ്ക്കലവ വിരൽ തുമ്പിലെത്തുമായിരുന്നു..
ഇടമുറിയാതെ.
മുച്ചൂടും പകർന്നെടുക്കുമായിരുന്നു..കതിരും പതിരും വേർതിരിക്കാതെ..!
പിന്നെയെന്തേ ഇപ്പൊഴീ അമാന്തം..?
ചിന്തിച്ചു..
വീണ്ടും ശ്രമിച്ചു..
തഥൈവ..!
പിന്നെയോർത്തു..
അന്നെന്റെ ഭാവനയ്ക്കും മാതൃ ഭാഷയ്ക്കുമിടയിൽ മറ്റൊന്നുമില്ലായിരുന്നു, എന്റെ തൂലികയൊഴികെ..
പക്ഷെ ഇന്നവർക്കിടയിൽ മധ്യവർത്തി പടർന്നിരിക്കുന്നു..
ഒന്നിന്റെയും,പൂജ്യത്തിന്റെയും രൂപത്തിൽ... ബൈനറി എന്ന നാമത്തിൽ...!
എന്റെ ഭാവനകൾക്ക്‌ മേൽ അവനൊരു കരിമ്പടം പുതപ്പിച്ചു..
എന്നിട്ട്‌ പറഞ്ഞു..
"തൂലിക നിന്റെ വഴിയല്ല..
നിനക്കതിലൂടെ ഒഴുകുവാനാവില്ല..
ഉറങ്ങാം നിനക്കിനി..
ഞാൻ വന്നുണർത്തുവോളം..!"

എന്റെ സങ്കൽപങ്ങൾക്കും അവൻ നിർബന്ധമത്രേ ..
പുഷ്പിയ്ക്കുവാൻ..!
അവയുറങ്ങുമത്രേ..
കീബോർഡിലെത്തുവോളം..!!

Posted by Varnameghangal @ 4:42 PM
6 comments

------------------------------------------

Monday, December 12, 2005

വർണമേഘങ്ങളെയും കാത്ത്‌..!

ജാലകപ്പഴുതിന്നുമപ്പുറം എന്റെ പൂവാടിയിൽ കൊഴിഞ്ഞു വീഴുന്ന ദളങ്ങളുടെ തേങ്ങലുകൾക്കും മീതേ മഴയുടെ ചടുല സംഗീതം,
ഇങ്ങകത്ത്‌,ചെറു ഞരമ്പുകളിലാകെ ഉറഞ്ഞു കൂടുന്ന തണുപ്പിനും മേലേ കിനിഞ്ഞു കത്തുന്ന ചെറുമേശവിളക്കിന്റെ നിഴലനക്കം
ഞാൻ എഴുതുവാൻ തുടങ്ങി.....
പ്രാണ ഞരമ്പുകളിൽ,മദ്യം നിറയ്ക്കുന്ന 'സൃഷ്ടിയുടെ നീരുറവകളോ',ധൂമപടലങ്ങൾ തീർക്കുന്ന 'ചിന്താ വലയങ്ങളോ',കടും കാപ്പിയുടെ കടിച്ചാൽ പൊട്ടാത്ത 'പ്രചോദനങ്ങളോ' യാതൊന്നുമില്ല...
ഓർമകളുടെ നേരിൽ നീറ്റിയ,നിറമൊട്ടുമേ മങ്ങാത്ത കുറേ ചിത്രങ്ങളുണ്ട്‌,ചിതറിത്തെറിച്ചാലും വീണ്ടും ഒരുമിച്ച്‌ പ്രവഹിച്ചെത്തുന്ന അതേ ഓർമകൾ....
അവയിൽ കടും നിറങ്ങളുടെ ചായം വീണ ബാല്യമില്ലെനിയ്ക്ക്‌,കത്തിയെരിയുന്ന യൌവ്വനവും..!
മറവിയുടെ കാർമേഘമാൽ മൂടുവാൻ ശ്രമിച്ചിട്ടും ഉള്ളിലെങ്ങോ നിരന്തരം പ്രകമ്പനം കൊള്ളുന്ന വേദനയുടെ മുറിപ്പാടുകളുണ്ട്‌,
അവയിൽ ഞാനുണ്ട്‌,നീയുണ്ട്‌... നമ്മുടെ നനുത്ത ഓർമകളും..!

നിറഭേദങ്ങളൊരുപാട്‌ ചിതറുന്ന കലാലയ ജീവിതത്തിലും എന്റെ ലോകം പുസ്തകങ്ങളിലും,എന്നിലുമൊതുങ്ങിയിരുന്നു..
അവയിലേക്ക്‌ പൊടുന്നനേ നീ കടന്നു വന്നു,പിന്നെയെന്തിനോ പ്രതീക്ഷിച്ചു.അകലുവാനാഗ്രഹിച്ചില്ല ഞാൻ,കാരണം... നിരാശയുടെ നരച്ച നിറങ്ങൾ മാത്രം നിറഞ്ഞ എന്റെ സൃഷ്ടികൾ പൊടുന്നനേ പ്രണയത്തിന്റെ നനുത്ത വർണങ്ങളിൽ തിളങ്ങാൻ തുടങ്ങിയതു തന്നെ.
ഞാനുണർന്നു... ആഹ്ലാദിച്ചു... നീയാണു ലോകമെന്നും... നിന്നിൽ ഞാൻ പുതുജീവനാർജ്ജിച്ചെന്നുമറിഞ്ഞു..!
എന്നിട്ടൂം നാമകന്നു,വിധി എന്നു പഴിക്കാനെനിയ്ക്കായില്ല... കാരണം,ആ വാക്കിന്റെ പൊരുൾ എന്നുമെന്നോടൊപ്പമുണ്ടായിരുന്നു; ഒരു നിഴലെന്ന വണ്ണം..
എന്റെ ലോകം വീണ്ടൂം ചുരുങ്ങുന്നതും,പഴയ നിറം പടരുന്നതും ഞാനറിഞ്ഞു..
വർണമേഘങ്ങളെയും കാത്ത്‌, കനവിന്റെ കൂട്ടിൽ പുലരുവോളം കൂട്ടിരിക്കാൻ വരുമെന്നു പറഞ്ഞ്‌,
ജീവിതം തീരുവോളം കൂടെ നിൽക്കാൻ വരുമെന്നു പറഞ്ഞ്‌,
നീ നടന്നു പൊയതെവിടെയെന്ന് എനിയ്ക്കും തിരിച്ചറിയുവാനായില്ല.
അങ്ങകലെ എന്റെ കനവുകൾക്കുമെത്തിപ്പിടിയ്ക്കുവാനാകത്ത ദൂരത്ത്‌,
എന്റെ വിഷാദങ്ങൾ ആടിത്തിമിർത്ത രാവുകൾക്കുമപ്പുറം,
ആരോ നിറഞ്ഞ്‌ പെയ്യുന്നതു ഞാനറിഞ്ഞു....എന്റെ വികാരങ്ങൾക്കു വ്യാഖ്യാനം കൊടുത്തയാൾ..!
കടുത്ത വിഷാദത്തിന്റെ ചൂടിലൊതുങ്ങി ഞാൻ എഴുതിയതൊക്കെയും സഹൃദയങ്ങളിൽ കുടിയേറിപ്പാർത്തു...അവരെന്നെ കവിയെന്നും,കലാകാരനെന്നും വിളിച്ചു..!
അവാർഡുകളുടെ പെരുമയ്ക്കും,പാഴ്‌ വചനങ്ങളുടെ പെരുമഴയ്ക്കുമിപ്പുറം ഞാനെന്ന വ്യക്തി അവശേഷിച്ചു,നിന്റെ ഓർമകൾക്കൊപ്പം..!

ഇന്ന്,പകലിനെ പിരിയുവാൻ മനസറ്റ്‌,വിഷണ്ണനായ്‌ കടലിന്റെ കൂട്ടിലേക്കൊതുങ്ങുന്ന സൂര്യനെ നോക്കി ഞാൻ നിൽക്കവേ..
ഒരുമാത്ര,അകലത്ത്‌ കണ്ടത്‌ നിന്നെയായിരുന്നോ..??...
ഏകാന്ത സൂര്യനെ നോക്കി നെടുവീർപ്പിൽ മുങ്ങി തിരിച്ചു നടന്നു പോയത്‌ നീയായിരുന്നോ..???
നനുത്ത മുടിയിഴകളിൽ കാലം തീർത്ത വെള്ളി വരകൾക്കും നിന്റെ ഭംഗി മായ്ക്കുവാനായില്ലയെന്നോ..??
ഒരു പക്ഷെ ഞാനിന്ന് കണ്ടതും മിഥ്യയാകാം.. നീയല്ലാതെയാകാം...എങ്കിലും...
ഓർമകളിൽ സ്വയം നഷ്ടപ്പെട്ട്‌ നടന്നകലുന്നത്‌,നീയായിരുന്നെന്നും...
എന്നെപ്പോലെ നീയും ഏകയാകാമെന്നും കരുതുന്നു ഞാൻ....
അങ്ങനെ കരുതുവാനാണെനിക്കിഷ്ടം....!!

(പിൻ കുറിപ്പ്‌: ഇത്‌ ഞാൻ ആദ്യം
റെഡിഫ്‌ ബ്ലോഗിൽ ഇട്ടിരുന്നതാണ്‌.അവൻ ആളു ശരിയല്ലാത്തത്‌ കൊണ്ട്‌ ഇതും ഇങ്ങ്‌ കൊണ്ട്‌ പോന്നു..!)

Posted by Varnameghangal @ 3:56 PM
15 comments

------------------------------------------

Friday, December 09, 2005

പൊരുത്തം..!

"ഊഹും...
അടുക്കൂല്ല...അടുക്കൂല്ല..!
ജ്യോത്സ്യൻ നാരായണ 'പൊതുവാൾ' രാശിപ്പലകയിൽ നിന്നും കണ്ണെടുത്ത്‌ പിറകിലേക്ക്‌ ചാഞ്ഞിരുന്ന്‌, മച്ചിലേക്ക്‌ നോക്കി,ഊട്ടിയിലെ ഹെയർപിൻ വളവു മാതിരി ചുണ്ടുകൾ വക്രിച്ച്‌,ഒരു കൈ കഴുത്തിലെ രുദ്രാക്ഷത്തിലും മറു കൈ ഹെയർപിൻ വളവുകൾക്ക്‌ മുകളിലൂടെ പൊരുത്തമില്ലാതെ കറക്കിക്കൊണ്ടും പറഞ്ഞു..'
ഏഴിൽ നിൽക്കുന്ന ശുക്രൻ പതിനാറിൽ നിൽക്കുന്ന ബുധനെ ഒളിഞ്ഞ്‌ നോക്കുന്നതിനാലും,ശനിയും ഞായറും കൂടുമ്പോഴുള്ള അവധിപ്പൊരുത്തം ഇല്ലാത്തതിനാലും,പെണ്ണിന്‌ എട്ടിൽ ചൊവ്വയും ഒൻപതിൽ ശനിയും പന്ത്രണ്ടിൽ പൂജ്യവും കൂടി നിൽക്കുന്നതിനാലും,സാരിപ്പൊരുത്തം,സാമ്പാർ പൊരുത്തം,സിനിമപ്പൊരുത്തം,ഷോപ്പിംഗ്‌ പൊരുത്തം,സ്വൈരക്കേട്‌പൊരുത്തം,വാതുറന്നാലടിപ്പൊരുത്തം,ഇൻ-ലോ പൊരുത്തം,കണ്ണൂകീറിയാക്കണ്ടൂടാ പൊരുത്തം,..! മുതലായ യാതൊരു പൊരുത്തവും കണാത്തതിനാലും..
അടുക്കൂല്ല...ഇത്‌ നടക്കൂല്ല..!"
ഉണ്ണിക്കുട്ടൻ മുകളിലേക്ക്‌ നോക്കി.. 'മച്ചിലെവിടാണപ്പാ പൊരുത്തമിരിക്കുന്നത്‌?'..!
"എന്റെ പലകേലോട്ട്‌ കട്ടയുരുട്ടല്ലേടാ മോനെ" എന്ന മട്ടിൽ ഒന്ന്‌ നോക്കിയിട്ട്‌ പൊതുവാൾ പൊതുവഴിയിലേക്കിറങ്ങി.
ഉണ്ണിക്കുട്ടന്‌ രാത്രിയിൽ ഉറക്കം വന്നില്ല..
ചേച്ചിയുടെയും ഇന്ന്‌ പെണ്ണു കാണാൻ വന്ന സുന്ദരൻ ചേട്ടന്റെയും ജാതകപ്പൊരുത്തമാണ്‌ ആ ദുഷ്ട പൊതുവാൾ വലിച്ച്‌ കീറി നാല്‌ മൂലക്കെറിഞ്ഞത്‌..!
സുന്ദരിയായിരുന്നിട്ട്‌ കൂടി വരുന്ന കല്യാണാലോചനകളെല്ലാം
ജാതകം മൂലം അലസിപ്പോവുകയായിരുന്നു.അന്ന്‌ മുതൽ ഉണ്ണിക്കുട്ടന്‌ 'ജാ..' എന്ന്‌ കേൾക്കുമ്പൊഴേ ചൊറിയുമായിരുന്നു..!
'വലുതാകുമ്പോൾ ഒരു പൊരുത്തവും നോക്കാതെ കെട്ടും..!' എന്നും മനസിലുറപ്പിച്ചു.
ജ്യോത്സ്യന്റെ വാക്കുകൾ കേട്ടപ്പോൾ ചേട്ടന്റെയും,ചേച്ചിയുടെയും
മുഖങ്ങൾ മങ്ങുന്നതും,ചേച്ചി പെട്ടന്ന്‌ തന്നെ ഉൾവലിയുന്നതും ഉണ്ണിക്കുട്ടൻ കണ്ടിരുന്നു..

രാവിലെ ചേച്ചിയുടെ മുറിയിൽ നിന്നും ബഹളം കേട്ടാണ്‌ ഉണ്ണിക്കുട്ടനുണർന്നത്‌..!
'എന്നാലും അവളിത്‌ ചെയ്തല്ലോ..','എങ്ങനെ തോന്നി'...
തുടങ്ങിയ പായാരങ്ങളും കേട്ടു..
കയ്യിൽ ഒരു പേപ്പറും പിടിച്ച്‌ അഛൻ നിന്ന്‌ ജ്വലിക്കുനതും,അമ്മ കസേരയിൽ തളർന്നിരിക്കുന്നതും,അയലത്തെ കമലാക്ഷി,വനജാക്ഷി,പങ്കജാക്ഷി തുടങ്ങിയ അക്ഷികളെല്ലാം ചുറ്റും കൂടിയിരുന്ന്‌ എരിതീയിലെണ്ണ കോരി ഒഴിക്കുന്നതും,തിക്കുറിശ്ശി ഡയലോഗായ 'കലികാലവൈഭവം കൃഷ്ണാ' എന്നും പറഞ്ഞ്‌ മുത്തശ്ശൻ ചാരിക്കിടക്കുന്നതും ഒക്കെ കണ്ട്‌ മുറ്റത്തേക്കിറങ്ങുമ്പോൽ ഉണ്ണിക്കുട്ടൻ മനസിലോർത്തു..
"ഒരു പൊതുവാളും കാണാത്ത ഒരു പൊരുത്തം അവർക്കുണ്ടായിരുന്നു...
'മനപ്പൊരുത്തം'...!"

Posted by Varnameghangal @ 1:41 PM
10 comments

------------------------------------------

Wednesday, December 07, 2005

കുഴികളെത്തേടി..!

"കുഴി ഒന്നിന്‌ നൂറ്‌ രൂപാ..!"

തെറ്റിദ്ധരിക്കരുത്‌..
ശവക്കുഴി വെട്ടുകാരന്റെ പരസ്യ ബോർഡൊന്നുമല്ല..!
ഇവിടെ 'ബാംഗളൂർ' എന്ന 'സിലിക്കൺ താഴ്‌ വര' യിലെ മഹാന്മാരായ ഭരണകർത്താക്കൾ ഈയിടെ പുറപ്പെടുവിച്ച പ്രഖ്യാപനമാണിത്‌..!

ഇവിടെ..
മേക്കപ്പിടാത്ത സുന്ദരിമാരുടെ മുഖം പോലെയിരുന്ന റോഡുകൾ "ഓം പുരി' യുടെ മോന്ത പോലെ ആയിക്കിടക്കാൻ തുടങ്ങിയിട്ട്‌ മാസങ്ങളും, വർഷങ്ങളുമായി..!
പിന്നെ കേരളത്തിലെ പോലെ കുഴി മൂത്ത റോഡ്‌ കൃഷിയിടമാക്കി വാഴത്തൈ,തെങ്ങിൻ തൈ മുതലായ 'തൈ നടീൽ സമരം' ഇവിടെ ശീലമില്ല..
പകരം ..
മഴ പയ്ത്‌ കുളമായ കുഴിയിലൂടേ 'ബ്രിട്ടിഷ്‌ രാജ്ഞി തറ 'വൃത്തിയാക്കുന്ന' ഫ്രോക്കും പൊക്കിപ്പിടിച്ചു' നടക്കും പോലെ 'ഉടുതുണി ഉയർത്തൽ സമരം' നടത്തിയാണ്‌ ഇവിടുത്തെ ആൾക്കാർ പ്രതിഷേധിക്കാറ്‌..!

ഭരിക്കുന്നവന്മാർ ഭാരിച്ച 'പ്രവൃത്തി പദ്ധതികൾ(ആക്ഷൻ? പ്ലാൻ അത്രെ..!)' കുത്തിയിരുന്ന്‌ ഉണ്ടാക്കാൻ തുടങ്ങിയിട്ട്‌ നാളെത്രയായെന്ന്‌ ദൈവത്തിന്‌ പോലുമറിയില്ല..!
അതിൽ എത്ര 'ആക്ഷൻ' എത്ര 'പ്ലാൻ' എന്നൊന്നും കുഴയ്യ്ക്കുന്ന ചോദ്യങ്ങൾ ചോദിയ്ക്കരുത്‌..
'ആക്ഷൻ' എണ്ണാൻ വിരലും..
'പ്ലാൻ' എണ്ണാൻ വീശലും..!

'രാജമണിക്യം' പറയും പോലെ..
പയലുകൾ പറയണത്‌...
ഒരു മാസത്തിനുള്ളിൽ നാട്ടിലെ കുഴികൾ മൊത്തം നിരപ്പാക്കും,
പിന്നെ ഏതെങ്കിലും വഴിയിൽ ആരെങ്കിലും 'കുഴി' റിപ്പോർട്ട്‌ ചെയ്താൽ...അവന്‌ 'കുഴി' ഒന്നിന്‌ രൂപാ നൂറ്‌..!
ഇനി ഈ 'കുഴി കണ്ടെത്തൽ' മത്സരത്തിൽ പങ്കെടുത്ത്‌ വിജയിക്കുന്നവൻ 'കുഴിത്തമ്പി ദളവയോ', 'കുഴികർതിലകമോ','വീര കുഴി കണ്ടബൊമ്മനോ' വല്ലതുമൊക്കെ ആവുമോന്ന്‌ കാത്തിരുന്ന്‌ കാണാം..!
"കുഴികൾ മൊത്തം നിരപ്പാക്കും" എന്ന പ്രസ്താവനയുടെ അർഥം "കുഴി നിരപ്പായ വഴി" എന്നാണോ എന്നും കാത്തിരുന്നു കാണാം..!

(പിൻ കുറിപ്പ്‌: സമർപ്പണം-->
"കുഴിയിൽ ജനിച്ച്‌ കുഴിയിൽ വളർന്ന്‌ കുഴിയിലവസാനിക്കുന്ന പാവം കേരള ജനതയ്ക്ക്‌..!")

Posted by Varnameghangal @ 4:24 PM
3 comments

------------------------------------------

Tuesday, December 06, 2005

ചിരി..!

"വഴിയരികിലെവിടെയോ വലയുണ്ട്‌ കൂട്ടരേ..
വലയിഴയിലെവിടെയോ ചിരിയുണ്ട്‌ കൂട്ടരേ..
ചിരിയലയിലെവിടെയോ ചതിയുണ്ട്‌ കൂട്ടരേ..
ചതിയുഴിയിലുടലോടെ വീഴൊല്ല കൂട്ടരേ..!"

ചിരിയ്ക്ക്‌ ഇങ്ങനെയും ഒരു വ്യാഖ്യാനമോ..?
"മുഖം മനസിന്റെ കണ്ണാടി..!"
എങ്കിൽ
"ചിരി മനസിന്റെ മുഖം മൂടി"
..?
ആകാം..!
ചിരികൾ പല തരമല്ലേ..
ചിരി,പുഞ്ചിരി,പാൽപ്പുഞ്ചിരി,കള്ളച്ചിരി,കൊലച്ചിരി,ചതിച്ചിരി....
...അങ്ങനെ നൂറ്‌ തരം..!
ഓരോ ചിരിയ്ക്കും ഓരോ അർത്ഥങ്ങളുണ്ടാകാം....
അത്‌, ചിരിക്കുന്നവന്‌ മാത്രമറിയാം..!

Posted by Varnameghangal @ 1:01 PM
7 comments

------------------------------------------

Friday, December 02, 2005

ഒറ്റയാൻ..!ആർത്ത്‌ ചിരിക്കുകയാണവൻ..!
ജീവാത്മാവിലാകെ മരണത്തിന്റെ മണം വിതറി,പ്രാണ ഞരമ്പുകളെ നിർദ്ദാക്ഷിണ്യം മരവിപ്പിലേക്ക്‌ തള്ളിയിട്ട്‌,മനുഷ്യ ജന്മത്തെ ഒട്ടാകെ ഉന്മൂലനം ചെയ്യാൻ ശേഷിയോടെ,അനുദിനം വളരുന്ന സാങ്കേതികതയ്ക്കും കൂച്ചുവിലങ്ങിടാനായുന്ന കുശാഗ്ര ബുദ്ധി കൾക്കും കീഴടങ്ങാതെ..
അവൻ ആർത്ത്‌ ചിരിക്കുകയാണ്‌..
അതി ക്രുരമായി..!
ഒറ്റയാനണാവൻ, മെരുക്കുവാനാണിഷ്ടം..മെരുക്കപ്പെടാനല്ല..!
ദിവസങ്ങളെണ്ണപ്പെട്ടു എന്നറിയുന്നവന്റെ ദൈന്യമായ അവസ്ഥയോ..
അറിയുന്നവരും,കാണുന്നവരും അടുക്കാൻ മടിക്കുന്ന അതി ദൈന്യമായ അവസ്ഥയോ...
ഒന്നും അവനറിയുന്നില്ല..!
അതിശക്തനാണവൻ..
വേരുകൾ പടർത്താൻ..വേദന നിറയ്ക്കാൻ അവനൊരു ഉപാധിയുണ്ട്‌..
മനുഷ്യ ജാതിയ്ക്ക്‌ മുന്നിൽ സാത്താൻ കൊണ്ടു വെച്ച അതേ വിലക്കപ്പെട്ട കനി തന്നെ..
അതെടുക്കാൻ,രുചിച്ചറിയാൻ ജീവനുള്ളവയുടെ അടങ്ങാത്ത ആസക്തി അവന്‌ നന്നായറിയാം..
പിന്നെയും പല കുറുക്ക്‌ വഴികളുമുണ്ടവന്‌, എല്ലാം തകർക്കാൻ,തച്ചുടയ്ക്കാൻ..!
എങ്കിലും ഒരു നാൾ വരും..
ഒരാൾ വരും..
ആസുരതയെ വെല്ലാൻ..
നമുക്ക്‌ കാത്തിരിക്കാം..!!
പ്രതീക്ഷയോടെ..!!

Posted by Varnameghangal @ 9:07 AM
6 comments

------------------------------------------

  View Profile

Links
Malayalam Font
Malayalam Editor
Inspiring
Always Yours
Mazhanoolukal
"ടോപ്പ്‌ സൈറ്റ്‌."

Previous Posts
നോക്കുകുത്തി..!
നിഴലിനോടൊപ്പം.
മഴക്കാലമില്ലാതെ.
കൊറ്റന്‍ വളവ്‌.
കാശി.
നീയില്ലയെങ്കിലും..
ഒരു കാലവര്‍ഷ കണ്‍ഫഷന്‍..!
ലങ്കപ്പന്‍
മഴപ്പക്ഷികള്‍.
പാഞ്ചാലിപ്പാച്ചു.


Archives
October 2005
November 2005
December 2005
January 2006
February 2006
March 2006
April 2006
May 2006
June 2006
July 2006
August 2006
November 2006
February 2007
March 2007
September 2008
January 2013